ടാറിം തടം

(Tarim Basin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തര-പശ്ചിമ ചൈനയിലെ ഒരു നിമ്നതട പ്രദേശമാണ് ടാറിം തടം. സിങ്കിയാങ്-വ്വൈഗർ (Sinkiang-Uigur)[1] സ്വയം ഭരണ പ്രദേശത്തിന്റെ പകുതിയിലധികം ഭാഗത്തുവ്യാപിച്ചുകിടക്കുന്ന ടാറിം തടത്തിന് 1500 കി.മീറ്ററോളം നീളവും 480 കി.മീറ്ററോളം വീതിയുമുണ്ട്. ടിയെൻഷാൻ, കുൺലൂൺ, പാമിർ മലനിരകൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഈ സമതലത്തിന്റെ വിസ്തീർണം സു. 906,000 ച.കി.മീറ്ററാണ്.

ടാറിം തടം

ഭൂപ്രകൃതി

തിരുത്തുക
 
ടാറിം തടം 3-ആം നൂറ്റാണ്ടിൽ

1400 മുതൽ 790 മീ. വരെ ഉയരവ്യത്യാസത്തിൽ വടക്കുപടിഞ്ഞാറേയ്ക്കു ചരിഞ്ഞിറങ്ങുന്ന രീതിയിലാണ് ടാറിം തടത്തിന്റെ ഭൂപ്രകൃതി. ഇതിന്റെ ഭൂരിഭാഗം പ്രദേശത്തും ടക്ലമകാൻ മരുഭൂമി വ്യാപിച്ചുകിടക്കുന്നു. വിശാലമായ ഒരു മണലാരണ്യമാണ് ടക്ലമകാൻ. ഭൂമുഖത്തെ ഏറ്റവും കൂടുതൽ ഊഷരത അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നുമാണിത്. മണൽക്കൂനകളാണ് ഇതിന്റെ മുഖ്യ സവിശേഷത. ഇടയ്ക്ക് കളിമൺ പ്രദേശങ്ങളും കാണപ്പെടുന്നു. കടുത്ത ചൂടും കൊടുംതണുപ്പും ടാറിം തടത്തിലെ കാലാവസ്ഥാ പ്രത്യേകതകളാണ്. നീണ്ട വേനൽമാസങ്ങളിൽ കൊടും ചൂടും മഞ്ഞുമാസങ്ങളിൽ കൊടും തണുപ്പും ഇവിടെയനുഭവപ്പെടുന്നു. കാഷ്ഗാർ (Kashgar),[2] യാർഖണ്ഡ് (Yarkand),[3] ഖോട്ടാൻ (Khotan)[4] എന്നിവയാണ് ടാറിം തടത്തിലെ മുഖ്യ നഗരങ്ങൾ.

ടാറിം നദി

തിരുത്തുക
 
ടാറിം തടം ഒരു നാസാചിത്രം

ഇവിടത്തെ മുഖ്യ നദിയുടെ പേരും ടാറിം എന്നുതന്നെയാണ്. ടക്ലമകാൻ മരുഭൂമിയുടെ വടക്കനതിർത്തിയിലൂടെ ഇത് പ്രവഹിക്കുന്നു. കാശ്മീർ അതിർത്തിയിലെ കാറക്കോറം നിരകളിൽ നിന്നുമാണ് ടാറിം നദി ഉത്ഭവിക്കുന്നത്. കിസിൽ (Kizil),[5] യാർഖണ്ഡ് (Yarkand)[6] നദികളുടെ സംഗമഫലമായാണ് ഇത് ജന്മംകൊള്ളുന്നത്. തുടക്കത്തിൽ യാർഖണ്ഡ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ നദി ഉത്തര പൂർവ ദിശയിൽ ഏതാണ്ട് 360 കി. മീറ്ററോളം സഞ്ചരിക്കുമ്പോൾ ഖോട്ടൻ-ആക്സു നദികൾ ഇതിലേക്ക് വന്നു ചേരുന്നു. തുടർന്ന് കിഴക്കൻ ദിശ സ്വീകരിക്കുന്ന നദി ടക്ലമകാൻ മരുഭൂമിയിലൂടെ ഒഴുകി ലോപ് നോർ (Lop Nor) പ്രദേശത്തെത്തിച്ചേരുന്നു. ഉദ്ദേശം 2100 കി.മീറ്ററാണ് ടാറിം നദിയുടെ നീളം. തടാകങ്ങളും ചതുപ്പു നിലങ്ങളും നിറഞ്ഞ ലോപ് നോർ പ്രദേശം ചൈനയുടെ അണ്വായുധ പരീക്ഷണങ്ങളുടെ വേദികൂടിയാണ്. 1964 മുതൽ ചൈനയിലെ എല്ലാ അണ്വായുധ-താപ അണ്വായുധ (Nuclear and thermo nuclear) പരീക്ഷണങ്ങളും നടക്കുന്നത് ലോപ്നോറിൽ വച്ചാണ്.

  1. http://www.thefreedictionary.com/Xinjiang+Uygur Xinjiang Uygur - definition of Xinjiang Uygur by the Free Online ...
  2. http://www.time.com/time/world/article/0,8599,1913166,00.html Archived 2012-02-03 at the Wayback Machine. Tearing Down Old Kashgar: A Blow to the Uighurs - TIME
  3. http://www.britannica.com/EBchecked/topic/652067/Yarkand Yarkand (China) -- Britannica Online Encyclopedia
  4. http://archnet.org/library/places/one-place.jsp?place_id=9163&order_by=title&showdescription=1 Archived 2014-01-13 at the Wayback Machine. Xinjiang Uygur Autonomous Region
  5. http://www.travelchinaguide.com/attraction/xinjiang/korla/kizil.htm Kizil Thousand-Buddha Caves
  6. http://www.britannica.com/EBchecked/topic/652067/Yarkand from theEncyclopædia Britannica

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാറിം തടം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാറിം_തടം&oldid=3952502" എന്ന താളിൽനിന്ന് ശേഖരിച്ചത്