അടുക്കളച്ചപ്പുകൾ
ചരിത്രാതീതകാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും മറ്റു പദാർഥങ്ങളുടെയും അവശിഷ്ടങ്ങളും ഉച്ഛിഷ്ടങ്ങളും ഉൾക്കൊള്ളുന്ന ഭൂഗർഭനിക്ഷേപമാണ് അടുക്കളച്ചപ്പുകൾ എന്ന പേരിൽ അറിയപ്പെടുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം നിക്ഷേപങ്ങൾ ഉത്ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡാനിഷ് കടൽത്തീരത്തുനിന്നും കണ്ടെടുത്ത ഒരു ചീപ്പാണ് ഇത്തരത്തിൽ ആദ്യമായി ലഭിച്ച അവശിഷ്ടം. ഈ ചീപ്പ് അസ്ഥികൊണ്ടു നിർമിച്ചതായിരുന്നു. അടുക്കളച്ചപ്പിൽ പ്രധാനമായി കക്കാത്തോടുകൾ, ആഹാരത്തിനുപയോഗിച്ചിരുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, കല്ല്, മൃഗങ്ങളുടെ അസ്ഥി, കൊമ്പ് ഇവകൊണ്ടു തീർത്ത ആയുധങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇത്തരം നിക്ഷേപങ്ങളിൽനിന്നും അവ ഉത്ഖനനം ചെയ്തെടുക്കപ്പെട്ട പ്രദേശത്തെ അധിവസിച്ചിരുന്ന പ്രാചീനമനുഷ്യരുടെ ജീവിതരീതി, ആഹാരക്രമം, കരകൌശലം, കൃഷി, മറ്റു തൊഴിലുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പുരാവസ്തുഗവേഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
ഡെൻമാർക്കിന്റെ കിഴക്കൻ തീരത്തുനിന്നും ഉത്ഖനനം ചെയ്തു കണ്ടെടുത്ത അടുക്കളച്ചപ്പുകൾ ബി.സി. 4000-നും 2000-നും ഇടയ്ക്കുള്ള മധ്യശിലായുഗസംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ട്. വേട്ടയാടലും മീൻപിടിത്തവുമായിരുന്നു അക്കാലങ്ങളിൽ മനുഷ്യരുടെ പ്രധാന ജോലി. അസ്ഥികൊണ്ടു തീർത്ത ചാട്ടുളി, കുന്തങ്ങൾ മുതലായവ കൂടാതെ വംശനാശം സംഭവിച്ചുപോയതും വളരെ അപൂർവമായി മാത്രം ഇന്നു കാണപ്പെടുന്നതരത്തിലുള്ളതുമായ ചില മൃഗങ്ങളുടെയും പക്ഷികളുടെയും അവശിഷ്ടങ്ങളും ഇതിൽപെടുന്നു. ആ കാലഘട്ടത്തിനുശേഷം മനുഷ്യൻ ഒരിടത്തു സ്ഥിരതാമസം തുടങ്ങിയകാലത്തെ അടുക്കളച്ചപ്പുനിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവയിൽ മൺപാത്രങ്ങൾ, മിനുസപ്പെടുത്തിയ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ, വീട്ടുമൃഗങ്ങളുടെയും നട്ടുവളർത്തിയ സസ്യങ്ങളുടെയും അവശിഷ്ടങ്ങൾ എന്നിവ അടങ്ങിയിരുന്നു.
ഇറ്റലി, ജപ്പാൻ, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടിഷ് ദ്വീപുകൾ എന്നിവിടങ്ങളിൽനിന്നു കണ്ടെടുത്ത അടുക്കളച്ചപ്പിൽ മധ്യശിലായുഗത്തിലും നൂതനശിലായുഗത്തിലും ജീവിച്ചിരുന്നവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഉൾക്കൊള്ളുന്നു. വടക്കേ അമേരിക്കയുടെ കിഴക്കൻ പ്രദേശത്തുനിന്നും പനാമയിൽനിന്നും കിട്ടിയ അവശിഷ്ടങ്ങൾ ബി.സി. 5000-നും 2000-നും ഇടയ്ക്കുള്ള കാലത്തെ കുറിക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അടുക്കളച്ചപ്പുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |