അദിർവ്
യാഴ് എന്ന പുരാതന തന്ത്രിവാദ്യം വായിക്കുമ്പോൾ വരാനിടയുള്ള നാലുദോഷങ്ങളിൽ ഒന്നാണ് അദിർവ്. മറ്റു മൂന്നെണ്ണം ചെമ്പകൈ, ആർപ്, കൂടം എന്നിവയാണ്. ചിലപ്പതികാരത്തിൽ (വേനിർകാതൈ) ഇതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. യാഴിൽ കെട്ടിയിട്ടുള്ള ഞരമ്പുകളിൽ മന്ദ്രസ്ഥായി സ്വരങ്ങൾക്കുള്ളവ മീട്ടുമ്പോൾ നാദം ആവശ്യത്തിലേറെ കമ്പന സ്വഭാവമുള്ളതായിരിക്കും. ഈ ദോഷമാണ് അദിർവ്. തന്ത്രിമീട്ടിയിട്ട്, വിരലുകൊണ്ടോ ചെറിയ തടിക്കട്ടകൊണ്ടോ അദിർവ് നിയന്ത്രിക്കാൻ കഴിയും. വിദഗ്ദ്ധനായ ഒരു യാഴ്വാദകൻ ഈ ദോഷം അകറ്റി വായിക്കാൻ പ്രാപ്തനായിരിക്കണം. പൌരാണിക ശില്പകലാമാതൃകകളിൽ സ്ഥാനം പിടിച്ചിട്ടുള്ള യാഴ്വാദകന്റെ കൈയിലെ അദിർവ് ഒഴിവാക്കാനുള്ള ചെറിയ തടിക്കട്ടയാകും, പാശ്ചാത്യസംഗീത വാദ്യമായ പിയാനോയിലെ ഡാംപറിന് (Damper) വഴിതെളിച്ചതെന്ന് ഇന്ത്യൻ സംഗീതശാസ്ത്രജ്ഞൻമാർ ഊഹിക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അദിർവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |