സെലോട്ടുകൾ

(Zealots എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒന്നാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്ത് പാലസ്തീനിൽ നിലവിലിരുന്ന ഒരു യഹൂദാ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു സെലോട്ടുകൾ (ഇംഗ്ലീഷ്: Zealots) അഥവാ എരിവുകാർ. 'തീക്ഷണതയുള്ളവൻ', 'എരിവുള്ളവൻ', എന്നൊക്കെ അർത്ഥമുള്ള കനായി എന്ന എബ്രായ പദത്തിന്റെ[1] ഗ്രീക്ക് പരിഭാഷയായ സെലോട്ടസ് എന്ന പദത്തിൽ നിന്നാണ് സെലോട്ടുകൾ എന്ന പേരുണ്ടാവുന്നത്.[2] സ്വരാജ്യ സ്നേഹികളും സ്വാതന്ത്യ മോഹികളുമായിരുന്ന അവർ അതിതീവ്ര നിലപാടുകളുളള വിപ്ലവകാരികളായിരുന്നു. അക്കാലത്ത് പാലസ്തീൻ റോമാസാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു സാമന്ത രാജ്യമായിരുന്നു. റോമൻ സാമ്രാജ്യത്തിനെതിരെ കലാപം നടത്താൻ സെലോട്ടുകൾ യഹൂദാ പ്രവിശ്യയിലെ ജനങ്ങളെ പ്രേരിപ്പിക്കുകയും ആയുധബലത്താൽ റോമാക്കാരെ തങ്ങളുടെ വിശുദ്ധ ഭൂമിയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത യഹൂദാചരിത്രകാരനായ ജോസെഫസിന്റെ യഹൂദാപൗരാണികത എന്ന ഗ്രന്ഥത്തിൽ പരീശന്മാർ, സദൂക്യർ, എസ്സീനുകൾ എന്നീ മൂന്ന് പ്രമുഖ യഹൂദാ വിഭാഗങ്ങൾക്ക് പുറമേ അക്കാലത്തുണ്ടായിരുന്ന 'നാലാമത്തെ വിഭാഗം' ആയി സെലോട്ടുകളെ പരാമർശിക്കുന്നു.

സെലോട്ടുകൾ

קנאים
നേതാവ്
  • ഗലീലക്കാരനായ യൂദാ,
  • മെൻഹേം ബെൻ യൂദാ,
  • ശിമോൻ ബർ ഗിയോറ,
  • എലയാസർ ബെൻ ശിമോൻ,
  • എലയാസർ ബെൻ യായിർ
രൂപീകരിക്കപ്പെട്ടത്എ.ഡി 6
പിരിച്ചുവിട്ടത്എ.ഡി 73
മുഖ്യകാര്യാലയം
പ്രത്യയശാസ്‌ത്രം
  • യഹൂദാ ദേശീയത,
  • യാഥാസ്ഥികത യഹൂദമതം

ചരിത്രപശ്ചാത്തലം

തിരുത്തുക

റോമൻ ജനറലായിരുന്ന പോംപി ബി.സി. 63 -ൽ യെറുശലേമിനെയും പരിസര പ്രദേശങ്ങളെയും അക്രമിച്ച് കീഴ്‌പ്പെടുത്തുകയും ബി.സി. 140 മുതൽ അധികാരത്തിലിരുന്ന ഹാസ്മോണിയൻ രാജവംശത്തെ അധികാരഭ്രഷ്ടരാക്കുകയും ചെയ്തു. ബി.സി 40-ൽ റോമാക്കാർ "മഹാനായ ഹേറോദോസ്" എന്ന് അറിയപ്പെടുന്ന ഹേറോദ് ഒന്നാമനെ യഹൂദയിലെ തങ്ങളുടെ സാമന്തരാജാവായി വാഴിച്ചു. റോമാ ഗവണ്മെന്റിനു നേരേയുള്ള ശത്രുതയും എതിർപ്പും യഹൂദരിൽ അന്തർലീനമായിരുന്നെങ്കിലും ഹേറോദ് ഒന്നാമൻ തന്റെ വ്യക്തി പ്രഭാവം കൊണ്ടും നയചാതുര്യം കൊണ്ടും വളരെക്കാലം അവരെ ഒരു വിധം സമാധാനത്തിൽ ഭരിച്ചു.[3]

രൂപീകരണവും ലക്ഷ്യങ്ങളും

തിരുത്തുക
 
റോമാസാമ്രാജ്യത്തിൻ കീഴിൽ ഹേറോദാ രാജവംശം ഭരിച്ചിരുന്ന പ്രദേശങ്ങൾ.

ബി.സി. 4-ൽ ഹേറോദാ ഒന്നാമൻ അന്തരിച്ചു, തുടർന്ന് രാജ്യം അദ്ദേഹത്തിന്റെ മൂന്ന് മക്കൾക്കുമായി വിഭജിക്കപ്പെട്ടു. അങ്ങനെ അർക്കലയോസ് യഹൂദ്യ, ശമര്യ എന്നീ പ്രദേശങ്ങളുടെയും ഹേറോദ് അന്തിപ്പോസ് ഗലീലിയയുടെയും ഫിലിപ്പോസ് ഇതുര്യ, തൃക്കോണിത്ത എന്നീ വടക്ക്-കിഴക്കൻ പ്രദേശങ്ങളുടെയും ഭരണാധികാരികളായി. എന്നാൽ അർക്കലയോസിന്റെ കാര്യപ്രാപ്തിക്കുറവ് മൂലം യഹൂദ്യ, ശമര്യ പ്രദേശങ്ങൾ റോമൻ ഗവർണ്മെന്റിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായി തീർന്നു. കുറേന്യോസ് ആയിരുന്നു ആദ്യത്തെ റോമൻ ഗവർണർ. റോമൻ സാമ്രാജ്യത്തിലെ സാമാന്യ പതിവനുസരിച്ച് പുതിയ ഭരണമേഖലയിൽ നികുതി പിരിവിനും മെച്ചപ്പെട്ട ഭരണസംവിധാനം ഏർപ്പെടുത്തുന്നതിനുമായി അദ്ദേഹം എ.ഡി 6-ൽ ഒരു ജനസംഖ്യാ കണക്കെടുപ്പിന് ഉത്തരവിട്ടു. യഹൂദർക്ക് പുതിയ റോമക്കാരുടെ ഭരണത്തോടുള്ള അതൃപ്തി രൂക്ഷമാകുന്ന വേളയിലാണ് ഈ ഉത്തരവ് പുറത്തു വന്നത്. യൂദാ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ജനസംഖ്യാ കണക്കെടുപ്പുമായുള്ള സഹകരണം റോമൻ ഭരണത്തിന് പൂർണ്ണമായും കീഴടങ്ങുന്നതിന് തുല്യമാണെന്ന് വിപ്ലവകാരികൾ വാദിച്ചു. റോമാക്കാരുമായി സഹകരിച്ച യഹൂദർക്കെതിരെയും അവർ വിദ്വേഷപ്രചാരണം അഴിച്ചുവിട്ടു. എന്നാൽ അവർക്ക് ഈ കണക്കെടുപ്പ് തടയാനായില്ല. റോമാക്കാർ വിപ്ലവം അടിച്ചമർത്തുകയും യൂദാ കൊല്ലപ്പെടുകയും ചെയ്തു. രക്തരൂക്ഷിതമായ ഈ വിപ്ലവത്തെ തുടർന്ന് യഹൂദരുടെ ഇടയിൽ എരിവുകാർ അഥവാ സെലോട്ടുകൾ എന്ന ഒരു വിഭാഗം ഉടലെടുത്തു.

വിദേശാധിപത്യത്തെ എതിർക്കുക, വിജാതീയ ഭരണത്തിൽ നിന്നും യഹൂദരെ മോചിപ്പിക്കുക, യഹൂദാന്യായപ്രമാണത്തിൽ തീക്ഷണതയുള്ളവരായിരിക്കുക തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിന്റെ ലക്ഷ്യങ്ങൾ.[4] യഹൂദരുടെ ഇടയിൽ നിലനിന്നിരുന്ന പ്രബല വിഭാഗങ്ങളായ പരീശന്മാരും സദൂക്യരും എസ്സീനുകളും ന്യായപ്രമാണത്തിൽ തീക്ഷണതയുള്ളവരായിരുന്നു. മാത്രമല്ല അവരും റോമൻ ആധിപത്യത്തിൽ സന്തുഷ്ടരായിരുന്നില്ല. പക്ഷേ ഇവർ ഒരോ വിഭാഗവും റോമാഭരണത്തോട് വ്യത്യസ്ഥ രീതികളിലാണ് പ്രതികരിച്ചത്. സദൂക്യർ റോമൻ അധിനിവേശം ഒരു വസ്തുതയായി അംഗീകരിക്കുകയും പദവിയും സമ്പത്തും തേടുകയും ചെയ്തു. അതുപോലെ, പരീശന്മാരും റോമൻ അധിനിവേശം അംഗീകരിക്കുകയും ദൈവം തങ്ങളെ ആക്കിയിരിക്കുന്ന ലോകത്ത് ജീവിക്കാനും അതേസമയം തങ്ങളുടെ 'ശുദ്ധി' നിലനിർത്താനും ശ്രമിച്ചു. എസ്സീനുകളാകട്ടെ, മരുഭൂമിയിലേക്ക് വാങ്ങിപ്പോയി റോമാഭരണത്തിൽ നിന്നും മാറി നിന്നു. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്ഥമായി സെലോട്ടുകൾ റോമാക്കാരെ പരസ്യമായി എതിർക്കുവാൻ തീരുമാനിച്ചു.[5] അങ്ങനെ റോമാഭരണത്തിനെതിരെയുള്ള യഹൂദരുടെ വിപ്ലവപ്രസ്ഥാനമായി സെലോട്ടുകൾ നിലകൊണ്ടു.

പോരാട്ടങ്ങളും പതനവും

തിരുത്തുക

എ.ഡി 44-ൽ യഹൂദ്യ ഒരു ഔദ്യോഗിക റോമൻ പ്രവിശ്യയായി മാറി. ഇതിനോടുള്ള യഹൂദരുടെ എതിർപ്പ് സെലോട്ടുകളുടെ പുനരുജ്ജീവനത്തിന് കാരണമായി. സെലോട്ടുകൾക്കിടയിൽ കടുത്ത നിലപാടുകൾ പുലർത്തിയിരുന്ന ഒരു വിഭാഗം തീവ്രവാദത്തിലേക്കും കൊലപാതകങ്ങളിലേക്കും തിരിഞ്ഞു. 'കഠാരക്കാർ' (ഇംഗ്ലീഷ്: Sicarii) എന്ന് ഇവർ അറിയപ്പെട്ടിരുന്നു.[6] വസ്ത്രത്തിനുള്ളിൽ ഒളിച്ചു വെക്കാവുന്ന ഒരു ചെറിയ കഠാരയുമായി പൊതുസ്ഥലങ്ങളിൽ ചുറ്റിനടന്ന് റോമാക്കാരെയും അവരുമായി അനുഭാവം പുലർത്തിയിരുന്ന യഹൂദരെയും കൊലപ്പെടുത്തിയ ശേഷം ആൾക്കൂട്ടത്തിനിടയിൽ മറഞ്ഞു കളയുകയായിരുന്നു ഇവരുടെ പതിവ്. അപ്രകാരം അധിനിവേശക്കാരായ റോമാക്കാരെ മാത്രമല്ല, റോമാക്കാരുമായി ഒത്തുതീർപ്പിൽ കഴിയുവാൻ ആഗ്രഹിക്കുകയോ അവരോട് സഹകരിക്കുകയോ ചെയ്ത സ്വന്തജനങ്ങളേയും അവർ കൊല്ലാൻ തുനിഞ്ഞു.[3]

റോമാക്കാർക്കെതിരെയുള്ള യഹൂദരുടെ ആദ്യ കലാപത്തിൽ (എ.ഡി 66-70) സെലോട്ടുകൾ സുപ്രധാന പങ്ക് വഹിച്ചു. എന്നാൽ, ഒടുവിൽ യെറുശലേം റോമാക്കാരുടെ കീഴിലായി. സെലോട്ടുകൾ മസാദയിലെ പഴയ കോട്ടയിലേക്ക് പിൻവാങ്ങി അവിടം ആസ്ഥാനമാക്കി. വിജയികളായ റോമാക്കാർ തുടർന്നുള്ള വർഷങ്ങളിൽ യഹൂദരുടെ അവശേഷിക്കുന്ന പ്രതിരോധങ്ങളെയും ഇല്ലാതാക്കാൻ ശ്രദ്ധവെച്ചു.[5] ഇതിന്റെ ഭാഗമായി ഇത് എ.ഡി.73-ൽ റോമൻ പടയാളികൾ മസാദയിലെ സെലോട്ടുകളുടെ കോട്ട വളഞ്ഞു. പാരമ്പര്യ കഥകൾ പ്രകാരം സെലോട്ടുകളുടെ തലവനായ എലയാസർ ബിൻ യായിർ റോമാക്കാരുടെ അടിമകളാകുന്നതിലും നല്ലത് സ്വയം മരണം വരിക്കുന്നതാണെന്ന് തന്റെ ഈ അനുയായികളെ പ്രഭാഷണങ്ങളിലൂടെ ഉദ്ബോധിപ്പിച്ചിരുന്നു.[1] ഒരു ഉപരോധത്തിനുശേഷം റോമാക്കാർക്ക് കോട്ടയുടെ മതിലുകൾ തകർക്കാൻ കഴിഞ്ഞു.[5] എന്നാൽ കോട്ടയിലേക്ക് കടന്ന റോമൻ പടയാളികൾക്ക് ആത്മഹത്യ ചെയ്യപ്പെട്ട സെലോട്ടുകളും അവരുടെ കുടുംബാംഗങ്ങളുമായി ഏകദേശം 960 അറുപതു പേരുടെ മൃതശരീരങ്ങളാണ് കാണാൻ കഴിഞ്ഞത്.[1]

സെലോട്ടുകളുടെ മതഭ്രാന്താണ് യഹൂദന്മാരുടെ രാജ്യത്തെ നാശത്തിലേക്കും തകർച്ചയിലേക്കും നയിച്ചതെന്ന് ചില ചരിത്രകാർ അഭിപ്രായപ്പെടുന്നു.[4] എ.ഡി 70-ൽ യെറുശലേം ദേവാലയം നശിപ്പിക്കപ്പെടുവാനിടയായത് തീവ്രവാദികളായിരുന്ന സെലോട്ടുകളുടെ വിപ്ലവം മൂലമായിരുന്നു എന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

വിവിധ ഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ

തിരുത്തുക

ജോസിഫസിന്റെ കൃതികളിലും യഹൂദാ റബ്ബൈനിക സാഹിത്യങ്ങളിലും സെലോട്ടുകളെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. ജോസിഫസിന്റെ യഹൂദരുടെ യുദ്ധം (The Jewish War), യഹൂദാപൗരാണികത (Jewish Antiquities) എന്നീ കൃതികളിലാണ് സെലോട്ടുകളെ പറ്റിയുള്ള ദീർഘമായ വിവരണങ്ങൾ ഉള്ളത്. എന്നാൽ ജോസീഫസിന്റെ വിവരണങ്ങൾ റോമൻ പക്ഷപാതപരവും പലപ്പോഴും വിശ്വാസയോഗ്യമല്ലാത്തവയുമാണ് എന്ന് വിമർശനങ്ങളുണ്ട്.[7]

ബൈബിളിൽ

തിരുത്തുക

ബൈബിൾ പുതിയ നിയമത്തിലും സെലോട്ടുകളെ പറ്റിയുള്ള പരാമർശങ്ങൾ കാണാവുന്നതാണ്. യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായിരുന്ന എരിവുകാരനായ ശിമോൻ[8] മുൻപ് സെലോട്ടുകളിലെ അഥവാ എരിവുകാരിലെ അംഗമായിരുന്നുവെന്നും ആ ബന്ധം വിടുർത്തിയ ശേഷവും അപ്രകാരം വിശേഷിപ്പിക്കപ്പെടുകയായിരുന്നുവെന്നും കരുതപ്പെടുന്നു. എന്നാൽ ശിമോൻ സെലോട്ടുകളിൽ പെട്ടയാളായിരുന്നതിനാലല്ല, മറിച്ച് യേശുവിനൊപ്പം ചേരുന്നതിനു മുൻപ് ഇദ്ദേഹം പ്രകടിപ്പിച്ചിരുന്ന യഹൂദ നിയമങ്ങളോടുള്ള അമിതമായ "തീക്ഷ്ണത" അഥവാ "എരിവ്" ആണ് ഇപ്രകാരം വിശേഷിപ്പിക്കുവാനിടയാക്കിയത് എന്നും അഭിപ്രായമുണ്ട്.[9] ചില ബൈബിൾ പരിഭാഷകളിൽ ഇദ്ദേഹത്തെ "തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോൻ"[10] എന്നും "തീക്ഷ്ണവാൻ എന്ന് വിളിക്കപ്പെടുന്ന ശെമഓൻ"[11] എന്നും വിശേഷിപ്പിച്ചിരിക്കുന്നു.

  1. 1.0 1.1 1.2 "Zealots". worldhistory.org. World History Encyclopedia. 10 ഫെബ്രുവരി 2022. Retrieved 3 ജൂലൈ 2022.
  2. Zealot, Online Etymology Dictionary
  3. 3.0 3.1 ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ, റൈറ്റ് റവ. റ്റി.ബി.ബഞ്ചമിൻ, സി.എസ്സ്.എസ്സ്, തിരുവല്ല, സെപ്റ്റംബർ 2006 പതിപ്പ്, പേജ്: 91-93
  4. 4.0 4.1 പന്ത്രണ്ട് അപ്പൊസ്തലന്മാർ, പി.എസ്. ചെറിയാൻ, സുവാർത്താ ഭവൻ, ഓഗസ്റ്റ് 2009 പതിപ്പ്, പേജ്:196-198
  5. 5.0 5.1 5.2 "Who were the Zealots? - Faith Magazine". faithmag.com. Catholic Diocese of Lansing. Retrieved 4 ജൂലൈ 2022.
  6. "Zealot". britannica.com. Encyclopedia Britannica. Retrieved 4 ജൂലൈ 2022.
  7. https://www.encyclopedia.com/philosophy-and-religion/judaism/judaism/zealots
  8. സത്യവേദപുസ്തകം, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരണം, ലൂക്കോസ് 6:13
  9. "St. Simon the Apostle - Catholic Encyclopedia" (in ഇംഗ്ലീഷ്). New Advent. Retrieved 6 ജൂലൈ 2022. The name does not signify that he belonged to the party of Zealots, but that he had zeal for the Jewish law, which he practised before his call
  10. ബൈബിൾ, പി.ഓ.സി പ്രസിദ്ധീകരണം, കെ.സി.ബി.സി ബൈബിൾ കമ്മീഷൻ, ലൂക്കാ 6:13
  11. വിശുദ്ധഗ്രന്ഥം, സിറിയൻ ഓർത്തഡോക്സ് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരണം, വി.ലൂക്കോസ് 6:13
"https://ml.wikipedia.org/w/index.php?title=സെലോട്ടുകൾ&oldid=3756149" എന്ന താളിൽനിന്ന് ശേഖരിച്ചത്