വിവരാവകാശനിയമം 2005

(Right to Information Act, 2005 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005 (Right to Information Act 2005)[1] 2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. വിവരാവകാശത്തിന് മുൻഗാമി എന്നറിയപ്പെടുന്നത് 2002 ലെ ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് ആണ്. ഒരു സംസ്ഥാനത്തിൽ ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത് തമിഴ്നാട്ടിൽ 1997ൽ. മസ്ദൂർ കിസാൻ ശക്തി സംഘതൻ ആണ് വിവരാവകാശ കമ്മീഷൻ വരാൻ വേണ്ടി പ്രവർത്തിച്ച സംഘടന. ചെയർമാൻ അടക്കം 11 അംഗങ്ങൾ. കാലാവധി ആറു വർഷം.വിവരാവകാശ കമ്മീഷൻ ഒരു അപേക്ഷ കൊടുത്താൽ മറുപടി കിട്ടിയില്ലെങ്കിൽ 250 മുതൽ 25,000 രൂപ പെനാൽറ്റി കൊടുക്കണം. ഇൻഫർമേഷൻ ഓഫീസർ 30 ദിവസത്തിനുള്ളിൽ മറുപടി കൊടുക്കണം. ഇൻഫർമേഷൻ അസിസ്റ്റൻറ് 35 ദിവസത്തിനുള്ളിൽ മറുപടി നൽകണം. ജീവനും സ്വപ്ന മറുപടി 48 മണിക്കൂറിനുള്ളിൽ നൽകണം. ലോകത്ത് ആദ്യ വിവരാവകാശ കമ്മീഷൻ വന്നത് സ്വീഡൻ.

The Right to Information Act, 2005
An Act to provide for setting out the practical regime of right to information for citizens to secure access to information under the control of public authorities, in order to promote transparency and accountability in the working of every public authority, the constitution of a Central Information Commission and State Information Commissions and for matters connected therewith or incidental thereto.
സൈറ്റേഷൻAct No. 22 of 2005
ബാധകമായ പ്രദേശംWhole of India except Jammu and Kashmir
നിയമം നിർമിച്ചത്Parliament of India
തീയതി15-06-2005
അംഗീകരിക്കപ്പെട്ട തീയതി15-06-2005
നിലവിൽ വന്നത്12-10-2005

ഉദ്ദേശ്യങ്ങൾ

തിരുത്തുക

പൊതു താല്പര്യങ്ങൾക്കു ഹാനികരമാവാതെ, ഭരണകാര്യവിവരങ്ങൾ വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങൾ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏർപ്പെടുത്തുക, ഭരണകാര്യങ്ങളിൽ, സുതാര്യതയും സർക്കാർ ഉത്തരവാദിത്തവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക.

വ്യാപ്തി

തിരുത്തുക

ഭാരതത്തിൽ എല്ലായിടത്തും ഈ നിയമം ബാധകമാണ്. എല്ലാ സർക്കാർ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയിൽ പെടും. എന്നാൽ, കേന്ദ്ര രഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ ഈ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റ് യാതൊരു സ്ഥാപനത്തേയും (പോലീസും കോടതികളുമടക്കം) ഒഴിവാക്കിയിട്ടില്ല.

പ്രധാന നിർവചനങ്ങൾ

തിരുത്തുക
  • വിവരം എന്നാൽ കൈയെഴുത്തുപ്രതികൾ അടക്കമുള്ള രേഖകൾ, പ്രമാണങ്ങൾ, മെമ്മോകൾ, ഈ-മെയിലുകൾ,ഉത്തരവുകൾ, സർക്കുലറുകൾ, റിപ്പോർട്ടുകൾ,അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, ലോഗ് ബുക്ക്, സാമ്പിളുകൾ, മാതൃകകൾ, ഇലക്ട്രോണിക് മാധ്യമത്തിലള്ള വിവരങ്ങൾ,എന്നിവയെല്ലാം ഉൾപ്പെടുന്നു.
  • വിവരാവകാശം എന്നാൽ രേഖകളും ജോലികളും പരിശോധിക്കാനും, പകർപ്പുകളും സാമ്പിളുകളും എടുക്കാനും, ഇലക്ട്രോണിക് മാധ്യമത്തിലള്ള വിവരങ്ങൾ ശേഖരിക്കുവാനുമുള്ള അവകാശമാണ്.
  • പൊതുസ്ഥാപനങ്ങൾ‍ എന്നാൽ ഭരണഘടനയനുസരിച്ചോ, കേന്ദ്ര-സംസ്ഥാന നിയമനിർമ്മാണസഭകൾ നിർമ്മിച്ച ഏതെങ്കിലും നിയമമനുസരിച്ചോ, ഏതെങ്കിലും സർക്കാർ ഉത്തരവനുസരിച്ചോ, സ്ഥാപിക്കപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനമോ മറ്റേതെങ്കിലും സ്ഥാപനമോ ആകാം. അതിൽ, സർക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുള്ളതും, കാര്യമായ സർക്കാർ ധനസഹായം നൽകുന്നതുമായ എല്ലാ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.

വിവരാവകാശവും പൊതുസ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളും

തിരുത്തുക
  • പൊതുസ്ഥാപനങ്ങൾ എല്ലാ രേഖകളും സൂചികയുണ്ടാക്കി സൂക്ഷിക്കണം; യുക്തമായവ, സൗകര്യങ്ങളുടെ ലഭ്യതയനുസരിച്ച്, എത്രയും വേഗം കമ്പ്യൂട്ടർവത്കരിക്കണം
  • സ്ഥാപനത്തിന്റെ ചുമതലകൾ, ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ, നയകാര്യങ്ങൾ, നടപടിക്രമങ്ങൾ, ശമ്പളവിവരങ്ങൾ, ബജറ്റ് വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്വമേധയാ പ്രസിദ്ധീകരിക്കണം
  • പൊതുജനത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട നയകാര്യങ്ങൾ പ്രസിദ്ധീകരിക്കണം.തീരുമാനങ്ങൾ എടുക്കുമ്പോൾ അതിനുള്ള കാരണം അതു ബാധിക്കുന്ന ആളിനെ അറിയിക്കണം.
  • സ്ഥാപനത്തിന്റെ എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണം; അവർ വിവരാർത്ഥിക്ക് ആവശ്യമായ സഹായം നൽകണം; പൊതുവിവരാധികാരികൾ ആവശ്യപ്പെട്ടാൽ, ഏതൊരു ഉദ്യോഗസ്ഥനും സഹായം നൽകണം.

വിലക്കപ്പെട്ട വിവരങ്ങൾ

തിരുത്തുക
  • ഭാരതത്തിന്റെ പരമാധികാരത്തേയോ, ഐക്യത്തേയോ, സുരക്ഷയേയോ, ശാസ്ത്ര, സാമ്പത്തിക, തന്ത്രപരമായ താത്പര്യങ്ങളേയോ, ഇതരരാജ്യങ്ങളുമായുള്ള ബന്ധത്തേയോ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളും, നിയമപരമായി ഒരു കുറ്റം ആയിത്തീരാൻ പ്രേരകമാവുന്നകാര്യങ്ങളും.
  • കോടതികളോ, ട്രൈബ്യൂണലുകളോ, പ്രസിദ്ധീകരിക്കരുതെന്നു വിലക്കിയിട്ടുള്ളവ അല്ലെങ്കിൽ കോടതി അല‍ക്ഷ്യമാകാവുന്ന വിവരങ്ങൾ.
  • കേന്ദ്ര-സംസ്ഥാന നിയമസഭകളുടെ വിശേഷാവകാശങ്ങളെ ബാധിക്കുന്നവ.
  • വെളിപ്പെടുത്തപ്പെട്ടാൽ ഒരു മൂന്നാം കക്ഷിയുടെ മത്സരശേഷിയെ ഹനിക്കുന്ന വാണിജ്യരഹസ്യങ്ങളും ബൗദ്ധികസ്വത്തും; അല്ലെങ്കിൽ അവ പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമുണ്ടായിരിക്കണം.
  • പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമില്ലാത്തതും ഫിഡൂഷിയറി (Fiduciary - മറ്റൊരാൾക്കായി, അയാളുടെ സ്വത്തോ, അധികാരമോ നിയപരമായി കൈവശം വയ്ക്കുന്നയാൾ") ബന്ധങ്ങളിൽ നിന്ന് ലഭിച്ച അയാളെക്കുറിച്ചുള്ള വിവരങ്ങൾ.
  • വിദേശ സർക്കാരുകളിൽ നിന്നു ലഭിച്ച രഹസ്യവിവരങ്ങൾ
  • ഒരാളുടെ ജീവനോ, ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്നതും, വിവരത്തിന്റെ പ്രഭവം വെളിപ്പെടുത്തുന്നതും, നിയമപാലനത്തിനോ സുരക്ഷക്കോ ആയി നൽകിയതും ആയ രഹസ്യ വിവരങ്ങൾ.
  • കുറ്റവാളികൾക്കെതിരെയുള്ള അന്യോഷണ പ്രക്രിയയെയോ അറസ്റ്റിനെയോ കുറ്റവിചാരണയേയോ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ.
  • പൊതുതാത്പര്യങ്ങളുമായി ബന്ധമില്ലാത്തതും, ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അനാവശ്യ ഇടപെടലുണ്ടാക്കുന്നതുമായ കാര്യങ്ങൾ.
  • പകർപ്പവകാശം ലംഘിച്ചേക്കാവുന്ന വിവരങ്ങൾ
  • വിലക്കപ്പെട്ട വിവരങ്ങളിൽ നിന്നു വേർപെടുത്താവുന്ന വിവരാംശങ്ങൾ

വിലക്കിൽനിന്ന് ഒഴിവാക്കിയവ

തിരുത്തുക
  • ഇരുപതു വർഷങ്ങൾക്കു മുൻപുള്ള കാര്യങ്ങൾ

ഈ നിയമം ബധകമല്ലാത്ത സംഘടനകൾ

തിരുത്തുക

കേന്ദ്ര രഹസ്യാന്വേഷണ-സുരക്ഷാ ഏജൻസികൾ

തിരുത്തുക
  1. ഇന്റലിജൻസ് ബ്യൂറോ
  2. ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ റിസർച്ച് ആന്റ് അനാലിസിസ് വിംഗ്
  3. റവന്യൂ ഇന്റലിജൻസ് ഡയറക്ട്രേറ്റ്
  4. കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ
  5. നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ
  6. വ്യോമയാന ഗവേഷണ കേന്ദ്രം
  7. സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്
  8. അതിർത്തി രക്ഷാ സേന
  9. കേന്ദ്ര റിസർവ് പോലീസ് സേന
  10. ഇന്തോ-ടിബറ്റൻ അതിർത്തി സേന
  11. കേന്ദ്ര വ്യവസായ സുരക്ഷാ സേന
  12. ദേശീയ സുരക്ഷാ ഗാർഡ്
  13. ആസ്സാം റൈഫിൾസ്
  14. ശസസ്ത്ര സീമാ ബൽ
  15. സ്പെഷ്യൽ ബ്രാഞ്ച് (സി ഐ ഡി)
  16. ആൻഡമാൻ അന്റ് നിക്കോബാർ ക്രൈംബ്രാഞ്ച് സി ഐ ഡി
  17. സി ബി ദാദ്ര ആന്റ് നഗർ ഹവേലി
  18. സ്പെഷ്യൽ ബ്രാഞ്ച് ലക്ഷദ്വീപ് പോലീസ്
  19. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

സംസ്ഥാന സർക്കാരിൻ്റെ സംഘടനകൾ

തിരുത്തുക
  • സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച്
  • സംസ്ഥാന ക്രൈം ബ്രാഞ്ച്
  • ഡിസ്ട്രിക്ട് സ്പെഷ്യൽ ബ്രാഞ്ച്
  • പോലീസ് ടെലികമ്യൂണിക്കേഷൻ

എന്നാൽ അഴിമതി ആരോപണങ്ങളെയും മനുഷ്യാവകാശങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഈ ഉപ വകുപ്പു പ്രകാരം ഒഴിവാക്കുന്നതിനു വ്യവസ്ഥയില്ല.

വിവരം ലഭിക്കാനുള്ള നടപടിക്രമങ്ങൾ

തിരുത്തുക
  • അപേക്ഷകൻ സംസ്ഥാന സർക്കാരിൻ്റെ പരിധിയിൽ വരുന്ന വകുപ്പ്/സ്ഥാപനങ്ങളിൽ നിന്നും ആണ് വിവരം തേടുന്നത് എങ്കിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO) എന്ന പേരിൽ അതാതു വകുപ്പ്/കാര്യാലയം/സ്ഥാപനത്തിൻ്റെ മേൽവിലാസത്തിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഉദാ: (To: State Public Information Officer, Home Department, Government of Kerala, Thiruvananthapuram)
  • അപേക്ഷകൻ കേന്ദ്ര സർക്കാരിൻ്റെ പരിധിയിൽ വരുന്ന വകുപ്പ്/സ്ഥാപനങ്ങളിൽ നിന്നും ആണ് വിവരം തേടുന്നത് എങ്കിൽ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (CPIO) എന്ന പേരിൽ അതാതു മന്ത്രാലയം/വകുപ്പ്/കാര്യാലയം/സ്ഥാപനത്തിൻ്റെ മേൽവിലാസത്തിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഉദാ: (To: Central Public Information Officer, Ministry of Home Affairs, Government of India, New Delhi)
  • വിവരാർത്ഥി, അതതു പൊതുസ്ഥാപനത്തിലെ,കേന്ദ്രവിവരാധികാരിക്കോ, സംസ്ഥാനവിവരാധികാരിക്കോ, അല്ലെങ്കിൽ കേന്ദ്രസഹവിവരാധികാരിക്കോ, സംസ്ഥാനസഹവിവരാധികാരിക്കോ,ആവശ്യപ്പെടുന്ന വിവരങ്ങൾ കാണിച്ചുകൊണ്ട് അപേക്ഷ എഴുതിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ നല്കണം. വിവരാർത്ഥിയെ സമ്പർക്കം ചെയ്യുന്നതിനാവശ്യമായത് ഒഴിച്ച് വിവരം ആവശ്യപ്പെടുന്നത് എന്തിനാണെന്നോ, മറ്റെന്തെങ്കിലും വ്യക്തിഗത വിവരങ്ങളോ നല്കേണ്ടതില്ല. അപേക്ഷ എഴുതിനല്കാൻ കഴിയില്ലെങ്കിൽ, വാക്കാലാവശ്യപ്പെട്ടാൽ അപേക്ഷ എഴുതിനല്കുന്നതിന് അപേക്ഷകനെ പൊതുവിവരാധികാരി സഹായിക്കണം. അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് നല്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവറർ ഫീസ് നല്കേണ്ടതില്ല.
  • അപേക്ഷ ലഭിച്ചാൽ വിവരാധികാരി എത്രയും വേഗം (പരമാവധി മുപ്പതുദിവസത്തിനുള്ളിൽ) അപേക്ഷകന് വിവരം നല്കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യണം. വ്യക്തിസ്വാതന്ത്ര്യത്തേയോ ജീവനേയോ സംബന്ധിക്കുന്ന വിവരങ്ങൾ ആവശ്യപ്പെട്ടാൽ, 48 മണിക്കൂറിനുള്ളിൽ ഈ വിവരം നല്കണം. ഈ സമയപരിധിക്കുള്ളിൽ വിവരം നല്കിയില്ലെങ്കിൽ, അത് അപേക്ഷ നിരസിച്ചതായി കണക്കാക്കപ്പെടും. മറ്റൊരു വിവരാധികാരിയുടെ അധീനതയിലുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിൽ, ആ അപേക്ഷ എത്രയും വേഗം (പരമാവധി അഞ്ചുദിവസത്തിനുള്ളിൽ) ആ വിവരാധികാരിക്കു കൈമാറണം. ആ വിവരം അപേക്ഷകനെ അറിയിക്കണം.
  • അപേക്ഷക/ൻ ഇന്ദ്രിയ വൈകല്യമുള്ള വ്യക്തിയാണെങ്കിൽ ആ വ്യക്തിക്ക് വിവരം പ്രാപ്യമാക്കാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർ ബാദ്ധ്യസ്ഥരാണ്‌.
  • സാധാരണ ഗതിയിൽ, പൊതുസ്ഥാപനത്തിന്റെ സമ്പത്ത്, ക്രമരഹിതമായി ചെലവാകില്ലെങ്കിലോ, രേഖയുടെ സംരക്ഷണത്തെ ബാധിക്കുന്നില്ലെങ്കിലോ, വിവരം ആവശ്യപ്പെട്ട മാധ്യമത്തിൽ നൽകണം.
  • അച്ചടിച്ചതോ, ഇലക്ട്രോണിക് മാധ്യമങ്ങളിലോ വിവരങ്ങൾ നൽകുന്നതിന്, നിശ്ചിത ചെലവ് വിവരാർത്ഥിയിൽനിന്ന് ഈടാക്കുന്നുണ്ടെങ്കിൽ ആ വിവരവും, തുക കണക്കാക്കിയതെങ്ങനെയെന്നും, അടക്കേണ്ട സമയപരിധിയും അയാളെ അറിയിക്കണം.കൂടാതെ, ചുമത്തിയ തുക പുന:പരിശോധിക്കാൻ, അപ്പീലധികാരിയോട് അപേക്ഷിക്കാൻ അയാൾക്ക് അവകാശമുണ്ടെന്നും, അപ്പീലധികാരിയുടെ വിലാസവും അയാളെ അറിയിക്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവർ ഫീസ് നല്കേണ്ടതില്ല. സമയപരിധി കഴിഞ്ഞു നൽകുന്ന വിവരങ്ങൾക്കും ഫീസ് നല്കേണ്ടതില്ല.(ഫീസു നിശ്ചയിക്കുന്നത് അതതു സർക്കാറുകളാണ്)
  • അപേക്ഷ നിരസിക്കുകയാണെങ്കിൽ, അതിന്റെ കാരണവും, അപ്പീൽ നൽകാനുള്ള സമയപരിധിയും അപ്പീലധികാരിയുടെ വിലാസവും വിവരാർത്ഥിയെ അറിയിക്കണം.
  • ഒരു മൂന്നാംകക്ഷിയുടെ വിവരങ്ങളാണെങ്കിൽ, അഞ്ചുദിവസത്തിനുള്ളിൽ അയാളോട് അഭിപ്രായം ആരായണം. മൂന്നാംകക്ഷി പത്തുദിവസത്തിനുള്ളിൽ അയാളുടെ അഭിപ്രായം അറിയിക്കണം. അപേക്ഷയിൽ തീരുമാനം എടുക്കുമ്പോൾ മൂന്നാംകക്ഷിയുടെ അഭിപ്രായം പരിഗണിക്കണം. എന്നാൽ, മൂന്നാംകക്ഷിയുടെ നിയമസംരക്ഷണമുള്ള കച്ചവട - വാണിജ്യരഹസ്യങ്ങളൊഴിച്ച്, പൊതുതാത്പര്യങ്ങൾ അയാളുടെ സംരക്ഷിതതാത്പര്യങ്ങളൽക്കതീതമായിവരുന്ന വിവരങ്ങൾ വെളിപ്പെടുത്താം. അപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ, അക്കാര്യം അയാളെ അറിയിക്കുകയും അപ്പീൽ നൽകാൻ അവസരം നൽകുകയും വേണം. എന്നാൽ വിവരം വെളിപ്പെടുത്തുന്ന കാര്യത്തിൽ വിവരാധികാരി 40 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം.

വിവരം ലഭ്യമാക്കുന്നതിനുള്ള ഫീസ് കേരളത്തിൽ

തിരുത്തുക
  • അപേക്ഷാഫീസ് - 10 രൂപ

ഉത്തരം ലഭിക്കുന്നതിന്:

  • ഒരു സാധാരണ പേജിന്‌ (എ 4 സൈസ്)- 3 Rupees
  • വലിയ പേജുകൾ - യഥാർത്ഥ ചെലവ്
  • വിവരം പരിശോധന - ആദ്യത്തെ ഒരു മണിക്കൂർ സൗജന്യം
  • തുടർന്നുള്ള ഓരോ അര മണിക്കൂറിനും - 10 രൂപ വീതം
  • ഫ്ലോപ്പിയിലോ സിഡിയിലോ (ഒരെണ്ണത്തിന്‌) - 75 രൂപ

(ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും ഫീസ് ഈടാക്കുന്നതല്ല)

  • ആവശ്യപ്പെട്ട വിവരം നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാതിരുന്നാലോ, അപേക്ഷയിന്മേൽ ഒരു തീരുമാനം ലഭിക്കാതെയിരുന്നലോ, വിവരാധികാരിയുടെ തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിലോ, മൂന്നാം കക്ഷിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന കാര്യത്തിൽ അയാൾക്കോ, നിശ്ചിത സമയപരിധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വിവരാധികാരിയുടെ മുകളിലുള്ള അപ്പീലധികാരിക്ക് ഒരു അപ്പീൽ നൽകാം. ന്യായമായ കാരണങ്ങൾ ഉണ്ടെന്ന് തോന്നുന്ന കാര്യങ്ങളിൽ, 30 ദിവസത്തിനു ശേഷവും അപ്പീൽ സ്വീകരിക്കാം.
  • അപ്പീൽ 30 ദിവസത്തിനുള്ളിൽ (ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ 45 ദിവസത്തിനുള്ളിൽ) തീർപ്പാക്കണം.
  • അപ്പീൽ തീർപ്പാക്കി 90 ദിവസത്തിനുള്ളിൽ, ഒരു രണ്ടാം അപ്പീൽ കേന്ദ്ര/സംസ്ഥാന കമ്മീഷനു സമർപ്പിക്കാം. ന്യായമായ കാരണങ്ങൾ ഉണ്ടെന്ന് കമ്മീഷനു തോന്നുന്ന കാര്യങ്ങളിൽ, 90 ദിവസത്തിനു ശേഷവും അപ്പീൽ സ്വീകരിക്കാം.
  • മൂന്നാംകക്ഷിയെ സംബന്ധിക്കുന്ന കാര്യത്തിൽ അയാളുടെ വാദം കമ്മീഷൻ കേൾക്കണം.
  • വിവരം നിരസിച്ചതിനുള്ള കാരണങ്ങൾ (തെളിവുഭാരം) നൽകേണ്ടത് വിവരാധികാരിയാണ്.
  • അപ്പീൽ 30 ദിവസത്തിനുള്ളിൽ (ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ 45 ദിവസത്തിനുള്ളിൽ) തീർപ്പാക്കണം
  • കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കും.

സമയപരിധി

തിരുത്തുക
  • അപേക്ഷിച്ച വിവരം നൽകാൻ: അപേക്ഷ നൽകിയ തീയതി മുതൽ 30 ദിവസം
  • അപേക്ഷ മറ്റൊരു വിവരാധികാരിക്കു കൈമാറാൻ : 5 ദിവസം
  • അപേക്ഷ നിരസിക്കാൻ : 5 ദിവസം
  • ചെലവുതുക അടക്കാനാവശ്യപ്പെട്ടതു മുതൽ പണമടക്കുന്നതു വരെയുള്ള സമയം കണക്കിലെടുക്കില്ല.
  • മൂന്നാംകക്ഷിയുടെ വിവരം ഉൾപ്പെടുന്നു എങ്കിൽ: 40 ദിവസം
  • മൂന്നാംകക്ഷിയോട് അഭിപ്രായമാരായാൻ: 5 ദിവസം
  • മൂന്നാംകക്ഷിയ്ക്ക് മറുപടിയ്ക്ക്: 10 ദിവസം.
  • ഒന്നാം അപ്പീലിന് : 30 ദിവസം
  • ഒന്നാം അപ്പീൽ തീർപ്പാക്കുന്നതിന് : 30 ദിവസം / 45 ദിവസം (മതിയായ കാരണം രേഖപ്പെടുത്തണം)
  • രണ്ടാം അപ്പീലിന് : 90 ദിവസം

വിവരവകാശ കമ്മീഷൻ

തിരുത്തുക

വിവരവകാശ നിയമത്തിന്റെ അധികാരങ്ങൾ പ്രയോഗിക്കാനും ചുമതലകൾ നിറവേറ്റാനും പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിവരാവകാശ കമ്മീഷൻ.കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട്.

കമ്മിഷന്റെ അധികാരങ്ങൾ

തിരുത്തുക

ഈ നിയമമനുസരിച്ച്,

  • ഏതൊരാളിൽ നിന്നും പരാതികൾ സ്വീകരിക്കാൻ,
  • പരാതി അന്വേഷിക്കുവാൻ,
  • തെളിവെടുപ്പിന് ഒരാളെ വിളിച്ചു വരുത്തുവാൻ
  • സത്യവാക്കായി തെളിവുകൾ സ്വീകരിക്കുവാൻ,
  • രേഖകൾ കണ്ടെടുക്കുവാൻ,
  • അവ പരിശോധിക്കുവാൻ,
  • സർക്കാർ നിശ്ചയിയ്ക്കുന്ന മറ്റേതൊരു നടപടിയും സ്വീകരിക്കുവാൻ കമ്മീഷന് അധികാരമുണ്ട്.

കൂടാതെ, കേന്ദ്ര/സംസ്ഥാന നിയമസഭകൾ നിർമ്മിച്ച ഏതൊരു നിയമത്തിലും എന്തുതന്നെ ആയിരുന്നാലും[അവലംബം ആവശ്യമാണ്], യാതൊരുകാരണവശാലും ഒരു രേഖയും കമ്മീഷനോട് നിരസിക്കാൻ പാടില്ല എന്നും വ്യവസ്ഥയുണ്ട്.

ശിക്ഷകൾ

തിരുത്തുക

ഒരു വിവരാധികാരി,

  • അപേക്ഷകൾ സ്വീകരികാതിരിക്കുകയോ,
  • നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ,
  • മനഃപൂർവം വിവരം നിരസിക്കുകയോ,
  • അറിഞ്ഞുകൊണ്ട് തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരം നൽകുകയോ,
  • വിവരരേഖകൾ നശിപ്പിക്കുകയോ,
  • വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താൽ,

പ്രതിദിനം 250 രൂപാ നിരക്കിൽ, പരമാവധി 25000 രൂപാ വരെ പിഴശിക്ഷ ലഭിക്കും. കൂടാതെ, വകുപ്പുതലത്തിൽ അച്ചടക്കനടപടിയും ഉണ്ടായേക്കാം. ശിക്ഷാധികാരം കമ്മീഷനാണ്. വിവരാധികാരി, വിവരം നൽകുന്നതിന് ആവശ്യപ്പെട്ട, മറ്റേതൊരു ഉദ്യോഗസ്ഥനും ഇവ ബാധകമാണ്.

മറ്റു കാര്യങ്ങൾ

തിരുത്തുക
  • ഈ നിയമത്തിൻ കീഴിൽ, ഉത്തമവിശ്വാസത്തോടെ എടുത്ത ഒരു നടപടിക്കുമെതിരായി ഒരു പരാതിയും നിലനിൽക്കില്ല.
  • 1923-ലെ ഔദ്യോഗിക രഹസ്യനിയമത്തേക്കാളും, മറ്റേതൊരു നിയമത്തേക്കാളും അധികപ്രഭാവമുണ്ടായിരിക്കും.
  • ഈ നിയമമനുസരിച്ചു നൽകിയ ഒരുത്തരവിനുമെതിരായുള്ള ഒരു പരാതിയും ഒരു കോടതിയും പരിഗണിക്കരുത്. എന്നിരിക്കിലും ഹൈക്കോടതിയുടെ റിട്ട് അധികാരവും, സുപ്രീം കോടതിയുടെ റിട്ട് അധികാരവും അപ്പീൽ അധികാരവും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുടെ ഭാഗമാകയാൽ, ഈ വകുപ്പുണ്ടെങ്കിലും വിവരാവകാശ കമ്മീഷനുകളുടെ തീരുമാനങ്ങൾക്ക് മേൽ ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കാവുന്നതാണ്.
  • അതതു കമ്മീഷനുകൾ വർഷംതോറും ഒരു റിപ്പോർട്ട് അതതു സർക്കാരിനു നൽകണം. എല്ലാ പൊതുസ്ഥാപനങ്ങളും ഈ റിപ്പോർട്ടിനു വേണ്ട വിവരങ്ങൾ നൽകണം.
  • അതതു സർക്കാരുകൾ, ഈ നിയമം പൊതുജനങ്ങളെ അറിയിക്കാനായി പരിപാടികൾ സംഘടിപ്പിക്കണം; ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കണം; യുക്തമെങ്കിൽ, മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കണം; യുക്തമായ നിയമങ്ങൾ നിർമ്മിക്കണം.
  • 2002-ലെ വിവരാവകാശ സ്വാതന്ത്ര്യ നിയമം ഈ നിയമം പ്രബല്യത്തിൽ വന്നതിനുശേഷം പിൻവലിക്കപ്പെട്ടു.
  • അപേക്ഷയിൽ വിവരാർത്ഥി തന്റെ മേൽവിലാസത്തിനു പകരം പോസ്റ്റ്ബോക്സ് നമ്പർ മാത്രം നൽകിയാലും മതിയാകുമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.[2]

ഇതും കൂടി കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-07-28. Retrieved 2008-08-08.
  2. മാതൃഭൂമി, വെബ്‌സൈറ്റ്. "ആർ ടി ഐ: അപേക്ഷകന്റെ വിലാസം നിർബന്ധമില്ല". മാതൃഭൂമി.കോം. Archived from the original on 2014-01-18. Retrieved 2014 ജനുവരി 19. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വിവരാവകാശനിയമം_2005&oldid=4286614" എന്ന താളിൽനിന്ന് ശേഖരിച്ചത്