പുനലൂർ തൂക്കുപാലം

(Punalur Suspension Bridge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം.[1][3] തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്.[1] ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ[2] മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി[2]. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.

പുനലൂർ തൂക്കുപാലം

തൂക്കുപാലം
നദി കല്ലടയാർ
നിർമ്മിച്ചത്, രാജ്യം ആയില്യം തിരുനാൾ രാമവർമ്മ, തിരുവിതാംകൂർ[1]
നിർമ്മാണം നടന്നത് ക്രി.വർഷം 1871 മുതൽ 1877
ഉദ്ഘാടനം ക്രി.വർഷം 1880
നീളം മീറ്റർ
എഞ്ചിനിയർ ആൽബെർട്‌ ഹെൻട്രി[2]
പ്രത്യേകതകൾ
കടന്നു പോകുന്ന
പ്രധാന പാത
കൊല്ലം - മധുര ദേശീയപാത (ദേശീയപാത 220)

ചരിത്രം

തിരുത്തുക
 
ബലം പരിശോധിക്കുന്നു, ആശ്രാമത്തെ ഒരു കലാനിർമ്മിതി

തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് പുനലൂരിൽ തൂക്കുപാലത്തിനുള്ള ആവശ്യവും ആശയവും ഉടലെടുത്തത്. അന്ന് തിരുവിതാംകൂർ ദിവാൻ നാണുപിള്ള ആയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് എഞ്ചിനിയറായ ആൽബെർട്‌ ഹെൻട്രിയെ തൂക്കുപാല നിർമ്മാണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കുകയും, 1871-ൽ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്നുവന്ന പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾവഴികളിൽ സുപ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിനു വളരെയേറെ സഹായമായി. ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുമെങ്കിലും പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌ കല്ലടയാർ. അതിനാൽ തൂണുകളിൽ കെട്ടിപടുക്കുന്ന സാധാരണ പാലം ഇവിടെ പ്രായോഗികമല്ല എന്നു നിരവധി പരിശ്രമങ്ങളിലൂടെ ബോധ്യമാവുകയും അതുവഴി തൂക്കുപാലമെന്ന ആശയത്തിലേക്ക് എത്തിചേരുകയുമാണുണ്ടായത്.

പാലത്തിന്റെ പ്രത്യേകതകൾ

തിരുത്തുക
 
പുനലൂർ തൂക്കുപാലം

കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ ചട്ടകൂടുകളിലുറപ്പിച്ച തമ്പകം പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.

20 അടിയോളം വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ തമിഴ്‌നാട്ടിൽ നിന്നുമുള്ള കച്ചവടസംഘങ്ങൾ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതൽ ബലപ്പെടുകയും ചെയ്തു.

അവസ്ഥകൾ

തിരുത്തുക

പാലത്തിന്റെ ശോചനീയാവസ്ഥ

തിരുത്തുക
 
പുനലൂർ തൂക്കുപാലം
 
പുനലൂർ തൂക്കുപാലം

കാളവണ്ടികൾക്കും, കുതിരവണ്ടികൾക്കും ശേഷം മോട്ടോർ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറി. എന്നിരുന്നാലും കേരള വാട്ടർ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാൻ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റൻ ജലനിർഗമനകുഴലുകൾ പൊട്ടിയൊലിച്ച്‌ വാർന്ന ക്ലോറിൻ കലർന്ന ജലം മൂലം വർഷങ്ങൾ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന തമ്പകം തടി'''  തട്ടിനും, കൂറ്റൻ ചങ്ങലക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

പുനലൂർ തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ[അവലംബം ആവശ്യമാണ്]) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു, തടിത്തട്ടിൽ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌ നാശോന്മുഖമായിരിക്കുന്നു. കരിങ്കൽ തൂണുകളിലെ വിടവുകളിലുള്ള ആൽമരത്തൈകൾ കരിച്ചുകളഞ്ഞെങ്കിലും പിന്നെയും വളർന്നുവരുന്നുണ്ട്.

പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ

തിരുത്തുക
 
സംരക്ഷിത സ്മാരകം

സംസ്കാരികപ്രവർത്തകരുടെ നിരന്തര ഇടപെടലുകൾക്കും നിരവധി നിവേദനങ്ങൾക്കുമൊക്കെ ഒടുവിൽ പുരാവസ്തുവകുപ്പ്‌ പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തതോടെ പാലത്തിന്റെ നടുവിലൂടെയുണ്ടായിരുന്ന ജലവിതരണക്കുഴൽ മാറ്റി സ്ഥാപിക്കപ്പെട്ടു. പുരാവസ്തുവകുപ്പിന്റെ മേൽനോട്ടത്തിൽ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ നവീകരണവും ശക്തിപെടുത്തലുമൊക്കെ നടത്തിയത്‌ തൂക്കുപാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം തദ്ദേശവാസികളിൽ സൃഷ്ടിക്കാനാകുകയും കാൽനടക്കാർക്ക് കൂടുതൽ സുരക്ഷിതമായി പാലം മുറിച്ചുകടക്കാൻ അവസരമൊരുക്കുകയും ചെയ്തു. ഇതിനുശേഷം പാലത്തിനുമേൽ വാണിജ്യപരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിർത്തലായി. പാലത്തിന്റെ നിർമ്മാണരഹസ്യം ഒളിച്ചുവെച്ചിരിക്കുന്നുവെന്ന്[അവലംബം ആവശ്യമാണ്] പറയപ്പെടുന്ന വശങ്ങളിലെ കിണറുകളിലും പരിസരത്തും നടത്തിയിരുന്ന ചവറുമാലിന്യ നിക്ഷേപത്തിനും കുറവുണ്ടായിട്ടുണ്ട്.

ചിത്രശാല

തിരുത്തുക
  1. 1.0 1.1 1.2 തിരുവിതാംകൂർ ഭൂമിശാസ്ത്രം താൾ ൧൮ - സി. ആർ. കൃഷ്ണപിള്ള ബി.എ, എൽ. റ്റി - എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം
  2. 2.0 2.1 2.2 http://www.bridgemeister.com/bridge.php?bid=415
  3. http://www.punaloor.com/general/about-punaloor.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുനലൂർ_തൂക്കുപാലം&oldid=3936188" എന്ന താളിൽനിന്ന് ശേഖരിച്ചത്