അടിസ്ഥാനപദങ്ങൾ
ഒരു ഭാഷയിൽ സാമാന്യവ്യവഹാരത്തിനു പ്രയോജനപ്പെടുന്ന പദസമൂഹമാണ് അടിസ്ഥാനപദങ്ങൾ. നിത്യവ്യവഹാരത്തിന് അവശ്യം വേണ്ടുന്ന പദങ്ങളെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നു. ഏതെങ്കിലും ഒരു ഭാഷയിലെ അടിസ്ഥാനപദങ്ങൾ പഠിച്ചുകഴിഞ്ഞാൽ, ആ ഭാഷ സാമാന്യമായി കൈകാര്യം ചെയ്യുവാൻ പ്രയാസം വരില്ല. ഭവനനിർമ്മാണത്തിൽ അസ്തിവാരത്തിനുള്ളത്രയും പ്രാധാന്യം ഒരു ഭാഷയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപദങ്ങൾക്കുമുണ്ട്.
ഏതെങ്കിലും ഒരു ഭാഷ അഭ്യസിക്കുവാൻ ഒരുമ്പെടുമ്പോൾ, വ്യാകരണ കാര്യങ്ങളോടൊപ്പം അടിസ്ഥാനപദങ്ങൾ പഠിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. സാധാരണയായി മാതൃഭാഷയിലെ അടിസ്ഥാനപദങ്ങൾ രണ്ടു വയസിനു മുൻപുതന്നെ പഠിച്ചുതുടങ്ങുവാൻ സാധിക്കുന്നു. പക്ഷേ, അന്യഭാഷാഭ്യസനം കുറച്ചുകൂടി മുതിർന്നതിനുശേഷമേ സാധിക്കൂ. തൻമൂലം, ഒരു വ്യക്തിക്ക് അഭ്യസിക്കാവുന്ന അടിസ്ഥാനപദങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരുന്നു.
ഒരു ഭാഷയുടെ വ്യവഹാരത്തിന്, ഏറ്റവും അധികം പ്രാവശ്യം പ്രയോഗിക്കപ്പെടുന്ന പദങ്ങൾക്ക് കൂടുതൽ പ്രാധാന്യം വന്നുചേരുന്നു. ഇത്തരം പദങ്ങൾ ആ ഭാഷയുടെ ആധാരപദങ്ങളായി കരുതപ്പെടുന്നു.
ഒരു ഭാഷയുടെ ശബ്ദസമ്പത്ത് അതിലെ അടിസ്ഥാന പദങ്ങളുടെ സംഖ്യയിൽനിന്ന് ഏകദേശം ഊഹിക്കാവുന്നതാണ്. ഇത്തരം പദങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ പല പാശ്ചാത്യ ഭാഷാശാസ്ത്രജ്ഞൻമാരും നടത്തിയിട്ടുണ്ട്. തോൺഡൈക്ക്, ഗോഡ്ഫ്രെ ഡെവി, റവ. ജെ.സി.കീനിങ് തുടങ്ങിയ പണ്ഡിതൻമാർ ഇംഗ്ലീഷ് ഭാഷയിലെ അടിസ്ഥാനപദങ്ങളെപ്പറ്റി വിശദാധ്യയനം നടത്തിയിട്ടുണ്ട്. ഈ മാതൃകയിൽ ഡോ. ധീരേന്ദ്രവർമ, ഡോ. കെ.സി. ഭാട്ടിയ എന്നിവർ ഹിന്ദിയിലെ അടിസ്ഥാനപദങ്ങളെപ്പറ്റി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈ വിഷയം അടിസ്ഥാനമാക്കി ശാസ്ത്രീയപഠനങ്ങൾ മലയാളത്തിൽ വേണ്ടത്ര ഇതുവരെ ഉണ്ടായിട്ടില്ല.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അടിസ്ഥാനപദങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |