വിക്രമോർവശീയം
സംസ്കൃതനാടകകൃത്ത് കാളിദാസന്റെ നാടകങ്ങളിൽ ഒന്നാണ് വിക്രമോർവശീയം. പുരൂരവസ് രാജാവും അപ്സരസായ ഉർവശിയും തമ്മിലുള്ള പ്രേമത്തിന്റെ പുരാതനകഥയെ ഈ നാടകത്തിലെ ഇതിവൃത്തം ഉപജീവിക്കുന്നു. ഉർവശിയുടേയും പുരൂരവസിന്റേയും അനുരാഗം പ്രതിബന്ധങ്ങളിലൂടെ കടന്നുപോയി ശുഭപര്യവസായി ആകുന്നതാണ് ഇതിവൃത്തം. നര-ദേവലോകങ്ങളെ ബന്ധിപ്പിക്കുന്ന ഇതിവൃത്തമുള്ള നാടകങ്ങൾ ചേർന്ന 'ത്രോടകം' എന്ന വിഭാഗത്തിൽ പെടുന്ന രചനയാണിത്. [1]
കഥാഗതി
തിരുത്തുകഅസുരന്മാർ അപഹരിച്ചുകൊണ്ടുപോയ ഉർവശിയെ പുരൂരവസ്സ് മോചിപ്പിക്കുന്നു. തുടർന്ന് അവർ അനുരക്തരായി. എങ്കിലും പുരൂരവസ്സിന് ഒരു പ്രണയലേഖനം എഴുതിയ ഉർവശിക്ക്, "ലക്ഷ്മീ കല്യാണം" നാടകത്തിൽ ലക്ഷ്മിയുടെ വേഷം അഭിനയിക്കാനായി സ്വർഗ്ഗത്തിലേക്കു മടങ്ങേണ്ടി വന്നു. പുരൂരവസ്സിനെ ധ്യാനിച്ചിരുന്ന ഉർവശിക്ക് അഭിനയത്തിനിടെ സംഭാഷണത്തിൽ പിഴ പറ്റി. പുരുഷോത്തമന്റെ പേരിനു പകരം പുരൂരവസ്സ് എന്നു പറഞ്ഞതായിരുന്നു പിഴ. ഇതുകേട്ടു കോപിഷ്ഠനായ നാടകാചാര്യൻ ഭരതമുനി, അവളെ വീണ്ടും ഭൂമിയിലേക്കയച്ചു. കാമുകനായ പുരൂരവസിനൊപ്പം ഒരു പുത്രൻ ജനിക്കുന്നതു വരെ കഴിയുമെങ്കിലും പുത്രനെ അച്ഛൻ കാണുന്ന നിമിഷം സ്വർഗ്ഗത്തിലെക്കു മടങ്ങാൻ ഇടയാകുമെന്നായിരുന്നു ശാപം. ഈ ഗതിയിൽ കഥ പലവിധം ആകസ്മിതകളിലൂടെ കടന്നുപോകുന്നു. പുരൂരവസ്സുമായുണ്ടായ പ്രണയകലഹത്തിനിടെ, സ്ത്രീകൾക്കു പ്രവേശനമില്ലാതിരുന്ന കുമാരവനത്തിൽ പ്രവേശിക്കാനിടയായ ഉർവശി ഒരു ലതയായി പരിണമിക്കുന്നതും മറ്റും അതിൽ ഉൾപ്പെടുന്നു. എങ്കിലും ഒടുവിൽ സ്വരൂപം തിരികെ കിട്ടിയ ഉർവശി ശാപമുക്തി നേടി ഭർത്താവിനൊപ്പം ഭൂമിയിൽ കഴിയുന്നതോടെ നാടകം ശുഭാന്ത്യത്തിലെത്തുന്നു.
ലോകത്തിലെ ഏറ്റവും പഴയ പ്രണയകഥകളിൽ ഒന്നെന്ന് പുകഴ്ത്തപ്പെട്ടിട്ടുള്ള മൂലകഥ, ഋഗ്വേദസൂക്തങ്ങളിലും പുരാണങ്ങളിലും ഹരിവംശത്തിലും കാണുന്നുണ്ട്. ഈ കഥ കാളിദാസൻ ഉപയോഗിക്കുന്നത് പല വ്യതിയാനങ്ങളും വരുത്തിയാണ്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 കാളിദാസകൃതികൾ, ഗദ്യശില്പം, സി.ജെ. മണ്ണുമ്മൂട് (പുറം 320)