അധ്യാപകൻ
പഠിപ്പിക്കുന്നയാൾ അഥവാ അദ്ധ്യാപനം നടത്തുന്നയാളെ അദ്ധ്യാപകൻ എന്നുപറയുന്നു. അദ്ധ്യാപകൻ വിദ്യാഭ്യാസത്തിന്റെ മർമപ്രധാനമായ ഒരു ഘടകമാണ്.
ലിയോൺ സെക്കൻഡറി സ്കൂളിലെ ഒരു ക്ലാസ്റൂം | |
തൊഴിൽ / ജോലി | |
---|---|
ഔദ്യോഗിക നാമം | Teacher, Educator, Lecturer |
തരം / രീതി | Profession |
പ്രവൃത്തന മേഖല | Education |
വിവരണം | |
അഭിരുചികൾ | Teaching abilities, pleasant disposition, patience |
വിദ്യാഭ്യാസ യോഗ്യത | Teaching certification |
തൊഴിൽ മേഘലകൾ | Schools |
അനുബന്ധ തൊഴിലുകൾ | Professor, academic, lecturer, tutor |
ചരിത്രം
തിരുത്തുകലോകചരിത്രത്തിന്റെ പ്രാരംഭത്തിൽ അദ്ധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. തന്മൂലം അന്ന് അദ്ധ്യാപകർ എന്ന ഒരു പ്രത്യേകവർഗം ഉണ്ടായിരുന്നില്ല. പൌരോഹിത്യവും അദ്ധ്യാപനവും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു അന്നത്തെ സമ്പ്രദായം. പുരാതന യഹൂദ പുരോഹിതന്മാർ ഇതിന് ദൃഷ്ടാന്തമാണ്. പ്രാചീന ഈജിപ്റ്റിൽ രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസാർഥം ചില ഉദ്യോഗസ്ഥന്മാരെ പ്രത്യേകം നിയോഗിച്ചിരുന്നു. സ്പാർട്ടായിൽ തിരഞ്ഞെടുക്കപ്പെട്ട ചില പൌരന്മാരാണ് അധ്യാപനം നടത്തിയിരുന്നത്. എന്നാൽ ഏഥൻസിൽ തദ്ദേശീയർക്കു പുറമേ വിദേശീയരും അടിമകളും അത് നിർവഹിച്ചിരുന്നു. പ്രതിഫലം വാങ്ങിക്കൊണ്ട് ആദ്യമായി അധ്യാപനം നടത്തിയിരുന്നത് ആഥൻസിലെ സോഫിസ്റ്റുകളാണ്. ആധ്യാത്മികകാര്യത്തിന് പ്രാധാന്യം കല്പിച്ചിരുന്ന പ്രാചീനജനത മതപുരോഹിതന്മാരെ അധ്യാപകരായി അംഗീകരിച്ചു. ബുദ്ധൻ, ക്രിസ്തു, മുഹമ്മദ്നബി മുതലായ മഹാന്മാർ അധ്യാപകന്മാരായിരുന്നു. ആദിമവർഗക്കാരിൽ പല കൂട്ടരിലും പ്രത്യേകം അധ്യാപകവിഭാഗം ഇല്ലായിരുന്നു. കുടുംബത്തിലെ പുരുഷന്മാർ തൊഴിലും ഭാഷയും അഭ്യസിപ്പിക്കുക എന്നതായിരുന്നു അവർക്കിടയിലെ പതിവ്. മധ്യകാലഘട്ടത്തിൽ പാശ്ചാത്യരാജ്യങ്ങളിൽ അധ്യാപകവൃത്തിയിലേർപ്പെട്ടിരുന്നത് ക്രൈസ്തവ പുരോഹിതന്മാരായിരുന്നു. നവോത്ഥാനത്തോടുകൂടി അതുവരെ പുരോഹിതന്മാരുടെ കുത്തകയായിരുന്ന അധ്യാപനകർമം മറ്റുള്ളവരും ഏറ്റെടുത്തു തുടങ്ങി. അന്ന് മുതൽക്കാണ് യൂറോപ്പിൽ ഒരു പ്രത്യേക അധ്യാപകവർഗം ഉരുത്തിരിഞ്ഞുവന്നത്.
ഇന്ത്യയിൽ പണ്ട് ഗുരുകുലവിദ്യാഭ്യാസമാണ് നിലവിലുണ്ടായിരുന്നത്. അധ്യാപനം നടത്തിയിരുന്നവർ ഋഷികളും ഋഷിതുല്യരുമായിരുന്നു. ആധ്യാത്മികാചാര്യൻമാരായിരുന്ന അവർ തന്നെയാണ് അധ്യേതാക്കൾക്കു ഭൌതികവിദ്യാഭ്യാസവും നല്കിയിരുന്നത്. വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യം അധ്യാത്മജ്ഞാനമാണെന്നും വിജ്ഞാനം അതിലേക്കുള്ള മാർഗങ്ങളാണെന്നും വിശ്വസിക്കപ്പെട്ടിരുന്നതുകൊണ്ടാണ് ആധ്യാത്മികാചാര്യന്മാരെ അധ്യാപകരായി സമൂഹം അംഗീകരിച്ചത്. ഇന്ത്യയിൽ ബൌദ്ധ-ജൈനകാലഘട്ടത്തിൽ ഭൌതികവിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഒരു പ്രത്യേക വർഗംതന്നെ ഉടലെടുത്തു. നളന്ദ, തക്ഷശില മുതലായവ ബൌദ്ധകാലഘട്ടത്തിലെ വിഖ്യാത വിദ്യാഭ്യാസകേന്ദ്രങ്ങളായിരുന്നു. ഇന്ത്യയിൽ മുഗൾഭരണകാലത്ത് മദ്രസകളിൽ മതപുരോഹിതന്മാരും മതപണ്ഡിതന്മാരും അധ്യാപനം നടത്തിയിരുന്നു. ശില്പകലയും ഇതര കലകളും പ്രായോഗിക പരിശീലനത്തിലൂടെ വിദഗ്ദ്ധൻമാരിൽനിന്ന് അഭ്യസിക്കുവാൻ കളം ഒരുക്കിയത് മതശാലകളാണ്. എങ്കിലും വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അതു സാർവത്രികമായതോടെയാണ് അധ്യാപകൻ എന്ന ഒരു പുതിയ വർഗം പ്രത്യേകമായി രൂപംകൊണ്ടത്. ക്രമേണ ഒരു അധ്യാപകൻ മാത്രമുള്ള പാഠശാലകൾ ആവിർഭവിച്ചു. കുടിപ്പള്ളിക്കൂടങ്ങൾ അഥവാ എഴുത്തുപള്ളികൾ എന്നാണ് കേരളത്തിൽ അവയെ വിളിച്ചിരുന്നത്. ആശാൻ അഥവാ എഴുത്തശ്ശൻ (എഴുത്തച്ഛൻ) എന്ന പേരിൽ അധ്യാപകൻ അറിയപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിനായി കുട്ടികൾ അധികം വന്നുതുടങ്ങിയതോടെ ബഹ്വധ്യാപകവിദ്യാലയങ്ങൾ സ്ഥാപിതങ്ങളായി. അങ്ങനെ അധ്യാപകസമൂഹവും വികസിതമായി.
അധ്യാപക പദവി
തിരുത്തുകഅധ്യാപകനു സമൂഹം നല്കിയിരുന്ന സ്ഥാനം, പരിവർത്തന വിധേയമായിക്കൊണ്ടിരിക്കുന്നു. ജപ്പാനിൽ ആദ്യകാലത്ത് അധ്യാപകന് വലിയ ബഹുമാന്യപദവിയുണ്ടായിരുന്നു. പാശ്ചാത്യദേശത്തെ ആദ്യകാലാധ്യാപകന്മാരായ സോഫിസ്റ്റുകൾക്ക് അത്രമാത്രം പൂജ്യപദവി കല്പിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് ഭരണത്തിനുമുമ്പ് ചൈനയിൽ അധ്യാപകന്റെ സ്ഥാനം ഏറ്റവും താഴ്ന്നപടിയിൽ ആയിരുന്നു. ഭാരതത്തിൽ അധ്യാപകൻ എല്ലാവർക്കും മാന്യനായിരുന്നു. പരമ്പരാഗതവിശ്വാസത്താൽ ആ പദവി നിലനിന്നുപോരുകയും ചെയ്തു. അന്ന് സാമ്പത്തികനില പദവിനിർണയിക്കുന്നതിനുള്ള ഘടകമായിരുന്നില്ല. പിന്നീട് സാമൂഹികപരിവർത്തനം മൂലം, വരുമാനം ഒരുവന്റെ പദവി നിശ്ചയിക്കുന്ന സുപ്രധാന ഘടകമായിത്തീർന്നു. സാർവത്രിക നിർബന്ധിത വിദ്യാഭ്യാസത്തിന്റെ വികസനം വിദ്യാഭ്യാസത്തിൽ അടിസ്ഥാനപരമായ പല വ്യതിയാനങ്ങൾ വരുത്തി. പ്രാഥമികതലത്തിൽ വളരെയധികം അധ്യാപകരെ വേണ്ടിവന്നതിനാൽ കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ള വ്യക്തികളെ പ്രാഥമികാധ്യാപകരായി നിയമിക്കേണ്ടിവന്നു. തുച്ഛശമ്പളക്കാരായ ഇവരുടെ പദവി തന്മൂലം സമൂഹത്തിൽ താഴുവാനിടയായി. സാമ്പത്തികാടിസ്ഥാനത്തിൽ പ്രാഥമികാധ്യാപകരിൽ ഭൂരിഭാഗം പേരും നിമ്നവിഭാഗത്തിൽ (lower class) പെട്ടവരും, സെക്കണ്ടറി അധ്യാപകർ ഉന്നതനിമ്നവിഭാഗം (upper lower class), നിമ്നമധ്യവിഭാഗം (lower middle class) എന്നിവയിൽപെട്ടവരും, സർവകലാശാലാധ്യാപകർ ഉന്നത-മധ്യവിഭാഗം (upper middle class), നിമ്ന-ഉന്നതവിഭാഗം (lower upper class) എന്നിവയിൽപ്പെട്ടവരും ആണെന്ന് കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. ഈ അടിസ്ഥാനത്തിൽ ഹൈസ്കൂൾ അധ്യാപകരെയും സർവകലാശാലാധ്യാപകരെയും ഈ പദവി ഭ്രംശം സാരമായി ബാധിച്ചില്ലെന്നു പറയാം. അധ്യാപകപദവി ഉയർത്തേണ്ടതിന്റെ ആവശ്യകത ഇന്ന് ഇന്ത്യാ ഗവൺമെന്റിനു ബോധ്യമായിട്ടുണ്ട്. കേന്ദ്രസർക്കാർ 1959 മുതൽ രാഷ്ട്രത്തിലെ വിവിധഭാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത അധ്യാപകർക്ക് ദേശീയ അവാർഡ് നല്കിവരുന്നു. തുടർന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും അധ്യാപകർക്ക് അവാർഡ് ഏർപ്പെടുത്തി. അധ്യാപകപരിശീലനഗവേഷണ-ദേശീയസമിതി, 1963 മുതൽ അധ്യാപകർക്കായി പ്രബന്ധമത്സരം നടത്തിവരുന്നു. വർഷംതോറും സെപ്റ്റബർ 5-ന് ദേശീയ [[അധ്യാപകദിനം|അധ്യാപകദിനമായി ആചരിക്കുന്നു. ഈ സംരംഭങ്ങൾ സമൂഹത്തിൽ അധ്യാപകന്റെ പദവി ഉയർത്തുന്നതിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ളവയാണ്. വിദ്യാലയങ്ങളിൽ ആരോഗ്യപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയും ബാഹ്യവും സാമൂഹികവുമായ പ്രതിലോമശക്തികളിൽ നിന്ന് വിദ്യാഭ്യാസത്തെ ആരോഗ്യപരമായ അന്തരീക്ഷത്തിലേക്ക് മാറ്റുകയും ചെയ്യുന്നതിനും അധ്യാപകപദവിയുടെ മേന്മ വർധിപ്പിക്കേണ്ടതാവശ്യമാണ്. യു.ജി.സി.യുടെ ശിപാർശകൾ നടപ്പിലാക്കിയത് കലാശാലാധ്യാപകരുടെ പദവി ഉയർത്തുന്നതിന് സഹായകരമായി ഭവിച്ചിട്ടുണ്ട്.
പരിശീലനം
തിരുത്തുകപണ്ടത്തെ ആചാര്യന്മാർ അസാധാരണധിഷണാശാലികളും ബഹുമുഖപാണ്ഡിത്യമുള്ളവരും സിദ്ധന്മാരുമായിരുന്നതിനാൽ അധ്യാപനയോഗ്യത നേടുന്ന കാര്യം പരിഗണിക്കേണ്ടതായി വന്നിരുന്നില്ല. കൂടാതെ മനുഷ്യനാർജിച്ചിരുന്ന വിജ്ഞാനത്തിന്റെ സീമകൾക്ക് ഇത്ര വികാസമുണ്ടായിരുന്നില്ല. ഒരാൾക്ക് അനേകം വിഷയങ്ങളിൽ അവഗാഹം നേടാൻ അത്ര വിഷമമില്ലായിരുന്നു. അതിനാൽ അധ്യാപകന്റെ യോഗ്യത ഒരു വലിയ പ്രശ്നമായിരുന്നില്ല. എന്നാൽ വിദ്യാർഥികളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയും വിജ്ഞാനമണ്ഡലത്തിൽ അഭൂതപൂർവമായ വിസ്ഫോടനം സംഭവിക്കുകയും ചെയ്തതോടെ ഓരോ വിഷയവും അതിൽ പ്രത്യേകം നൈപുണ്യമാർജിച്ചവർതന്നെ പഠിപ്പിക്കേണ്ടതാണെന്ന നില വന്നുചേർന്നു. അപ്പോൾ ഈ നൈപുണ്യമാർജിക്കൽ അധ്യാപകന്റെ അവശ്യയോഗ്യതയായി പരിഗണിക്കേണ്ടിവന്നു. വിവിധഘട്ടങ്ങൾക്കനുസരിച്ച് പ്രൈമറി, സെക്കണ്ടറി, സർവകലാശാല എന്നീ തലങ്ങളിലെ അധ്യാപകർക്കുവേണ്ട സാമാന്യ വിദ്യാഭ്യാസ യോഗ്യതകളും പ്രത്യേക യോഗ്യതകളും ഇന്നവയെല്ലാമെന്ന് തിട്ടപ്പെടുത്തി. പ്രൈമറി അധ്യാപകന്റെ സാമാന്യവിദ്യാഭ്യാസയോഗ്യത എസ്.എസ്.എൽ.സി.യും അധ്യാപനയോഗ്യത ടി.ടി.സി. യുമാണ്. സെക്കണ്ടറി അധ്യാപകന് സർവകലാശാലാബിരുദവും ബി.എഡും ഉണ്ടായിരിക്കണം. സർവകലാശാലാധ്യാപകൻ മാസ്റ്റർ ബിരുദധാരിയും എം.ഫിലോ, ഗവേഷണബിരുദമോ ഉള്ളവരോ ദേശീയ/സംസ്ഥാന യോഗ്യതാ നിർണയ പരീക്ഷയിൽ വിജയം നേടിയവരോ ആയിരിക്കണം.
സ്വഭാവ യോഗ്യത
തിരുത്തുകആധുനികവിദ്യാഭ്യാസം ഒരു സാമൂഹിക പ്രവർത്തനമാണ്. ഏതു സമൂഹത്തിന്റെയും പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം അതിന്റെ നേതൃത്വമാണല്ലോ. അനേകം കുട്ടികളുള്ള ക്ലാസ് എന്ന സമൂഹത്തിന്റെ നേതാവാണ് അധ്യാപകൻ. ആകയാൽ ക്ലാസ് പ്രവർത്തനത്തിന്റെ കാര്യക്ഷമത മിക്കവാറും അധ്യാപകന്റെ നേതൃത്വത്തെ ആശ്രയിച്ചിരിക്കുന്നു.
സ്വേച്ഛാധിപതി (autocrat), ജനായത്തവിശ്വാസി (democrat), ഉദാസീനൻ (laissez) എന്നിങ്ങനെ അധ്യാപകർ മൂന്നു വിധത്തിലാണ്. ഇവരിൽവച്ച് ജനായത്തരീതികൾ അവലംബിച്ച് അധ്യാപനം നടത്തുന്ന അധ്യാപകന്റെ ക്ലാസ്സിലാണ് വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം ഉണ്ടാവുക എന്ന് നിരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു. അതിനാൽ പഴയ കാലത്തുണ്ടായിരുന്ന ഒരുതരം ഭീകരത്വം ഉപേക്ഷിച്ച് കുട്ടികളെ സ്നേഹിച്ചും അവരുടെ കഴിവുകളെ മാനിച്ചും അവരിലുള്ള ന്യൂനതകളിൽ അനുഭാവം ഉൾക്കൊണ്ടും അധ്യാപനം ചെയ്യുവാനുള്ള കഴിവ് അധ്യാപകന്റെ ഒരു യോഗ്യതയായി (അലിഖിത നിയമപ്രകാരം) അംഗീകരിക്കപ്പെട്ടിരിക്കയാണ്.
ചുമതലകൾ
തിരുത്തുകഅധ്യാപകന്റെ കർത്തവ്യങ്ങൾ പലതാണ്. വിദ്യാർഥികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും ജാതിപരവും മതപരവും ആയ പരിഗണനകൾ കൂടാതെ അവരോട് നിഷ്പക്ഷമായി പെരുമാറണം. ഓരോ വിദ്യാർഥിയുടെയും വ്യക്തിത്വ വ്യത്യാസത്തെ കണക്കിലെടുത്ത് ആവശ്യങ്ങൾക്കനുസരണമായി പ്രവർത്തിച്ച് ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി, ബുദ്ധിപരവും സർഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികൾ പുഷ്ടിപ്പെടുത്തുന്നതിന് അവരെ പ്രോത്സാഹിപ്പിക്കണം. രക്ഷാകർത്താക്കളുടെ അടിസ്ഥാനോത്തരവാദിത്വത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത് അവരോട് സഹകരിച്ച് ഓരോ വിദ്യാർഥിയുടെയും സ്വഭാവ രൂപവത്കരണത്തിന് ശ്രമിക്കണം.
അക്രമണാസക്തി, കലഹപ്രിയം, അപക്വവ്യക്തിത്വം ഇവയുള്ള അധ്യാപകൻ തന്റെ കീഴിൽ ശിക്ഷണത്തിന് വിധേയരാകുന്നവരുടെ മാനസിക വളർച്ചയെ മുരടിപ്പിക്കുന്നു. ധൈര്യം, ഭാവന, അച്ചടക്കം, സഹിഷ്ണുത, ക്ഷമാശീലം, സമർപ്പണമനോഭാവം, കർത്തവ്യബോധം, സ്വയം ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ ഉറച്ച നില സ്വീകരിക്കൽ എന്നിവയിൽ നിപുണനായ അധ്യാപകൻ വിദ്യാർഥികൾക്ക് അനുകരണീയമായ മാതൃകയായിത്തീരുന്നു. നിലവിലുള്ള കാലഘട്ടത്തിന്റെ സവിശേഷതകളെ കണക്കിലെടുത്തുകൊണ്ട് അധ്യാപകൻ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. സമൂഹത്തിന്റെ ഉന്നതിക്ക് നിദാനമായ കാര്യങ്ങൾ തന്റെ കഴിവനുസരിച്ച് സമർപ്പണമനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത അദ്ദേഹത്തിന് ഉണ്ടായിരിക്കണം. ജനാധിപത്യത്തെ കാത്തു ശക്തിപ്പെടുത്തുകയും പൌരന്മാരെ സ്വാശ്രയശീലമുള്ളവർ ആക്കുകയുമാണ് ആധുനികഭരണസംവിധാനത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങൾ. ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടതായ അറിവും വൈദഗ്ദ്ധ്യവും ജനലക്ഷങ്ങളിൽ വളർത്തിയെടുക്കുന്നതിന് അധ്യാപകൻ മാർഗനിർദ്ദേശം നൽകണം. ജനായത്തസംവിധാനത്തിന്റെ ഉത്കൃഷ്ടവശങ്ങളെപ്പറ്റി അറിവും, അതിനോട് തനിക്കുള്ള കടമയെക്കുറിച്ചുള്ള യാഥാർഥ്യബോധവും അദ്ദേഹത്തിന് ഉണ്ടായിരിക്കണം. ലോകജനതയോടും അവരുടെ സംസ്കാരത്തോടും സഹാനുഭൂതി പ്രകടിപ്പിച്ച് രാഷ്ട്രങ്ങളിലെ ജനകോടികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുംവേണ്ടി പ്രവർത്തിച്ച് ഏകലോകചിന്താഗതി വളർത്തിയെടുക്കാനും അധ്യാപകർ സദാസന്നദ്ധരായിരിക്കണം.
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- അധ്യാപകൻ (Teacher)
- The National Council for Teacher Education Archived 2015-05-08 at the Wayback Machine.
- Images for Teacher
- Teacher's Day - Festivals of India
- Teachers Recruitment Board
- Welcome to The Teacher Foundation
- Electronics Tutorials for Beginners
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധ്യാപകൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |