പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന മാനസികമോ ശാരീരികമോ ആയ പ്രവൃത്തിയാണ്‌ അകർമം എന്ന് പറയുന്നത്. സദ്കർമ്മങ്ങൾ സുഖവും ദുഷ്കർമ്മങ്ങൾ ദുഃഖവും നൽകുന്നു. ഹിന്ദുമതവിശ്വാസപ്രകാരം വ്യക്തി കർമ്മഫലം അനുഭവിക്കാൻ പുനർജനിക്കുകയും വീണ്ടും കർമ്മം ചെയ്യുകയും ചെയ്യുന്നു. ഇത് കർമ്മബന്ധത്തിന്റെ ചാക്രികതയിൽനിന്ന് ആത്മാവിനെ മുക്തമാക്കുന്നില്ല. യാതൊരു കർമ്മമാണോ കർമ്മത്തിന്റെ നൈരന്തര്യത്തെ ഇല്ലാതാക്കുന്നത്, ആ കർമ്മമാണ് അകർമ്മം. അകർമ്മം സുഖദുഃഖങ്ങൾ നൽകുന്നില്ല. കാരണം, സുഖദുഃഖകാരണമായ ആഗ്രഹം അവിടെ ഇല്ല. അകർമ്മം ഏറ്റവും സാത്വികമാണ്[1].

ഭഗവദ്‌ഗീതയിൽ തിരുത്തുക

ഗീതയിലെ നാലാമധ്യായമായ ജ്ഞാനയോഗത്തിലാണ് അകർമത്തെപ്പറ്റി ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്.

എന്താണ് കർമ്മം, എന്താണ് അകർമ്മം എന്ന കാര്യത്തിൽ പണ്ഡിതർപോലും ഭ്രമിച്ചവരാണ്. യാതൊന്നറിഞ്ഞാൽ അശുഭങ്ങളിൽനിന്ന് മുക്തി ലഭിക്കുമോ ആ കർമ്മമെന്താണെന്ന് ഞാൻ പറയാം.

കർമം, വികർമം, അകർമം എന്നിവയെപ്പറ്റി അറിഞ്ഞിരിക്കുക ആവശ്യമാണെന്നും കർമത്തിന്റെ രഹസ്യം അത്യന്ത സൂക്ഷ്മമാണെന്നും ശ്രീകൃഷ്ണൻ അർജുനനോടു പറയുന്നു. അകർമം എന്നതുകൊണ്ട് കർമം ചെയ്യാതിരിക്കൽ എന്നല്ല ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. ഒരുനിമിഷം പോലും ആരും കർമം ചെയ്യാതെ ഇരിക്കുന്നില്ല. (ന ഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകർമ്മകൃത് കാര്യതേ ഹ്യവശാഃ കർമ്മാ സർവഃ പ്രകൃതിജൈർ ഗുണൈഃ -ഗീ. 3.5 -ഇവിടെ അകർമ്മപദം കർമ്മം ചെയ്യാത്ത അവസ്ഥയെ കുറിക്കാൻ.). എന്നാൽ കർമം അനുഷ്ഠിക്കുമ്പോൾ ആത്മാവു കർമം ചെയ്യുന്നില്ലെന്നു ഭാവനം ചെയ്യുവാൻ ജ്ഞാനികൾക്കു കഴിയും. ജ്ഞാനിയായ ഒരാളുടെ നിസ്സംഗമായ കർമത്തെയാണ് അകർമമായി ഇവിടെ വിവക്ഷിച്ചിട്ടുള്ളത്.

അഹന്തയാണ് കർമ്മത്തിന്റെ ഉറവിടം. ആത്മജ്ഞാനിയുടെ കർമ്മം കണ്ണാടിയിലെ പ്രതിബിംബം പോലെയാണ്; അതിൽ പ്രതിഫലിക്കുന്ന ബിംബങ്ങൾ കണ്ണാടിയെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല. രണ്ടിടത്തും അഹന്ത നിലനിൽക്കുന്നില്ല. അകർമ്മകൃത്ത് താൻ ചെയ്യുന്ന കർമ്മങ്ങളുടെ സാക്ഷി മാത്രമാണ്. “ആരാണോ കർമ്മത്തിൽ അകർമ്മവും അകർമ്മത്തിൽ കർമ്മവും കാണുന്നത്, അദ്ദേഹമാണ് ബുദ്ധിമാൻ; അദ്ദേഹമാണ് സർവകർമ്മകൃത്തുക്കളിലും യുക്തൻ." (4-18) എന്ന് ഗീതയിൽ പറയുന്നു.

ഗീതയിൽത്തന്നെ

"കർമം ചെയ്യുന്നതിനു മാത്രമേ നിനക്ക് അധികാരമുള്ളു. ഒരിക്കലും നീ ഫലത്തെ ഉദ്ദേശിക്കരുത്. കർമഫലത്തെ, അതായതു വീണ്ടും വീണ്ടുമുള്ള ജന്മത്തെ നീ ഉണ്ടാക്കരുത്. അകർമത്തിൽ നിനക്കു സംഗമരുത് എന്നു ശ്രീകൃഷ്ണൻ മറ്റൊരിടത്ത് അർജുനനോടു പറയുന്നു. അകർമം എന്നതിന് കർമം ചെയ്യാതിരിക്കൽ എന്ന അർത്ഥമാണ് ഇവിടെ സ്വീകരിക്കുന്നത്. കർമം ചെയ്യാതിരിക്കുന്നത് ഒരിക്കലും ആശാസ്യമല്ല എന്നതാണ് അ താത്പര്യം. കർമം ചെയ്യണമെന്നുതന്നെ ഗീതാകാരൻ അനുശാസിക്കുന്നു. ആത്മജ്ഞാനി കർമം ചെയ്യുന്നതു ഫലാപേക്ഷകൊണ്ടല്ല, ലോകോന്നതിക്കുവേണ്ടിയാകയാൽ ആ നിലയിലെത്തിയവനും കർമം എപ്പോഴും ചെയ്തുകൊണ്ടേയിരിക്കുന്നു.

ആത്മജ്ഞാനിയുടെയും ലൌകികന്റെയും നിലയിൽ നിന്ന് അകർമത്തിന് ഇപ്രകാരം രണ്ടു വ്യാഖ്യാനമുണ്ടെങ്കിലും വിശാലമായ അർത്ഥത്തിൽ അവയ്ക്കു വൈരുദ്ധ്യമില്ലെന്നു കാണാം. ഇവിടെ അകർമ്മം കൊണ്ട് കർമ്മത്തിൽനിന്നുള്ള ആത്യന്തികമോചനം - മോക്ഷം - എന്നാണ് അർത്ഥമാക്കേണ്ടതെന്നും, മോക്ഷത്തിൽ സംഗമുണ്ടാകുന്നതും മോക്ഷത്തിൽനിന്ന് തടയുന്നുവെന്നും വിനോബാ പറയുന്നു.

മറ്റിടങ്ങളിൽ തിരുത്തുക

അകർമം എന്നതിന് അപ്രശസ്തകർമം, അകരണീയകർമം, കർമ്മം ചെയ്യാതിരിക്കൽ - എന്നിങ്ങനെയെല്ലാം കോശങ്ങളിൽ അർത്ഥം നിർദ്ദേശിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. Chinmayananda. The Holy Geeta. p. 290. {{cite book}}: Cite has empty unknown parameter: |chapterurl= (help)[പ്രവർത്തിക്കാത്ത കണ്ണി]
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകർമം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകർമം&oldid=3771033" എന്ന താളിൽനിന്ന് ശേഖരിച്ചത്