പ്രാചീന എബ്രായ ലിപി

(Paleo-Hebrew alphabet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന സെമറ്റിക് അക്ഷരമാലയുടെ ഒരു വ്യഞ്ജനമാത്രശിഖരമാണ് പ്രാചീന എബ്രായ ലിപി. ഫിനീഷ്യൻ അക്ഷരമാലയുമാലയുമായി സാമ്യമുള്ളതും അതിൽ നിന്ന് ഉരുത്തിരിഞ്ഞതുമാണത്. ഈ ലിപിക്ക് ബി.സി. പത്താം നൂറ്റാണ്ടോളമോ അതിനപ്പുറമോ പഴക്കമുണ്ടാകണം. യഹൂദ, ശമരിയ വിഭാഗങ്ങളായി പിൽക്കാലത്ത് വഴിപിരിഞ്ഞ പുരാതനകാലത്തെ ഇസ്രായേൽക്കാർ എബ്രായ ഭാഷ എഴുതാൻ ഈ ലിപി ഉപയോഗിച്ചിരുന്നു.

പ്രാചീന എബ്രായ ലിപി
ഇനംവ്യഞ്ജനമാത്രലിപി
ഭാഷ(കൾ)എബ്രായ ഭാഷ
കാലഘട്ടംബിസി 10-ശതകം മുതൽ എഡി 135 വരെ
യൂണിക്കോഡ് ശ്രേണിU+10900–U+1091F
Note: This page may contain IPA phonetic symbols in Unicode.

ബി.സി. അഞ്ചാം നൂറ്റാണ്ടിൽ യഹൂദർ എബ്രായ ഭാഷ എഴുതാൻ അസീറിയൻ ലിപി എന്നു കൂടി അറിയപ്പെടുന്ന അരമായ ലിപി ഉപയോഗിക്കാൻ തുടങ്ങിയതോടെ, പ്രാചീന എബ്രായ ലിപി നിരുപയോഗമാകാൻ തുടങ്ങി. കുറേക്കാലത്തേക്ക് ഇരുലിപികളും സമാന്തരമായി ഉപയോഗത്തിലിരുന്നെങ്കിലും പൊതുവർഷം രണ്ടാം നൂറ്റാണ്ടോടെ പ്രാചീനലിപിയുടെ ഉപയോഗം യഹുദർക്കിടയിൽ തീർത്തും ഇല്ലാതായി. എബ്രായ ഭാഷയുടെ എഴുത്തിന് യഹൂദന്മാർ ഇപ്പോൾ ഉപയോഗിക്കുന്ന ചതുരലിപി അരാമിയയിൽ നിന്നു രൂപപ്പെട്ടതാണ്. ഇപ്പോൾ ആയിരത്തോളം മാത്രം സംഖ്യയുള്ള ശമരിയർ, പ്രാചീന എബ്രായ ലിപിയുടെ തുടർച്ചയായ ശമരിയ ലിപിയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.[1]

ഉത്ഭവം തിരുത്തുക

 
ബിസി ഒൻപതാം നൂറ്റാണ്ടിലെ മേശ ശിലാലിഖിതത്തിൽ യഹോവ എന്ന ദൈവനാമം പ്രാചീന എബ്രായ ലിപിയിൽ
 
യഹോവ എന്ന പേര് ആധുനിക എബ്രായലിപിയിൽ

പുരാതന യൂദയായിലെ ബെത്ഗുവ്രിൻ സമതലത്തിലുള്ള ടെൽ സായിത്തിലെ ഒരു ഭിത്തിയിൽ രേഖപ്പെടുത്തിയിരുന്ന സായിത് ലിഖിതമാണ് പ്രാചീന എബ്രായ ലിപിയുടെ ലഭ്യമായതിൽ ഏറ്റവും പഴയ മാതൃക. ബിസി പത്താം നൂറ്റാണ്ടിൽ നിന്നുള്ള ഗെസർ പഞ്ചാംഗം അതിനേക്കാൾ പഴക്കം കുറഞ്ഞതാണ്. ആധുനിക ബെയ്റൂത്തിനടുത്തുള്ള പുരാതന നഗരമായ ബിബ്ലസിൽ നിന്നുള്ള ഫിനീഷ്യൻ ലിഖിതങ്ങളോട് സാമ്യം കാട്ടുന്നതാണ് ഈ ലിഖിതത്തിലെ ലിപി. മേശ ശിലാലിഖിതം എന്നറിയപ്പെടുന്ന മൊവാബിയലിഖിതം ബിസി ഒൻപതാം നൂറ്റാണ്ടിലേതാണ്.[2] കാലക്രമേണ വികസിച്ച് വ്യാപകമായിത്തീർന്ന ഒരു ആലേഖനപാരമ്പര്യത്തിന്റേയും സാക്ഷരതയുടേയും സൂചന അതു നൽകുന്നു. യെരുശലേമിൽ ഹെസക്കിയായുടെ തുരങ്കത്തിൽ നിന്നു കിട്ടിയ സിലോഹാ ലിഖിതവും ഈ പ്രാചീനലിപിയുടെ മാതൃകയാണ്. ബിസി എട്ടാം നൂറ്റാണ്ട് അവസാനമാണ് അതിന്റെ കാലം.

പിൽക്കാലം തിരുത്തുക

 
പൊതുവർഷം രണ്ടാം നൂറ്റാണ്ടിൽ ബാർ കൊഖ്ബാ കലാപകാരികൾ ഇറക്കിയ ഈ നാണയത്തിലെ ലിഖിതം പ്രാചീന എബ്രായ ലിപിയിലാണ്.

ബിസി ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂദയാ രാജ്യം ബാബിലോണിന്റെ പിടിയിലാവുകയും ജൂതസമൂഹത്തിലെ ഉപരിവർഗ്ഗം പ്രവാസികളാക്കപ്പെടുകയും ചെയ്തതിനു ശേഷവും, രാജ്യത്ത് അവശേഷിച്ചിരുന്ന യഹൂദർ പ്രാചീന ലിപിയുടെ ഉപയോഗം തുടർന്നു. പുരാതന ഗിബയോണിൽ നിന്നു കിട്ടിയിട്ടുള്ള ബിസി ആറാം നൂറ്റാണ്ടു കാലത്തെ ഭരണികളുടെ കുഴകളിൽ മുന്തിരിക്കൃഷിക്കാരുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നത് പ്രാചീനലിപിയിലാണ്. ബാബിലോണിലെ പ്രവാസത്തിൽ നിന്നുള്ള മടക്കത്തിനു ശേഷം ബിസി അഞ്ചാം നൂറ്റാണ്ടിൽ ഔദ്യോഗികലിഖിതങ്ങളുടെ ലിപി അരാമിയ (അസീറിയൻ) ആയതിനെ തുടർന്നും വിശുദ്ധലിഖിതങ്ങളുടെ ലിപി എന്ന നിലയിൽ വേദജ്ഞാനികൾ പ്രാചീന ലിപി ഉപയോഗിച്ചിരുന്നു. അക്കാലത്ത് പ്രാചീനലിപിയിൽ എഴുതപ്പെട്ട എബ്രായ ബൈബിൾ ശകലങ്ങളിൽ ചിലത് ചാവുകടൽ ചുരുളുകളുടെ ഭാഗമായി കിട്ടിയിട്ടുണ്ട്.

സെല്യൂക്കിഡ് ഗ്രീക്ക് ആധിപത്യത്തിനെതിരെയുള്ള കലാപത്തെ തുടർന്ന് ബിസി രണ്ടാം നൂറ്റാണ്ടിൽ യഹൂദർ സ്ഥാപിച്ച ഹാസ്മോനിയൻ ഭരണത്തിന്റെ നാണയങ്ങളിലെ ലിഖിതങ്ങളും പ്രാചീനലിപിയിൽ ആയിരുന്നു. എഡി ഒന്നാം നൂറ്റാണ്ടിൽ റോമിനെതിരെ നടത്തിയ കലാപത്തിലും രണ്ടാം നൂറ്റാണ്ടിലെ ബാർ കൊഖബാ കലാപത്തിലും സ്ഥാപിക്കപ്പെട്ട യഹൂദ ഭരണകൂടങ്ങളും അവരുടെ നാണയങ്ങളിൽ പ്രാചീന ലിപി തന്നെ ഉപയോഗിച്ചു. പൊതുവർഷം 135-ൽ ബാർ കൊഖ്ബാ കലാപത്തിന്റെ പരാജയത്തെ തുടർന്നാണ് പ്രാചീന ലിപിയുടെ ഉപയോഗം യഹൂദർ തീർത്തും ഉപേക്ഷിച്ചത്.[3]

യഹൂദർ പ്രാചീന എബ്രായ ലിപി ഉപേക്ഷിച്ചെങ്കിലും, ബാബിലോൺ പ്രവാസത്തിനു ശേഷം യഹുദമതവുമായി വഴിപിരിഞ്ഞ വിമതവിഭാഗമായ ശമരിയർ ആ ലിപിയുടെ ഉപയോഗം തുടർന്നു. അതിനാൽ കാലക്രമേണ, യഹൂദരും ശമരിയരും ഒരേ ഭാഷ വ്യത്യസ്തലിപികളിൽ എഴുന്ന നില വന്നു. ശമരിയർ, എബ്രായ, അരാമിയ ഭാഷകളുടെ എഴുത്തിന് ഇന്നോളം ഉപയോഗിക്കുന്നത് പ്രാചീന എബ്രായലിപിയിൽ നിന്നു രൂപപ്പെട്ട ശമരിയലിപിയാണ്.[3]

താൽമുദിന്റെ നിലപാട് തിരുത്തുക

യഹൂദചരിത്രത്തിൽ രണ്ടു സഹസ്രാബ്ദം മുൻപുനടന്ന ലിപിപരിവർത്തനത്തെക്കുറിച്ച് വേദവ്യാഖ്യാനസഞ്ചയമായ താൽമുദിന്റെ സ്രഷ്ടാക്കളായ റാബ്ബിമാർ ബോധവാന്മാരായിരുന്നു. പ്രാചീനലിപിയെ അവർ "കേതാവ് ഇവ്രി" എന്നും അസീറിയൻ പശ്ചാത്തലമുള്ള ആധുനികലിപിയെ "കേതാവ് അസൂറി" എന്നും വിളിച്ചു. ലിപിപരിവർത്തനത്തെ വിശദീകരിക്കാൻ റാബ്ബിമാർ മുന്നോട്ടു വയ്ക്കുന്നത് പല അഭിപ്രായങ്ങളാണ്. ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന്റെ കാലത്തു പോലും എബ്രായ ഭാഷ എഴുതപ്പെട്ടിരുന്നത് പ്രാചീനലിപിയിൽ ആയിരുന്നെന്നും മോശെയുടെ നേതൃത്വത്തിലുള്ള ദീർഘപ്രയാണത്തിനിടെ പത്ത് കൽപ്പനകൾ എഴുതിക്കിട്ടിയത് ആ ലിപിയിലാണെന്നുമാണ് ഒരു പക്ഷം. എന്നാൽ ആദിമലിഖിതങ്ങളുടെ ലിപി ഇപ്പോൾ നിലവിലുള്ള അസൂറി ആയിരുന്നെന്നും അത് നഷ്ടമായിരുന്ന ഇടവേളയിൽ മാത്രം ഉപയോഗത്തിലിരുന്നതാണ് പ്രാചീനലിപി എന്നുമാണു മറ്റൊരു പക്ഷം. ബാബിലോണിൽ നിന്നുള്ള മടക്കത്തിനു ശേഷം ബിസി അഞ്ചാം നൂറ്റാണ്ടിൽ, യൂദയായിൽ യഹൂദസമൂഹത്തിന്റെ പുനഃസ്ഥാപനത്തിനു നേതൃത്വം കൊടുത്ത എസ്രാ ആണ് ഇപ്പോഴത്തെ ലിപി നടപ്പിലാക്കുകയോ പുനസ്ഥാപിക്കുകയോ ചെയ്തതെന്ന കാര്യത്തിൽ റാബ്ബിമാർ ഏകാഭിപ്രായക്കാരാണ്.

അവലംബം തിരുത്തുക

  1. യഹൂദവിജ്ഞാനകോശത്തിലെ ലേഖനം Alphabet, The Hebrew
  2. മൊവാബിയ ശില, ഓക്സ്ഫൊർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 522-23)
  3. 3.0 3.1 Alphabet Hebrew Jewish Virtual Library-യിലെ ലേഖനം
"https://ml.wikipedia.org/w/index.php?title=പ്രാചീന_എബ്രായ_ലിപി&oldid=2284421" എന്ന താളിൽനിന്ന് ശേഖരിച്ചത്