സെക്സോളജി

(Sexology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യരുടെ ലൈംഗികത, ലൈംഗിക ആരോഗ്യവും അവകാശങ്ങളും, ലൈംഗികപരമായ പെരുമാറ്റം, സ്ത്രീ-പുരുഷ-ട്രാൻസ് ജെൻഡർ-ഇന്റർസെക്സ് തുടങ്ങിയ ലിംഗവിഭാഗങ്ങളുടെയും മറ്റ് ലൈംഗികന്യൂനപക്ഷങ്ങളുടെയും പ്രത്യേകതകൾ, ലൈംഗിക അവയവങ്ങളുടെ പ്രവർത്തനരീതി, രതിമൂർച്ഛ എന്നിവയെ പറ്റിയുള്ള ശാസ്ത്രീയ പഠനമാണ് സെക്സോളജി (Sexology ). ഈ രംഗത്തെ വിദഗ്ദരെ സെക്സോളജിസ്റ്റ്, സെക്സ് തെറാപ്പിസ്റ്റ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. വികസിത രാജ്യങ്ങളിൽ ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും സെക്സോളജിസ്റ്റ് അല്ലെങ്കിൽ സെക്സ് തെറാപ്പിസ്റ്റ് തുടങ്ങിയ വിദഗ്ദരുടെ സേവനം ലഭ്യമാണ്. ഇവർ ഗൈനക്കോളജിസ്റ്റ്, യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയ ഡോക്ടർമാരിൽ നിന്നും തികച്ചും വ്യത്യസ്തരും മനുഷ്യ ലൈംഗികതയെയും ബന്ധങ്ങളെയും പറ്റി ആഴത്തിൽ അറിവുള്ളവരുമായ വിദഗ്ദരാണ്. ലൈംഗിക പ്രശ്നങ്ങൾ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെയും ബാധിക്കും എന്നത് കൊണ്ട് തന്നെ ഇവ അത്തരം മേഖലകളിലേക്കും വിപുലമായി വളർന്നിട്ടുണ്ട്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഭാഗമായ റിപ്രോഡക്റ്റീവ് ആൻഡ് സെക്ഷ്വൽ മെഡിസിൻ, സെക്ഷ്വൽ ആൻഡ് റിപ്രോഡക്റ്റീവ് ഹെൽത്ത് (ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം), സെക്സ് തെറാപ്പി‌ എന്നിവ ഇതുമായി ബന്ധപെട്ടു കിടക്കുന്നു. പുരുഷ ലൈംഗിക പ്രശ്നങ്ങൾ ആയ "ശീഘ്രസ്ഖലനം, ഉദ്ധാരണശേഷിക്കുറവ്" ; സ്ത്രീ ലൈംഗിക പ്രശ്നങ്ങൾ ആയ " യോനീസങ്കോചം(വജൈനിസ്മസ്), യോനീ വരൾച്ച, വേദനാജനകമായ ലൈംഗികബന്ധം, താല്പര്യക്കുറവ് തുടങ്ങിയവയും ബാഹ്യകേളി, ലൈംഗിക സംയമനം, ലൈംഗികമാനസിക പ്രശ്നങ്ങൾ, വൈകാരിക ബന്ധങ്ങൾ, ലൈംഗിക രോഗങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങൾ തുടങ്ങിയ ലൈംഗികതയുമായി ബന്ധപ്പെട്ട ശാരീരിക- മാനസിക- സാമൂഹിക പ്രശ്നങ്ങളെകുറിച്ചുള്ള വിജ്ഞാനമേഖല കുടിയാണ് സെക്സോളജി. ഇത് ആരോഗ്യമേഖലയും മനഃശാസ്ത്രവുമായും ബന്ധപ്പെട്ട ഒരു ശാസ്ത്രശാഖയാണ്. ആരോഗ്യകരമായ ലൈംഗികതയെപ്പറ്റി ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കുവാനും, തെറ്റിദ്ധാരണകൾ ഒഴിവാക്കുവാനും ഇതിന്റെ പഠനത്തിലൂടെ സാധിക്കുന്നു. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എയിഡ്സ്, ഹെർപ്പിസ് മുതലായ രോഗങ്ങൾ വരാതെ ഒഴിവാക്കുവാനും, ശരിയായ ഗർഭനിരോധന മാർഗങ്ങൾ തിരഞ്ഞെടുക്കാനും, ലൈംഗിക കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുവാനും ഒക്കെ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ സഹായിക്കുന്നു. സുരക്ഷിതവും, ആരോഗ്യകരവും, സുഖകരവുമായ ലൈംഗികതയെ സംബന്ധിച്ച അറിവാണ് ഈ ശാസ്ത്രശാഖയുടെ സംഭാവന.

  • Haeberle, E. J. (1983). The birth of sexology: A brief history in documents. World Association for Sexology.
"https://ml.wikipedia.org/w/index.php?title=സെക്സോളജി&oldid=4080498" എന്ന താളിൽനിന്ന് ശേഖരിച്ചത്