ആദിമമലയൻ ഗോത്രത്തിൽപ്പെട്ട ഒരു സുമാത്ര ജനത. ഇവർ മംഗളോയ്ഡ് (തെക്കൻ) ഗോത്രത്തിൽപെട്ടവരാണ്. വിദേശവ്യാപാരങ്ങളുടെയും അടിമത്തവ്യവസ്ഥിതികളുടെയും ഫലമായി പിൽക്കാലത്ത് അക്കിനേസ് ഒരു സങ്കരവർഗമായിത്തീർന്നു. സുമാത്രയിൽ ഇന്ത്യൻ സ്വാധീനത്തിനടിപ്പെട്ട ആദ്യത്തെ ജനത, വടക്കുപടിഞ്ഞാറൻ പ്രദേശത്തെ അക്കിനേസ് വർഗക്കാരാണ്. എ.ഡി. 500-നു മുൻപുതന്നെ ഇവർ ഇന്ത്യൻ രാജാക്കന്മാരുടെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു. അതിന്റെ ഫലമായി പ്രഭുക്കന്മാർ, ഇടത്തരക്കാർ, അടിമകൾ എന്നിങ്ങനെ ചേരിതിരിക്കപ്പെട്ട ഒരു സമൂഹം ഉരുത്തിരിയുകയും ആ സ്ഥിതി തുടരുകയും ചെയ്തു. പില്ക്കാലത്ത് ഇവർ ഇസ്ലാംമതം സ്വീകരിക്കുകയും എ.ഡി. 1520 ആയപ്പോൾ അവരുടെ വക ഒരു സ്വതന്ത്ര സൽത്തനത്ത് (സുൽത്താൻ കോയ്മ) സ്ഥാപിതമാവുകയും ചെയ്തു. ഇക്കൂട്ടർ പോർട്ടുഗീസുകാരുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് അവരുമായി യുദ്ധം നടത്തുകയും 1641-ൽ സുമാത്രയിൽ നിന്നും അവരെ തുരത്തുകയും ചെയ്തു. ഇതിനുശേഷമുള്ള നൂറു വർഷക്കാലം അക്കിനേസ് വർഗം വടക്കൻ സുമാത്രയിലെ ഏറ്റവും ശക്തമായ ജനതയായിരുന്നു. ഡച്ചുകാരുടെ ശക്തി അക്കിനേസ് വർഗക്കാരുടെ സ്വാധീനത വളരെ കുറച്ചുകളഞ്ഞു. ഈ പ്രദേശം സ്വന്തം ആധിപത്യത്തിലാക്കാൻ ഹോളണ്ട് ശ്രമിച്ചു. 1873-ൽ അക്കിനേസ് യുദ്ധമുണ്ടായി. ഏകദേശം 40 വർഷത്തോളം ഈ യുദ്ധം നീണ്ടുനിന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുണ്ടായ ഈ യുദ്ധത്തെ ആധാരമാക്കി അനേകം അക്കിൻ കവിതകൾ വിരചിതമായിട്ടുണ്ട്. അക്കൂട്ടത്തിൽ ഡൊക്കാറിന്റെ കവിതകൾ വളരെ പ്രാധാന്യമർഹിക്കുന്നു.[5]

അക്കിനേസ്
Regions with significant populations
Indonesia: > 3.5 million

Malaysia: 80,000-120,000[1]
Scandinavia: > 400[2][3]

United States: > 200[4]
Languages
Acehnese
Religion
Islam
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Chamic, Malays, Gayo, Mante

വാസസ്ഥലം

തിരുത്തുക

ഗ്രാമീണമാതൃകയിലുള്ള ഗൃഹങ്ങളാണ് ഇവർ നിർമിച്ചിരുന്നത്. വെള്ളക്കാരുടെ സ്വാധീനതാഫലമായി പൊതുസ്ഥാപനങ്ങളും ധനികവർഗക്കാരുടെ കെട്ടിടങ്ങളും വളരെ പരിഷ്കരിക്കപ്പെട്ടു. മുള, തടി എന്നിവകൊണ്ട് നിർമിച്ച വീടുകളാണ് സാധാരണയായുള്ളത്. അതിഥികൾക്കും കുടുംബത്തിനും സമ്മേളിക്കാൻ ഒരു മുറിയും അതിനു പുറകിലായി ഒരു കിടപ്പുമുറിയും ഏറ്റവും പുറകിലായി ഒരു അടുക്കളയും ചേർന്ന വീടുകളാണ് സാധാരണയുള്ളത്. ഉയരമുള്ള തൂണുകൾ നാട്ടി അവയ്ക്കു മുകളിലാണ് വീടുകൾ പണിഞ്ഞിരുന്നത്.[6]

സ്ത്രീകൾക്ക് ഉന്നതമായ പദവി നൽകുന്ന ഒരു ജനതയാണ് അക്കിനേസ്. സ്ത്രീകൾ ധാരാളം ആഭരണങ്ങൾ ധരിക്കുന്നു; മൂടുപടം ധരിക്കാറില്ല. അക്കിനേസ് വർഗക്കാർ മലയോപോളിനേഷ്യൻ ഭാഷകളാണ് സംസാരിക്കുന്നത്.[7]

  1. Making Noise: The Politics of Aceh and East Timor in the Diaspora page 87
  2. Making Noise: The Politics of Aceh and East Timor in the Diaspora
  3. Making Noise: The Politics of Aceh and East Timor in the Diaspora
  4. Acehnese in New York
  5. http://georgetownstreet.blogspot.com/2010/01/acehnese-people.html Acehnese people
  6. http://www.philippines-bohol.info/Acehnese_people[പ്രവർത്തിക്കാത്ത കണ്ണി] Acehnese people
  7. http://www.britannica.com/EBchecked/topic/3614/Acehnese Acehnese

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കിനേസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കിനേസ്&oldid=3622498" എന്ന താളിൽനിന്ന് ശേഖരിച്ചത്