അനന്തപുരമാഹാത്മ്യം
കിളിമാനൂർ രവിവർമ കോയിത്തമ്പുരാൻ (1735-99) രചിച്ച ഒരു കുമ്മിപ്പാട്ടാണ് അനന്തപുരമാഹാത്മ്യം. ദിവാകരമുനിയുടെ ചരിത്രവും ശ്രീപദ്മനാഭപ്രതിഷ്ഠയുമാണ് ഇതിലെ പ്രതിപാദ്യം. ഒരു രാമവർമ മഹാരാജാവിന്റെ വാഴ്ചക്കാലത്താണ് ഇതിന്റെ രചന. കവി തന്റെ ഗുരുനാഥനായ രാമകൃഷ്ണ ശാസ്ത്രിയെ,
“ | ശ്രീരാമകൃഷ്ണാഖ്യ ഭൂമിദേവൻ ശ്രീമാനനന്ത ഗുണനിലയൻ കാമിതമൊക്കെയും കൈവരുവാനെന്നിൽ സാമോദമൊന്നു കടാക്ഷിക്കേണം |
” |
എന്നിങ്ങനെ വന്ദിച്ചുകൊണ്ടാണ് കൃതി തുടങ്ങുന്നത്. സുഖമായി പാടാവുന്ന സരളശൈലിയിലാണ് ഗാനം രജിച്ചിട്ടുള്ളത്.
തോളും കുലുങ്ങിച്ചിരിച്ചുടനേയവൻ
തോളിൽ കരയേറി മേളമോടെ, ജഗ-
ദാലംബനം കരം കൊട്ടിച്ചിരിക്കയും
മാനസമോഹമിളക്കുകയും;
ഇങ്ങനെയുള്ളൊരു ലീലയോടും
മംഗലമൂർത്തി വസിക്കുന്നേരം
എന്നീ വരികൾ ഇതിനുദാഹരണമാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനന്തപുരമാഹാത്മ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |