അനന്തപത്മനാഭ ഗോസ്വാമി
കഥാകാലക്ഷേപ പ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളായിരുന്നു അനന്തപത്മനാഭ ഗോസ്വാമി. തഞ്ചാവൂരിൽ ആദ്യമായി ഈ കല പ്രചരിപ്പിച്ചത് ഇദ്ദേഹമാണ്. 19-ആം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ മഹാരാഷ്ട്രയിൽ ജനിച്ചു. ജീവിതത്തിന്റെ അധികകാലവും കഴിച്ചുകൂട്ടിയത് തഞ്ചാവൂരിലാണ്. തഞ്ചാവൂരിലെ രാജാക്കൻമാരായിരുന്ന ശരഭോജി, ശിവാജി എന്നിവരുടെ ആസ്ഥാനഗായകനായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1837-ൽ സ്വാതിതിരുനാളിന്റെ ക്ഷണം അനുസരിച്ച് ഇദ്ദേഹം തിരുവനന്തപുരത്തു വരികയും രാജകീയ വിദ്വത്സദസിലെ ഒരംഗമായിത്തീരുകയും ചെയ്തു. സ്വാതിതിരുനാളിന്റെ കൃതികളായ അജാമിളോപാഖ്യാനം, കുചേലോപാഖ്യാനം എന്നിവ ആദ്യമായി ഹരികഥാരൂപത്തിൽ ആക്കിയത് അനന്തപത്മനാഭ ഗോസ്വാമിയാണെന്നു വിശ്വസിക്കപ്പെടുന്നു. ഈ ഗ്രന്ഥങ്ങളുടെ രചനയ്ക്ക് മഹാരാജാവിനു പ്രേരണ നല്കിയതും ഇദ്ദേഹമായിരുന്നു. കോകിലകണ്ഠൻ എന്ന ബിരുദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനന്തപത്മനാഭ ഗോസ്വാമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |