അനന്യാസ്

വിക്കിപീഡിയ വിവക്ഷ താൾ

ബൈബിളിൽ പലയിടങ്ങളിലും പരാമർശിക്കപ്പെടുന്ന വ്യക്തിനാമമാണ് അനന്യാസ് (Ananias). 'യഹോവ കൃപാലുവാകുന്നു' എന്നർത്ഥമുള്ള ഹനനിയ എന്ന എബ്രായ പദത്തിന്റെ ഗ്രീക്ക് രൂപമാണ് അനന്യാസ് (Ἁνανίας). ഈ പേരിലുള്ള വ്യക്തികളെക്കുറിച്ച് പഴയ നിയമത്തിലും പുതിയ നിയമത്തിലും പരാമർശങ്ങളുണ്ട്.

പഴയനിയമത്തിലെ പരാമർശങ്ങൾതിരുത്തുക

പഴയനിയമത്തിൽ അനന്യാസ് (നെഹമ്യാവ് 3:23) എന്ന പേരും എബ്രായ മൂലരൂപമായ ഹനനിയ (1 ദിനവൃത്താന്തം 25:4, യെരമ്യാവ് 28:4, ദാനിയേൽ 1:6) എന്ന പേരുമുള്ള വ്യക്തികളെപ്പറ്റി പരാമർശിച്ച് കാണുന്നു.

പുതിയനിയമത്തിലെ പരാമർശങ്ങൾതിരുത്തുക

സഫീറയുടെ ഭർത്താവായ അനന്യാസ്തിരുത്തുക

പുതിയനിയമത്തിലെ ആദ്യത്തെ പരാമർശം ആദ്യകാല ക്രൈസ്തവ സമൂഹത്തിന്റെ അംഗമാണ്. അന്ന് ഓരോ അംഗത്തിന്റെയും സ്വത്ത് പൊതുമുതലായി കരുതിയിരുന്നു. അനന്യാസ് സ്വന്തം നിലം വിറ്റുകിട്ടിയ പണം മുഴുവനും മുറപ്രകാരം വിശുദ്ധ പത്രോസിനെ ഏല്പിച്ചില്ല. പത്രോസിന്റെ മുമ്പിൽവച്ച് ഈ കള്ളം വെളിപ്പെടുകയും അനന്യാസ് തത്ക്ഷണം മൃതിയടയുകയും ചെയ്തു. സത്യം മറയ്ക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ ഭാര്യ സഫീറയും മരിച്ചു. (അപ്പോ. പ്ര. 5. 1-10)

ഡമാസ്കസിലെ ക്രിസ്തുശിഷ്യനായ അനന്യാസ്തിരുത്തുക

ഡമാസ്കസിൽ വെച്ചുണ്ടായ ആത്മീയാനുഭവത്തെ തുടർന്ന് അന്ധനായി തീർന്ന ശൌലിന് കാഴ്ച നല്കുവാൻ യേശുക്രിസ്തുവിനാൽ നിയുക്തനായ ആളിന്റെ പേരും അനന്യാസ് എന്നാണ്. ഈ അനന്യാസ് യേശുവിന്റെ അനുയായി ആയിരുന്നു (അപ്പോ. പ്ര: 9.10).

മഹാപുരോഹിതനായ അനന്യാസ്തിരുത്തുക

നെദിബയസിന്റെ മകനും സന്നദ്രിംസംഘത്തിന്റെ അധ്യക്ഷനും മഹാപുരോഹിതനുമായ ഒരു അനന്യാസും ഉണ്ട്. ഇദ്ദേഹത്തിന്റെ മുമ്പിലാണ് പൗലൊസ് അപ്പോസ്തലനെ ജറുസലേമിൽ വെച്ച് വിസ്തരിച്ചത് (അപ്പോ. പ്ര. 23:1-5). ബന്ധിതനായ പൗലോസിനെ റോമൻ സൈനികമേധാവികൾ കൈസര്യയിലേക്ക് മാറ്റിയപ്പോൾ അദ്ദേഹത്തിനെതിരായ കുറ്റം ദേശാധിപതിയായിരുന്ന ഫെലിക്സിനെ ബോധിപ്പിക്കുവാനായി ഈ മഹാപുരോഹിതൻ കൈസര്യയിൽ നേരിട്ടെത്തുന്നുമുണ്ട് (അപ്പോ. പ്ര. 23:1-5).

ധനമോഹിയും റോമൻ പക്ഷപാതിയുമായിരുന്ന ഇദ്ദേഹം എ.ഡി. 66-ൽ എരിവുകാർ അഥവാ സെലോത്തുകൾ (Zealot) എന്നറിയപ്പെട്ടിരുന്ന യഹൂദാ തീവ്രവാദ വിഭാഗക്കാരാൽ വധിക്കപ്പെട്ടു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനന്യാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനന്യാസ്&oldid=1735797" എന്ന താളിൽനിന്ന് ശേഖരിച്ചത്