അക്വാഡക്റ്റ്

(അക്വിഡക്റ്റുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെള്ളം ഒഴുക്കിക്കൊണ്ടുപോകാൻ നിർമ്മിക്കുന്ന ചാലുകളും കുഴലുകളും. ജലസേചനത്തിനും വൻനഗരങ്ങളിലെ ഗാർഹികോപയോഗങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും വെള്ളം ആവശ്യമാണ്; പക്ഷേ അത് വേണ്ടസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നില്ല. മിക്കപ്പോഴും അത് അകലെയുള്ള നദികളിൽനിന്നോ മറ്റു ജലാശയങ്ങളിൽനിന്നോ കൊണ്ടുവരേണ്ടതായിവരാം.

മാത്തൂർ അക്വിഡക്റ്റ്, ഇന്ത്യ

നദീതടങ്ങളിൽ അണക്കെട്ടുകൾ പണിഞ്ഞ് ജലസംഭരണം നടത്തിയാണ് പലപ്പോഴും ഈ ആവശ്യം നിർവഹിക്കുന്നത്. ഇവിടെനിന്നെല്ലാം ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് വെള്ളംകൊണ്ടുപോകുന്നത് ഇരുമ്പോ കല്ക്കെട്ടോകൊണ്ടുള്ള കുഴലുകൾ, ചാലുകൾ, തുരങ്കങ്ങൾ എന്നിവയിലൂടെയാണ്. ഈ ജലവാഹിമാർഗങ്ങൾ നിമ്നോന്നതങ്ങളായ ഭൂതലത്തിലൂടെവേണം കടന്നുപോകുവാൻ. മലകൾ, മലയിടുക്കുകൾ, നദികൾ മുതലായവ മാർഗ്ഗമധ്യത്തിൽ ഉണ്ടായേക്കാം; അതുകൊണ്ട് ഉയർന്ന നിരപ്പിൽക്കൂടി വേണം വെള്ളം നിർദിഷ്ട സ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ. സ്വാഭാവികമായി ജലം ഒഴുകിപ്പോകാവുന്നതരത്തിൽ ജലനിർഗമന മാർഗങ്ങൾ ഉണ്ടാക്കുകയാണ് നല്ലത്. പലപ്പോഴും അതിന് കഴിയാതെവരും. ചിലപ്പോൾ അടച്ചുറപ്പാക്കിയ തുരങ്കങ്ങളിൽക്കൂടിയും വെള്ളം കൊണ്ടുപോകേണ്ട ആവശ്യമുണ്ടാകാം. മലയിടുക്കുകളോ നദികളോ കടന്ന് അവയുടെ മുകളിൽക്കൂടിയും ജലംകൊണ്ടുപോകേണ്ടതായിവരാം. ഇത്തരം അവസരങ്ങളിൽ അതിനുവേണ്ടി പ്രത്യേകം ചാലുകൾ ഒരു പാലംപോലെ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇങ്ങനെ സ്വാഭാവികമായി ഒഴുകുന്ന ജലമാർഗങ്ങളെ തുരങ്കങ്ങളിലോ പാലങ്ങളിലോ കുഴലുകളിലോ കൂടി കൃത്രിമമായി കടത്തിവിടുന്നതിനുള്ള സജ്ജീകരണങ്ങളെയാണ് സാധാരണയായി അക്വാഡക്റ്റ് അഥവാ നീർപ്പാലം എന്നു പറയുന്നത്.

ഇന്ത്യയിലെ ഹമ്പിയിലെ ഒരു പുരാതന അക്വഡക്റ്റ്

ജലസേചന ശാസ്ത്രത്തിൽ ഈ പദം ചില പരിമിതികളോടുകൂടിയേ ഉപയോഗിക്കാറുള്ളൂ. നദിക്കോ മലയിടുക്കിനോ മറ്റു താഴ്ന്ന നിരപ്പുകൾക്കോ വിലങ്ങനെ അവയ്ക്കു മുകളിൽക്കൂടി ജലം ഒഴുക്കിക്കൊണ്ടുപോകുന്ന പാലംപോലെയുള്ള തുറന്ന ചാലുകൾ, പ്രഷർ പൈപ്പുകൾ മുതലായവയെ ആണ് സാങ്കേതികാർഥത്തിൽ അക്വിഡക്റ്റ് എന്നു പറയുന്നത്. വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് സമീപസ്ഥമായ ബ്രഹ്മഗിരി കുന്നുകളിൽ നിന്നും ശുദ്ധജലം കൊണ്ടുവരുന്നതിനായി കരിങ്കൽ തൂണുകളിൽ ഉറപ്പിച്ച കരിങ്കൽ പാത്തികൾ ചേർത്തു വച്ചിട്ടുള്ള സംവിധാനം അക്വിഡക്റ്റുകളുടെ ആദിമരൂപമായി കണക്കാക്കാവുന്നതാണ്. കന്യാകുമാരി ജില്ലയിലുള്ള പേച്ചിപ്പാറ അണക്കെട്ടിൽ നിന്നും പുറപ്പെടുന്ന ഇടതുകരച്ചാൽ മെയിൻ സെൻട്രൽ റോഡ് കടന്നുപോകുന്നത് വില്ലിക്കുറി എന്ന സ്ഥലത്താണ്. ഇവിടെ ചാൽ എത്തുന്നത് റോഡ് നിരപ്പിൽനിന്ന് അഞ്ചാറു മീറ്റർ ഉയരത്തിലാണ്. അത്രയും ഉയരത്തിൽ റോഡിനു വിലങ്ങനെ ദീർഘവൃത്ത രൂപത്തിലുള്ള ഒരു ആർച്ചുകെട്ടി അതിന് മുകളിൽക്കൂടി ചാൽ കടത്തിവിടുകയാണ് ചെയ്തിട്ടുള്ളത്. ഇതാണ് പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ ആദ്യകാല അക്വിഡക്റ്റുകളിലൊന്ന്. പിന്നീട് കേരളത്തിൽ നടപ്പാക്കിയിട്ടുള്ള പല ജലസേചനപദ്ധതികളിലും പലയിടങ്ങളിലും ഇതിനേക്കാൾ വലിയ അക്വിഡക്റ്റുകൾ പണിതിട്ടുണ്ട്. പീച്ചി അണക്കെട്ടിൽനിന്നുള്ള വലതുകരച്ചാല്, തൃശൂർ പാലക്കാട് റോഡ് കടന്നുപോകുന്നിടത്ത് പട്ടിക്കാടിന് കുറച്ചു കിഴക്കായി സാമാന്യം ഉയരവും നീളവുമുള്ള ഒരു അക്വിഡക്റ്റ് ഉണ്ട്. ആ അക്വിഡക്റ്റിന്റെ ഒരു വശത്തുകൂടി ഒരു നടപ്പാതയും നിർമിച്ചിരിക്കുന്നു.

ചരിത്രം

തിരുത്തുക
 
സെഗോവിയിലെ അക്വിഡക്റ്റ്

ചരിത്രാതീതകാലം മുതൽ ജലനിർഗമനമാർഗങ്ങൾ ഉണ്ടാക്കിയിരുന്നു. അക്കൂട്ടത്തിൽ അത്യാവശ്യമായി വന്ന അക്വിഡക്റ്റുകളും ധിഷണാശാലികളായ മനുഷ്യർ നിർമിച്ചു. സെന്നഖെറീസ് എന്ന അസീറിയൻ രാജാവ് തന്റെ രാജധാനിയായ നിനവേയിലേക്ക് വെള്ളംകൊണ്ടുവരുന്നതിന് ബി.സി. 704-ൽ തറനിരപ്പിൽനിന്നുയർന്ന ഒരു ചാനൽ അക്വിഡക്റ്റ് നിർമ്മിക്കുകയുണ്ടായി. ഇതിന് 280 മീറ്റർ നീളവും 16 മീറ്റർ വീതിയും 1.7 മീറ്റർ ആഴവും ഉണ്ടായിരുന്നു. ഉദ്ദേശം 2.5 മീറ്റർ അകലത്തിൽ തൂണുകളും അവയെ ബന്ധിക്കുന്ന കരിങ്കല്ലുകൊണ്ടുള്ള ആർച്ചുകളും കെട്ടി അതിനുമീതെയാണ് ഈ ജലമാർഗ്ഗത്തെ താങ്ങിനിർത്തിയത്. ബി.സി. 312-ൽ റോമാക്കാർ തുരങ്കമാർഗങ്ങളിൽക്കൂടിയും ബി.സി. 144-ൽ ഉയർന്ന നിലകളിൽ അക്വിഡക്റ്റു കെട്ടിച്ചും നഗരത്തിനുള്ളിൽ വെള്ളം എത്തിച്ചിരുന്നു. എ.ഡി.53നും 117നും ഇടയ്ക്ക് സ്പെയിനിലെ സെഗോവിയ(segovia)യിൽ ട്രാജൻ പണികഴിപ്പിച്ച അക്വിഡക്റ്റ്, 823 മീറ്റർ നീളമുള്ള ഇത് ഇപ്പോഴും പ്രവർത്തനയോഗ്യമായി നിലനില്ക്കുന്നു

പ്രാചീന റോമിൽ ഉണ്ടായിരുന്ന പതിനൊന്ന് അക്വിഡക്റ്റുകളിൽ നാലെണ്ണം ഇന്നും നിലനില്ക്കുന്നു. ഉയരംകൂടിയ താങ്ങുകൾ കടന്നുപോകേണ്ട അക്വിഡക്റ്റുകൾ, ഒന്നോ രണ്ടോ മൂന്നോ നില ആർച്ചുകൾ ഉപയോഗിച്ച് ബലപ്പെടുത്തിയ ഉയർന്ന തൂണുകളിലാണ് സ്ഥാപിച്ചിരുന്നത്. മാഴ്സയിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന് ഫ്രഞ്ചുകാർ എയ്ക്സിന് സമീപം 396 മീ. നീളമുള്ള ഒരു അക്വിഡക്റ്റ് തറനിരപ്പിൽനിന്നും 82 മീ. ഉയരത്തിൽ പണി തീർത്തു (1847).

 
പോർച്ചുഗലിലെ ഒരു അക്വിഡക്റ്റ്

മൂന്നു നിലയിലുള്ള ആർച്ചുകൾ വഴിയാണ് 82 മീ. ഉയരത്തിലുള്ള തൂണുകൾ അവർ പരസ്പരം ഘടിപ്പിച്ച് പണിപൂർത്തിയാക്കിയത്. 15 മീ. മുതൽ 24 മീ. വരെ അകലത്തിൽ തൂണുകൾ ഉയർത്തി, 15 ആർച്ചുകൾകൊണ്ട് അവയെ കൂട്ടിച്ചേർത്ത്, ഹാർലം നദിയുടെ ജലനിരപ്പിന് 35 മീ. മുകളിൽക്കൂടി ഒരു അക്വിഡക്റ്റ് നിർമ്മിക്കുകയുണ്ടായി. ഇതിലൂടെയാണ് ന്യൂയോർക്ക് നഗരത്തിലേക്ക് വേണ്ട വെള്ളം ആദ്യകാലത്തു കൊണ്ടുവന്നത്. എ.ഡി. 1927-ൽ ഇതിൽ കുറെ ആർച്ചുകൾ പൊളിച്ചുമാറ്റി സ്റ്റീൽ ഗേർഡേഴ്സ് ഉപയോഗിച്ച് 130 മീ. വരെ സ്പാൻ വർദ്ധിപ്പിച്ച് ഈ അക്വിഡക്റ്റ് പുതുക്കിപ്പണിതു.

ദക്ഷിണേന്ത്യയിൽ പല വലിയ അക്വിഡക്റ്റുകളുമുണ്ട്. ധവളേശ്വരം അണക്കെട്ടിനു താഴെ ഗോദാവരി നദി വൈനതേയ, വസിഷ്ഠ എന്ന രണ്ട് ശാഖകളായി പിരിയുന്നു. അണക്കെട്ടിൽ നിന്ന് ജലസേചനാർഥം നിർമിച്ചിട്ടുള്ള ഒരു ചാലുണ്ട്. ഗണ്ണാവരം എന്ന സ്ഥലത്തുവച്ച് വൈനതേയശാഖയുടെ മുകളിൽക്കൂടി ഈ ചാൽ നഗരത്തിലേക്കു കടക്കുന്നത് ഒരു കി.മീ. ഓളം ദൈർഘ്യമുള്ള ഒരു അക്വിഡക്റ്റ് വഴിയാണ്. 14 മീ. വീതം അകലത്തിൽ 50 തൂണുകൾ കെട്ടി അവയെ പരസ്പരം ആർച്ചുകൾകൊണ്ട് യോജിപ്പിച്ചിരിക്കുന്നു; അതിനുമുകളിൽക്കൂടി ഈ ചാൽ ഒഴുകുന്നു. 9 മീ. വീതിയും 2.5 മീ. ആഴവും ഉള്ള ഈ അക്വിഡക്റ്റിലെ ചാൽ ഗതാഗതയോഗ്യമാണ്. അതിവർഷം ഉണ്ടാകുമ്പോൾ ഈ അക്വിഡക്റ്റു മുഴുവൻ ഗോദാവരിയിലെ പ്രളയത്തിൽ മുങ്ങിപ്പോകാറുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വാഡക്റ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്വാഡക്റ്റ്&oldid=3622519" എന്ന താളിൽനിന്ന് ശേഖരിച്ചത്