അഞ്ചുതമ്പുരാൻ പാട്ട്
കേരളത്തിൽ തിരുവിതാംകൂർ പ്രദേശത്ത് പ്രചാരത്തിലിരുന്ന ഒരു പ്രാചീനഗാനമാണ് അഞ്ചുതമ്പുരാൻ പാട്ട്. ചരിത്രപരമായി പ്രാധാന്യമുള്ള ഒരു പാട്ടാണിത്. കൊല്ലവവർഷം 8-ആം ശതകത്തിന്റെ പൂർവാർധത്തിൽ ജീവിച്ചിരുന്ന ചില വേണാട്ടു രാജകുടുംബാംഗങ്ങൾ തമ്മിലുണ്ടായ അന്തശ്ചിദ്രമാണ് ഇതിലെ പ്രതിപാദ്യം.
സകലകലമാർത്താണ്ഡവർമ, പലകലആദിത്യവർമ, പരരാമർ, പരരാമാദിത്യർ, വഞ്ചി ആദിത്യവർമ എന്നീ രാജാക്കൻമാരെ അധികരിച്ചുള്ള പാട്ടായതുകൊണ്ടാണ് ഇതിന് അഞ്ചുതമ്പുരാൻ പാട്ടെന്നു പേർ വന്നതെന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു. ഈ പാട്ടിൽ ചീരാട്ടുപോര്, മാടമ്പുകഥ, പെരുങ്കുളത്തുപോര്, ഏർവാടിപ്പോര് എന്നിങ്ങനെ നാലുഭാഗങ്ങൾ അടങ്ങിയിരിക്കുന്നു.
പാട്ടിന്റെ സ്വഭാവം ഗ്രഹിക്കുന്നതിന് ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു:
(അഞ്ചു) തമ്പുരാക്കൻമാർക്കു തമ്മിൽ സ്വരച്ചേർച്ചയില്ലാതെ വന്നതിനാൽ രാജ്യത്ത് അസമാധാനം വർധിക്കുന്നതുകണ്ട് അവരെ രഞ്ജിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാരാജാവ് കഴക്കൂട്ടത്തുപിള്ളയ്ക്ക് ഒരു തിരുവെഴുത്തു കൊടുത്തയയ്ക്കുന്നു. അത് കൊണ്ടുപോകുന്ന രാജദൂതൻ,
“ | ഉപ്പിടാകയും കടന്ത് ഓലയമ്പലം കടന്ത് ഉഴറി വഴി നടന്ത് പപ്പനാവാ ചരണമെന്റ് പാതിരിക്കരി കടന്ത് പട്ടമേലായും കടന്ത് പാങ്ങപ്പാറ തന്നിൽ ചെന്ന് |
” |
കണ്ടവരോടൊക്കെ
“ | കലവറ വീടിനിച്ചെത്തത്തൂരമോ? | ” |
എന്നു ചോദിക്കുന്നു. അതിന്,
“ | കണ്ടാൽ തിരിയാതോടാ കൽക്കട്ടും ചിറാമ്പികളും കാലുകിളന്തനമേട കാണലാമേ |
” |
എന്നു മറുപടി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഞ്ചുതമ്പുരാൻ പാട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |