കോഴിമുട്ട മറ്റ് ഔഷധങ്ങളിൽ ചേർത്തുണ്ടാക്കുന്ന പൊടിയാണ് അണ്ഡഭസ്മം. മുട്ടപ്പൊടി എന്നും പറയും. നേത്രരോഗശമനത്തിന് കേരളത്തിൽ സർവസാധാരണയായി ഇത് ഉപയോഗിച്ചുവരുന്നു. തിമിരം, കാചം തുടങ്ങിയ നേത്രരോഗങ്ങളെ ഇതു ശമിപ്പിക്കും. കണ്ണിനു നല്ല കാഴ്ച നല്കുകയും ചെയ്യുന്നു.

പൊടി തയ്യാറാക്കുന്ന വിധം. നാലുപലം വെളുത്തുള്ളി തൊലികളഞ്ഞ് മുന്നാഴി വെള്ളത്തിൽ വേവിച്ച്, അരയ്ക്കത്തക്കവണ്ണം വെള്ളം ബാക്കി നില്ക്കുമ്പോൾ വാങ്ങിവച്ചു നല്ലതുപോലെ അരച്ചെടുക്കണം. അടപൊതിയൻ കിഴങ്ങ് ഉണക്കി ആറു കഴഞ്ചും, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, കടുക്കാത്തോട്, ജാതിക്കായ്, ജാതിപത്രി, ഗ്രാമ്പൂവ്]], കരിംജീരകം, ചീനക്കറുവാ, ജീരകം എന്നിവ മുക്കാൽ കഴഞ്ചുവീതവും നല്ലവണ്ണം പൊടിച്ച് നേർപ്പിച്ച് എടുക്കണം.

12 കോഴിമുട്ട ഉടച്ച് ഒരു ഉരുളിയിലൊഴിച്ച് മുമ്പു പറഞ്ഞ വെളുത്തുള്ളി അരച്ചതും പൊടിയും ചേർത്തു നല്ലവണ്ണം ഇളക്കി ചെറുതീയിൽ, കരിയാതെ വറുത്തു പാകത്തിന് എടുക്കണം. നിർദിഷ്ട മാത്രയിൽ നല്ല പഥ്യാചരണത്തോടുകൂടിയാണ് സേവിക്കേണ്ടത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണ്ഡഭസ്മം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അണ്ഡഭസ്മം&oldid=958446" എന്ന താളിൽനിന്ന് ശേഖരിച്ചത്