പോഡ്കാസ്റ്റ്

(Podcast എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലക്കങ്ങളായി ഇന്റ്ർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്. ആശയപ്രചരണം, വിദൂരവിദ്യാഭ്യാസം, വിനോദം തുടങ്ങിയ പല രംഗങ്ങളിലും പോഡ്കാസ്റ്റിംഗ് വ്യാപകമായി കഴിഞ്ഞിരിക്കുന്നു. വീഡിയോ പോഡ്കാസ്റ്റുകളെ വോഡ്കാസ്റ്റ് എന്നും പറയാറുണ്ട്. ഐപോഡ് എന്നതിലെ പോഡും, പ്രക്ഷേപണം എന്നർത്ഥമുള്ള ബ്രോഡ്കാസ്റ്റ് (broadcast) എന്ന പദത്തിലെ കാസ്റ്റും ചേർന്നാണ് പോഡ്കാസ്റ്റ് എന്ന പദമുൽഭവിച്ചതെങ്കിലും പോഡ്കാസ്റ്റുകൾ ശ്രവിക്കാൻ ഐപോഡുകളോ, mp3 പ്ലേയർ പോലുമോ വേണമെന്നില്ല. ഏതൊരു കമ്പ്യൂട്ടറിലും, പല മൊബൈൽ ഫോണുകളിലും പോഡ്കാസ്റ്റുകൾ കേൾക്കാവുന്നതാണ്.

പോഡ്കാസ്റ്റുകൾ ശ്രവിക്കാൻ

തിരുത്തുക

ബഹുഭൂരിപക്ഷം പോഡ്കാസ്റ്റുകൾ ഇന്ന് സൗജന്യമായി ലഭ്യമാണ്. പോഡ്കാസ്റ്റുകൾ ലഭ്യമാക്കിതരുന്ന ധാരാളം സൈറ്റുകളുണ്ട്. ഈ സൈറ്റുകളെ പോഡ്കാസ്റ്റ് ഡയറക്ടറി എന്നും പറയുന്നു. അത്തരത്തിലുള്ള ഡയറക്ടറിയിൽ നിന്നും വിഷയാനുസരണവും കാലാനുസരണവുമായി രേഖപ്പെടുത്തിയ പോഡ്കാസ്റ്റുകളിൽ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്തു ശ്രവിക്കാം. തത്സമയം ആയി സാമ്പിൾ കേട്ടശേഷം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും പല സൈറ്റുകൾ ലഭ്യമാക്കാറുണ്ട്. പോഡ്കാസ്റ്റ് മുഴുവനും ലൈവായി കേൾക്കാനോ കാണാനോ സാധിക്കും ഇതിനെ സ്ടീമിംഗ് എന്നു പറയുന്നു. മിക്ക പോഡ്കാസ്റ്റുകളും mp3 ഫോർമാറ്റിൽ ലഭിക്കുന്നവയാണ്. എന്നിരുന്നാലും avi, wav തുടങ്ങിയ ഫോർമാറ്റുകളും നിലവിലുണ്ട്. ആപ്പിളിന്റെ ഐ ട്യൂൺസ് മുഖാന്തരം ലഭിക്കുന്ന പോഡ്കാസ്റ്റുകൾക്കു പ്രത്യേക സോഫ്റ്റ്വെയ്ർ വേണ്ടിവരും.

വരിക്കാരാകുന്നത് (സബ്സ്ക്രിപ്ഷൻ)

തിരുത്തുക

ഒരു ലക്കം ( episode) കേട്ടുകഴിഞ്ഞാൽ അടുത്ത ലക്കം കേൾക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആ പോഡ്കാസ്റ്റിന്റെ വരിക്കാരനാകാം. ഇതും സൗജന്യമാണ്. അടുത്ത ലക്കം സൈറ്റിൽ ലഭ്യമാവുമ്പോൽ വരിക്കാർക്ക് ഇമെയിൽ മുഖാന്തരം അറിയിപ്പോ , ആ ഫയൽ തന്നെയോ ലഭിക്കുന്നു. പല പത്രങ്ങളും, മാസികകളും , വാർത്താ ചാനലുകളും ഇന്ന് പോഡ്കാസ്റ്റ് ലഭ്യമാക്കുന്നുണ്ട്.

ഉപയോഗങ്ങൾ

തിരുത്തുക
  1. അറിയിപ്പുകൾ: സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ പൊതു ജനങ്ങൾക്ക് വിവരങ്ങൾ നൽകാനും അറിയിപ്പുകൾ നൽകാനും ഇന്ന് പോഡ്കാസ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്. പല മ്യ്യൂസിയങ്ങളും പ്രദർശന വസ്തുകളുടെ വിശദാംശങ്ങൾ സന്ദർശകർക്കെത്തിക്കുന്നതിനു പോഡ്കാസ്റ്റ് ഉപയോഗിച്ചു വരുന്നു[1]
  2. വിദൂര വിദ്യാഭ്യാസം: പ്രശസ്തമായ പല അന്താരാഷ്ട്ര സർവ്വകലാശാലകളും അവരുടെ പാഠ്യവിഷയങ്ങൾ സൗജന്യമായി ഓൺലെനിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രഗൽഭരും പ്രശസ്തരുമായ അധ്യാപകർ ക്ലാസ്സെടുക്കുന്നത് ഓഡിയോ വീഡിയോ പോഡ്കാസ്റ്റിലൂടെ ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ക്ലാസ്സുകൾ പോക്കറ്റിൽ കൊണ്ടുനടന്നു സൗകര്യം പോലെ കേട്ടു പഠിക്കാം. (mobile learning ) [2]
  3. ആശയപ്രചരണം: രാഷ്ട്രീയക്കാർക്ക് തിരഞ്ഞെടുപ്പ് വേളകളിലും അല്ലാതെയും ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കപ്പേടുന്നു. രാഷ്ട്രതലവന്മാർ വിശിഷ്ട വേളകളിൽ സന്ദേശങ്ങൾ നൽകുവാൻ പോഡ്കാസ്റ്റിങ്ങും ഒരു മാർഗ്ഗമായി ഉപയോഗിക്കുന്നു. ടി.വി.യുടെ നിശ്ചിത സമയ പരിമിതി പോഡ്കാസ്റ്റിനില്ല. മതാചാര്യന്മാരും ആത്മീയ പ്രഭാഷകരും ആശയപ്രചരണ മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കുന്നത് വ്യാപകമായിരിക്കുന്നു.[3]
  4. വിനോദ രംഗം: വളർന്നു വരുന്ന കലാകാർന്മാർക്കും, അവസരങ്ങൾ കിട്ടാതെ വലയുന്നവർക്കും പോഡ്കാസ്റ്റ് സഹായമായി വർത്തിക്കുന്നു. കഴിവുകൾ ലോകത്തിന്റെ മുമ്പിൽ നിരത്താൻ പണചെല്ലവില്ലെന്നതാണ് ഗുണം. പോഡ്കാസ്റ്റുകൾ കേൾക്കുന്നവർ ഇടുന്ന കമന്റുകൾ ദിശ സൂചികയായി ഗണിക്കപ്പെടാറുണ്ട്. എഴുത്തുകാർ അവരുടെ കൃതികളുടെ പ്രചാരണത്തിനായി പോഡ്കാസ്റ്റുകൾ ഉപയോഗിക്കുന്നു. ടി.വി. താരങ്ങളും റേഡിയോ താരങ്ങളും പോഡ്കാസ്റ്റുകൾ വഴി പ്രക്ഷേപണം നടത്തുന്നു.
  5. വാർത്താമാധ്യമം: വെബ്സൈറ്റുകൾക്കും ബ്ലോഗുകൾക്കും പുറമെ പോഡ്കാസ്റ്റുകളും ഇന്ന് വാർത്താമാധ്യമങ്ങൾ ധാരാളമായി ഉപയോഗിച്ചുവരുന്നു. വാർത്താവിശകലന പോഡ്കാസ്റ്റുകൾക്ക് ധാരാളം വരിക്കാരുമുണ്ട്.[4]
  1. "[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ സർക്കാറിന്റെ]] [[AIDS]] രോഗ സംബന്ധിയായ വിഷയങ്ങൾക്കായി ഔദ്യോഗിക പോഡ്കാസ്റ്റ്". Archived from the original on 2011-02-08. Retrieved 2011-01-09.
  2. വിവിധ സർവ്വകലാശാലകൾ ലഭ്യമാക്കുന്ന സൗജന്യ ഓൺലൈൻ കോഴ്സുകളുടെ ശേഖരം
  3. ഇന്ത്യൻ പ്രധാനമന്ത്രിയുടെ 2009 ലെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായി ഇറക്കിയ പോഡ്കാസ്റ്റ്
  4. ബി.ബി.സി യുടെ പോഡ് കാസ്റ്റുകളുടെ സൈറ്റ്
"https://ml.wikipedia.org/w/index.php?title=പോഡ്കാസ്റ്റ്&oldid=3688032" എന്ന താളിൽനിന്ന് ശേഖരിച്ചത്