ടാസ്

(Telegraph Agency of the Soviet Union എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുൻ സോവിയറ്റ് യൂണിയനിലെ ഔദ്യോഗിക വാർത്താ ഏജൻസിയാണ്‌ ടെലിഗ്രാഫ് ഏജൻസി ഒഫ് സോവിയറ്റ് യൂണിയൻ അഥവ ടാസ് (Telegraph Agency of the Soviet Union).

മോസ്കോയിലെ ടാസ് ഔദ്യോഗിക ആസ്ഥാനം

ചരിത്രം

തിരുത്തുക

റഷ്യൻ വാർത്താ ഏജൻസിയായിരുന്ന 'റോസ്റ്റ'യുടെ സ്ഥാനത്ത് 1925-ലാണ് ടാസ് നിലവിൽ വന്നത്. 1917-ലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ളവത്തെത്തുടർന്ന്, ലെനിനാണ് റോസ്റ്റയ്ക്കു രൂപം നൽകിയത്. കൂടുതൽ ഏകീകൃതവും കേന്ദ്രീകൃതവുമായ ഒരു വാർത്താവിതരണ ശൃംഖലയെന്ന ആശയമാണ്, ടാസ് എന്ന ഔദ്യോഗിക ഏജൻസിയുടെ രൂപീകരണത്തിനു പിന്നിലുണ്ടായിരുന്നത്. സോവിയറ്റ് യൂണിയനിലേക്കും പുറത്തേക്കുമുള്ള വിവരങ്ങളുടെ പ്രവാഹത്തെ നിയന്ത്രിക്കുകയും സെൻസറിങിനു വിധേയമാക്കുകയും ചെയ്യുന്ന 'ദ്വാരപാലകൻ' എന്നാണ് ടാസ് അറിയപ്പെട്ടിരുന്നത്. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഗവൺമെന്റിന്റെയും നയങ്ങൾക്ക് ദേശീയ-അന്തർദേശീയപ്രചാരം നൽകുന്ന കുത്തക ഏജൻസിയായിരുന്നു ടാസ്. വാർത്താ ഏജൻസി എന്നതിനു പുറമേ, സോവിയറ്റ് രഹസ്യാന്വേഷണ സംവിധാനത്തിന്റെ ഭാഗമായും ടാസ് പ്രവർത്തിച്ചിരുന്നു. ലേഖകന്മാരുടെ സാർവദേശീയ ശൃംഖലയിലൂടെ, സോവിയറ്റ് രഹസ്യാന്വേഷണ സംഘടനയ്ക്കാവശ്യമായ വിവരങ്ങളും ഇത് ശേഖരിച്ചിരുന്നു. അതീവ രഹസ്യമായ ഒരു വിവര സമാഹരണ സംവിധാനംതന്നെ ടാസിനുണ്ടായിരുന്നു. കമ്യൂണിസ്റ്റുപാർട്ടിയുടെ ഉന്നത നേതാക്കൾക്കു മാത്രമേ അത്തരം വിവരങ്ങൾ അന്നു ലഭ്യമായിരുന്നുള്ളു.

സോവിയറ്റ് തകർച്ചയ്ക്കു ശേഷം

തിരുത്തുക

1992 ജനുവരിയിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം അന്നത്തെ റഷ്യൻ പ്രസിഡന്റായിരുന്ന ബോറിസ് യെൽസിൻ തന്റെ ഔദ്യോഗിക അധികാരം ഉപയോഗിച്ച് ടാസ്സിന്റെ അധികാര പരിധി പുനർനിർവചിക്കുകയും ഇൻഫർമേഷൻ ടെലിഗ്രാഫ് ഏജൻസി ഓഫ് റഷ്യ എന്ന് പുനർ നാമകരണം നടത്തുകയും ചെയ്തു.ചുരുക്കപ്പേരായി ടാസ് നില നിർത്തി.
ഇപ്പോൾ സ്റ്റേറ്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായി പ്രവർത്തിക്കുന്നു.വെബ്സൈറ്റിലെ വിവര പ്രകാരം പ്രതി ദിനം മുന്നൂറോളം പത്രങ്ങൾക്ക് വിവരങ്ങൾ നൽകുന്നുണ്ട്.രാജ്യത്തിനകത്ത് എഴുപത്തി നാലോളം ബ്യൂറോകളും 62 രാജ്യങ്ങളിലായി 65 ബ്യൂറോകളുമുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാസ്&oldid=3297568" എന്ന താളിൽനിന്ന് ശേഖരിച്ചത്