ട്യൂമർ

(Tumor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുതിയതായി ഉദ്ഭവിച്ച് നിയന്ത്രണമില്ലാതെ വളരുന്ന ശരീര കോശങ്ങൾ (neoplastic growth)[1] മൂലം രൂപീകൃതമാവുന്ന മുഴ അഥവാ വീക്കത്തെയാണ് ട്യൂമർ എന്നു പറയുന്നത്. കോശങ്ങൾ വിഭജിക്കുകയും വർധിക്കുകയും ചെയ്യുന്നത് ജൈവ പ്രക്രിയയുടെ ഭാഗമാണ്. എന്നാൽ ശരീരത്തിന്റെ വളർച്ചയ്ക്കാവശ്യമില്ലാതെ അനിയന്ത്രിതമായി കോശങ്ങൾ വിഭജിക്കുമ്പോഴാണ് ട്യൂമറുകളുണ്ടാവുന്നത്. അനിയന്ത്രിതമായ ഇത്തരം കോശ വിഭജനത്തിനിടയാക്കുന്ന ചോദന എന്തെന്നു വ്യക്തമല്ല.

കവിളിലെ ട്യൂമർ (മുഴ)

ട്യൂമറിന് രണ്ട് അടിസ്ഥാന ഘടകങ്ങളുണ്ട്. ട്യൂമർ കോശങ്ങളടങ്ങുന്ന പാരൻകൈമയും (മൃദുകല) ട്യൂമർ കോശങ്ങളുടെ വളർച്ചയെ പുഷ്ടിപ്പെടുത്തുവാൻ പര്യാപ്തമായ സ്ട്രോമയും (സന്ധാനകലകളും നാളികളും ഉള്ള ആധാരചട്ടക്കൂട്). പാരൻകൈമയാണ് ട്യൂമറിന്റെ ജീവ സ്വഭാവം നിർണയിക്കുന്നത്.

ട്യൂമറുകൾ രണ്ടു വിധം

തിരുത്തുക
 
ഗർഭപാത്രത്തിലെ മാരക ട്യൂമർ
  1. ലഘു (benign) ട്യൂമറുകളും [2]
  2. മാരക (Malignant) ട്യൂമറുകളും.[3]

മാരക ട്യൂമറുകളാണ് കാൻസർ അഥവാ അർബുദം. ലഘു ട്യൂമറുകൾക്കും മാരക ട്യൂമറുകൾക്കും മധ്യേ സ്വഭാവമുള്ള ട്യൂമറുകളുമുണ്ട്. ഏതു കലയിലാണോ ട്യൂമർ ഉത്ഭവിക്കുന്നത് ആ ശരീരകലയേയും ട്യൂമറിന്റെ സൂക്ഷ്മ ഘടനയേയും കണക്കിലെടുത്തുകൊണ്ടുള്ള മറ്റൊരു വിഭജന (histopathological classification)വുമുണ്ട്. ശരീരത്തിന്റെ ആവരണ കല(epithelium)കളിലെ ട്യൂമറുകൾ (ഉദാ: അന്നപഥത്തിന്റെയും ഗ്രന്ഥികളുടെയും ആവരണം) ഇത്തരത്തിലുള്ളതാണ്. മറ്റൊന്ന് ശരീരാവയവങ്ങളെ ബന്ധിക്കുന്ന സന്ധാന കലകളെ(connective tissues) (ഉദാ: അസ്ഥി, തരുണാസ്ഥി, സ്നായു) ബാധിക്കുന്നട്യൂമറുകളാണ്.[4]

കോശവളർച്ച

തിരുത്തുക
 
സ്വാശകോശത്തിലെ ട്യൂമർ മൈക്രോസ്കോപ്പിലൂടെ

ട്യൂമറിന്റെ സ്വഭാവമുള്ള ഒരു വളർച്ചയെ കോശ നാമത്തോട് 'ഓമ' ('oma') എന്ന പ്രത്യയം ചേർത്താണ് വ്യവഹരിക്കാറുള്ളത്. ആവരണ കലകളിലെ ലഘു ട്യൂമറുകളെ പാപ്പിലോമ (papilloma)[5] എന്നും ഗ്രന്ഥികളിലെ ലഘു ട്യൂമറുകളെ അഡിനോമ (adenoma)[6] എന്നും പറയുന്നു. ആവരണ കലകളിലെ എല്ലാ മാരക ട്യൂമറുകളും കാർസിനോമ (carcinoma) ആണ്.[7] സന്ധാനകലകളിലെ ലഘുട്യൂമറുകൾക്ക് കോശനാമത്തോടൊപ്പം 'ഓമ' എന്ന പ്രത്യയം നൽകുമ്പോൾ (ഉദാ: തന്തുകലകളിലെ ഫൈബ്രോമ, തരുണാസ്ഥിയിലെ കോൺഡ്രോമ) മാരകട്യൂമറുകൾ കോശനാമത്തോടൊപ്പം സാർകോമ എന്നുകൂടി ചേർത്താണ് അറിയപ്പെടുന്നത്. ഉദാ: ഫൈബ്രോ സാർകോമ, കോൺഡ്രോ സാർകോമ. ചില ട്യൂമറുകളിൽ (ഉദാ: അണ്ഡാശയത്തിലും വൃഷണത്തിലും ഉണ്ടാവുന്ന ട്യൂമറുകളിൽ) അസ്ഥി, പേശി, ഗ്രന്ഥി, ആവരണകല എന്നിങ്ങനെ പലതരം കോശങ്ങളുണ്ട്. ഇങ്ങനെ വിവിധ തരത്തിൽ കലകളുള്ള ട്യൂമറുകളെ പരാമർശിക്കാൻ കോൺഡ്രോ മിക്സോ - ഫൈബ്രോ സാർകോമ പോലെയുള്ള സംയുക്ത പദങ്ങളാണ്.

കോശങ്ങൾ വളരുന്നതെങ്ങനെ

തിരുത്തുക
 
പിറ്റ്യൂറ്ററി അഡിനോമ

ട്യൂമറുകൾ എല്ലാം തന്നെ അവയുടെ മാതൃകലകളേക്കാൾ വേഗത്തിലാണ് വിഭജിക്കുന്നത്. മാരക ട്യൂമറുകളെയപേക്ഷിച്ച് ലഘുട്യൂമറുകളുടെ വളർച്ച പൊതുവേ മെല്ലെയായിരിക്കും. ലഘു ട്യൂമർ കോശങ്ങൾ പൂർണമായും വ്യാവർത്തനം (differentiated) ചെയ്തവയാണ്. അതായത് അവയുടെ ഘടന യും വലിപ്പവും പ്രവർത്തനവും സാധാരണ കോശങ്ങളുടേതു തന്നെയായിരിക്കും. അസംഖ്യം അവികസിത കോശങ്ങൾ ഉണ്ടാവുന്ന വിധത്തിലുള്ള ത്വരിതമായ കോശ പ്രവൃദ്ധി (cell proliferation) ഇവയിൽ ഉണ്ടാകുന്നില്ല; സ്ട്രോമയുടെ പ്രവൃദ്ധി നിരക്കും തുല്യമായിരിക്കും. അതിനാൽ രക്തസ്രാവവും കോശ മൃതിയും ഇത്തരം ട്യൂമറുകളിൽ സാധാരണ സംഭവിക്കാറില്ല. തന്തുകലകൾ കൊണ്ടുള്ള ഒരു ആവരണം ലഘു ട്യൂമറുകൾക്കുള്ളതു കൊണ്ട് അവ സമീപ കലകളിലേക്ക് വ്യാപിക്കുന്നില്ല. എന്നാൽ ലഘു ട്യൂമറുകളുടെ പ്രഭാവം രണ്ടു വിധത്തിലാണ് അനുഭവപ്പെടുന്നത്. ട്യൂമർ വളരുന്നതിനനുസരിച്ച് സമീപാവയവങ്ങളുടെ മേൽ അതു സമ്മർദം ചെലുത്തുന്നു. ഇതുമൂലം അവയവങ്ങൾ സങ്കോചിക്കാനും രന്ധ്രങ്ങൾ അടയുവാനും ഇടയാകുന്നു. ഗ്രന്ഥികളുടെ ആവരണ കലയിലുണ്ടാവുന്ന ലഘു ട്യൂമറുകൾ ഹോർമോണുകളുടെ ഉത്പാദനത്തിൽ വ്യതിയാനം വരുത്താറുണ്ട്. ലഘു ട്യൂമറുകൾ പൂർണമായും വിജയകരമായും നീക്കം ചെയ്യാൻ മിക്കവാറും സാധിക്കും.

 
പാപ്പില്ലോമ

മാരകമായ അർബുദ ട്യൂമറുകൾ ശീഘ്രഗതിയിലാണ് വളരുന്നത്. മറ്റു കോശങ്ങളിലേക്ക് അവ വളരെ വേഗത്തിൽ വ്യാപിക്കുന്നു. അർബുദ കോശങ്ങൾ പൂർണമായും വ്യാവർത്തനം ചെയ്തവയല്ല. ഇത്തരം അവികസിത കോശങ്ങൾ (anaplastic cells)ക്ക് ഇരുണ്ട നിറവും അസാമാന്യ വലിപ്പവും ഉണ്ടായിരിക്കും. ഇവയുടെ കോശകേന്ദ്രം വലുതും ക്രമരഹിതവുമായിരിക്കും. രക്തസ്രാവമുണ്ടാകുന്നതും കോശങ്ങൾ മൃതമാവുന്നതും സാധാരണമാണ്. അർബുദ ട്യൂമറുകൾ പൂർണമായും ആവരണം ചെയ്യപ്പെടാത്തതിനാൽ അവ സമീപ കലകളിലേക്ക് വ്യാപിക്കുന്നു. മാത്രമല്ല, ശാഖാചംക്രമണവും (metastasis) നടക്കുന്നു. അതായത് ട്യൂമറിന്റെ ചെറു ഭാഗങ്ങൾ വേർപെട്ട് രക്തത്തിലൂടെയും ലസികയിലൂടെയും വിദൂര ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. സമീപത്തുള്ള രക്ത ധമനികളിൽ നിന്ന് പോഷണം നേടുന്ന ഈ അനുജാത ട്യൂമറുകൾ പ്രഥമ ട്യൂമറിൽ നിന്ന് വ്യതിരിക്തമായി വളരുന്നു. പിന്നീട് ഇവ സ്വന്തം രക്തചംക്രമണ സംവിധാനങ്ങൾ (സ്ട്രോമ) വികസിപ്പിക്കുന്നു. അർബുദ ട്യൂമറുകൾ പൂർണമായും നീക്കം ചെയ്യാൻ താരതമ്യേന പ്രാരംഭ ഘട്ടങ്ങളിലേ സാധിക്കുകയുള്ളു.

ട്യൂമർ കോശങ്ങളുടെ ജീവശാസ്ത്രം

തിരുത്തുക

കോശങ്ങളുടെ സന്തുലിതാവസ്ഥ പരിപാലിക്കുന്ന സംവിധാനങ്ങളുടെ (കോശ പ്രവൃദ്ധി, വ്യാവർത്തനം, ഗുണധർമങ്ങൾ എന്നിവ നിയന്ത്രിക്കുന്ന ആഭ്യന്തരവും ബാഹ്യവുമായ കോശഘടകങ്ങളുടെ) അഭാവമാണ് ട്യൂമർ കോശങ്ങളുണ്ടാവുന്നതിനു കാരണം. ഈ പ്രക്രിയകളെ നിയന്ത്രിക്കുന്ന ജീനുകളിലുണ്ടാവുന്ന ഉൽപരിവർത്തന (mutation)മാണ് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നത്. തത്ഫലമായി സാമാന്യ കോശഘടന, സംവിധാനം, ഗുണധർമം എന്നിവയൊക്കെ നഷ്ടമാവുന്നു. കോശപ്രതലത്തിലുള്ള ആസഞ്ജന ഗ്രാഹികൾ (adhesion receptors) എന്ന തന്മാത്രകളാണ് കോശങ്ങൾ തമ്മിൽ പറ്റിപിടിപ്പിക്കുന്നതും കോശഘടനയും മറ്റും നിയന്ത്രിക്കുന്ന സിഗ്നലുകൾ കോശത്തിനക ത്തേക്ക് അയക്കുന്നതും. അർബുദ കോശങ്ങളിൽ ആസഞ്ജന ഗ്രാഹികൾ നിഷ്ക്രിയമാകുന്നതുമൂലം ട്യൂമറിൽ നിന്ന് കോശങ്ങൾ വേർപെടുന്നു. പിന്നീട് രക്തത്തിലൂടെയോ ലസികയിലൂടെയോ ഉള്ള സഞ്ചാരമധ്യേ ആസഞ്ജന ഗ്രാഹികൾ വീണ്ടും പ്രവർത്തനക്ഷമമാകുകയും കോശങ്ങൾ ശരീരത്തിന്റെ മറ്റെവിടെയെങ്കിലും പറ്റിച്ചേരുകയും ചെയ്യുന്നു. ഇങ്ങനെയാണ് അർബുദ കോശങ്ങളുടെ ശാഖാചംക്രമണം സംഭവിക്കുന്നത്. അർബുദ ട്യൂമറുകൾ വ്യാപിക്കുന്നതിനു ചില എൻസൈമുകളുടെ പ്രവർത്തനവും ഒരു പ്രധാന ഘടകമാണ്. ആവരണകലകൾക്കുള്ളിലേയ്ക്ക് ട്യൂമറുകൾക്ക് സംക്രമിക്കാൻ ഈ കലകൾ ലയിപ്പിക്കുന്ന എൻസൈമുകൾ ആവശ്യമാണ്. ട്യൂമർ കോശങ്ങൾ തന്നെ സ്രവിക്കുന്ന മെട്രിക്സ് മെറ്റാലോ പ്രോട്ടിനേസ് എന്ന എൻസൈം ഇത്തരത്തിലുള്ളതാണ്. കോശങ്ങളുടെ വളർച്ചാ ഘടകമായ പോളിപെപ്റ്റൈഡുകൾ സാധാരണ കോശ ബാഹ്യമായി ഉത്പാദിപ്പിക്കപ്പെട്ട ശേഷം കോശപ്രതലത്തിൽ ബന്ധിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ ട്യൂമർ കോശങ്ങളാകട്ടെ വളർച്ചാഘടകത്തെ സ്വയം ഉത്പാദിപ്പിക്കുന്നതു മൂലം നിരന്തര വളർച്ചയ്ക്കും പ്രവൃദ്ധിക്കും വിധേയമാകുന്നു. മാത്രമല്ല വളർച്ചയെ തടസ്സപ്പെടുത്തുന്ന ജീനുകൾ ട്യൂമർ കോശങ്ങളിൽ കാണുകയുമില്ല.

ട്യൂമറിന്റെ ഉദ്ഭവം, വികാസം, വൃദ്ധി, അർബുദരൂപം ആർജിക്കൽ, ശാഖാ ചംക്രമണം എന്നിവയൊക്കെ കൃത്യമായ കോശ സാഹചര്യങ്ങളിൽ സംഭവിക്കുന്ന പടിപടിയായുള്ള പ്രക്രിയകളാണ്. ഈ പ്രക്രിയകളെ അനുകൂലമായ വിധത്തിൽ വ്യതിചലിപ്പിക്കുക വഴി അർബുദ ചികിത്സയിൽ വിപ്ളവകരമായ മാറ്റങ്ങൾ സാധ്യമാകും. നോ: അർബുദം

  1. http://www.plosone.org/article/info%3Adoi%2F10.1371%2Fjournal.pone.0027690 Tumor-Derived G-CSF Facilitates Neoplastic Growth through a ...
  2. http://www.nlm.nih.gov/medlineplus/benigntumors.html Benign Tumors: MedlinePlus
  3. http://www.webmd.com/brain/brain-tumors-in-adults Brain Tumors (Benign and Malignant): Symptoms, Causes, Treatment
  4. http://www.unomaha.edu/hpa/2740connectivetissue.html Archived 2012-04-15 at the Wayback Machine. 2740 Connective Tissues
  5. http://www.ucdvoice.org/papilloma.html Archived 2012-03-26 at the Wayback Machine. Laryngeal Papillomas
  6. http://www.wisegeek.com/what-is-adenoma.htm What is Adenoma?
  7. http://www.news-medical.net/health/What-are-Carcinomas.aspx What are Carcinomas?

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ട്യൂമർ (മുഴ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ട്യൂമർ&oldid=3940024" എന്ന താളിൽനിന്ന് ശേഖരിച്ചത്