ഗൗളിക്കിളി

(Velvet-fronted Nuthatch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മിക്ക കാടുകളിലും ധാരാളമായി കാണുന്ന ഒരിനം പക്ഷിയാണ് ഗൗളിക്കിളി.[1] [2][3][4] രൂപസൗന്ദര്യവും പെരുമാറ്റത്തിലെ സവിശേഷതകളും ഇതിനു കൂടുതൽ ശ്രദ്ധേയത നൽകുന്നു.

ഗൗളിക്കിളി
Velvet-fronted Nuthatch
ആൺകിളി, ആസ്സാം, ഇന്ത്യ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
പസ്സേറിഫോംസ്
Family:
സിറ്റിഡേ
Genus:
സിറ്റാ
Species:
S. frontalis
Binomial name
സിറ്റാ ഫ്രോണ്ടെയ്ലിസ്
Sitta frontalis

Swainson, 1820
ഗൗളിക്കിളി

ഒറ്റനോട്ടത്തിൽ ആകെ തിളങ്ങുന്ന നീല നിറമാണെന്നു തോന്നും. പൂവന് ദേഹത്തിന്റെ മേൽഭാഗമെല്ലാം ഊതഛായയുള്ള കടുംനീലയാണ്. വെളുത്ത താടിയും തൊണ്ടയും ഒഴിച്ചാൽ അടിഭാഗമെല്ലാം ഏറെക്കുറെ ചുകപ്പു ഛായയുള്ള തവിട്ടുനിറം. നെറ്റിത്തടം നല്ല ഒളിയുള്ള കറുപ്പ്. കണ്ണിനു മീതെ തുടങ്ങി പുറകോട്ടു പോകുന്ന ഒരു പട്ടയുള്ളതിനും നല്ല കറുപ്പു നിറമാണ്. പവിഴം പോലെ ചുകന്ന കൊക്കും മഞ്ഞ കണ്ണുകളും. പൂവനും പിടയും തമ്മിൽ പുറമേ തിരിച്ചറിയാവുന്ന ഒരു വ്യത്യാസം പിടയ്ക്കു കണ്ണിനു പുറകെ കറുത്ത പട്ടയില്ല എന്നതാണ്. ഗൗളിക്കിളികൾക്ക് മരംകൊത്തി വംശത്തിലെ ചെറിയ ജാതികളോട് വളരെ സാദൃശ്യം ഉണ്ട്.

ഇന്ത്യയിൽ ഉടനീളം, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിൽ, പാകിസ്താൻ , ശ്രീലങ്ക, ഇന്തോനേഷ്യ , തെക്കൻ ചൈനയുടെ കിഴക്കൻ മേഖല എന്നിവടങ്ങളിൽ ഈ പക്ഷിയെ ധാരാളം കണ്ടു വരുന്നു.

മരത്തടികളിൽ ഉള്ള പുഴുക്കളും എട്ടുക്കാലികളും ആണ് ഗൗളിക്കിളിയുടെ പ്രധാന ഭക്ഷണം.

സവിശേഷതകൾ

തിരുത്തുക

ഗൗളികിളിയെ സാധാരണ കാണാനാവുന്നത് മറ്റു ചെറുപക്ഷികളുമായി ചേർന്ന് ഇരതേടി നടക്കുമ്പോഴാണ്. മറ്റുള്ളവ പറന്നും ചാടിയും തിരക്കിട്ട് ഇര തേടുമ്പോൾ ഗൗളികിളികൾ മരങ്ങളിൽ ഓടിനടന്നു ഇര പിടിക്കുന്നു. മരത്തടികളിൽ അനായാസേന ഓടാനും കൊമ്പുകളിൽ കിഴുക്കാം തൂക്കായി നടക്കാനും ഇവക്കു കഴിയും. ഈ പക്ഷിയുടെ ഇഷ്ടസഞ്ചാരരീതികളിലൊന്ന് മരത്തടിയിൽ മുകളിൽ നിന്ന് താഴോട്ട് ഇറങ്ങുകയാണ്. മിക്ക മരംകൊത്തികൾക്കും ഈ കഴിവില്ല. ചിലപ്പോൾ മരംകൊത്തിയും താഴോട്ടിറങ്ങും; പക്ഷെ അത് ഉരസി വീഴുന്നപോലെ ആണ് തോന്നുക. തല അപ്പോഴും മുകളിലേക്ക് ചൂണ്ടി തന്നെ നിൽക്കും. ഗൗളിക്കിളി അങ്ങനെയല്ല. അത് ചുമരിലെ ചലനത്തിൽ ഗൗളി കാണിക്കുന്ന മുഴുവൻ സാമർത്ഥ്യവും മരത്തടിയിൽ കാണിക്കും.

മരംകൊത്തികൾക്ക് തടികളിൽ തത്തിക്കയറുവാൻ വാലിന്റെ സഹായം കൂടിയേ തീരൂ. എന്നാൽ ഗൗളിക്കിളിയുടെ കുറിയ വാൽ അതിനു പ്രയോജനപ്പെടുന്നില്ല. പക്ഷിയെ മരത്തടിയിൽ പിടിച്ചു നിൽക്കുന്നതിനു വാൽ ഒട്ടും സഹായിക്കുന്നില്ല. കാലുകളുടെ കഴിവുകൊണ്ട് മാത്രം മരത്തടിയിൽ പല വിദ്യകളും കാണിക്കുന്ന ഗൗളിക്കിളി തല കീഴ്പ്പോട്ടാക്കി ഓടുന്നതിനിടയിൽ കൂടെകൂടെ തല പൊക്കി ചുറ്റും ഒന്ന് നോക്കും. തിരക്കിട്ട് ഓടിനടന്നു ഇര തേടുമ്പോൾ 'കോട്ടെ-കോട്ടെ' എന്നും, നേരിയ സ്വരത്തിൽ 'ചിപ്പ്-ചിപ്പ്-ചിപ്പ്-ചിപ്പ് ' എന്നും ശബ്ദിക്കും. ചിലപ്പോൾ സൂചിമുഖിയുടെ ശബ്ദത്തോട് സാദൃശൃമുള്ള ഒരു ചൂളം വിളിയും നടത്താറുണ്ട്.

പ്രജനനം

തിരുത്തുക

ഗൌളിക്കിളിയുടെ പ്രജനനകാലം ജനുവരി തൊട്ട് ഏപ്രിൽ വരെ ആണ്. മരത്തടിയിലെ മാളങ്ങളിൽ ആണ് കൂട് കെട്ടുക. പക്ഷെ സ്വന്തമായി കൂടുകൂട്ടുവാൻ കഴിവില്ലാത്തതിനാൽ പ്രകൃത്യായുള്ളതോ മറ്റു പക്ഷികൾ ഉണ്ടാക്കി ഉപേക്ഷിച്ചതോ ആയ മാളങ്ങളിൽ ആണ് കൂട് ഉണ്ടാക്കുന്നത്. പ്രവേശനദ്വാരം ആവശ്യത്തിൽ കൂടുതൽ വലിപ്പമുള്ളതാണെങ്കിൽ നനഞ്ഞ ചെളിമണ്ണു ഉപയോഗിച്ച് അതിന്റെ വിസ്താരം ചുരുക്കുക പതിവാണ്. ഗൌളിക്കിളികൾ കുഞ്ഞുങ്ങൾക്കായി കൂടുകളിൽ നാരുകൾ, രോമം, മരത്തടികളിൽ വളരുന്ന പൂപ്പ്, തൂവലുകൾ എന്നിവ കൊണ്ട് മെത്ത പണിഞ്ഞതിനു ശേഷമേ മുട്ട ഇടുകയുള്ളൂ. ഇരുണ്ട മാളത്തിലാണ് കൂടെങ്കിലും മുട്ടകൾ വെള്ളയല്ല. ചുകപ്പോ ഇളം ഊതനിറമോ ആയ അനവധി കുത്തുകളും പുള്ളികൾ കൊണ്ട് മുട്ടത്തോട് മൂടിയിരിക്കും.

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

ചിത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗൗളിക്കിളി&oldid=2803940" എന്ന താളിൽനിന്ന് ശേഖരിച്ചത്