എപ്പിസ്കോപ്പൽ സഭകളിലെ മേൽപട്ടക്കാർ ഉപയോഗിച്ചുവരുന്ന ഒരു അധികാര ചിഹ്നമാണ് അംശവടി (ഇംഗ്ലീഷ്: Crosier).

പാശ്ചാത്യ-പൗരസ്ത്യ ശൈലികളിലുള്ള അംശവടികൾ
പാശ്ചാത്യ ശൈലിയിലുള്ള ഒരിനം അംശവടി
പൗരസ്ത്യ ശൈലിയിൽ സർപ്പപ്പത്തികളോടു കൂടിയ അംശവടി
പൗരസ്ത്യ ശൈലിയിൽ T ആകൃതിയിലുള്ള അംശവടി

പശ്ചാത്തലം

തിരുത്തുക
 
ബ്രസീലിലെ ആംഗ്ലിക്കൻ എപ്പിസ്കോപ്പൽ സഭയുടെ തലവൻ ഒരു മെത്രാന് അംശവടി നൽകുന്നു.

ഇടയന്റെ അടയാളമാണ് വടി. തന്റെ ആടുകളെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുവാനും കൂട്ടം തെറ്റുന്ന ആടുകളെ ചേർത്തുകൊണ്ട് പോകുവാനും ഇടയൻ വടി ഉപയോഗിക്കുന്നത് പോലെ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൻമേലുള്ള അധികാരത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പ്രതീകം എന്ന നിലയിലാണ് മെത്രാന്മാർ തുടങ്ങിയുള്ള ഉയർന്ന വൈദിക സ്ഥാനികർക്ക് അംശവടി നൽകപ്പെട്ടിരിക്കുന്നത്. മെത്രാന്മാർക്ക് പുറമേ സന്ന്യാസാശ്രമ അധിപന്മാരായ വൈദികർക്കും[1] അംശവടി നൽകപ്പെടുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. ഒന്നിലധികം മെത്രാന്മാർ സന്നിഹിതരായിരിക്കുമ്പോൾ മുതിർന്ന മെത്രാൻ മാത്രമാണ് അംശവടി ഉപയോഗിക്കുന്നത്. സഭാതലവൻ ഉള്ളപ്പോൾ അദ്ദേഹം മാത്രമാണ് അംശവടി ഉപയോഗിക്കുക. പുതിയതായി മെത്രാന്മാരെ വാഴിക്കുന്ന ചടങ്ങിലെ ഒരു പ്രധാന കർമ്മമാണ് നവാഭിഷിക്തനായ മെത്രാന് അംശവടി നൽകുന്നത്.

പാശ്ചാത്യ-പൗരസ്ത്യ ശൈലികളിലുള്ള അംശവടികൾ പിടിച്ചിരിക്കുന്ന മെത്രാന്മാർ
കത്തോലിക്കാ സഭയുടെ കോപ്പൻഹേഗൻ രൂപതയുടെ ബിഷപ്പ്
ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ ഒരു ആർച്ച്ബിഷപ്പ്

വിവിധ രീതികളിലുള്ള അംശവടികൾ

തിരുത്തുക

മരമോ ലോഹങ്ങളോ കൊണ്ട് നിർമ്മിച്ചവയാണ് അംശവടികൾ. എന്നാൽ എല്ലാ സഭകളിലും ഉപയോഗിച്ചുവരുന്ന അംശവടികളുടെ ആകൃതി ഒരുപോലെയല്ല. പാശ്ചാത്യ ക്രൈസ്തവ സഭകളിൽ ഇടയന്മാരുടെ വടിക്ക് സമാനമായ രൂപത്തിലുള്ള അംശവടികളാണുള്ളത്. എന്നാൽ പൗരസ്ത്യ ക്രൈസ്തവ സഭകളിൽ വിവിധ രീതികളിലുള്ള അംശവടികളുണ്ട്. ഇവയിൽ ഏതാണ്ട് "T" ആകൃതിയിലുള്ള അംശവടിയും സർപ്പപ്പത്തികളോട് കൂടിയ അംശവടികളുമാണ് പ്രധാനമായും കണ്ടു വരുന്നത്.

കേരളത്തിൽ അന്ത്യോഖ്യൻ സുറിയാനി പാരമ്പര്യം പിന്തുടരുന്ന യാക്കോബായ, മലങ്കര ഓർത്തഡോക്സ്‌‌, മാർത്തോമ്മാ, മലങ്കര കത്തോലിക്കാ, തൊഴിയൂർ എന്നീ സഭകളിലെ മെത്രാന്മാർ സർപ്പപ്പത്തികളോട് കൂടിയ അംശവടികളാണ് ഉപയോഗിക്കുന്നത്. ഇവയിൽ തന്നെ ഇരട്ടസർപ്പപ്പത്തിയുള്ളതും ഒറ്റസർപ്പപ്പത്തിയുള്ളവയും ഉണ്ട്. ഇരട്ടസർപ്പപ്പത്തിയുള്ള അംശവടികളിൽ പത്തികൾക്ക് മധ്യേ ഒരു കുരിശുണ്ടായിരിക്കും. മരുഭൂമിയിൽ വെച്ച് ഇസ്രയേൽ ജനം ദൈവത്തിനും മോശയ്ക്കും എതിരായി തിരിഞ്ഞപ്പോൾ അഗ്നിസർപ്പങ്ങൾ വന്ന് ജനങ്ങളെ കൊന്നതായും ശേഷിച്ചവർ അനുതപിച്ച് അപേക്ഷിച്ചപ്പോൾ ദൈവകൽപ്പന പ്രകാരം മോശ ഒരു പിച്ചള സർപ്പത്തെ സൃഷ്ടിച്ച് കൊടിമരത്തിൽ തൂക്കിയതായും അതിനു ശേഷം കടിയേറ്റവർ പിച്ചള സർപ്പത്തെ നോക്കിയപ്പോൾ രക്ഷപെട്ടതായും ബൈബിൾ പഴയനിയമത്തിലെ സംഖ്യാപുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.[2] ഇതിൽ നിന്നും ഉടലെടുത്തതാണ് സർപ്പപ്പത്തിയോടു കൂടിയ അംശവടി എന്ന ആശയം.[3]

ചിത്രസഞ്ചയം

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. https://www.merriam-webster.com/dictionary/crosier
  2. സംഖ്യാപുസ്തകം 21: 8-9
  3. ബാബുരാജ്, കോട്ടയം (2010). ക്രൈസ്തവ സഭാ വിജ്ഞാനകോശം. ജിജോ പബ്ലിക്കേഷൻസ്. p. 310.
"https://ml.wikipedia.org/w/index.php?title=അംശവടി&oldid=3750063" എന്ന താളിൽനിന്ന് ശേഖരിച്ചത്