അംഗാരിയവകാശം
സമാധാനകാലത്തോ യുദ്ധകാലത്തോ ഒരു രാജ്യത്തിന് അതിന്റെ അധികാരാതിർത്തിയിൽ സ്ഥിതിചെയ്യുന്ന മറ്റൊരു രാജ്യത്തിന്റെ കപ്പലുകളോ ചരക്കുകളോ മതിയായ നഷ്ടപരിഹാരം നല്കി പിടിച്ചെടുക്കുന്നതിനുളള അവകാശത്തെ അംഗാരിയവകാശം എന്നു വിളിക്കുന്നു. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഒരു ഭാഗമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഗതാഗതത്തിന് ഉപയുക്തമായ വസ്തുക്കൾ പിടിച്ചെടുക്കുവാൻ പ്രാചീന പേർഷ്യൻ ഭരണാധികാരികൾ അയച്ചു വന്ന ദൂതൻ എന്ന് അർത്ഥം വരുന്ന ഒരു പേർഷ്യൻ വാക്കിൽ നിന്നാണ് അംഗാരി എന്ന പദത്തിന്റെ ഉദ്ഭവം. എ.ഡി. 3-ം ശതകത്തിൽ ഈ അവകാശം ഗ്രീസിലും പിന്നീട് റോമിലും പ്രയോഗത്തിൽ വന്നു. കുതിരകളും ചരക്കുവണ്ടികളും പിടിച്ചെടുക്കുക എന്നതിൽ കവിഞ്ഞ്, കാലക്രമത്തിൽ ഈ അവകാശം നിഷ്പക്ഷരാജ്യങ്ങളുടെ കപ്പലുകൾ പട്ടാളക്കാരെ കൊണ്ടുപോകുന്നതിനുവേണ്ടി പിടിച്ചെടുക്കുന്നതിനും ഉപയോഗിക്കപ്പെട്ടുതുടങ്ങി. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ പരക്കെ സൈനികവും സൈനികേതരവുമായ ആവശ്യങ്ങൾക്കുവേണ്ടി രാജാക്കൻമാർ ഈ അവകാശം ഉയർത്തിപ്പിടിച്ചു. 17-ം ശതകത്തിലാണ് അംഗാരിയവകാശത്തിന് അന്താരാഷ്ട്രനിയമപ്രാബല്യം ലഭിച്ചത്. 18-ം ശതകത്തിൽ ഈ രീതിയിൽ കപ്പലുകൾ പിടിച്ചെടുക്കുക എന്നത് കൂടുതൽ സാധാരണമായി. 19-ം ശതകത്തിൽ അപൂർവമായേ പ്രയോഗിക്കപ്പെട്ടിരുന്നുള്ളു എങ്കിലും പല രാജ്യാന്തരകരാറുകളിലും ഈ അവകാശം അംഗീകരിക്കപ്പെട്ടിരുന്നു.
ഒന്നാം ലോകയുദ്ധകാലത്ത് ഈ അവകാശം പലപ്പോഴും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 1915-ൽ നിഷ്പക്ഷയായിരുന്ന ഇറ്റലി സ്വന്തം തുറമുഖങ്ങളിലുണ്ടായിരുന്ന 34 ജർമൻ കച്ചവടക്കപ്പലുകൾ ഈ രീതിയിൽ പിടിച്ചെടുത്തു. ജർമനി ഇതിൽ പ്രതിഷേധം രേഖപ്പെടുത്തിയില്ല. എങ്കിലും 1916-ൽ പോർത്തുഗൽ ഇതേ രീതിയിൽ 72 ജർമൻ കപ്പലുകൾ പിടിച്ചെടുത്തപ്പോൾ, ജർമനി പോർത്തുഗലിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തത്. 1917-ൽ ബ്രസീൽ ജർമനിയുടെ 42 കപ്പലുകൾ കൈവശമാക്കി. ബ്രിട്ടനും യു.എസ്സും 10 ലക്ഷം ടൺ കേവുഭാരംവരുന്ന ഡച്ചു കപ്പലുകൾ പിടിച്ചെടുത്തു; അംഗാരി അവകാശം ഉപയോഗിച്ചുകൊണ്ടുതന്നെ. 1918-ൽ തങ്ങളുടെ നിലനില്പിന് അത്യന്താപേക്ഷിതമെന്ന നിലയ്ക്ക് സ്പെയിൻ കുറെ ജർമൻ കപ്പലുകൾ കൈവശപ്പെടുത്തി. അമേരിക്കയിലെ കപ്പൽ നിർമ്മാണശാലകളിൽ ഉണ്ടാക്കിവന്ന നോർവീജിയൻ കപ്പലുകൾ അംഗാരിയവകാശം ഉപയോഗിച്ച് അമേരിക്കയും കൈവശപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായ പ്രയോഗംമൂലം അംഗാരിയവകാശം സ്ഥിരപ്രതിഷ്ഠ നേടിയെന്നു പറയാം. യുദ്ധത്തിൽ കീഴടക്കപ്പെട്ട ഒരു രാജ്യത്തിന്റെ വസ്തുവകകൾ യുദ്ധനിയമങ്ങൾക്കനുസൃതമായി പിടിച്ചെടുക്കുന്നതും അംഗാരിയവകാശമനുസരിച്ച് കൈവശപ്പെടുത്തുന്നതും തമ്മിൽ ബന്ധമില്ല.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അംഗാരിയവകാശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |