അട്ടിപ്പേർ

കേരളത്തിലെ ഒരു പ്രാചീന ഭൂവുടമാസമ്പ്രദായം

കേരളത്തിലെ ഒരു പ്രാചീന ഭൂവുടമാസമ്പ്രദായമാണ് അട്ടിപ്പേർ എന്നു പറയുന്നത്. ഭൂസ്വത്തുക്കൾ തീറ് നല്കുന്നതിനുള്ള അവകാശം മൊത്തമായി ലഭിക്കുന്നതാണ് അട്ടിപ്പേർ. ജൻമി നിയമാനുസൃതമായി അവകാശം വിട്ടുകൊടുക്കുന്നത് അട്ടിപ്പേറിന്റെ പരിധിയിൽപെടുന്നു. ജൻമിയുടെ പൂർണാവകാശം ഇങ്ങനെ വിട്ടുകൊടുക്കുകയെന്നത് മുൻകാലങ്ങളിൽ അന്തസ്സില്ലാത്ത പ്രവൃത്തിയായി കരുതപ്പെട്ടിരുന്നു. അതുകൊണ്ട്, അത്തരം വിട്ടുകൊടുക്കൽ അനിവാര്യമായിത്തീരുകയാണെങ്കിൽ അതു പല ഘട്ടങ്ങളായിവേണം നടത്തുക; ഇവ സാധാരണമായി മൂന്നെണ്ണമായിരുന്നു.

Wiktionary
Wiktionary
അട്ടിപ്പേർ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ജൻമി ഭൂമി വിൽക്കുമ്പോൾ മുഴുവൻ വിലയും കടംവാങ്ങുന്നരീതിയിൽ ഒരു ഒറ്റിയിൽ ഏർപ്പെടേണ്ടതുണ്ട്. അപ്പോൾ വാങ്ങുന്നയാൾക്ക് ഭൂസ്വത്തിൻമേൽ അവകാശം ലഭിക്കുന്നു. എന്നാൽ അയാൾക്ക് വസ്തുവിലുള്ള വൃക്ഷങ്ങൾ മുറിക്കുന്നതിനോ, ആ ഭൂമിയിൽ ശവസംസ്കാരം നടത്തുന്നതിനോ അവകാശമുണ്ടായിരിക്കുന്നതല്ല. ഇതിനുശേഷം ഒന്നിനുപുറകേ ഒന്നായി രണ്ടു പ്രമാണങ്ങൾ കൂടി നടത്തേണ്ടതുണ്ട്. സ്വത്തിന്റെ വിലയിൽ 20ശ.മാ. ആദ്യം നല്കുന്നു. അവസാനത്തെ പ്രമാണം നടത്തിക്കഴിയുമ്പോൾ ജൻമിക്ക് സ്വത്തിൻമേലുളള അവകാശം ഇല്ലാതാവുകയും വാങ്ങുന്നയാളിന് സ്വത്തിൻമേൽ ഭാഗം അവകാശം ലഭിക്കുകയും ചെയ്യുന്നു. വസ്തുവിലുള്ള വൃക്ഷങ്ങൾ മുറിക്കുന്നതിനും അതിൽ ശവസംസ്കാരം നടത്തുന്നതിനും വാങ്ങുന്നയാളിന് ഈ ഘട്ടത്തിൽ അവകാശമുണ്ട്.

ഇടപാടിന്റെ അവസാനഭാഗമാണ് അട്ടിപ്പേർ ഉടമ്പടി. ഈ ഉടമ്പടി പ്രാബല്യത്തിലാകുന്നതോടെ, ഭൂമിയിലുള്ള പൂർണാവകാശം വാങ്ങുന്നയാളിന് ലഭിക്കുന്നു. സ്ഥലത്തെ ആറു പ്രമാണിമാരുടെ സാന്നിധ്യത്തിലായിരിക്കണം അട്ടിപ്പേർ ഉടമ്പടി. കൊടുക്കുക, ദാനം ചെയ്യുക എന്നെല്ലാം അർഥംവരുന്ന അട്ടുക എന്ന ക്രിയയിൽനിന്നാണ് അട്ടിപ്പേർ എന്ന പദം ഉണ്ടായത്. പേരിൽചേർത്തുകൊടുക്കുന്ന ദാനശാസനം (gift deed) എന്നതിന്റെ വിവക്ഷിതമായി അട്ടിപ്പേർ എന്ന പ്രയോഗം സിദ്ധിക്കുന്നു. ഇപ്പോൾ അട്ടിപ്പേർ എന്ന സംജ്ഞ ഉപയോഗിക്കാറില്ല. പകരം ജൻമം എന്ന പദം ഉപയോഗിച്ചുവരുന്നു. ദേവാലയങ്ങളിലെ മ(തി)ടപ്പള്ളിച്ചെലവിനുള്ള ദാനശാസനത്തിനും അട്ടിപ്പേർ എന്നു പേരുണ്ടായിരുന്നതായി മലയാളമഹാനിഘണ്ടുവിൽ കാണുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അട്ടിപ്പേർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അട്ടിപ്പേർ&oldid=3505852" എന്ന താളിൽനിന്ന് ശേഖരിച്ചത്