അജൻ ഫക്കീർ
എ.ഡി. 17-ആം ശതകത്തിൽ ജീവിച്ചിരുന്ന ഒരു ആസാമീസ് ഭക്തകവിയായിരുന്നു അജൻ ഫക്കീർ. ജനനകാലത്തെപ്പറ്റി വ്യക്തമായ രേഖകൾ കിട്ടിയിട്ടില്ല. 1681 മുതൽ 1696 വരെ കാമരൂപദേശം (ഇന്നത്തെ അസമിലെ പഴയ ഒരു നാട്ടുരാജ്യം) ഭരിച്ചിരുന്ന ഗദാധരസിംഹന്റെ ഡർബാറിൽ ഈ കവി ഉണ്ടായിരുന്നതായും ഭക്തിഗീതങ്ങൾ പാടി രാജാവിനെ ആസ്തികനാക്കി മാറ്റിയതായും പരാമർശങ്ങളുണ്ട്. ആസാമീസ് സാഹിത്യത്തിലെ ജികിർ ഗീതങ്ങൾ എന്നറിയപ്പെടുന്ന സൂഫി രീതിയിലുള്ള കീർത്തനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ ഈ കവി പ്രത്യേകം ആദരം അർഹിക്കുന്നു[1]. സൂഫി സമ്പ്രദായത്തിന്റെയും വൈഷ്ണവഭക്തി സാധനയുടെയും സംഗമരംഗമാണ് അജൻ ഫക്കീറിന്റെ കീർത്തനങ്ങൾ എന്ന് പ്രസിദ്ധ ആസാമീസ് സാഹിത്യചരിത്രകാരനായ ഹേമ്ബറുവ അഭിപ്രായപ്പെടുന്നു. ഫക്കീർ, ഇസ്ലാം മതാനുയായി ആയിരുന്നെങ്കിലും ഹൈന്ദവധർമങ്ങളിൽ നല്ല അവഗാഹം സിദ്ധിച്ച ഒരു അധ്യാത്മവാദികൂടിയായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ കവിതകളിലും കീർത്തനങ്ങളിലും സഗുണഭക്തിയുടെ വിവിധസിദ്ധാന്തങ്ങൾ പ്രതിധ്വനിക്കുന്നുണ്ട്. ബൃഹത്കാവ്യങ്ങളൊന്നുംതന്നെ രചിച്ചിട്ടില്ലെങ്കിൽപ്പോലും ജികിർഗീതപ്രസ്ഥാനത്തിന്റെ പ്രണേതാവെന്ന നിലയിൽ അജൻ ഫക്കീർ ആസാമീസ് സാഹിത്യത്തിൽ ചിരസ്മരണീയനായിത്തീർന്നിട്ടുണ്ട്.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അജൻ ഫക്കീർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |