പെസഹാ (യഹൂദമതം)

(Passover എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യഹൂദമതത്തിലെ ഒരു പ്രധാന പെരുന്നാളാണ് പെസഹാ (ഇംഗ്ലീഷ്: Passover). മിസ്രയീമിലെ അടിമത്തത്തിൽ നിന്നു പുരാതന ഇസ്രയേൽ ജനത മോചിതരായ പുറപ്പാടുപുസ്തക കഥയെ അനുസ്മരിക്കുന്ന പെരുന്നാളാണിത്. ഹീബ്രു കലണ്ടറിലെ നീസാൻ മാസം 15-ആം തീയതി മുതൽ ഒരാഴ്ചക്കാലം പെസഹാ ആഘോഷിക്കപ്പെടുന്നു.

പെസഹാ
ആചരിക്കുന്നത്പ്രധാനമായും യഹൂദരും, ശമരിയരും
തരംമൂന്ന് തീർത്ഥാടക പെരുന്നാളുകളിലൊന്ന്
പ്രാധാന്യംപുരാതന ഈജിപ്തിലെ അടിമത്തത്തിൽ നിന്നു ഇസ്രയേൽ ജനതയുടെ മോചനത്തിന്റെ അനുസ്മരണം.
ആഘോഷങ്ങൾയഹൂദ പാരമ്പര്യപ്രകാരം, ഒന്നോ രണ്ടോ സെദർ സദ്യകൾ; യെരുശലേം ദേവാലയം നിലനിന്നിരുന്ന കാലത്ത് പെസഹ ബലി. ശമര്യ പാരമ്പര്യപ്രകാരം ഗെരിസീം പർവ്വതത്തിലെ ചടങ്ങുകൾ.
ആരംഭംനീസാൻ മാസം 15-ആം തീയതി[1][2]
അവസാനംനീസാൻ മാസം 21-ആം തീയതി -- ഇസ്രായേലിലും പുറത്തുള്ള ഉദാര ജൂതസമൂഹങ്ങളിലും ; നീസാൻ മാസം 22-ആം തീയതി -- ഇസ്രായേലിനു പുറത്തുള്ള യാഥാസ്ഥിതിക ജൂതസമൂഹങ്ങളിലും.[3]
തിയ്യതി15 Nisan, 16 Nisan, 17 Nisan, 18 Nisan, 19 Nisan, 20 Nisan, 21 Nisan, 22 Nisan
ബന്ധമുള്ളത്49 ദിനങ്ങൾക്ക് ശേഷം വരുന്ന ഷാവൂത്ത് (വാരോത്സവം).

പുറപ്പാടുപുസ്തകത്തിലെ വിവരണപ്രകാരം ഇസ്രയേല്യരെ ദുരിതപൂർണ്ണമായ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി ദൈവം പല ബാധകളെ ഒന്നൊന്നായി മിസ്രയീം ദേശത്തേക്ക് അയച്ചു. എന്നാൽ ഭരണാധികാരിയായ ഫറവോ മനസ്സുമാറി ഇസ്രയേല്യരെ മോചിപ്പിക്കുവാൻ തയ്യാറായില്ല. അതിനാൽ പത്താമത്തേതും ഏറ്റവും ഭയാനകവുമായ ശിക്ഷയായി സംഹാരദൂതനെ അയച്ച് മിസ്രയീമ്യരുടെ ആദ്യജാതന്മാരെ നിഗ്രഹിക്കുവാൻ യഹോവ തീരുമാനിച്ചു. എന്നാൽ ഇസ്രയേല്യരുടെ ഭവനങ്ങളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുവാനായി കുഞ്ഞാടിന്റെ രക്തമെടുത്ത് വാതിൽപ്പടിയിൽ അടയാളമായി തളിക്കപ്പെടണമെന്നും നിർദ്ദേശിക്കപ്പെട്ടു. അപ്രകാരം സംഹാരദൂതൻ ഇസ്രയേല്യരുടെ വീടുകളെ കടന്നു പോവുകയും മിസ്രയീമ്യരുടെ കടിഞ്ഞൂലുകളെ നിഗ്രഹിക്കുകയും ചെയ്തു. ഈ 'കടന്നു പോക്കിൽ' നിന്നാണ് കടന്നു പോക്ക് (pass over) എന്നർത്ഥമുള്ള പെസഹാ എന്ന പേരു ഈ പെരുന്നാളിനു ലഭിച്ചെതെന്ന് ഒരു അഭിപ്രായമുണ്ട്. ഭയാകുലനായ ഫറവോ ഇസ്രയേല്യരെ പോകുവാൻ അനുവദിക്കുകയും ഇസ്രായേൽ ജനത ഈജിപ്തിൽ നിന്നു രക്ഷപ്പെടുകയും ചെയ്തു. തിടുക്കത്തിൽ തങ്ങളുടെ ഭവനങ്ങൾ വിടേണ്ടി വന്നതിനാൽ മാവു പുളിച്ച് അപ്പമാക്കിയെടുക്കുവാൻ അവർക്ക് സാധിച്ചില്ല. ഇതിന്റെ സ്മരണക്കായി പെസഹക്കാലത്ത് അവർ പുളിപ്പുള്ള അപ്പം ഭക്ഷിക്കാറില്ല. അതിനാൽ പെസഹാ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ (The Festival of the Unleavened Bread) എന്ന പേരിലും അറിയപ്പെടുന്നു. മട്സാ എന്ന പുളിപ്പില്ലാത്ത അപ്പം പെസഹയുടെ ഒരു പ്രതീകം തന്നെയാണ്.

ഒരു കാലത്ത് മറ്റ് തീർത്ഥാടകപെരുന്നാളുകളായ സുക്കോത്ത്, ഷാവൂത്ത് എന്നിവയെപ്പോലെ പെസഹയ്ക്കും യഹൂദർ യെറുശലേം ദേവാലയത്തിലേക്ക് തീർത്ഥാടനം നടത്തിയിരുന്നു. എന്നാൽ ശമരിയർ ഗെരിസീം പർവ്വതത്തിലേക്കായിരുന്നു തീർത്ഥാടനം നടത്തിയിരുന്നത്.[4]

ക്രിസ്തീയ വിശേഷദിനമായ പെസഹാ വ്യാഴത്തിന്റെ (Maundy Thursday) ഉത്ഭവം യഹൂദ പെസഹയിൽ(Passover) നിന്നാണ്. പെസഹയുടെ രാത്രിയിലാണ് യേശു തന്റെ ശിഷ്യരുമൊത്ത് അവസാന അത്താഴം കഴിച്ചതെന്നു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

  1. "First day of Passover". timeanddate.com. Retrieved 2012-03-17.
  2. "What Is Passover?". Rabbinical College of Australia and N.Z. Archived from the original on 2012-08-05. Retrieved 2012-03-17.
  3. "Last day of Passover". timeanddate.com. Retrieved 2012-03-17.
  4. "Ancient Samaritan sect marks Passover sacrifice near Nablus". Haaretz. 2007-01-05. Archived from the original on 2008-10-17. Retrieved 2008-10-10.
"https://ml.wikipedia.org/w/index.php?title=പെസഹാ_(യഹൂദമതം)&oldid=3971103" എന്ന താളിൽനിന്ന് ശേഖരിച്ചത്