തെർമിസ്റ്റർ
താപനിലയ്ക്കനുസൃതമായി വൈദ്യുത പ്രതിരോധത്തിന്റെ മൂല്യത്തിന് വ്യതിയാനം വരുന്ന തരത്തിൽ തയ്യാറാക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണമാണ് തെർമിസ്റ്റർ. തകിട്, ദണ്ഡ്, വാഷർ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിൽ നിർമ്മിക്കാം. ലോഹ (ഉദാ. കോബാൾട്ട്) ഓക്സൈഡുകളുടെ മിശ്രിതം ഉപയോഗിച്ചാണ് തെർമിസ്റ്റർ പരിപഥം തയ്യാറാക്കുന്നത്.
തെർമിസ്റ്ററിന്റെ പ്രതിരോധത്തിൽ വരുത്തേണ്ട മാറ്റത്തെ ആശ്രയിച്ചാണ് ഓക്സൈഡ് മിശ്രിതത്തിന്റെ ചേരുവ നിർണയിക്കുന്നത്. പരിപഥത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി സൃഷ്ടിക്കുന്ന താപനം, പരിസരോഷ്മാവിലെ വർധന എന്നിവയ്ക്കനുസരിച്ച് തെർമിസ്റ്ററിന്റെ താപനിലയും അതിനനുസരിച്ച് അതിന്റെ വൈദ്യുതപ്രതിരോധവും വ്യത്യാസപ്പെടുന്നു. (തെർമിസ്റ്ററല്ലാത്ത സാധാരണ പ്രതിരോധകങ്ങളിൽ (Resistor) അവയുടെ പ്രതിരോധം, താപനിലയ്ക്കനുസരിച്ച് മാറാതെ, കഴിയുന്നത്ര സ്ഥിരമാക്കി നിർമ്മിക്കാനാണു് നിർമ്മാതാക്കൾ ശ്രദ്ധിക്കുക.)
താപവർധനയ്ക്ക് നേരനുപാതത്തിലോ വിപരീതാനുപാതത്തിലോ തെർമിസ്റ്ററിന്റെ പ്രതിരോധം വ്യത്യാസപ്പെടുന്നു. താപനില കൂടും തോറും പ്രതിരോധവും കൂടുന്ന തരം തെർമിസ്റ്ററിനെ ധനതാപാങ്ക തെർമിസ്റ്റർ (positive temperature coefficient (PTC) thermistor അഥവാ PTC Thermistor)(പോസിസ്റ്റർ) എന്നും വിപരീതാനുപാതത്തിൽ(അതായത് താപനില കൂടും തോറും പ്രതിരോധം കുറഞ്ഞുവരുന്ന തരത്തിനെ) ഋണതാപാങ്ക തെർമിസ്റ്റർ (Negative temparature Coefficient അഥവാ NTC Thermistor) എന്നും പറയുന്നു. സാധാരണ നാം ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ വ്യാപകമായി ഉപയോഗത്തിലുള്ളതു് ഋണതാപാങ്ക തെർമിസ്റ്ററുകളാണു്.
തെർമിസ്റ്ററുകൾ ഏറ്റവും പ്രാധാന്യത്തോടെ ഉപയോഗിക്കുന്നതു് കൃത്യമായ താപനില പുലർത്തേണ്ട താപപ്രധാനമായ ഉപകരണങ്ങളിലാണു്. വളരെ വിശാലമായ ഒരു പരിധിക്കുള്ളിൽ (സാധാരണ -50℃ മുതൽ 300℃ വരെ) രേഖീയമായി ( സ്ഥിരാനുപാതികമായി) പ്രവർത്തിക്കാൻ ഇവയ്ക്കു കഴിയും. (താപനില ഉയർന്നതായാലും താഴ്ന്നതായാലും, ഓരോ ഡിഗ്രി മാറുമ്പോഴും പ്രതിരോധം അതേ അനുപാതത്തിൽ തന്നെ മാറിക്കൊണ്ടിരിക്കുന്നതിനെയാണു് ഇവിടെ സ്ഥിരാനുപാതികം എന്നതുകൊണ്ടുദ്ദേശിക്കുന്നതു്.)
കൃത്യമായി താപനില അളന്നെടുക്കുക എന്നതു കൂടാതെ, വാതക പ്രവാഹ നിരക്ക്, കാറ്റിന്റെ, ദ്രാവക പ്രതലത്തിന്റെ ഉയരം, റേഡിയോ ആവൃത്തിയിലുള്ള വൈദ്യുത തുടങ്ങിയവ തിട്ടപ്പെടുത്തൽ; പവർ സപ്ലൈ പോലുള്ള വൈദ്യുതസർക്യൂട്ടുകളിൽ ഓൺ ചെയ്യുന്ന സമയത്തെ അമിതമായ വൈദ്യുതപ്രാവാഹത്തെ തടയൽ, വൈദ്യുത റിലേ, വൈദ്യുത മോട്ടോർ തുടങ്ങിയ ഉപകരണങ്ങളുടെ പ്രവർത്തനത്തിന് സമയ മാന്ദ്യം സൃഷ്ടിക്കൽ; വൈദ്യുത പരിപഥത്തിൽ ക്രമാനുഗതമായി ഊർജ്ജോപഭോഗം ഏറുന്നത് തടയൽ എന്നിവയ്ക്കാണ് തെർമിസ്റ്ററുകൾ പ്രധാനമായും പ്രയോജനപ്പെടുന്നത്.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തെർമിസ്റ്റർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |