അനാഹനാദം, സംഗീതത്തിൽ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പൃഥ്വീജലാദികളുടെ സൂക്ഷ്മാംശങ്ങളായ പരമാണുക്കൾ സർവത്ര വ്യാപിച്ചിരിക്കുന്നതുപോലെ ശബ്ദദ്രവ്യത്തിന്റെ പരമാണുക്കളും സർവവ്യാപ്തങ്ങളാണ്. പഞ്ചഭൂതങ്ങളിലൊന്നായ ആകാശമെന്നു പറയുന്നത്, ഈ ശബ്ദാണു സമൂഹത്തെയാണ്. മൂർത്താഭിഘാതം നിമിത്തം അവിടെയുള്ള ശബ്ദാണുസമൂഹം വായുവിന്റെ സഹായത്തോടുകൂടി തമ്മിൽ ചേർന്ന് തരംഗാകൃതിയായിത്തീരുമ്പോൾ അതിന് ആഹതശബ്ദമെന്നു പറഞ്ഞുവരുന്നു. അപ്പോൾ അതു നമുക്കു കേൾക്കത്തക്കതാകുകയും ചെയ്യുന്നു. അനാഹതനാദത്തെ പരാമർശിച്ചുകൊണ്ട് സംഗീതമകരന്ദ കർത്താവായ നാരദമുനി ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
അനാഹതാദാഹതോ മരുതാ നുന്നസ്സരതി വിദ്യുതാ അനാഹതശബ്ദത്തിൽനിന്നും വായുവിനാൽ പ്രേരിതമായിട്ടാണ് ആഹതശബ്ദമുണ്ടാകുന്നത്. അതായത് അനാഹത ശബ്ദമാണ് ആഹതശബ്ദത്തിന് ഉപാദാനകാരണം. വായുപ്രേരണം നിമിത്തകാരണവുമാണ്. ഈ ആഹതശബ്ദം വായുപ്രേരിതമായി വിദ്യുത്തിൽ കൂടി ഗമിക്കുന്നു. അനാഹതശബ്ദം തരംഗാകൃതിയിൽ ആയതിനുശേഷവും വായുപ്രേരിതമായാലേ ആഹതശബ്ദമായി നമുക്കു കേൾക്കാൻ സാധിക്കുന്നമട്ടിൽ ആവുകയുള്ളൂ.
പര
തിരുത്തുകനാദം പുറപ്പെടുവിക്കണമെന്ന ഇച്ഛ ഒരാൾക്കുണ്ടാകുമ്പോൾ, നാഭിയുടെ താഴെ മധ്യചക്രം എന്നു പേരുള്ള സ്ഥലത്തുനിന്നുള്ള അന്തരഗ്നി, ബ്രഹ്മഗ്രന്ഥി എന്നു പേരായ നാഭീചക്രത്തിലുള്ള വായുവിൽ തട്ടുന്നു. അഭിഹതമായ ആ വായുവിലുണ്ടാകുന്ന അതിസൂക്ഷ്മപരികമ്പത്താൽ അവിടെയുള്ള അന്തരീക്ഷത്തിലെ അനാഹതനാദാണുക്കളിൽ അതിസൂക്ഷ്മമായ ഒരു ചലനമുണ്ടാകുന്നു. പ്രസ്തുത ചലനം അനാഹതനാദാണുക്കൾക്കു ഘനീഭാവം വരുത്തുന്നു. നാദാരംഭരൂപമായ പര എന്നു പേരുള്ള ഒരു നാദാവസ്ഥയാണ് ആദ്യത്തേതും സൂക്ഷ്മതമവുമായിട്ടുള്ള ഈ അവസ്ഥ.
പശ്യന്തി
തിരുത്തുകഅതിനുശേഷം ചലനവിശേഷംകൊണ്ടു ഘനീഭാവത്തെ അവലംബിച്ച ആ നാദാണുക്കൾ പ്രാണവായു വഴിക്കുതന്നെ അല്പം മേല്പോട്ടുകയറി ഹൃദയത്തിലേക്കു വ്യാപിക്കാൻ തുടങ്ങുന്നു. തരംഗാകൃതിയെ പ്രാപിക്കാൻ തുടങ്ങുന്ന ഈ അണുചലനവിശേഷത്തിന്റെ സ്ഥിതിയാകട്ടെ, ബിന്ദുരൂപമായി പരിണമിച്ചതും നാദരൂപമായി പരിണമിക്കാൻ തുടങ്ങുന്നതുമായ പ്രത്യേക സ്ഥിതിയിലുള്ളതാണ്. ഓരോരോ തരത്തിലുള്ള തരംഗാകൃതിയിലേക്ക് ഉൻമുഖമായതിനാൽ പശ്യന്തി എന്നു പ്രാചീനാചാര്യൻമാർ പേര് കൊടുത്തിട്ടുള്ള ആനാദസ്ഥിതിയാണ് രണ്ടാമത്തേതായ സൂക്ഷ്മതരാവസ്ഥ.
മധ്യമ
തിരുത്തുകസൂക്ഷ്മതരാവസ്ഥയിലുള്ള ചലനവിശേഷം പിന്നീട് തരംഗാകൃതിയെ പ്രാപിച്ച് ഹൃദയത്തിലേക്കു വ്യാപിക്കുന്നു. ഹൃദയത്തിലെത്തിയ ഈ നാദം യോഗാഭ്യാസം ശീലിച്ചിട്ടുള്ള യോഗികൾക്കു ശ്രോത്രേന്ദ്രിയം കൊണ്ടുതന്നെ കേൾക്കാൻ സാധിക്കുന്നതാണ്. പ്രണവം ശരിയായി ജപിച്ചുകൊണ്ടു പ്രാണായാമം ചെയ്തു ശീലിച്ചാൽ ആ പ്രണവനാദം തനിക്കുതന്നെ കേൾക്കാറായിത്തീരുമെന്നും മറ്റും യോഗശാസ്ത്രം വിധിക്കുന്നു. സാധാരണജനങ്ങൾക്കാകട്ടെ ആ നിലയിൽ അതു ശ്രോത്രേന്ദ്രിയംകൊണ്ടു കേൾക്കാൻ സാധിക്കുകയില്ല. മധ്യമ എന്നു പേരുള്ള നാദസ്ഥിതിയാണ് മൂന്നാമത്തേതായ ഈ സൂക്ഷ്മാവസ്ഥ.
വൈഖരി
തിരുത്തുകഈ സൂക്ഷ്മനാദം ഹൃദയത്തിൽനിന്നു മേല്പോട്ടു വ്യാപിച്ച്, കണ്ഠത്തിന്റെ സമീപത്തെത്തി അവിടെ ശബ്ദവാഹികളായ നാഡികളെ അതതുതരം ഗതിവേഗത്തിനനുസരിച്ചു പരികമ്പനം ചെയ്യിച്ച് കണ്ഠത്തിൽകൂടി പുറത്തേക്കു പ്രവഹിക്കുന്നു. അപ്പോൾ അത് എല്ലാവർക്കും കേൾക്കത്തക്കവിധത്തിലുള്ളതും വ്യക്തവുമായ സ്ഥൂലനാദമായിത്തീരുകയും ചെയ്യുന്നു. അപ്രകാരം കണ്ഠത്തിലെത്തി വ്യക്തമായി പരിണമിക്കുന്ന അവസ്ഥയ്ക്ക് വൈഖരി എന്നു പേര്. ഇങ്ങനെ നാദത്തിന് പര, പശ്യന്തി, മധ്യമ, വൈഖരി എന്നു നാല് പരിണാമാവസ്ഥകളുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ സംഗീതത്തിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |