ടെർഷ്യറി

(Tertiary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കല്പം. ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച് 1.5 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അവസാനിച്ച കല്പമാണിത്. മീസോയോസിക് ശിലാസഞ്ചയങ്ങൾക്കുമേൽ കാണപ്പെടുന്ന താരതമ്യേന പ്രായംകുറഞ്ഞ ശിലാസമൂഹത്തെയും 'ടെർഷ്യറി' എന്ന സംജ്ഞയിൽ വിവക്ഷിക്കാറുണ്ട്. ടെർഷ്യറി കല്പത്തെ പാലിയോസീൻ, ഇയോസീൻ, ഒലിഗോസീൻ, മയോസീൻ, പ്ലിയോസീൻ എന്നിങ്ങനെ 5 യുഗങ്ങളായും ഓരോ യുഗത്തേയും നിരവധി ഘട്ടങ്ങളായും (stages) വിഭജിച്ചിരിക്കുന്നു. പാലിയോസീൻ, ഇയോസീൻ, ഒലിഗോസീൻ യുഗങ്ങളെ പൊതുവേ പാലിയോജീൻ എന്നും മയോസീൻ, പ്ലിയോസീൻ യുഗങ്ങളെ പൊതുവേ നിയോജീൻ എന്നും വർഗീകരിക്കാറുണ്ട്.

പൊതുവേ ഉപരിതല സ്വഭാവം പ്രദർശിപ്പിക്കുന്നതാണ് ടെർഷ്യറി ശിലാസമൂഹങ്ങൾ അഥവാ നിക്ഷേപങ്ങൾ. കനംകൂടിയ ഉപരിതല സമുദ്ര-വൻകര നിക്ഷേപങ്ങൾ ടെർഷ്യറി നിക്ഷേപങ്ങൾക്ക് ഉദാഹരണമാണ്. വ. അമേരിക്കയിൽ ടെർഷ്യറി സമുദ്രനിക്ഷേപങ്ങൾ അത്ലാന്തിക്, പസിഫിക്, ഗൾഫ് തീരപ്രദേശങ്ങളിൽ ഇടുങ്ങിയ വലയംപോലെ കാണപ്പെടുന്നു. പശ്ചിമ യു.എസ്സിലും മഹാസമതലത്തിലുമാണ് ടെർഷ്യറി വൻകരനിക്ഷേപങ്ങൾ ഉപസ്ഥിതമായിട്ടുള്ളത്. വ. അമേരിക്കയുടെ പ., വ. പടിഞ്ഞാറൻ മേഖലകളിൽ 'ടെർഷ്യറി' ആഗ്നേയശിലകൾ അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു.

ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പർവത രൂപീകരണ പ്രക്രിയയും, ഭൂവല്ക്ക ചലനങ്ങളും അഗ്നിപർവതവിസ്ഫോടനങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത് ടെർഷ്യറിയിലാണ്. വൻകരവിസ്ഥാപനം ഇന്നത്തെ നിലയിൽ ക്രമീകരിക്കപ്പെട്ടതും ടെർഷ്യറിയിൽ തന്നെ. അന്ത്യക്രിട്ടേഷ്യസിൽ അരങ്ങേറിയ 'ലറാമിഡെ' (laramide) പർവതനം ഇയോസീനിലും തുടർന്നു. ബ്രിട്ടീഷ് കൊളംബിയയിലെ 'കോസ്റ്റ്നിര'കളിലും സിയറനെവൊദയിലും ജുറാസിക്കിന്റെ അന്ത്യത്തിൽ ആരംഭിച്ച പർവതരൂപീകരണപ്രക്രിയയും ടെർഷ്യറിയിലും ആവർത്തിച്ചു. ടെർഷ്യറി പർവതന പ്രക്രിയയുടെ ഫലമായി ആൽപ്സ്, ആൻഡിസ്, ഹിമാലയം എന്നീ പർവതങ്ങൾ രൂപംകൊണ്ടു. മധ്യമയോസീനോടെ ഹിമാലയൻ പർവതനം അതിന്റെ പാരമ്യതയിലെത്തി. എന്നാൽ ഹിമാലയൻ പർവതരൂപീകരണത്തിന് നിദാനമായ ടെക്ടോണിക് പ്രവർത്തനങ്ങൾ ക്വാട്ടെർനറി കല്പത്തിലെ പ്ളിസ്റ്റോസീൻ ഹിമയുഗംവരെ സജീവമായി നിലനിന്നു.

ഭൂമി അതിന്റെ ഇന്നത്തെ ബാഹ്യരൂപം, പ്രത്യേകിച്ചും വൻകരകളുടെ ആകൃതി, സ്ഥാനം എന്നിവ ക്രമീകരിച്ചത് ടെർഷ്യറിയിലാണ്. ടെഥിസിന്റെ തിരോധാനവും ഹിമാലയത്തിന്റെ രൂപീകരണവുമായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തെ സ്വാധീനിച്ച നിർണായക ടെർഷ്യറി പ്രതിഭാസങ്ങൾ. ഇന്ത്യൻഫലകത്തിന്റെ വടക്കോട്ടുള്ള സ്ഥാനചലനവും ഏഷ്യൻഫലകവുമായുണ്ടായ കൂട്ടിമുട്ടലുമാണ് ഹിമാലയൻ പർവതരൂപീകരണത്തിനു നിദാനമായത്. മയോസീന്റെ അന്ത്യംവരെ 'ബെറിംഗ് സ്ട്രയ്റ്റ്' മേഖലവഴി ആർട്ടിക്മേഖലയെ ബന്ധിപ്പിച്ചിരുന്ന കടൽഭാഗം രൂപപ്പെട്ടിരുന്നില്ല. മയോസീനിനുശേഷം ലഘുവായിമാത്രം രൂപപ്പെട്ട കടൽ പ്ലിയോസീനിന്റെ അന്ത്യത്തോടെ അപ്രത്യക്ഷമായി. പാലിയോസീനിലെയും ഇയോസീനിലെയും മൃദുവായ കാലാവസ്ഥ ഒലിഗോസീനോടെ തണുത്ത കാലാവസ്ഥയ്ക്കു വഴിമാറി. മധ്യമയോസീനിലെ ക്ഷണികമായ മിതോഷ്ണ കാലാവസ്ഥയ്ക്കുശേഷം പ്ളിസ്റ്റോസീനിലെ ഹിമാനീകരണത്തിന്റെ പ്രാരംഭംവരെ തണുപ്പ് വർധിച്ചുകൊണ്ടേയിരുന്നു. മയോസീനിന്റെ ആരംഭത്തിനുമുമ്പുതന്നെ അന്റാർട്ടിക്കയിൽ ഹിമാനീകരണം ആരംഭിച്ചുകഴിഞ്ഞിരുന്നു.

സീനോസോയിക് മഹാകല്പത്തിലാണ് ഭൂമിശാസ്ത്രപരമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ബാഹ്യാകാരസവിശേഷതകൾ ക്രമീകരിക്കപ്പെട്ടത്. വ്യാപകമായ ലാവാ പ്രവാഹം, വ. പടിഞ്ഞാറൻ മേഖലയിലുണ്ടായ കടൽകയറ്റം, ഹിമാലയൻ നൗകാശയത്തിലെ അസ്ഥിരത എന്നിവ ഉപഭൂഖണ്ഡത്തിന്റെ ടെർഷ്യറി ടെക്ടോണിക ചരിത്രത്തിന്റെ സവിശേഷതകളാണ്. അറേബ്യൻകടലിനെയും ബംഗാൾ ഉൾക്കടലിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലിയോസീൻ കടൽഭാഗം ഇയോസീനിന്റെ ആരംഭത്തോടെ പടിഞ്ഞാറോട്ടും കിഴക്കോട്ടും പിൻവാങ്ങി. ടെർഷ്യറിയുടെ അന്ത്യംവരെ ഈ കടൽ പിന്മാറ്റം സജീവമായി തുടർന്നു. ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ, തെക്കൻ മേഖലകളിൽ ഇയോസീനിലുടനീളം ഭാഗികമായി കടൽകയറ്റം തുടരുകയും പ്ലിയോസീനോടെ കടൽ പിൻവാങ്ങാനാരംഭിക്കുകയും ചെയ്തു. ടെര്ഷ്യറി ജന്തുലോകം

ടെർഷ്യറിയിലെ പ്രധാന പർവതരൂപീകരണങ്ങളിൽ ഒന്നാണ് ഹിമാലയൻ പർവതനം. തുടർച്ചയായ അഞ്ചു ഘട്ടങ്ങളിലൂടെയാണ് ഹിമാലയപർവതനം അതിന്റെ പരിപൂർണതയിൽ എത്തിയത്. നിരവധി ഭൂവല്ക്കചലനങ്ങളും ഉത്ഥാനങ്ങളും ഉൾപ്പെടുന്നതാണ് ഹിമാലയൻ പർവതനപ്രക്രിയ, അന്ത്യക്രിട്ടേഷ്യസ്-പൂർവ ഇയോസീൻ യുഗങ്ങളിലാണ് ആദ്യഘട്ടചലനങ്ങൾ അരങ്ങേറിയത്. പ്രഥമചലനങ്ങളെ അനുഗമിച്ചുണ്ടായ അഗ്നിപർവതവിസ്ഫോടനം സൃഷ്ടിച്ച 'ഇൻഡസ് ഒഫിയോലൈറ്റ്സ്' നിക്ഷേപങ്ങൾ ഹിമാലയത്തിന്റെ വടക്കൻ അതിർത്തിയിൽ ഉപസ്ഥിതമായിരിക്കുന്നു. ആദ്യഘട്ട ഉത്ഥാനത്തിന്റെ ഫലമായി ടെഥിസ് സമുദ്രം ഇടുങ്ങിയ തിട്ടകളും നൗകാശയങ്ങളുമായി ചുരുങ്ങുകയും നൗകാശയങ്ങളിൽ അവസാദനിക്ഷേപണം ആരംഭിക്കുകയും ചെയ്തു. പാലിയോസീനിലെ അവസാദശിലാസ്തരങ്ങൾ ലഡാക്കിലും തെക്കൻ ഹിമാലയത്തിലും കാണപ്പെടുന്നു. പാലിയോസീൻ-പൂർവ ഇയോസീൻ കാലഘട്ടത്തിൽ ട്രാൻസ്ഹിമാലയൻ മേഖലയിലുണ്ടായ 'ബാതൊലിഥിക്' പ്രവേശം ട്രാൻസ്ഹിമാലയൻ നിരകളുടെ ഉത്ഥാനത്തിന് കാരണമായിത്തീർന്നു.

അന്ത്യ ഇയോസീനിലാണ് രണ്ടാംഘട്ട ഹിമാലയൻ ഉത്ഥാനപ്രക്രിയ അരങ്ങേറിയത്. ഈ ഘട്ടത്തിൽ ടെഥിയൻ ഹിമാലയൻമേഖല ഒരു ഭൂഭാഗമായി ഉയർത്തപ്പെട്ടു. കടലിന്റെ പിൻവാങ്ങൽ ലെസർ ഹിമാലയൻ മേഖലയുടെ ആഴം കുറച്ചുകൊണ്ടിരുന്നു. മധ്യമയോസീനിലാണ് ഹിമാലയൻ പർവതനത്തിലെ ഏറ്റവും പ്രകടവും ശക്തവുമായ ഉത്ഥാനം ഉണ്ടായത്. ഹിമാലയൻ പർവതനിരകൾക്കു സമാന്തരമായി ലെസർ ഹിമാലയൻ മേഖലയിലെ ശിലകൾ വലനപ്രക്രിയയ്ക്കു വിധേയമായി ഉയർത്തപ്പെട്ടു. മധ്യമയോസീനിലുണ്ടായ മൂന്നാംഘട്ട ഉത്ഥാനം, ഉയർന്നുകൊണ്ടിരുന്ന ഹിമാലയത്തിനും ഉപഭൂഖണ്ഡത്തിന്റെ 'പ്ളേറ്റ് ടെക്ടോണിക്' സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ, ഹിമാലയപർവതനം ഇൻഡ്യൻ ഫലകത്തിന്റെ വടക്കോട്ടുള്ള വിസ്ഥാപനത്തിന്റെയും, ഏഷ്യൻഫലകവുമായുണ്ടായ സമാഘാതത്തിന്റെയും പരിണതഫലമാണ്. ഗോണ്ട്വാന വൻകരയ്ക്ക് ജുറാസിക്കിലുണ്ടായ ശിഥിലീകരണവും പ്രോട്ടോ ഇന്ത്യൻ സമുദ്രത്തിന്റെ ആവിർഭാവവുമാണ് ഇന്ത്യൻ ഫലകത്തിന്റെ വിസ്ഥാപനത്തിനു തുടക്കം കുറിച്ചത്. പാലിയോസീനിൽ ഇത് ഏറ്റവും ദ്രുതഗതിയിലായിരുന്നെന്ന് ഇന്ത്യൻ സമുദ്രാടിത്തട്ടിലെ പുരാകാന്തതാപഠനങ്ങൾ സമർഥിക്കുന്നു. ഈ ഘട്ടത്തിലാണ് അഗ്നിപർവത വിസ്ഫോടനം ഉപഭൂഖണ്ഡത്തിലുടനീളം ലാവാപ്രവാഹം സന്നിവേശിപ്പിച്ചത്. അന്ത്യ ഇയോസീനിൽ ഇന്ത്യൻ-ഏഷ്യൻ ഫലകങ്ങളുടെ കൂട്ടിമുട്ടൽ സംജാതമായി.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, ഹിമാലയൻ, അറാകൻ പർവതങ്ങൾ, കച്ച്-സൗരാഷ്ട്രാഭാഗങ്ങളുടെ നൗകാശയതട്ടുകൾ, പശ്ചിമരാജസ്ഥാൻ, തിരുച്ചിറപ്പള്ളി-പോണ്ടിച്ചേരി മേഖലകൾ, കേരളത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശം എന്നിവിടങ്ങളിലാണ് ടെർഷ്യറി നിക്ഷേപങ്ങൾ ഉപസ്ഥിതമായിട്ടുള്ളത്. ഹിമാലയൻ ശ്രേണി രണ്ടു സമാന്തരവലയങ്ങളായാണ് അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുള്ളത്.

മീസോസോയിക് മഹാകല്പത്തിന്റെ പരിസമാപ്തിയിൽ ജീവിവർഗങ്ങൾ മറ്റൊരു പ്രധാന പരിവർത്തനഘട്ടത്തിന് വിധേയമായി. കരയിലെ ഉരഗങ്ങൾ ഉൾപ്പെടെയുള്ള ജന്തുവർഗങ്ങളിൽ ഭൂരിഭാഗവും മീസോസോയിക്-സീനോസോയിക് പരിവർത്തനഘട്ടത്തിൽ ഉണ്ടായ പാരിസ്ഥിതിക വ്യതിയാനങ്ങളെ അതിജീവിക്കാനാവാതെ വംശനാശത്തിലേക്ക് കൂപ്പുകുത്തി. മീസോസോയിക്കിലെ ഉരഗങ്ങളുടെ സ്ഥാനം സീനോസോയിക്കിൽ സസ്തനികൾ, പക്ഷികൾ, ഷഡ്പദങ്ങൾ എന്നിവ കൈയടക്കി. ടെർഷ്യറിയിൽ നിരവധി സസ്തനിവർഗങ്ങൾ പരിണമിക്കുകയും വ്യാപിക്കുകയും ചെയ്തു. ചില ജീവിവർഗങ്ങൾ പരിണാമത്തിന്റെ പാരമ്യതയിലെത്തുകയും മയോസീൻ-പ്ലിയോസീൻ യുഗാന്ത്യത്തോടെ വംശനാശം പ്രാപിക്കുകയും ചെയ്തു.

മീസോസോയിക്സമുദ്രത്തിലെ പ്രധാനപ്പെട്ട ചില അകശേരുകിവർഗങ്ങൾ പാലിയോസീനിന്റെ ആരംഭത്തിനു മുൻപുതന്നെ തിരോഭവിക്കപ്പെട്ടിരുന്നു. ചില പാലിയോസീൻ അകശേരുകികൾ വൻകരകളിലുടനീളം വ്യാപിക്കപ്പെട്ടപ്പോൾ ചിലത് പരിമിത പരിതഃസ്ഥിതികളെ മാത്രം അതിജീവിച്ചു. ഫൊറാമിനിഫെറുകളും മൊളസ്ക്കകളുമായിരുന്നു ടെർഷ്യറിയിലെ സമുദ്ര അകശേരുകികളിൽ പ്രധാനം. ഫൊറാമിനിഫെറുകൾ വിവിധ ദിശകളിലൂടെ പരിണാമത്തിന്റെ അത്യുന്നതിയിലെത്തി. ധാരാളം ജീവിവർഗങ്ങൾക്ക് വലിപ്പവർധനവുണ്ടായി. (ഉദാ: നുമ്മുലൈറ്റ്സ്, 2.5 മുൽ 5 സെ.മീ.) നുമ്മുലൈറ്റ്സും ഡിസ്കോസൈക്ലി നയുമായിരുന്ന പാലിയോസീൻ, ഇയോസീൻ യുഗങ്ങളിലെ വലിപ്പംകൂടിയ ഫെറാമിനിഫെറകൾ. ഡിസ്കോ സൈക്ലിനിയകൾ അന്ത്യ ഇയോസീനിൽ ലെപിഡോസൈക്ലിനകളാൽ പുനഃ സ്ഥാപിക്കപ്പെട്ടു. പൂർവമയോസീനിൽ സമ്പുഷ്ടമായിരുന്ന ലെപിഡോസൈക്ലിന ഇയോസീന്റെ അന്ത്യംവരെ നിലനിന്നു. ചെറിയവയിൽ ഗ്ലോബിജെറിന ഗണത്തിനായിരുന്നു പ്രാമുഖ്യം.

സമുദ്ര അകശേരുകികളായ ഗാസ്ട്രൊപോഡുകൾ, പെലിസി പോഡുകൾ എന്നിവയ്ക്കും ടെർഷ്യറിയിൽ നിർണായകമാംവിധം പരിണാമം സംഭവിച്ചു. പെലിസിപോഡുകളിൽ വമ്പൻ വെനെറികാർഡ്, ഓയിസ്റ്റർ, പെക്റ്റൺ എന്നിവ ടെർഷ്യറിയിൽ പ്രാമുഖ്യം നേടിയെടുത്തു. പാലിയോസീൻ, ഇയോസീൻ യുഗങ്ങളിൽ സമ്പുഷ്ടമായിരുന്ന നോട്ടിലോയിഡുകൾ (Nautiloids) മയോസീൻ, പ്ലിയോസീൻ യുഗങ്ങളിൽ അപ്രത്യക്ഷമായി. ക്രമ, ക്രമരഹിത എക്കനോയ്ഡുകൾ ടെർഷ്യറിയിലാണ് ആവിർഭവിക്കപ്പെട്ടത്. ബ്രയോസോവകളുടേയും പവിഴങ്ങളുടേയും ഫോസിലുകൾ ടെർഷ്യറിനിക്ഷേപങ്ങളിൽ പരിമിതമാണ്.

ആധുനിക ഗണത്തിൽപ്പെട്ട പക്ഷികൾ, ലിമറുകൾ എന്നിവ പാലിയോസീൻ കശേരുകി റിക്കാർഡിന്റെ സവിശേഷതയാണ്. പാലിയോസീനിൽ ഉരഗങ്ങൾ വിരളമായിരുന്നു. ചീങ്കണ്ണികൾ, കടലാമകൾ എന്നിവയാണ് പാലിയോസീനിൽ ഉരഗങ്ങളെ പ്രതിനിധാനം ചെയ്തത്. കുരങ്ങിന്റെ പൂർവികൻ, വളഞ്ഞ വാളാകൃതിയിലുള്ള പല്ലുകളോടുകൂടിയ പൂച്ച, സാധാരണ പൂച്ച, പട്ടി എന്നിവ ഒലിഗോസീനിൽ പ്രത്യക്ഷപ്പെട്ടു. മയോസീനിൽ സസ്യഭോജികളായ സസ്തനികൾക്ക് ദ്രുതഗതിയിലുള്ള പരിണാമം സംഭവിച്ചു. പ്ലിയോസീനിൽ എത്തിയപ്പോഴേക്കും സസ്തനികൾ പരിണാമത്തിന്റെ ഉന്നതിയിലെത്തി. പ്ലിയോസീനിലെ മനുഷ്യപൂർവികജീവി പ്ലിസ്റ്റോസീനിൽ ഹോമോ സാപിയൻസ് ആയി പരിണമിച്ചെന്നു കരുതപ്പെടുന്നു. അസ്ഥിമത്സ്യങ്ങൾ, സ്രാവ്, ആഴക്കടൽ തിമിംഗിലം എന്നിവയാണ് ടെർഷ്യറിയിലെ മുഖ്യ സമുദ്രകശേരുകികൾ.

സസ്യഗണത്തിൽ ആവൃതബീജികൾക്കും കോണിഫെറുകൾക്കുമായിരുന്നു ടെർഷ്യറിയിൽ പ്രാമുഖ്യം. കോണിഫെറുകളിൽ പൈൻ, ഫെർ, സിഡാർ, സൈപ്രസ് മുതലായവ ഉൾപ്പെടുന്നു. മീസോസോയിക്കിൽ അജ്ഞാതമായിരുന്ന പച്ചപ്പുൽ വർഗങ്ങൾ ടെർഷ്യറിയിൽ ക്രമേണ വളർന്നുവരികയും മൃഗങ്ങളുടെ ഭക്ഷണമായിത്തീരുകയും ചെയ്തു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെർഷ്യറി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെർഷ്യറി&oldid=3752842" എന്ന താളിൽനിന്ന് ശേഖരിച്ചത്