അക്കൽദാമ
ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു ശ്മശാനമാണ് അക്കൽദാമ (ഇംഗ്ലീഷ്: Akeldama). ജറുസലേമിലാണ് അക്കൽദാമ സ്ഥിതിചെയ്യുന്നത്. അരമായ ഭാഷയിൽ അക്കൽദാമ എന്ന പദത്തിന്റെ അർത്ഥം 'രക്തനിലം' എന്നാണ്. (അപ്പൊ. പ്ര. 1.19) ഈ ശ്മശാനം മുമ്പ് 'കുശവന്റെ നിലം' എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
ചുവന്ന നിറമുള്ള കളിമണ്ണാണ് ഈ പ്രദേശത്തുള്ളത്. യേശുവിനെ ഒറ്റുകൊടുത്തതിന് തനിക്കു കിട്ടിയ മുപ്പതു വെള്ളിക്കാശ് പശ്ചാത്താപഭരിതനായ യൂദാഇസ്കരിയാത്ത യെറുശലേം ദേവാലയത്തിൽ എറിഞ്ഞിട്ടുപോയി ആത്മഹത്യ ചെയ്തു. ഈ പണം ദേവാലയഭണ്ഡാഗാരത്തിൽ ഇടുന്നതു വിഹിതമല്ലെന്ന് മതമേധാവികൾ വിധിക്കുകയും ആ പണംകൊണ്ട് 'പരദേശി'കൾക്കുവേണ്ടി ഒരു ശ്മശാനം വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു.അങ്ങനെ കുശവന്റെ നിലം വാങ്ങി. രക്തത്തിന്റെ വില കൊടുത്തു വാങ്ങിയതിനാൽ ഈ നിലത്തിന് 'അക്കൽദാമ' എന്നു പേരു ലഭിച്ചു (മത്തായി 27:3-10)[൧]. പഴയ നിയമത്തിൽ "ഹിന്നോം താഴ്വരയിലെ കുശവന്റെ വീട് (യിരമ്യാ. 18.2) എന്ന പരാമർശം ഇതിനെപ്പറ്റിയാണെന്ന് കരുതപ്പെടുന്നു[൨]. ഇത് താഴ്വരയുടെ തെക്ക് ഭാഗത്താണെന്ന് യിരമ്യാവ് പറയുന്നു. വ്യത്യസ്താഭിപ്രായമുണ്ടെങ്കിലും ഇന്ന് അംഗീകാരം സിദ്ധിച്ചിട്ടുള്ളത് യിരമ്യാവിന്റെ ആശയത്തിനുതന്നെയാണ്. കളിമണ്ണുള്ള ഈ സ്ഥലം വളരെക്കാലമായി ശ്മശാനമായി ഉപയോഗിച്ചുവരുന്നു
കുറിപ്പുകൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്കൽദാമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |