സ്പാർട്ടക്കസ്

(Spartacus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതനറോമിലെ ഒരടിമയും, മല്ലയോദ്ധാവും (ക്രി.മു.109 BC-71-നടുത്ത്), റോമൻ ഗണരാജ്യത്തിനെതിരെ അടിമകൾ നടത്തിയ മുന്നേറ്റമായ മൂന്നാം അടിമയുദ്ധത്തിന്റെ (Third Servile War) നേതാവും ആയിരുന്നു സ്പാർട്ടക്കസ്. അടിമയുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളൊഴിച്ച് സ്പാർട്ടക്കസിനെക്കുറിച്ച് കിട്ടിയിട്ടുള്ള വിവരങ്ങൾ വളരെ പരിമിതമാണ്. ലഭ്യമായ ചരിത്രവിവരങ്ങൾ അബദ്ധങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞവയുമാണ്.

സ്പാർട്ടക്കസ് ഡെനിസ് ഫൊയാത്തിയറുടെ 1830-ലെ സൃഷ്ടി

പത്തൊൻപതാം നൂറ്റാണ്ടു മുതൽ, അടിമളെ സ്വത്തായി വച്ചിരുന്ന ഉപരിവർഗ്ഗത്തിനെതിരായുള്ള സ്പാർട്ടക്കസിന്റെ സമരം, അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ സ്വാതന്ത്ര്യസമരമെന്ന നിലയിൽ എഴുത്തുകാരന്മാരേയും കലാകാരന്മാരേയും ഏറെ ആകർഷിച്ചുവരുന്നു. ആധുനികകാലത്തെ സാഹിത്യ-രാഷ്ടീയലേഖകന്മാരിൽ പലർക്കും പ്രചോദനമായത്, ജനസംസ്കൃതിയിലെ വീരനായകനെന്ന പരിവേഷം സ്പാർട്ടക്കസിന് നേടിക്കൊടുത്തു.

സ്പാർട്ടക്കസിന്റെ പശ്ചാത്തലം

തിരുത്തുക
 
ക്രിസ്തുവിന് 100 വർഷം മുൻപുള്ള റോമൻ ഗണതന്ത്രം

സ്പാർട്ടക്കസിന്റെ പശ്ചാത്തലത്തെക്കുറിച്ച് പുരാതനലേഖകന്മാർ ഏറെക്കുറെ ഏകാഭിപ്രായക്കാരാണ്. അലഞ്ഞുതിരിഞ്ഞു നടന്ന ത്രാസിയക്കാരിൽ പെട്ടവനാണ് സ്പാർട്ടക്കസ് എന്ന് പ്ലൂട്ടാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്വഭാവത്തിൽ ത്രാസിയക്കാരൻ എന്നതിനേക്കാൾ അയാൾ യവനനായിരുന്നെന്നും അദ്ദേഹം പറയുന്നു. [1] സ്പാർട്ടക്കസിനെ, ധൈര്യവും, മനോബലവും ഉള്ളവനായും ബുദ്ധിയിലും സ്വഭാവമേന്മയിലും മികവു കാട്ടിയവനായും പ്ലൂട്ടാർക്ക് ചിത്രീകരിക്കുന്നു.[2] അപ്പിയൻ പറയുന്നത് ത്രാസിയക്കാരനായി ജനിച്ച് റോമൻ സൈന്യത്തിൽ സേവനം അനുഷ്ടിച്ച ശേഷം തടവുകാരനാക്കപ്പെട്ടതിനെ തുടർന്ന് മല്ലയോദ്ധാവായി വിൽക്കപ്പെട്ടവനാണ് സ്പാർട്ടക്കസ് എന്നാണ്.[3]ത്രാസിയൻ കൂലിപ്പട്ടാളക്കാരനായിരുന്ന ശേഷം റോമൻ പടയാളിയും, പട്ടാളത്തിൽ നിന്ന് ഒളിച്ചോടിയ ശേഷം കള്ളനും, പിന്നെ ശരീരശേഷി മൂലം മല്ലയോദ്ധാവും ആയിത്തീർന്നവനായി സ്പാർട്ടക്കസിനെ ഫ്ലോറസ് ചിത്രീകരിക്കുന്നു.[4] ഇന്നത്തെ വടക്കു കിഴക്കൻ ഗ്രീസിനും തെക്കുപടിഞ്ഞാറൻ ബൽഗേറിയയ്ക്കും സമമായ പഴയ തെക്കുപടിഞ്ഞാറൻ ത്രാസിൽ കാണപ്പെട്ടിരുന്ന മയേദി [5]എന്ന ത്രാസിയൻ ഗോത്രവുമായി ചില എഴുത്തുകാർ സ്പാർട്ടക്കസിനെ ബന്ധപ്പെടുത്തുന്നു.[6]അതേ ഗോത്രത്തിൽ പെട്ട ഒരു പ്രവാചിക ആയിരുന്ന സ്പാർട്ടക്കസിന്റെ പത്നിയും അയാളോടൊപ്പം അടിമയാക്കപ്പെട്ടതായി പ്ലൂട്ടാർക്ക് പറയുന്നു. സ്പാർട്ടക്കസ് എന്ന പേര് കരിംകടൽ പ്രദേശത്തെ ത്രാസിയക്കാരുടെ ഇടയിൽ നടപ്പുണ്ടായിരുന്ന പേരായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്: സിമ്മേറിയൻ ബോസ്പോറസിലെ രാജാക്കന്മാരും‍[7] പൊണ്ടസിലെ രാജാക്കന്മാരും[8]ആ നാമം വഹിച്ചിരുന്നു. ഒരു ത്രാസിക്കാരൻ സ്പാർട്ടക്കസ്[9] അഥവാ "സ്പാറഡോക്കോസ്",[10] ഓഡ്രീസേയിലെ രാജാവായ സെവൂത്തസ് ഒന്നാമന്റെ പിതാവ് എന്ന നിലയിലും അറിയപ്പെടുന്നുണ്ട്.


യുദ്ധത്തിലേയ്ക്ക് നയിച്ച കലാപം

തിരുത്തുക
 
വെസൂവിയസ് അഗ്നിപർവതത്തിന്റെ മുഖം ഇന്ന് - വിമാനത്തിൽ നിന്നെടുത്ത ചിത്രം - സ്പാർട്ടക്കസിന്റെ കലാപത്തിന്റെ ആദ്യകേന്ദ്രം വെസൂവിയസിന്റെ മുടിയായിരുന്നു.

കപ്പുവയ്ക്കടുത്തുള്ള ലെന്റുലസ് ബറ്റിയാറ്റസിന്റെ മല്ലയുദ്ധപാഠശാലയിലാണ് സ്പാർട്ടക്കസ് പരിശീലിപ്പിക്കപ്പെട്ടത്. ഉപരിവർഗ്ഗത്തിന്റേയും പൗരജനങ്ങളുടേയും വിനോദത്തിനുവേണ്ടി, തമ്മിൽ തമ്മിലോ മൃഗങ്ങളുമായോ പൊരുതി കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാനായിരുന്നു അവർക്കു കിട്ടിയിരുന്ന പരിശീലനം. ക്രി.മുൻപ് 73-ൽ സ്പാർട്ടക്കസ് എഴുപതോളം[11] അനുയായികൾക്കൊപ്പം പാഠശാലയിൽ നിന്ന് രക്ഷപെട്ടു. അടുത്തുണ്ടായിരുന്ന ഭക്ഷണക്കടയിൽ നിന്നു കിട്ടിയ കത്തികളും ഒരു വണ്ടി നിറയെ ആയുധങ്ങളുമായി അവർ ഇന്നത്തെ നേപ്പിൾസ് പട്ടണത്തിനടുത്ത് വെസൂവിയസ് അഗ്നിപർവതമുടിയിലെ ഗർത്തിലേയ്ക്ക് ഓടി. അവിടെ, ഒളിച്ചുനടക്കുകയായിരുന്ന വേറെ അടിമകളും നാട്ടിൻപുറത്തെ മറ്റടിമകളും അവർക്കൊപ്പം ചേർന്നു. ഇറ്റലിമുഴുവനുമുള്ള അടിമകളോട് സ്പാർട്ടക്കസ് അടിമത്തത്തിന്റെ നുകം വലിച്ചെറിയാൻ ആഹ്വാനം ചെയ്തതോടെ അദ്ദേഹത്തിന്റെ അനുയായികളുടെ എണ്ണം എഴുപതിനായിരത്തോളമായി. [2]


റോമിൽ, പൗരന്മാരേക്കാൾ സംഖ്യാബലം അടിമകൾക്കായിരുന്നു. പോരാഞ്ഞ്, പോം‌പി ഹിസ്പാനിയയിൽ ക്വിന്റസ് സെർട്ടോറിയസിനെ കലാപത്തെ നേരിടുകയായിരുന്നു. അവശേഷിച്ച റോമൻ സൈന്യവിഭാഗങ്ങളെയാകട്ടെ, മിത്രിഡേറ്റസ് ആറാമനെതിരെയുള്ള മൂന്നാം മിത്രിദിക യുദ്ധത്തിനായി കോൺസൽ ലക്കുല്ലസ് നിയോഗിക്കുകയും ചെയ്തിരുന്നു. റോമൻ സേനാവിഭാഗങ്ങൾ രണ്ടു മുന്നണികളിൽ ഭീഷണി നേരിട്ടുകൊണ്ടിരുന്ന അവസരത്തിൽ നടന്ന ഈ ലഹളക്കെതിരെ നീങ്ങുന്നതിൽ റോം വൈകി. യുദ്ധപരിചയമുള്ള സേനാവ്യൂഹങ്ങളുടെ അഭാവത്തിൽ, ക്ലാഡിയസ് ഗ്ലാബറുടെ നേതൃത്വത്തിൽ മൂവ്വായിരം പേർ വരുന്ന ഒരു സംഘത്തെ റോം അടിമകൾക്കെതിരെ നിയോഗിച്ചു. അവർ അടിമകളെ വെസൂവിയസിന്റെ മുടിയിലെ ഗർത്തത്തിനുള്ളിൽ രക്ഷാമാർഗ്ഗങ്ങളെല്ലാം അടച്ച് ഉപരോധിച്ചു. എന്നാൽ മുന്തിരിവള്ളികൾ കൊണ്ടുള്ള വടങ്ങൾ കരുതിയിരുന്ന സ്പാർട്ടക്കസ് അവയുപയോഗിച്ച് അനുയായികളോടൊപ്പം ‍ശിഖരത്തിന്റെ മറുഭാഗം വഴി താഴെയിറങ്ങി റോമൻ സൈന്യത്തിന്റെ പിൻഭാഗത്ത് മിന്നലാക്രമണം നടത്തി. മിക്കവാറും പടയാളികൾ ഇത്തരമൊരാക്രമണം പ്രതീക്ഷിക്കാതെ ഉറങ്ങുകയായിരുന്നതിനാൽ കൊല്ലപ്പെട്ടു. ഈ വിജയത്തെ തുടർന്ന്, ഒളിച്ചുനടന്നിരുന്ന ഒട്ടേറെ അടിമകൾ കലാപകാരികളോടു ചേർന്ന് അവരുടെ സംഖ്യ ഒരുലക്ഷത്തി ഇരുപതിനായിരമായി. അതിലും വലിയ സൈന്യത്തെ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടായിരുന്നതിനാൽ സ്പാർട്ടക്കസിന്, കൂടുതൽ ആളുകളെ തന്റെ സേനയിൽ ചേർക്കുന്നത് നിർത്തി.[2]

വിജയങ്ങൾ

തിരുത്തുക

പടയാളിയെന്ന നിലയിൽ നേരത്തേ അനുഭവസ്ഥനായിരുന്ന സ്പാർട്ടക്കസ് ഒന്നാം തരം യുദ്ധതന്ത്രജ്ഞനും എതിരിടേണ്ടിവന്നവർക്ക് കനത്ത വെല്ലുവിളിയും ആയിരുന്നെന്ന് പറയപ്പെടുന്നു. എന്നാൽ അദ്ദേഹത്തിനൊപ്പമുണ്ടായിർന്നവർ മിക്കവരും, കായികാദ്ധ്വാനം മാത്രം പരിശീലിച്ചിരുന്ന സാധാരണ അടിമകളായിരുന്നു. അക്കാലത്ത് നിർജ്ജീവമായി കാടുപിടിച്ചു കിടന്നിരുന്ന വെസൂവിയസിന്റെ മുടിയിലെ ഗർത്തത്തിൽ അഭയം കണ്ടെത്തിയ അവർ റോമുമായി നടക്കാനിരുന്ന യുദ്ധത്തിന് പരിശീലനം നേടി.

ഗ്ലാബറുടെ സൈന്യത്തിന്റെ പരാജയത്തിനു ശേഷം, പബ്ലിയസ് വരീനിയസിന്റെ നേതൃത്വത്തിലുള്ള രണ്ടു വ്യൂഹങ്ങൾ കലാപകാരികൾക്കെതിരെ നീങ്ങി. വരീനിയസിന്റെ രണ്ടാമൻ ലൂസിയസ് ഫ്യൂരിയസിന്റെ നേതൃത്വത്തിൽ ആദ്യം മുന്നേറി വന്ന രണ്ടായിരം പേരുടെ ഒരു വ്യൂഹത്തെ സ്പാർട്ടക്കസ് എതിരിട്ട് നശിപ്പിച്ചു. വെസൂവിയസ് വിട്ട് മുന്നേറിയ സ്പാർട്ടക്കസ്, കൊസ്സീനിയസിന്റെ നേതൃത്വത്തിൽ ഹെർക്യൂലിയാനത്തിനടുത്തു കണ്ട മറ്റൊരു സേനാവ്യൂഹത്തേയും നശിപ്പിച്ചു. കൂടുതൽ തെക്ക്, ലുക്കാനിയയിലേയ്ക്കു നീങ്ങിയ അവർ, വരീനിയസിന്റെ നേതൃത്വത്തിലുള്ള നാലായിരം വരുന്ന വ്യൂഹത്തെ നേരിടാൻ സമരനിര ഒരുക്കി തയ്യാറായി. സ്വന്തം സൈനികരിൽ ചിലർ മുന്നോട്ടുപോകാൻ വിസമ്മതിച്ചെങ്കിലും വരീനിയസ് മുന്നേറി. ഗുരുതരമായ പരുക്കുകളേറ്റ അയാൾക്ക് രക്ഷപെടാനായെങ്കിലും അയാളുടെ വ്യൂഹത്തിന്റെ കൊടിയും ഛിഹ്നങ്ങളും നഷ്ടമായി. നാലായിരം റോമൻ തടവുകാരെ കലാപകാരികൾ, മല്ലയോദ്ധാക്കളെപ്പോലെ പരസ്പരം പോരടിച്ചുമരിക്കാൻ നിർബന്ധിക്കുകയോ ആഘോഷപൂർവം കുരിശിലേറ്റുകയോ ചെയ്തു.


വസന്തകാലമായപ്പോൾ കമ്പാനിയ പിടിച്ചടക്കിയും ഗൈയസ് തൊറാനിയസിന്റെ സേനാവിഭാഗത്തെ പരാജയപ്പെടുത്തിയും കലാപകാരികൾ ഗോളിലേയ്ക്ക് നീങ്ങി. വടക്കോട്ടുള്ള പ്രയാണം തുടരാനാണ് സ്പാർട്ടക്കസ് ആഗ്രഹിച്ചതെങ്കിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ക്രിക്സസ് റോം ആക്രമിക്കുവാൻ ആഗ്രഹിച്ചു. മുപ്പതിനായിരം പേർക്കൊപ്പം അയാൾ അപൂലിയാ പ്രദേശത്തേയ്ക്ക് നീങ്ങി. ഒടുവിൽ കലാപത്തെ ഗൗരവമായെടുത്ത്, ലൂസിയസ് ഗെല്ലിയസ് പബ്ലിക്കോളയും ഗ്നായസ് കൊർനേലിയസ് ലെന്റുലസ് ക്ലോദിയാനസും, സ്പെയിൻ, ഗോൾ, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് തിരികെ വരുത്തിയ നാലു സേനാവ്യൂഹങ്ങൾക്കൊപ്പം കലാപകാരികൾക്കെതിരെ നീങ്ങി. വടക്ക് സ്പാർട്ടക്കസിനെ ലെന്റിലസ് തടഞ്ഞപ്പോൾ, ക്വിന്റിയസ് ആരിയസിന്റെ നേതൃത്വത്തിലുള്ള രണ്ടു വ്യൂഹങ്ങൾ അപ്പൂലിയക്കടുത്തുവച്ച് ക്രിക്സസ് നയിച്ചിരുന്ന കലാപകാരികളെ എതിരിട്ടു പൂർണ്ണമായി പരാജയപ്പെടുത്തുകയും ക്രിക്സസിനെ കൊല്ലുകയും ചെയ്തു. തുടർന്ന് രണ്ടുവ്യൂഹങ്ങളും അവയ്ക്കിടയിൽ സ്പാർട്ടക്കസിനെ കുടുക്കാൻ പദ്ധതിയിട്ട് മുന്നേറി. എന്നാൽ സ്പാർട്ടക്കസ് ലെന്റുലസിനെതിരെ നീങ്ങി അയാളുടെ സൈന്യത്തെ നശിപ്പിച്ചു. തുടർന്ന് തനിക്കെതിരെ വന്ന ഗെല്ലിയസിന്റെ സൈന്യത്തേയും സ്പാർട്ടക്കസ് പരാജയപ്പെടുത്തി.


അൽപ്സ് പർവതത്തിന്റെ താഴ്വരയിലുള്ള മ്യൂറ്റിനായിലെ ഗവർണ്ണർ ഗൈയസ് കാസ്സിയസ് പതിനായിരം പേർ വരുന്ന ഒരു സൈന്യവുമായ കലാപകാരികളെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അങ്ങനെ അടിമകൾക്കും ഗോളിനുമിടയിൽ പ്രതിബന്ധമൊന്നും ഇല്ലെന്നായി. റോമിന്റെ സം‌രക്ഷണത്തിന് സേനകളൊന്നും ഇല്ലായിരുന്നു എന്നത് അതിലും അപകടകരമായി സ്ഥിതിവിശേഷം സൃഷ്ടിച്ചു. [12][13]

ഇറ്റലിയിൽ തങ്ങുന്നു

തിരുത്തുക

ഇറ്റലിയിൽ നിന്ന് മുന്നേറി ഇന്നത്തെ ബെൽജിയവും, സ്വിറ്റ്സർലൻഡും, ഫ്രാൻസും ഉൾപ്പെടുന്ന ഗോളിലേയ്ക്കും സ്പെയിനിലേയ്ക്കു തന്നെയും പോകാനാണ് സ്പാർട്ടക്കസ് ഉദ്ദേശിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. സ്പെയിനിൽ റോമൻ സൈന്യത്തിനെതിരെ കലാപമുയർത്തിയിരുന്ന ക്വിന്റിയസ് സെർട്ടോറിയസിനോട് ചേരാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നിരിക്കണം. സെർട്ടോറിയസ് കലാപകാരികളുമായി സമ്പർക്കം പുലർത്തിയിരുന്നെവെന്നതിന് തെളിവുകളുണ്ട്. എന്നാൽ അനുയായികളുടെ സമ്മർദ്ദത്തിൽ മനസ്സുമാറ്റി. ഇറ്റലിയിൽ തങ്ങുവാനുള്ള ഈ തീരുമാനം, കലാപകാരികളുടെ ഒരു വലിയ പിഴയായി കണക്കാക്കപ്പെടുന്നു. ആൽപ്സ് കടക്കാൻ കഴിഞ്ഞ അടിമകളിൽ ചിലർക്ക് തങ്ങളുടെ ജന്മദേശങ്ങളിൽ എത്തിപ്പെടാനായതായി പറയപ്പെടുന്നു.


ഇറ്റലിയാകെയുള്ള അടിമകളിൽ പകുതിയിലധികം കലാപത്തിന്റെ വക്കിലായിരുന്നു. തലസ്ഥാനത്തു തന്നെ ഒരാൾക്കും തന്റെ തന്നെ വീട്ടിൽ കലാപക്കൊടി ഉയരുക എന്നാണെന്ന് നിശ്ചയമില്ലായിരുന്നു. അടിമകളുടെ അദ്ധ്വാനം നൽകിയ സുഖഭോഗങ്ങൾ ആസ്വദിച്ചിരുന്ന ആ സമൂഹം ഒന്നാകെ സൗകര്യങ്ങൾ നഷ്ടമാകുന്നതോർത്ത് ഞെട്ടി. സെനറ്റർമാരും കോടീശ്വരന്മാരുമെല്ലാം നല്ല സേനാനായകന്മാർക്കുവേണ്ടി മുറവിളി കൂട്ടാൻ തുടങ്ങി. എന്നാൽ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായി ആരും സ്വയം മുന്നോട്ടുവന്നില്ല. [2]ഒടുവിൽ അതിന് മുന്നോട്ടുവന്ന റോമിലെ ഏറ്റവും വലിയ ധനവാനായിരുന്ന ലൂസിയസ് ക്രാസ്സസിനെ സെനറ്റ് സർവസൈന്യാധിപനായി നിയമിച്ചു. ചിതറിപ്പോയ വ്യൂഹങ്ങളെ പുതിയ പുതുതായി രൂപപ്പെടുത്തിയ വിഭാഗങ്ങളോട് ചേർത്ത് അദ്ദേഹം ശക്തിപ്പെടുത്തി. സ്പാർട്ടക്കസ് പിസീനത്തിലൂടെ കടന്നുപോവുകയാണെന്ന വാർത്ത കേട്ട ക്രാസ്സസ്, തന്റെ സഹായിയായ മമ്മിയസിനെ രണ്ടു വ്യൂഹങ്ങളുമായി സ്പാർട്ടക്കസിന് പിന്നിലെത്താനും എന്നാൽ നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനും നിർദ്ദേശിച്ചയച്ചു. എന്നാൽ സ്പാർട്ടക്കസിനെ അപ്രതീക്ഷിതമായി നേരിടാമെന്ന വിശ്വാസത്തിൽ മമ്മിയസ് ആക്രമിച്ചു. തുടർന്ന് നടന്ന യുദ്ധത്തിൽ റോമൻ വ്യൂഹങ്ങൾ ചിതറി പലായനം ചെയ്തു. വ്യൂഹങ്ങളിലെ സൈനികരിൽ ഭീരുത്വം കാട്ടിയതായി സംശയിക്കപ്പെട്ട 500 പേരെ കൊല്ലാൻ ക്രാസ്സസ് ഉത്തരവിട്ടു. പത്തിലൊരാളെ വച്ച് നറുക്കിട്ട് കൊല്ലുകയായിരുന്നു. അവശേഷിച്ച സൈന്യങ്ങളെ വീണ്ടും ആയുധം ധരിപ്പിച്ചു. ഒടുവിൽ എട്ടു വ്യൂഹങ്ങളായി നാല്പതിനായിരം വരുന്ന സേനയെ സ്വയം നയിച്ച ക്രാസ്സസ് സ്പാർട്ടക്കസിനെ പിന്തുടർന്ന് തെക്കോട്ടോടിച്ചു. ക്രി.മു. 72 ആയപ്പോൾ, സ്പാർട്ടക്കസ് മെസ്സിനാ ഉൾക്കടലിനടുത്തുള്ള റീജിനത്തിൽ കുടുങ്ങിയ അവസ്ഥയായി.


തങ്ങളെ സിസിലിയിലേയ്ക്കു കൊണ്ടുപോകാനായി സ്പാർട്ടക്കസ് അവിടത്തെ കടൽക്കൊള്ളക്കാരുമായി ഒരു കരാറിലേർപ്പെട്ടു. എന്നാൽ പറഞ്ഞൊത്ത പണം വാങ്ങിയശേഷം കൊള്ളക്കാർ അവരെ കൊണ്ടുപോകുന്നതിൽ നിന്ന് പിന്മാറി. തുടർന്ന് ക്രാസ്സസ് ഉപദ്വീപിനുകുറുകെ തടിയും കല്ലും കൊണ്ട് 32 മൈൽ നീളമുള്ള ഒരു ഭിത്തി 15 അടി വീതിയുള്ള ഒരു കിടങ്ങിനൊപ്പം നിർമ്മിച്ച് കലാപകാരികളെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു. ശൈത്യകാലം സമീപിക്കുകയും അവശ്യവസ്തുക്കളുടെ ശേഖരം തീരുകയും ചെയ്യുകയായിരുന്നതിനാൽ, ഉപരോധത്തെ ശക്തിപൂർവം അതിക്രമിച്ചുകടക്കാൻ ശ്രമിക്കുകയല്ലാതെ സ്പാർട്ടക്കസിന് വേറെ വഴിയില്ലായിരുന്നു. ഒരു ശീതക്കൊടുങ്കാറ്റിന്റെ അവസരത്തിൽ കാസ്സിയസിന്റെ നിരകൾ ഭേദിച്ച് സ്പാർട്ടക്കസ് ബ്രിൻഡിസൈയിലെത്തി. കലാപകാരികൾ വീണ്ടും സ്വതന്ത്രരായതോടെ റോം അങ്കലാപ്പിലായി. പോം‌പിയെ സ്പെയിനിൽ നിന്നും ലക്കുലസിനെ മാസിദോനിയയിൽ നിന്നും സെനറ്റ് തിരികെ വിളിച്ചു.

അന്തിമയുദ്ധം

തിരുത്തുക
 
സ്പാർട്ടക്കസിന്റെ പതനം.

സ്പാർട്ടക്കസിന്റെ സൈന്യത്തിൽ നിന്ന് വേർപെട്ട് ഗ്രാമങ്ങളും ഉന്നതവസതികളും കൊള്ളയടിക്കാൻ പോയ ഗാനിക്കസിന്റേയും സെസ്റ്റസിന്റേയും കൂട്ടങ്ങളെ ക്രാസ്സസ് നേരിട്ടു. രക്ഷപെടാൻ വഴിയൊന്നുമില്ലാതെ ഒരു തടാകത്തിന്റെ തീരത്ത് പെട്ടുപോയ അവരിൽ 12,000 പേർ, സ്പാർട്ടക്കസ് രക്ഷിക്കാനെത്തും മുൻപ് കൊല്ലപ്പെട്ടു. റോമൻ സൈന്യം തുരത്തിയപ്പോൾ കലാപകാരികൾ പെറ്റേലിയയിലെ മലകളിലേയ്ക്കു പോയി. കലാപകാരികളെ അനേകം റോമൻ വ്യൂഹങ്ങൾ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നെങ്കിലും അവയിൽ പലതിനേയും സ്പാർട്ടക്കസ് തോല്പിച്ചു. ലക്കുലസ് ബ്രിൻഡിസൈയിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ, താരതമ്യേന ദുർബ്ബലമായിരുന്ന ക്രാസ്സസിന്റെ സൈന്യത്തെ നേരിടാൻ സ്പാർട്ടക്കസ് തീരുമാനിച്ചു. ലുക്കാനിയയിൽ സിലാരസ് നദിയുടെ കരയിൽ വച്ച് സ്പാർട്ടക്കസ് ക്രാസ്സസുമായി ഏറ്റുമുട്ടി. സംഖ്യാബലത്തിൽ തനിക്കുണ്ടായിരുന്ന മികവുകൊണ്ട് സൈന്യത്തെ പരാജയപ്പെടുത്താനാണ് സ്പാർട്ടക്കസ് അവിടെ ശ്രമിച്ചത്. എന്നാൽ കലാപകാരികൾ പരാജയപ്പെടുകയും രക്ഷപെട്ടവർ പലായനം ചെയ്യുകയും ചെയ്തു. ഈ തോൽവിയിൽ സ്പാർട്ടക്കസ് കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. "അവസാനം കൂട്ടാളികളെല്ലാം ഓടിപ്പോയ ശേഷവും, ശത്രുക്കളുടെ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് സ്പാർട്ടക്കസ് വെട്ടേറ്റുവീഴുന്നതുവരെ ഒറ്റയ്ക്ക് പൊരുതി" എന്ന് പ്ലൂട്ടാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. [14] ഈ അന്തിമയുദ്ധത്തിൽ രണ്ടു റോമൻ ശതാധിപന്മാരെ തന്നെ അദ്ദേഹം വധിച്ചു. "തുടയിൽ കുന്തമുനയേറ്റ സ്പാർട്ടക്കസ് മുട്ടിലിരുന്നു പോയെങ്കിലും പരിചകൊണ്ട് ആക്രമിച്ചവരെ ചെറുത്തെന്നും" അപ്പിയൻ രേഖപ്പെടുത്തിയിരിക്കുന്നു. ഏറെ കഷണങ്ങളായി കൊത്തിനുറുക്കപ്പെട്ട[2] സ്പാർട്ടക്കസിന്റെ മൃതദേഹം കണ്ടുകിട്ടിയില്ല.[15]

റോമിന്റെ പ്രതികാരം

തിരുത്തുക

യുദ്ധത്തിനു ശേഷം അപകടമൊന്നും സംഭവിക്കാതിരുന്ന 3000 റോമൻ തടവുകാരെ സൈന്യം കണ്ടെത്തി രക്ഷപെടുത്തി. ബ്രിഡിസൈ മുതൽ റോം വരെ നീളുന്ന അപ്പിയൻ വഴി നീളെ സ്പാർട്ടക്കസിന്റെ അനുയായികളിൽ 6600 പേരെ കുരിശിൽ തറച്ചു. കുരിശിൽ തറക്കപ്പെട്ടവരുടെ ശവങ്ങൾ താഴെയിറക്കാൻ ക്രാസ്സസ് ഉത്തരവിടാതിരുന്നതു മൂലം, യുദ്ധം സമാപിച്ച് വർഷങ്ങൾ കഴിഞ്ഞും യാത്രക്കാർക്ക് അവ കാണേണ്ടി വന്നു. യജമാനന്മാർക്ക് ആശ്വാസം പകരാനും, അടിമകൾക്ക് പാഠമാകാനും വേണ്ടിയാണ് കലാപകാരികളുടെ ശവങ്ങളെ അങ്ങനെ നിർത്തിയത്.[2]

ഏതാണ്ട് 5000-ത്തോളം അടിമകൾ പിടികൊടുക്കപ്പെടാതെ രക്ഷപെട്ടിരുന്നു. യുദ്ധം ജയിച്ചെങ്കിലും ക്രാസ്സസിന്റെ സൈന്യത്തെ അത് ദുർബ്ബലമാക്കിയിരുന്നതു കൊണ്ട്, രക്ഷപെട്ടോടിയവരെ പിന്തുടരാൻ അവർക്ക് കഴിഞ്ഞില്ല. അങ്ങനെ വടക്കോട്ട് രക്ഷപെട്ട അടിമകളെ, അപ്പോഴേക്ക് സ്പെയിനിൽ നിന്നു തിരികെ വന്നിരുന്ന പോം‌പി നശിപ്പിച്ചു. കലാപകാരികളെ ഇറ്റലിയിൽ മുഴുവൻ അദ്ദേഹം പിന്തുടർന്ന് വേട്ടയാടി. യുദ്ധം അവസാനിപ്പിച്ചതിന്റെ നേട്ടം അവകാശപ്പെടാൻ ഇത് പോം‌പിക്ക് വഴിയൊരുക്കി. റോമിൽ പോം‌പി വീരോചിതമായി സ്വീകരിക്കപ്പെട്ടപ്പോൾ, ആഘോഷങ്ങളിൽ ക്രാസ്സസിന് വലിയ സ്ഥാനമൊന്നും ലഭിച്ചില്ല.

  1. പ്ലൂട്ടാർക്ക്, ക്രാസ്സസ് 8
  2. 2.0 2.1 2.2 2.3 2.4 2.5 വിൽ ഡുറാന്റ്, സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ ചരിത്രം മൂന്നാം ഭാഗം, പുറങ്ങൾ 136-138
  3. അപ്പിയൻ, ആഭ്യന്തരയുദ്ധങ്ങൾ 1.116
  4. Florus, റോമൻ ചരിത്രസംഗ്രഹം" s:Epitome of Roman History/Book 2#8|2.8
  5. The Histories, Sallust, Patrick McGushin, Oxford University Press, 1992, ISBN 0198721439, പുറം 112.
  6. Balkan history, Thracian tribes, Maedi.
  7. ഡിയോഡോറസ് സിക്കുലസ്, ചരിത്രഗ്രന്ഥശാല =OCLC04803633&id=agd-eLVNRMMC&pg=PR1&lpg=PR1&dq=diodorus+sicilian&as_brr=1#PPA452,M1 Book 12
  8. Diodorus Siculus, Historical Library Book 16
  9. തുസ്സിഡിഡീസ്, പെലോപ്പൊന്നീസ് യുദ്ധത്തിന്റെ ചരിത്രം 2.101
  10. "Tribes, Dynasts and Kingdoms of Northern Greece: History and Numismatics". Archived from the original on 2007-08-27. Retrieved 2009-10-02.
  11. പ്ലൂട്ടാർക്ക്, ക്രാസ്സസ്, 8:1–2; അപ്പിയൻ, ആഭ്യന്തരയുദ്ധം, 1:116; Livy, Periochae, 95:2 Archived 2011-06-29 at the Wayback Machine.; ഫ്ലോറസ്, റോമൻ ചരിത്ര സംഗ്രഹം, 2.8; Plutarch claims 78 escaped, Livy claims 74, അപ്പിയൻ "എഴുപതിനടുത്ത്", ഫ്ലോറസ് "മുപ്പതോ അതിലധികമോ".
  12. സ്പാർട്ടക്കസും അടിമകളുടെ കലാപവും
  13. Shaw, Brent D. (2001). സ്പാർട്ടക്കസും അടിമയുദ്ധവും :രേഖാസഹിതമായ ഒരു ലഘുചരിത്രം. Palgrave Macmillan. ISBN 0312237030.
  14. പ്ലൂട്ടാർക്ക് • ക്രാസ്സസിന്റെ ജീവിതം
  15. അപ്പിയൻ • ആഭ്യന്തരയുദ്ധങ്ങൾ — ഒന്നാം പുസ്തകം
"https://ml.wikipedia.org/w/index.php?title=സ്പാർട്ടക്കസ്&oldid=3792956" എന്ന താളിൽനിന്ന് ശേഖരിച്ചത്