നിക്കോളാസ് അപ്പെർ

(Nicolas Appert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭക്ഷ്യസംരക്ഷണകലയുടെ ഉപജ്ഞാതാവും ഒരു പാചകവിദഗ്ദ്ധനുമാണ് നിക്കോളാസ് അപ്പെർ(17 നവംബർ 1749 Châlons-en-Champagne, Marne – 1 ജൂൺ 1841 Massy)[1]. ഭക്ഷ്യസംരക്ഷണകലയുടെ പിതാവായാണ് അപ്പെർ ഇന്ന് അറിയപ്പെടുന്നത്.

നിക്കോളാസ് അപ്പെർ
Nicolas Appert
നിക്കോളാസ് അപ്പർ 1841
ജനനം(1749-11-17)17 നവംബർ 1749
മരണം1 ജൂൺ 1841(1841-06-01) (പ്രായം 91)
ദേശീയതഫ്രാൻസ്

ജീവിതരേഖ

തിരുത്തുക

1749 ഒക്ടോബർ 23-ന് ഫ്രാൻസിലെ ഷലോങ്-സുർ-മാണിൽ ജനിച്ചു. തന്റെ പിതാവിന്റെ ഹോട്ടലിൽ ഒരു പാചകക്കാരനായാണ് അപ്പെർ ജീവിതം ആരംഭിച്ചത്. താമസിയാതെ ഫ്രാൻസിലെ പ്രമുഖ മധുരപലഹാരവ്യാപാരി, വാറ്റുകാരൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായി. ഫ്രാൻസ്വാ അപ്പെർ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

മാംസവും പച്ചക്കറികളും വളരെക്കാലത്തേയ്ക്കു സംരക്ഷിച്ചുവയ്ക്കുന്ന കലയെപ്പറ്റി 1810-ൽ ഇദ്ദേഹം ഒരു ഗ്രന്ഥം (ആർട്ട് ദി കൺസേവർ ലെ സബ്സ്റ്റാൻസസ് ആനിമാൽ എ വെജറ്റാൽ - Art de coserver les substances animales et vegetales) പ്രസിദ്ധീകരിക്കുകയുണ്ടായി. വായുരോധകഭാജനങ്ങളിൽവച്ചു പാകംചെയ്ത ഭക്ഷണം സൂക്ഷിക്കുന്നതിനെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ള തത്ത്വങ്ങൾ ആധുനിക ഭക്ഷ്യസംരക്ഷണ വ്യവസായത്തിൽ അല്പം ചില പരിഷ്കാരങ്ങളോടെ സ്വീകരിച്ചിട്ടുണ്ട്. ബാക്ടീരിയോളജിയെപ്പറ്റി യാതൊരറിവുമില്ലാതിരുന്ന കാലത്ത് - രസതന്ത്രം വെറും ശൈശവാവസ്ഥയിലായിരുന്നപ്പോൾ - സ്വപരിശ്രമവും പഠനവും കൊണ്ടാണ് അപ്പെർ തന്റെ പരീക്ഷണങ്ങൾ നടത്തിയത്.

സ്കർവി (scurvy) പിടിപെട്ട് ധാരാളം നാവികർ മരിക്കുകയും പോഷകാഹാരക്കുറവ് ജനതയെ രൂക്ഷമായി ബാധിക്കുകയും ചെയ്തപ്പോൾ അതു തടയാനായി 1795-ൽ ഫ്രാൻസിലെ ഡയറക്ടറേറ്റ് ഒരു ഭക്ഷ്യസംരക്ഷണമാധ്യമം കണ്ടുപിടിക്കുന്നവർക്ക് സമ്മാനം നിശ്ചയിച്ചു. അപ്പെർ മാസ്സിയിലുള്ള തന്റെ പരീക്ഷണശാലയിൽ സ്വന്തമായി നിർമിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് ഏകദേശം 70-ൽ പരം ഭക്ഷ്യവസ്തുക്കളുടെ സംരക്ഷണം സാധിക്കുകയും, നെപ്പോളിയനിൽനിന്നും സമ്മാനം കരസ്ഥമാക്കുകയുമുണ്ടായി. ഇതിനെ പരാമർശിക്കുന്ന പല ഗ്രന്ഥങ്ങളും ഇദ്ദേഹം പിന്നീട് പ്രസിദ്ധീകരിച്ചു.

അമ്ളം ഉപയോഗിക്കാതെ അസ്ഥിയിൽനിന്നും ജലാറ്റിൻ ഉത്പാദിപ്പിച്ചെടുത്തതായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടിത്തം. ഓട്ടോക്ളേവ്, ഭക്ഷണസാധനങ്ങൾ സംരക്ഷിച്ചുവയ്ക്കുന്നതിനുള്ള പ്രത്യേകതരം പാത്രങ്ങൾ എന്നിവ നിക്കോളായുടെ മറ്റു കണ്ടുപിടിത്തങ്ങളാണ്. 1812-ൽ മാസ്സിയിൽ ഇദ്ദേഹം സ്ഥാപിച്ച 'ഹൌസ് ഒഫ് അപ്പെർ' ആണ് ലോകത്തിലെ ആദ്യത്തെ ഭക്ഷ്യസംരക്ഷണശാല. ആഹാരകാര്യത്തിൽ സ്ഥലകാലഭേദങ്ങളുടെ അടിമയായിരുന്ന മനുഷ്യനെ സ്വതന്ത്രനാക്കിയതിന് 1822-ൽ 'സൊസൈറ്റി ഫോർ എൻകറേജ്മെന്റ് ഒഫ് നാഷനൽ ഇൻഡസ്ട്രി' നിക്കോളായ്ക്ക് 'മനുഷ്യരാശിയുടെ ഗുണദാതാവ്' എന്ന ബഹുമതിയും സ്വർണമെഡലും നല്കുകയുണ്ടായി. ഇദ്ദേഹം കണ്ടുപിടിച്ച തത്ത്വങ്ങളുടെ പുതിയ രീതിയിലുള്ള ഒരാവിഷ്കരണമാണ് ലൂയി പാസ്ചർ 'പാസ്ചറൈസേഷനി'ൽ തുടർന്നത്.

  1. Jean-Paul Barbier Nicolas Appert inventeur et humaniste, Royer, 1994, Paris.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിക്കോളാസ് അപ്പെർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിക്കോളാസ്_അപ്പെർ&oldid=3635354" എന്ന താളിൽനിന്ന് ശേഖരിച്ചത്