ഹൈന്ദവ വിശ്വാസപ്രകാരം പുരാണങ്ങളിൽ പ്രതിപാദിക്കുന്ന 14 ലോകങ്ങളിൽ ഒന്നാണ് അതലം. പാതാളത്തിന്റെ പ്രഥമ ഖണ്ഡമാണിത്. അതലം എന്നാൽ, തലം ഇല്ലാത്തത്, അതായത് ഏറ്റവും താഴെയുള്ള ലോകം എന്നർത്ഥം. മയാസുരന്റെ മകനും മായാവിയുമായ പതിനായിരം ആനകളുടെ ബലമുള്ള "ബലൻ" എന്ന അസുരനാണ് അതലത്തിന്റെ അധിപതി. തൊണ്ണൂറ്റിയാറ് മഹാമായകളെ അയാൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അവയിൽ ചിലത് ഇന്നും മായാപ്രയോഗതത്പരൻമാരുടെ കൈവശം കാണാമെന്നും പറയപ്പെടുന്നു. പുംശ്ചലികൾ, സ്വൈരിണികൾ, കാമിനികൾ എന്നിവരെ സൃഷ്ടിച്ച് അവരുടെ ശക്തികൊണ്ടു ലോകത്തെ ജയിക്കുവാൻ അതലാധിപതിയായ ബലനു യാതൊരു ക്ലേശവുമില്ല. അതലത്തിൽ പ്രവേശിക്കുന്ന പുരുഷൻമാരെയെല്ലാം 'ഹാടക'രസം കുടിപ്പിച്ച് ഭോഗലമ്പടരാക്കാറുണ്ടന്ന് പുരാണമതം. അതലം മനോരമ്യമായ ഒരു ലോകമാണെന്ന് നാരദമഹർഷിയോട് വിഷ്ണു പ്രസ്താവിക്കുന്നുണ്ട് (ദേവീഭാഗവതം. സ്കന്ധം-8: അധ്യാ.19). അതലത്തെ വിരാഡ്രൂപനായ വിഷ്ണുവിന്റെ ഊരുക്കളിൽ ഒന്നായി ഭാഗവതത്തിലും വർണിച്ചുകാണുന്നു.[1]

ഭാഗവതത്തിൽ ഈ പതിനാലു ലോകങ്ങളെ വിശദികരിക്കുന്നുണ്ട്.

അതലം വിതലവും സുതലം തലാതലം
അങ്ങേതു മഹാതലം പിന്നേതു രസാതലം.
പാതാളമേഴാവതാമവറ്റിലെല്ലാടവും
ദൈതേയനാഗേന്ദ്രാദിഗണങ്ങൾ വാഴ്വൂ ഞായം.
അതലത്തിങ്കൽ ബാലനായീടും മയപുത്രൻ
അസുരാധിപനിരുന്നീടുന്നു സദാകാലം

(ശ്രീമഹാഭാഗവതം -- പഞ്ചമസ്കന്ധം -- ചതുർദശലോകവൃത്തം)

അവലംബം തിരുത്തുക

  1. ശ്രീമദ് മഹാഭാഗവതം -- തേമ്പാട്ട് ശങ്കരൻ നായർ -- Publisher : Mathrubhumi -- ISBN : 978-81-8264-912
"https://ml.wikipedia.org/w/index.php?title=അതലം&oldid=1970611" എന്ന താളിൽനിന്ന് ശേഖരിച്ചത്