ശ്രുതിസ്മൃതിവിരുദ്ധങ്ങളായ ആചാരങ്ങൾ എന്നാണ് അനാചാരങ്ങൾ എന്നതിന് കല്പിതമായ അർഥം. എങ്കിലും പ്രത്യേകാചാരങ്ങൾ എന്ന അർഥത്തിലും ഇതു പ്രയോഗിച്ചു വരുന്നുണ്ട്. കേരളത്തിലെ 64 അനാചാരങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ പ്രായേണ വിവക്ഷ രണ്ടാമത്തെ അർഥത്തിലാണ്. എന്തുകൊണ്ടെന്നാൽ ഈ അനാചാരങ്ങൾ കേരളത്തിൽ മാത്രം പ്രചാരത്തിലുള്ളവയാണ്. അന്യത്ര ആചരണാഭാവാത് അനാചാരാൻ എന്നിങ്ങനെ ഒരു പരാമർശം ശാങ്കരസ്മൃതിയിൽ കാണുന്നത് അടിസ്ഥാനമാക്കി പരദേശങ്ങളിൽ ആചരിക്കപ്പെടാത്തതുകൊണ്ടാണ് ഇവ അനാചാരങ്ങൾ ആയിത്തീർന്നത് എന്നൊരു അഭിപ്രായവും നിലവിലുണ്ട്.

കേരളീയരുടെ ആചാരാനുഷ്ഠാനങ്ങൾക്കു പ്രമാണഗ്രന്ഥമെന്ന് വിശ്വസിക്കപ്പെട്ടിരുന്നതും പണ്ടേതന്നെ ലഭ്യമല്ലാതായിത്തീർന്നിട്ടുള്ളതും ആയ ഭാർഗവസ്മൃതിയെ സംക്ഷേപിച്ചുകൊണ്ട് ശങ്കരാചാര്യർ എഴുതിയതായി പറയപ്പെടുന്ന ശാങ്കരസ്മൃതിയിൽ ഈ അനാചാരങ്ങളെക്കുറിച്ച് 12-ആം അധ്യായത്തിൽ നാലാം പാദത്തിൽ പ്രതിപാദിച്ചുകാണുന്നു.

ഭാർഗവസ്മൃതി

തിരുത്തുക

ഈ ധർമശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവ് ഒരു ശങ്കരനാണെന്നു മാത്രമേ ഖണ്ഡിതമായി പറയാൻ സാധ്യമാകയുള്ളൂ. ശാങ്കരസ്മൃതി എന്ന ഒന്ന് ഇപ്പോൾ കാണുന്നുണ്ട്. അതു ഏതോ ക്ഷുദ്രഹൃദയന്മാരുടെ കുടലേഖനമാകുന്നു എന്നുള്ളതിന് അതിൽതന്നെ ലക്ഷ്യങ്ങൾ കാണുന്നു എന്ന് കേരളഭാഷാ സാഹിത്യ ചരിത്രത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിവാദവിഷയമായിത്തന്നെ ശാങ്കരസ്മൃതിയുടെ കർത്തൃത്വവും അനാചാരങ്ങളുടെ പിതൃത്വവും ഇന്നും അവശേഷിക്കുന്നു എന്നതാണ് വസ്തുത.

എന്നാൽ ഈ അനാചാരങ്ങളുടെ വിധാതാവ് ശങ്കരാചാര്യർ ആണെന്നു വ്യക്തമാക്കിയിരുന്നതിനെ സാധൂകരിക്കുന്നതിന് ഉപോൽബലകമായ രണ്ടു വാദങ്ങൾ ഇവയാണ്

കേരളത്തിലെ അനാചാരങ്ങൾ

തിരുത്തുക

കേരളത്തിലെ പ്രത്യേകാചാരങ്ങളായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അനാചാരങ്ങൾ താഴെ പറയുന്നവയാണ്:

  1. പല്ലു തേക്കുവാൻ കോൽ ഉപയോഗിക്കരുത്.
  2. ഉടുത്ത വസ്ത്രത്തോടുകൂടി മുങ്ങരുത്.
  3. കുളിക്കാൻ വരുമ്പോൾ ഉടുത്തമുണ്ട് തോർത്താൻ ഉപയോഗിക്കരുത്.
  4. പ്രാതസന്ധ്യയ്ക്ക് മുമ്പ് കുളിക്കരുത്.
  5. കുളിക്കാതെ ഭക്ഷണസാധനങ്ങൾ പാകം ചെയ്യരുത്.
  6. ഇന്നലെ കോരിവച്ച വെള്ളം ഇന്ന് ഉപയോഗിക്കരുത്.
  7. നിഷ്കാമമായിട്ടേ കർമം ചെയ്യാവൂ.
  8. കാൽ കഴുകാനോ മറ്റോ എടുത്ത വെള്ളം പാത്രത്തിൽ ബാക്കിവന്നാൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.
  9. ബ്രാഹ്ണാദികൾ ശൂദ്രാദികളെ തൊട്ടാൽ കുളിക്കണം.
  10. താണ ജാതിക്കാരെ അടുത്താലും കുളിക്കണം.
  11. താണ ജാതിക്കാർ തൊട്ട ജലാശയങ്ങൾ തൊട്ടാൽ കുളിക്കണം.
  12. ചൂലുകൊണ്ട് അടിച്ച നിലത്തു തളിക്കാതെ ചവുട്ടിയാൽ കുളിക്കണം.
  13. ഭസ്മം ആദ്യം മേല്പോട്ടു ഒന്നും പിന്നെ വിലങ്ങത്തിൽ മൂന്നു വരിയായി കുറിയിടണം.
  14. ബ്രാഹ്മണർ ചെയ്യുന്ന എല്ലാ കർമങ്ങൾക്കും വേണ്ടുന്ന മന്ത്രം കർമം ചെയ്യുന്ന ബ്രാഹ്മണൻ തന്നെ ഉച്ചരിക്കണം.
  15. തലേദിവസത്തെ ചോറും കറിയും ഉപയോഗിക്കരുത്.
  16. കുട്ടികൾ ഭക്ഷിച്ച ബാക്കി ഉപയോഗിക്കരുത്.
  17. ശിവനു നിവേദിച്ച സാധനം ഉപയോഗിക്കരുത്.
  18. കൈകൊണ്ടു വിളമ്പിയ ആഹാരദ്രവ്യം ഉപയോഗിക്കരുത്.
  19. ഹോമാദികൾക്ക് എരുമയുടെ പാൽ മുതലായത് ഉപയോഗിക്കരുത്.
  20. ചോറ് ഉരുട്ടാതെ വാരി തിന്നുകയോ ഉരുട്ടിയ ഉരുള പകുതി ഉണ്ടിട്ട് താഴെവയ്ക്കുകയോ ചെയ്യരുത്.
  21. അശുദ്ധമായാൽ വെറ്റില മുറുക്കുകകൂടി ചെയ്യരുത്.
  22. ബ്രഹ്മചാരി നിഷ്ഠയെയും വ്രതത്തെയും അനുഷ്ഠിക്കണം.
  23. പഠിപ്പു കഴിഞ്ഞാൽ ഗുരുദക്ഷിണ ചെയ്യണം.
  24. പെരുവഴിയിൽവച്ച് വേദം ഉച്ചരിക്കരുത്.
  25. ഷോഡശകർമങ്ങൾ യഥാകാലം യഥാവിധി ചെയ്യണം.
  26. കന്യകയെ വില്ക്കരുത്.
  27. ഫലത്തെ ആഗ്രഹിച്ച് വ്രതത്തെ അനുഷ്ഠിക്കരുത്.
  28. പുറത്തായ സ്ത്രീകളെ തൊട്ട സ്ത്രീകൾ കുളിച്ചിട്ടേ ഉണ്ണാവൂ.
  29. കൈക്കോളന്റെ വേല ബ്രാഹ്മണർ ചെയ്യരുത്.
  30. വെളുത്തേടന്റെ വേല ബ്രാഹ്മണർ ചെയ്യരുത്.
  31. രുദ്രാക്ഷാദികളിൽ ബ്രാഹ്മണർ മാത്രമേ ശിവപൂജ ചെയ്യാവൂ.
  32. ശൂദ്രന്റെ ശ്രാദ്ധത്തിന് ബ്രാഹ്മണർ പ്രതിഗ്രഹം വാങ്ങരുത്.
  33. പിതാമഹന്റെയും മാതാമഹന്റെയും അവരുടെ പത്നിമാരുടെയും ശ്രാദ്ധങ്ങൾ ഊട്ടണം.
  34. എല്ലാ അമാവാസിക്കും ശ്രാദ്ധം ഊട്ടണം.
  35. മാതാപിതാക്കന്മാർ മരിച്ച കൊല്ലം തികയുന്ന ദിവസം സപിണ്ഡി എന്ന ക്രിയ ചെയ്യണം.
  36. മേല്പറഞ്ഞ സപിണ്ഡി തികയുന്ന ദിവസംവരെ ദീക്ഷയും വേണം.
  37. ശ്രാദ്ധം ഊട്ടേണ്ടത് നക്ഷത്രത്തിലാണ്.
  38. സപിണ്ഡികാലത്ത് പുലവന്നാൽ അതു കഴിഞ്ഞേ സപിണ്ഡി ചെയ്യാവൂ.
  39. ദത്തെടുക്കപ്പെട്ട മക്കളും സ്വന്തം അച്ഛനമ്മമാരുടെ ശ്രാദ്ധം ഊട്ടണം.
  40. സ്വന്തം ഭൂമിയിലെ ശവം ദഹിപ്പിക്കാവൂ.
  41. സന്ന്യാസി സ്ത്രീകളെ കാണരുത്.
  42. സന്ന്യാസി മരിച്ചാൽ യാതൊരു ക്രിയയും ചെയ്യരുത്.
  43. സന്ന്യാസിക്കായി ഗയാശ്രാദ്ധം പോലും ഊട്ടരുത്.
  44. ബ്രാഹ്മണസ്ത്രീ ഭർത്താവിനെ ഒഴിച്ച് അന്യനെ കാണരുത്.
  45. ബ്രാഹ്മണസ്ത്രീ ദാസിമാരോടു കൂടാതെ പുറത്തിറങ്ങരുത്.
  46. ബ്രാഹ്മണസ്ത്രീ വെളുത്തുനിറത്തിലുള്ളതല്ലാത്ത വസ്ത്രം ധരിക്കരുത്.
  47. ബ്രാഹ്മണസ്ത്രീ മൂക്കു കുത്തരുത്.
  48. ബ്രാഹ്മണൻ മദ്യപിച്ചാൽ ഭ്രഷ്ടനാകും.
  49. ബ്രാഹ്മണൻ മറ്റൊരു ബ്രാഹ്മണസ്ത്രീയിൽ പ്രവേശിച്ചാലും ഭ്രഷ്ടനാകും.
  50. ദേവാലയങ്ങളിൽ പ്രേതപ്രതിഷ്ഠ ചെയ്യരുത്.
  51. ദേവപ്രതിമയെ ശൂദ്രാദികൾ തൊട്ടുകൂടാ.
  52. ഒരു ദേവന് നിവേദിച്ച സാധനം മറ്റൊരു ദേവന് നിവേദിക്കരുത്.
  53. ഹോമം ചെയ്യാതെ വിവാഹാദികർമങ്ങൾ ചെയ്യരുത്.
  54. ബ്രാഹ്മണർ അന്യോന്യം ആശീർവദിക്കരുത്.
  55. ബ്രാഹ്മണർ അന്യോന്യം നമസ്കരിക്കരുത്.
  56. കൊല്ലംതോറുമുള്ള പശുമേധം ചെയ്യരുത്.
  57. ശൈവവൈഷ്ണവാദിഭേദങ്ങൾ അരുത്.
  58. ഒരു പൂണൂൽ മാത്രമേ ധരിച്ചുകൂടു.
  59. മൂത്ത മകനേ വേളി കഴിക്കാവൂ.
  60. ക്ഷത്രിയാദികൾ അന്നംകൊണ്ടാണ് ശ്രാദ്ധം ഊട്ടേണ്ടത്.
  61. അവർ അമ്മാവന്റെ ശ്രാദ്ധം ഊട്ടണം.
  62. അവരുടെ മുതൽ മരുമക്കൾക്കാണ്.
  63. ഭർത്താവു മരിച്ച സ്ത്രീ സന്ന്യസിക്കണം.
  64. അവൾ ഉടന്തടി ചാടരുത്.

ഇവിടെ ഉദ്ധൃതങ്ങളായ അനാചാരങ്ങൾ മിക്കതും ആരോഗ്യകരമായ സാമുദായികജീവിതത്തെ ലക്ഷ്യമാക്കി രൂപപ്പെടുത്തിയിട്ടുള്ളവയാണെങ്കിലും പ്രാചീനമായ വർണവ്യവസ്ഥയെ ദൃഢപ്പെടുത്തുന്നതിന് കരുപ്പിടിച്ച ചില ആചാരങ്ങളും ഇതിൽ ഇല്ലായ്കയില്ല.

ഇതുംകൂടി വായിക്കുക

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനാചാരങ്ങൾ (അറുപത്തിനാല്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനാചാരങ്ങൾ&oldid=3667528" എന്ന താളിൽനിന്ന് ശേഖരിച്ചത്