അഡിനോസിൻ ഫോസ്ഫേറ്റുകൾ
അഡിനോസിൻ മോണോ ഫോസ്ഫേറ്റ് (Adenosine mono Phosphates) (AMP), അഡിനോസിൻ ഡൈ ഫോസ്ഫേറ്റ് (ADP), അഡിനോസിൻ ട്രൈഫോസ്ഫേറ്റ് (ATP) എന്നീ മൂന്ന് കോ എൻസൈമുകൾ. അഡിനിൻ, റൈബോസ്, ഫോസ്ഫോറിക് അമ്ളം എന്നീ മൂന്നംശങ്ങൾ യോജിച്ചുണ്ടായ ഇവ അഡിനിൻ വ്യുത്പന്നങ്ങളാണ്. അഡിനിൻ, റൈബോസ് എന്നിവ യോജിച്ചുണ്ടായ യൌഗികത്തിന് അഡിനോസിൻ എന്നു പേരുള്ളതുകൊണ്ട് പ്രസ്തുതമായ ഈ മൂന്നു യൌഗികങ്ങളും അഡിനോസിൻ ഫോസ്ഫേറ്റുകളായി വ്യവഹരിക്കപ്പെടുന്നു. അഡിനോസിനിലുള്ള റൈബോസിന്റെ അഞ്ചാമത്തെ കാർബൺ ആറ്റത്തോടാണ് ഫോസ്ഫേറ്റ് ഗ്രൂപ്പ് ബന്ധപ്പെട്ടിരിക്കുന്നത്.
Names | |
---|---|
IUPAC name
5'-Adenylic acid
| |
Identifiers | |
3D model (JSmol)
|
|
ChEMBL | |
ChemSpider | |
ECHA InfoCard | 100.000.455 |
MeSH | {{{value}}} |
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
അമ്ലത്വം (pKa) | 0.9, 3.8, 6.1 |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അഡിനിലിക് അമ്ലം
തിരുത്തുക(adenylic acid)
അഡിനോസിൻ മോണോ ഫോസ്ഫേറ്റിന്റെ മറ്റൊരു പേരാണ് അഡിനിലിക് അമ്ലം (adenylic acid). ഇതിൽ ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പുണ്ട്. ഫോസ്ഫേറ്റ് ഗ്രൂപ്പിന്റെ സ്ഥാനവ്യത്യാസം അനുസരിച്ച് മൊത്തം നാല് അഡിനിലിക് അമ്ളങ്ങൾ ഉണ്ടെങ്കിലും അവയിൽവച്ച് ഏറ്റവും മുഖ്യമായതാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. എ.റ്റി.പി.യിൽനിന്നും എ.ഡി.പി.യിൽ നിന്നും എൻസൈമിന്റെയോ അമ്ളത്തിന്റെയോ സാന്നിധ്യത്തിൽ ജലീയവിശ്ലേഷണം (hydrolysis) വഴി എ.എം.പി. ലഭ്യമാകുന്നു. ശരീരത്തിനകത്തു കരളിലും മറ്റും സംഭരിച്ചുവച്ചിട്ടുള്ള ഗ്ളൈക്കൊജൻ എന്ന കാർബൊഹൈഡ്രേറ്റിനെ നിമ്നീകരിച്ച് വീണ്ടും ഗ്ലൂക്കോസ് ആക്കിമാറ്റുന്ന പ്രക്രിയയ്ക്കു തുടക്കമിടുന്ന ഫോസ്ഫോറിലേസ് എന്ന എൻസൈമിനെ ഉത്തേജിപ്പിക്കുന്ന ചുമതലയാണ് എ.എം.പി. മുഖ്യമായും നിർവഹിക്കുന്നത്. കൂടാതെ കാർബൊഹൈഡ്രേറ്റ് ഉപാപചയത്തിൽ (carbohydrate metabolism) പങ്കെടുക്കുന്ന മറ്റു പല എൻസൈമുകളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
അഡിനോസിൻ ഡൈ ഫോസ്ഫേറ്റ് എന്നത് അഡിനിലിക് അമ്ളത്തോട് ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ് കൂടി ചേർന്നുണ്ടായ യൌഗികമാണ്. ഭാഗികമായ ജലീയവിശ്ളേഷണംമൂലം എ.റ്റി.പി.യിൽ നിന്ന് ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ് നഷ്ടപ്പെട്ടു ലഭിക്കുന്ന യൌഗികമായും ഇതിനെ പരിഗണിക്കാം. കോശങ്ങളുടെ ഉപാപചയപ്രവർത്തനത്തിൽ എ.റ്റി.പി.യിൽ നിന്ന് ഇത് ഒരു ഇടയൗഗികമായി (intermediate compound) ഉണ്ടാകുന്നു. ധാരാളം ഊർജ്ജം മോചിപ്പിക്കുന്ന ഒരു രാസപ്രവർത്തനമാണിത്. ഈ ഊർജ്ജത്തെ കോശങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. എ.ഡി.പി. വീണ്ടും എ.റ്റി.പി. ആയിത്തീരുന്ന പ്രക്രിയയും തുല്യപ്രാധാന്യമുള്ള ഒന്നാണ്. ഷുഗറുകൾ, അമിനൊ അമ്ളങ്ങൾ, ലിപ്പിഡുകൾ എന്നിവയ്ക്ക് ഓക്സീകരണവും നിമ്നീകരണവും (degradation) സംഭവിക്കുമ്പോൾ മുക്തമാകുന്ന ഊർജ്ജത്തിൽനിന്ന് ആവശ്യമുള്ളതു പിടിച്ചു പറ്റി എ.ഡി.പി. ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പുമായിച്ചേർന്നു വീണ്ടും എ.റ്റി.പി. ആകുന്നു. എ.എം.പി.യിൽ നിന്ന് എ.ഡി.പി. ഉണ്ടാകുന്ന സന്ദർഭങ്ങളും ഉണ്ട്.
ഉപാപചയ പ്രക്രിയകളിൽ ഏറ്റവും പ്രധാനമായ പങ്കു വഹിക്കുന്ന ഒരു യൌഗികമാണ് എ.റ്റി.പി. അമ്ലമാധ്യമത്തിലും ക്ഷാരമാധ്യമത്തിലും ഇതിന് ജലീയവിശ്ളേഷണം സംഭവിക്കും. ഇതിൽ മൂന്ന് ഫോസ്ഫേറ്റ് ഗ്രൂപ്പ് ആവശ്യമുള്ളപ്പോൾ സംഭാവന ചെയ്യാൻ ഇതു സദാ സന്നദ്ധമാണ്. ഉദാഹരണമായി ഗ്ലൂക്കോസിന് ഗ്ലൂക്കോസ്-6 ഫോസ്ഫേറ്റ് ആകുവാൻ വേണ്ട ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഹെക്സൊകൈനേസ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ എ.റ്റി.പി. പ്രദാനം ചെയ്യുന്നു; സ്വയം എ.ഡി.പി. ആയി മാറുകയും ചെയ്യുന്നു. മാംസപേശികളുടെ യാന്ത്രികമായ പ്രവർത്തനത്തിനു വേണ്ട ഊർജ്ജത്തിന്റെ ഏറ്റവും അടുത്ത ഉദ്ഗമസ്ഥാനം (immediate source) എ.റ്റി.പി. ആണ്. പ്രോട്ടീനുകളുടെ ഉദ്ഗ്രഥനം ശരീരത്തിൽ സാധിപ്പിക്കുന്നതിൽ അമിനൊ അമ്ളങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായകമാണ്. നൂക്ലിയിക് അമ്ലങ്ങളുടെ ഉദ്ഗ്രഥനത്തിലും ഇതിനു പങ്കുണ്ട്.
എ.ഡി.പി.യും എ.റ്റി.പി.യും ജലീയവിശ്ലേഷണം വഴി ധാരാളം ഊർജ്ജം മോചിപ്പിക്കുന്ന യൗഗികങ്ങളാകയാൽ ഊർജശേഖരങ്ങളായി ഗണിക്കപ്പെടുന്നു. ഉച്ചോർജയൗഗികങ്ങൾ (high energy compounds) എന്ന് ഈ രണ്ടിനെയും വിശേഷിപ്പിക്കാറുമുണ്ട്.
ചാക്രിക എ.എം.പി.
തിരുത്തുകഇതിൽ ഫോസ്ഫേറ്റ് ഗ്രൂപ്പ്, അഡിനോസിനിലുള്ള റൈബോസിലെ 3-ഉം 5-ഉം കാർബൺ അണുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സേതുവായി (bridge) വർത്തിക്കുന്നു. ഈ സവിശേഷതകൊണ്ടാണ് ഇതിനു സൈക്ളിക് എ.എം.പി. എന്ന പേര് ലഭിച്ചത്. അഡനിൻ സൈക്ലേസ് എന്ന എൻസൈം വ്യൂഹത്തിന്റെയും (enzyme system), മഗ്നീഷ്യം അയോണുകളുടെയും സാന്നിധ്യത്തിൽ എ.റ്റി.പി.യിൽ നിന്ന് ഇതു ശരീരത്തിൽ ഉണ്ടാകുന്നു. സാമാന്യമായിപ്പറഞ്ഞാൽ ഉപാപചയപ്രക്രിയകളിൽ ഇതു സാരമായ പങ്കുവഹിക്കുന്നുണ്ട്. കാർബൊഹൈഡ്രേറ്റ് ഉപാപചയത്തിൽ, പ്രവർത്തനക്ഷമത കുറഞ്ഞ ഫോസ്ഫോറിലേസ്-B എന്ന എൻസൈമിനെ കൂടുതൽ പ്രവർത്തനശേഷിയുള്ള ഫോസ്ഫോറിലേസ്-A ആക്കിമാറ്റുന്നതിന് ഇത് അത്യാവശ്യമാണ്. ഗ്ലൈക്കൊജൻ സംശ്ലേഷണത്തെയും ഇത് നിയന്ത്രിക്കുന്നു. സൈക്ളിക് എ.എം.പി.യുടെ പ്രവർത്തനത്തെയും പ്രാധാന്യത്തെയുംപറ്റി നടത്തിയ ഗവേഷണം അടിസ്ഥാനമാക്കി സതർലണ്ട് (Sutherland) എന്ന അമേരിക്കൻ ശാസ്ത്രജ്ഞന് 1971-ൽ നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.
ഒട്ടനേകം ഉപാപചയ പ്രക്രിയകളിൽ അഡിനോസിൻ ഫോസ്ഫേറ്റുകൾ പങ്കെടുക്കുകയും പരസ്പരം രൂപാന്തരപ്പെടുകയും ചെയ്യുന്നു. അനേകം രാസപ്രവർത്തനങ്ങളിൽ ഇവ മൂന്നും കോ-എൻസൈമുകൾ ആണ്. ഒരു ബേസും ഒരു ഷുഗറും, ഫോസ്ഫേറ്റ് ഗ്രൂപ്പും ചേർന്ന ഇത്തരം യൗഗികങ്ങൾക്ക് മൊത്തത്തിൽ നൂക്ളിയൊടൈഡുകൾ (nucleotides) എന്നൊരു സാങ്കേതികസംജ്ഞകൂടി ഉണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഡിനോസിൻ ഫോസ്‌ഫേറ്റുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |