ബി.സി. 183-ൽ മൌര്യരാജ്യം പിടിച്ചടക്കി സുംഗവംശം സ്ഥാപിക്കുകയും മിനാൻഡറുടെ ആക്രമണത്തെ (ബി.സി. 155-153) തുരത്തിവിടുകയും ചെയ്ത പുഷ്യമിത്രന്റെ പുത്രനും പിൻഗാമിയുമായിരുന്നു അഗ്നിമിത്രൻ. വിദിഷ (ഇപ്പോഴത്തെ സൌരാഷ്ട്രത്തിലെ ഭീൽസ) ആയിരുന്നു അഗ്നിമിത്രന്റെ തലസ്ഥാനം. പിതാവിന്റെ ജീവിതകാലത്തുതന്നെ നർമദാ പ്രദേശങ്ങളുടെ ഭരണച്ചുമതല അഗ്നിമിത്രനിൽ നിക്ഷിപ്തമായിരുന്നു. തെ. ഭാഗത്ത് ശത്രുരാജ്യമായ വിദർഭ (കിഴക്കൻമഹാരാഷ്ട്ര) ഭരിച്ചിരുന്ന യജ്ഞസേനനെ തോല്പിച്ച് ഇദ്ദേഹം രാജ്യവിസ്തൃതി വർധിപ്പിച്ചു. വിദർഭരാജ്യത്തിൽ വരദാ നദിക്കു തെക്കുള്ള ഭാഗം മാധവസേനനെയും വടക്കുള്ള ഭാഗം, കീഴടങ്ങിയ യജ്ഞസേനനെത്തന്നെയും ഭരണത്തിനേല്പ്പിച്ചു. ഈ ചരിത്രപശ്ചാത്തലത്തിലാണ് കാളിദാസൻ അഗ്നിമിത്രനെ കഥാനായകനാക്കി മാളവികാഗ്നിമിത്രം എന്ന നാടകം രചിച്ചിട്ടുള്ളത്. അഗ്നിമിത്രനും പട്ടമഹിഷിയായ ധാരിണീദേവിയുടെ പരിചാരികാഗണത്തിൽ വന്നുപെട്ട മാളവികയും തമ്മിലുണ്ടായ പ്രണയത്തിന്റെ കഥയാണ് അതിലെ പ്രതിപാദ്യം. ഒരു പ്രൌഢനായകനായിട്ടാണ് അഗ്നിമിത്രനെ അതിൽ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിനു ധാരിണീദേവിയിൽ ജനിച്ച വസുമിത്രൻ എന്ന പുത്രൻ, കഥ നടക്കുന്ന കാലത്ത് യവനൻമാരോടു യുദ്ധം ചെയ്യുവാനും അവരിൽ നിന്ന് പുഷ്യമിത്രന്റെ യാഗാശ്വത്തെ വീണ്ടെടുക്കുവാനും പോയിരിക്കുകയായിരുന്നു. അഗ്നിമിത്രൻ മാതൃകായോഗ്യനായ ഒരു രാജാവായിരുന്നുവെന്ന് മാളവികാഗ്നിമിത്രത്തിലെ,

(അഗ്നിമിത്രൻ രാജ്യപാലനം ചെയ്യുമ്പോൾ, പ്രജകൾക്ക് ഈതിബാധയില്ലായ്മതൊട്ടുള്ള നന്മകൾ കൈവരാതിരിക്കില്ല) എന്ന ഭരതവാക്യഖണ്ഡം സൂചിപ്പിക്കുന്നു.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിമിത്രൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്നിമിത്രൻ&oldid=1940585" എന്ന താളിൽനിന്ന് ശേഖരിച്ചത്