ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
വിവിധ ശാസ്ത്രവിഷയങ്ങളിൽ അടിസ്ഥാന ഗവേഷണം നടത്തുന്ന ഭാരതീയ സ്ഥാപനമാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ടി.ഐ.എഫ്.ആർ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നു. ലോകത്തിലേതന്നെ മികച്ച ഗവേഷണ കേന്ദ്രങ്ങളിലൊന്നായ ഇവിടെ ഭൗതികം, ജൈവശാസ്ത്രം, രസതന്ത്രം, ഗണിതം, കമ്പ്യൂട്ടർ സയൻസ് , ശാസ്ത്ര വിദ്യാഭ്യാസം എന്നിവയിലെല്ലാം അടിസ്ഥാന ഗവേഷണം നടക്കുന്നുണ്ട്.
തരം | കൽപ്പിത സർവ്വകലാശാല |
---|---|
സ്ഥാപിതം | ജൂൺ 1, 1945 |
ഡയറക്ടർ | പ്രൊ. സന്ദീപ് പി. ത്രിവേദി |
സ്ഥലം | മുംബൈ, ഇന്ത്യ |
ക്യാമ്പസ് | നാഗരികം |
വെബ്‌സൈറ്റ് | www |
ചരിത്രം
തിരുത്തുക'ഭാരതത്തിന്റെ അണുശാസ്ത്രഗവേഷണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ഡോ. ഹോമി ജെ. ഭാഭ 1943-ൽ വ്യവസായ പ്രമുഖനായ ജെ.ആർ.ഡി.ടാറ്റയ്ക്ക് എഴുതിയ ഒരു കത്തിൽനിന്നാണ് ടി.ഐ.എഫ്. ആറിന്റെ തുടക്കം. അടിസ്ഥാന ഗവേഷണത്തിന് ഒരു സ്ഥാപനം തുടങ്ങാൻ സഹായിക്കണമെന്ന അഭ്യർഥനയായിരുന്നു കത്തിന്റെ ഉള്ളടക്കം. 'സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റി'ന്റെ ചെയർമാന് പ്രോജക്റ്റ് സമർപ്പിക്കാൻ ടാറ്റാ നിർദ്ദേശിച്ചു. പ്രസ്തുത ട്രസ്റ്റിന്റെയും ബോംബെ പ്രസിഡൻസി ഗവൺമെന്റിന്റെയും ധനസഹായത്തിനുള്ള തീരുമാനമായതോടെ 1945 ജൂൺ 1-ാം തീയതി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു. ഭാഭ അന്നു പ്രവർത്തിച്ചുകൊണ്ടിരുന്ന ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസിലെ കോസ്മിക് റേ ഗവേഷണ വിഭാഗത്തിലായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടക്കം. ആറുമാസത്തിനകം അത് ഭാഭയുടെ ജന്മഗൃഹമായ ബോംബെയിലെ കെനിൽവർത്തിലേക്കു മാറ്റി. 1949 മുതൽ 'ഗേറ്റ് വേ ഒഫ് ഇന്ത്യ'യ്ക്കു സമീപമുള്ള റോയൽ ബോംബെ യാട്ട് ക്ലബ്ബിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചിരുന്നത്. പിന്നീട് നേവി നഗറിൽ 6.075 ഹെ. സ്ഥലത്ത് ടി.ഐ.എഫ്.ആറിന്റെ ആസ്ഥാനമന്ദിരം പണിതീർത്തു. 1962 ജനു. 15-ന് അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു പ്രസ്തുത കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു. സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ്, ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിൽ (C.S.I.R.), ഭാരതസർക്കാരിന്റെ പ്രകൃതി വിഭവത്തിനും ശാസ്ത്രഗവേഷണത്തിനുമുള്ള മന്ത്രാലയം എന്നിവയുടെ സഹായം തുടക്കംമുതൽതന്നെ ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചുവന്നു. 1953 മുതൽ അണുശക്തി കമ്മീഷൻ അണുശാസ്ത്രത്തിലെ അടിസ്ഥാന ഗവേഷണത്തിനുള്ള കമ്മീഷന്റെ ലബോറട്ടറിയായി ടി.ഐ.എഫ്.ആറിനെ അംഗീകരിച്ചു. ഭാരതസർക്കാരും ബോംബെ സംസ്ഥാന സർക്കാരും സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും ചേർന്ന് 1955-ൽ അംഗീകരിച്ച കരാറനുസരിച്ച് അണുശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും അടിസ്ഥാന ഗവേഷണത്തിനും പഠനത്തിനുമുള്ള ഭാരതസർക്കാരിന്റെ ഒരു ദേശീയ കേന്ദ്രമായി ടി.ഐ.എഫ്.ആർ. അംഗീകരിക്കപ്പെട്ടു. ഇന്ന് ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ട ഫണ്ടുകൾ നൽകുന്നത് ഭാരത സർക്കാരാണ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണം നടത്തുന്നതിന് ഒരു ഡയറക്ടറും നയപരിപാടികൾ തീരുമാനിക്കുന്നതിന് ഒരു മാനേജ്മെന്റ് കൗൺസിലും നിലവിലുണ്ട്. സ്കൂൾ ഒഫ് ഫിസിക്സ്, സ്കൂൾ ഒഫ് മാത്തമാറ്റിക്സ് എന്നീ രണ്ടു ഫാക്കൽറ്റികൾ അക്കാദമിക രംഗത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.
ഗവേഷണ പ്രവർത്തനങ്ങൾ
തിരുത്തുകഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യകാലത്തെ പ്രവർത്തനങ്ങൾ കോസ്മിക് റേ, ഹൈ എനർജി ഫിസിക്സ്, തിയററ്റിക്കൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിലെ ഗവേഷണത്തിലായിരുന്നു. ഡോ. ഭാഭയ്ക്ക് താത്പര്യമുള്ള വിഷയങ്ങളായിരുന്നു ഇവ. 1950-ൽ പ്രൊ. കെ. ചന്ദ്രശേഖരനും പ്രൊ. കെ. ജി. രാമനാഥനും ചേർന്ന് സ്കൂൾ ഒഫ് മാത്തമാറ്റിക്സ് ആരംഭിച്ചു. പിന്നീട് അണുശക്തി കമ്മീഷനെ സഹായിക്കുന്നതിനായി ഒരു ഇലക്ട്രോണിക്സ് ഗ്രൂപ്പും പ്രവർത്തനമാരംഭിച്ചു. കമ്പ്യൂട്ടർ സാങ്കേതികരംഗത്തും ടി.ഐ.എഫ്.ആർ. ഭാരതത്തിനുവേണ്ട നേതൃത്വം നൽകി. ഭാരതത്തിലെ ആദ്യത്തെ കമ്പ്യൂട്ടറായ ടിഫ്രാക്ക് (Tifrac) രൂപകല്പന ചെയ്തു നിർമ്മിച്ചത് ഇവിടത്തെ ശാസ്ത്രജ്ഞരാണ്. പില്ക്കാലത്ത് പാർട്ടിക്കിൾ ആക്സിലറേറ്ററുകൾ, മൈക്രോവേവ് വാർത്താവിനിമയം, സോഫ് റ്റ് വെയർ ടെക്നോളജി, ശാസ്ത്രവിദ്യാഭ്യാസം എന്നീ മേഖലകളിൽ ഗവേഷണത്തിനും സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനുമുള്ള ഗ്രൂപ്പുകൾ ഇവിടെ പ്രവർത്തനമാരംഭിച്ചു. ഈ ഗ്രൂപ്പുകൾ പ്രസ്തുത വിഷയങ്ങളിൽ ഇന്ത്യയിൽ നിലവിൽ വന്ന പല സ്ഥാപനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്തു. 1997-ൽ നടപ്പാക്കിയ ഭരണസംവിധാനത്തിലെ പുനഃസംഘടനയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനത്തെ മൂന്നു പ്രധാന സ്കൂളുകളായി തിരിച്ചു: സ്കൂൾ ഒഫ് നാച്വറൽ സയൻസ്, സ്കൂൾ ഒഫ് മാത്തമാറ്റിക്സ്, സ്കൂൾ ഒഫ് ടെക്നോളജി ആൻഡ് കമ്പ്യൂട്ടർ സയൻസ്.
സ്കൂൾ ഒഫ് നാച്വറൽ സയൻസിൽ മുംബൈയിലുള്ള ഏഴു ഡിപ്പാർട്ട്മെന്റുകളും മൂന്ന് ടി.ഐ.എഫ്.ആർ. കേന്ദ്രങ്ങളും അഞ്ച് ഫീൽഡ് സ്റ്റേഷനുകളും ഉൾപ്പെടുന്നു. ഡിപ്പാർട്ട്മെന്റ് ഒഫ് ബയോളജിക്കൽ സയൻസസ്, ഡിപ്പാർട്ട്മെന്റ് ഒഫ് കെമിക്കൽ സയൻസസ്, ഡിപ്പാർട്ട്മെന്റ് ഒഫ് അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, ഡിപ്പാർട്ട്മെന്റ് ഒഫ് കണ്ടൻസ്ഡ് മാറ്റർ, ഫിസിക്സ് ആൻഡ് മെറ്റീരിയൽ ഫിസിക്സ്, ഡിപ്പാർട്ട്മെന്റ് ഒഫ് ഹൈ എനർജി ഫിസിക്സ്, ഡിപ്പാർട്ട്മെന്റ് ഒഫ് ന്യൂക്ളിയർ ആൻഡ് അറ്റോമിക് ഫിസിക്സ്, ഡിപ്പാർട്ട്മെന്റ് ഒഫ് തിയററ്റിക്കൽ ഫിസിക്സ് എന്നിവയാണ് ഡിപ്പാർട്ട്മെന്റുകൾ. ടി.ഐ.എഫ്.ആറിന്റെ മൂന്നു കേന്ദ്രങ്ങളാണ് മുംബൈയിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിദ്യാഭ്യാസത്തിനുള്ള ഹോമി ഭാഭ കേന്ദ്രം (ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷൻ), ബാംഗ്ളൂരിൽ പ്രവർത്തിക്കുന്ന ജൈവശാസ്ത്ര ദേശീയ കേന്ദ്രം (നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്), പൂനെയിലുള്ള നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സ് എന്നിവ. അടിസ്ഥാന പഠനത്തിനുള്ള ഫീൽഡ് സ്റ്റേഷനുകളാണ് പച്മാർഹിയിലെ ഹൈ എനർജി ഗാമാ റേ ഒബ്സർവേറ്ററി, ഊട്ടിയിലെ കോസ്മിക് റേ ലബോറട്ടറി, ഗൗരിബിഡനൂറിലെ ഗ്രാവിറ്റേഷൻ ലബോറട്ടറി, ഹൈദരാബാദിലെ അന്തരീക്ഷ പഠനത്തിനുള്ള ബലൂൺ ഫസിലിറ്റി, ടി.ഐ.എഫ്.ആറിൽത്തന്നെ പ്രവർത്തിക്കുന്ന എപ്പിഡമോളജി ആൻഡ് ഡന്റൽ റിസർച് എന്നിവ. ബന്ധപ്പെട്ട വിഷയങ്ങളിലെ ഏറ്റവും ആധുനികമായ മേഖലകളിലെല്ലാം ഇവിടങ്ങളിൽ ഗവേഷണം നടക്കുന്നുണ്ട്.
സ്കൂൾ ഒഫ് മാത്തമാറ്റിക്സ് മുംബൈയിലും ബാംഗ്ലൂർകേന്ദ്രത്തിലുമായി പ്രവർത്തിക്കുന്നു. സ്കൂൾ ഒഫ് ടെക്നോളജി ആൻഡ് കമ്പ്യൂട്ടർ സയൻസ് മുംബൈ കേന്ദ്രത്തിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ വികസിപ്പിച്ചെടുക്കുന്ന ആധുനികോപകരണങ്ങൾ മറ്റു ദേശീയ കേന്ദ്രങ്ങളുമായിച്ചേർന്ന് പല സ്ഥാപനങ്ങൾക്കും നൽകിവരുന്നു.
ശ്രദ്ധേയരായ ശാസ്ത്ര പ്രതിഭകൾ
തിരുത്തുകഡോ. ഹോമി ഭാഭയായിരുന്നു ടി.ഐ.എഫ്.ആറിന്റെ സ്ഥാപക ഡയറക്ടർ. അദ്ദേഹത്തിന്റെ നിര്യാണ(1966)ത്തെത്തുടർന്ന് പ്രൊ. എം.ജി.കെ. മേനോൻ 1975 വരെ ഡയറക്ടറായി. 1987 വരെ പ്രൊ. ബി.വി. ശ്രീകണ്ഠനും 1997 വരെ പ്രൊ. വീരേന്ദ്രസിങും ഡയറക്ടർമാരായി. ടി. ഐ. എഫ്. ആർ. 1996-ൽ സുവർണജൂബിലി ആഘോഷിച്ചു. പ്രൊ. ജയന്ത് നർലിക്കറെപ്പോലുള്ള പ്രശസ്ത ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ
തിരുത്തുകTIFR also includes institutes outside its main campus in Colaba and Mumbai:
- Homi Bhabha Centre for Science Education at Deonar, Mumbai
- National Centre for Radio Astrophysics at Pune
- National Centre for Biological Sciences at Bangalore
- TIFR Centre, Bangalore for Mathematics
- International Centre for Theoretical Sciences at Bangalore
- National Balloon Facility at Hyderabad
- TIFR Hyderabad (proposed center commencing in 2011)
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്‌സൈറ്റ്
- The Woodrow Wilson Center's Nuclear Proliferation International History Project "NPIHP has a set of primary source documents concerning the Tata Institute of Fundamental Research"
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ച് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ച് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |