അണ്ണാമലച്ചെട്ടിയാർ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
അണ്ണാമലൈ സർവകലാശാലയുടെ സ്ഥാപകനാണ് ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാർ (1881-1948).
രാജാ സർ അണ്ണാമലൈ ചെട്ടിയാർ (RSAC) | |
---|---|
ജനനം | |
മരണം | ജൂൺ 15, 1948 | (പ്രായം 66)
ദേശീയത | Indian |
തൊഴിൽ | The Rajah of Chettinad, Philanthropist, Industrialist, Aristrocract, Banker, Educationalist & Patron of Arts |
ജീവിതപങ്കാളി(കൾ) | Rani Lady Seethai Achi |
മാതാപിതാക്ക(ൾ) | S.R.M.M. Muthiah Chettiar (father) |
1881 സെപ്റ്റംബർ 30ന് മുൻ രാമനാട് ജില്ലയിലുള്ള കാനാട്ടുകാത്താൻ എന്ന ദേശത്ത് എസ്.ആർ.എം.എം. മുത്തയ്യച്ചെട്ടിയാർ എന്ന ബാങ്കറുടെ മകനായി ജനിച്ചു.[1] ധനസ്ഥിതികൊണ്ടും ദാനകർമങ്ങൾകൊണ്ടും പ്രശസ്തിനേടിയ ഒരു വലിയ കുടുംബം ആയിരുന്നു ചെട്ടിയാരുടേത്. സ്വദേശത്തെ പാഠശാലകളിൽനിന്നു ലഭിച്ച വിദ്യാഭ്യാസത്തിനുശേഷം അണ്ണാമലച്ചെട്ടിയാർ കുടുംബബിസിനസ്സായ ബാങ്ക് നടത്തിപ്പിൽ വ്യാപൃതനായി. സിലോൺ (ശ്രീലങ്ക), ബർമ (മ്യാൻമർ), വിദൂരപൂർവദേശങ്ങൾ എന്നീ സ്ഥലങ്ങളിലുള്ള ശാഖാപ്രവർത്തനങ്ങൾ നേരിട്ടു പരിശോധിക്കയും 1910-ൽ യൂറോപ്പു സന്ദർശിച്ച് വ്യാപാരസാധ്യതകൾ കൂടുതൽ വികസിപ്പിക്കാനുള്ള മാർഗങ്ങൾ മനസ്സിലാക്കുകയും ചെയ്തു. വിദേശയാത്ര കഴിഞ്ഞുവന്നയുടനെ, ചെട്ടിനാടിന്റെ നാഡീകേന്ദ്രമായ കാരൈക്കുടി പട്ടണത്തിന്റെ അഭിവൃദ്ധിക്കായി പല പരിപാടികളും ആസൂത്രണം ചെയ്തു. അതിനുശേഷം പൊതുജീവിതത്തിൽ പടിപടിയായി ഇദ്ദേഹം ഉയർന്നു വന്നു. 1916-ൽ മദ്രാസ് ലെജിസ്ളേറ്റീവ് കൌൺസിൽ അംഗമായി. 1920-ൽ കൌൺസിൽ ഒഫ് സ്റ്റേറ്റ് തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചു. ധനപരമായ കാര്യങ്ങളിൽ അണ്ണാമലച്ചെട്ടിയാർ ഒരു ക്രാന്തദർശി ആയിരുന്നു. ഇന്ത്യൻ ബാങ്കിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന ഇദ്ദേഹം, 1921-ൽ ഇമ്പീരിയൽ ബാങ്ക് ആരംഭിച്ചപ്പോൾ അതിന്റെ ഒരു ഗവർണറായും നിയമിതനായി.
പണം ഉണ്ടാക്കുവാൻ മാത്രമല്ല, നല്ല കാര്യങ്ങൾക്കായി ധാരാളം ദാനം ചെയ്യാനും കഴിഞ്ഞിരുന്നു അണ്ണാമലച്ചെട്ടിയാർക്ക്. തന്റെ ജൻമദേശത്തു സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഒരാശുപത്രി സ്ഥാപിക്കുവാൻ ഒരു വലിയ തുക ഇദ്ദേഹം സംഭാവന ചെയ്തു. മദ്രാസിൽ ലേഡീസ്ക്ളബ് സ്ഥാപിക്കുവാൻ രണ്ടു ലക്ഷം രൂപ ദാനം ചെയ്തു. നഗരശുചീകരണത്തിലും വിദ്യാഭ്യാസത്തിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തി. ഉപരിവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാത്ത സ്ഥലത്ത് ഒരു കോളജ് സ്ഥാപിക്കണമെന്ന് ഇദ്ദേഹം ആഗ്രഹിച്ചു. അതിന്റെ സാക്ഷാത്കാരമാണ് ചിദംബരത്ത് 1920-ൽ സ്ഥാപിതമായ മീനാക്ഷി കോളജ്. അണ്ണാമലച്ചെട്ടിയാരുടെ അമ്മ (മീനാക്ഷി)യുടെ സ്മരണയെ നിലനിർത്തുവാനാണ് കോളജിന് ആ പേർ നല്കിയത്. 1923-ൽ പണി പൂർത്തിയായ മീനാക്ഷി കോളജിന്റെ ആദ്യത്തെ പ്രിൻസിപ്പൽ, പ്രസിദ്ധ ചരിത്രകാരനായ കെ.എ. നീലകണ്ഠശാസ്ത്രി ആയിരുന്നു. 1923-ൽ അണ്ണാമലച്ചെട്ടിയാർക്ക് ബ്രിട്ടിഷ് ഗവൺമെന്റ് 'സർ' സ്ഥാനം നല്കി. ചില സർവകലാശാലകൾ 'ഡോക്ടർ' ബിരുദം നല്കി ഇദ്ദേഹത്തെ ബഹുമാനിച്ചു. തമിഴ് സംസ്കാരത്തിനും സാഹിത്യത്തിനും മുൻഗണന കൊടുക്കണമെന്നത് മീനാക്ഷി കോളജിന്റെ പ്രത്യേക ലക്ഷ്യം ആയിരുന്നു. എങ്കിലും ശാസ്ത്രപഠനം അവഗണിക്കപ്പെട്ടില്ല. 1926-ൽ സയൻസിനുള്ള വകുപ്പുകൾ ആരംഭിച്ചു. ഈ വിദ്യാകേന്ദ്രമാണ് 1929-ൽ അണ്ണാമലൈ സർവകലാശാലയായി രൂപംകൊണ്ടത്. 200 ഏക്കർ വിസ്തൃതിയുള്ള ആ പരിസരം ഒരു സർവകലാശാല കേന്ദ്രമാക്കി പരിവർത്തനം ചെയ്യാൻ വീണ്ടും 20 ലക്ഷം രൂപ ചെട്ടിയാർ സംഭാവന ചെയ്തു. മരിക്കുന്നതുവരെയും ഇദ്ദേഹം സർവകലാശാലയുടെ പ്രോചാൻസലർ ആയിരുന്നു. സാമൂഹിക സാമ്പത്തിക രംഗങ്ങളിലെല്ലാം പ്രവർത്തിച്ചു വിജയം കൈവരിച്ച രാജാ അണ്ണാമലച്ചെട്ടിയാർ, 1948 ജൂൺ 15ന് നിര്യാതനായി. ഇദ്ദേഹത്തിനു 3 പുത്രൻമാരും 4 പുത്രിമാരും ഉണ്ട്.
അവലംബം
തിരുത്തുക