നാഷണൽ ഗാലറി ഓഫ് അർമേനിയ

(National Gallery of Armenia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാഷണൽ ഗാലറി ഓഫ് അർമേനിയ (Armenian: Հայաստանի ազգային պատկերասրահ, Hayastani azgayin patkerasrah) അർമേനിയയിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയമാണ്. യെറിവാൻ റിപ്പബ്ലിക് സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം അർമേനിയൻ തലസ്ഥാന നഗരിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. റഷ്യൻ, പടിഞ്ഞാറൻ യൂറോപ്യൻ കലകളുടെ പ്രധാന ശേഖരങ്ങളും ലോകത്തിലെ ഏറ്റവും വലിയ അർമേനിയൻ കലകളുടെ ശേഖരവും ഇവിടെയുണ്ട്. 2005-ൽ മ്യൂസിയത്തിന് 65,000 സന്ദർശകർ ഉണ്ടായിരുന്നു.[1]

നാഷണൽ ഗാലറി ഓഫ് അർമേനിയ
Հայաստանի ազգային պատկերասրահ
യെരേവനിലെ നാഷണൽ ഗാലറി ഓഫ് അർമേനിയ
Map
സ്ഥാപിതം1921
സ്ഥാനംയെറിവാൻ, അർമേനിയ
Typeart gallery
Visitors65,000 (2005)
DirectorArman Tsaturyan
വെബ്‌വിലാസംwww.gallery.am

ചരിത്രം

തിരുത്തുക

അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ (അർമേനിയൻ എസ്.എസ്.ആർ.) ഉത്തരവ് പ്രകാരം 1921-ൽ സ്ഥാപിതമായ നാഷണൽ ഗാലറി ഓഫ് അർമേനിയ (എൻ.ജി.എ.) ദേശീയ മ്യൂസിയത്തിന്റെ കലാപരമായ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ശേഖരത്തിന്റെ കാതലായ ഭാഗം രൂപപ്പെടുത്തുന്നതിന് യെറിവാൻ നഗരത്തിൽ  സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യവുമായ കലാ ശേഖരങ്ങൾ ഇല്ലാതിരുന്നതിനാൽ  സ്ഥാപിതമായ കാലത്ത് എൻ.ജി.എ.യുടെ കലാവിഭാഗം വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. 1921 ഓഗസ്റ്റിൽ അർമേനിയൻ ചിത്രകാരന്മാരുടെ പ്രദർശനത്തിൽ നിന്ന് ഡസൻ കണക്കിന് സൃഷ്ടികൾ വാങ്ങിയതായിരുന്നു ശേഖരത്തിനു മുതൽക്കൂട്ടായ ആദ്യ കലാസൃഷ്ടികൾ.

അർമേനിയൻ കൾച്ചറൽ സെന്ററിന്റെ (മോസ്കോയിലെ മുൻ ലസാറിയൻ സെമിനാരി,) പ്രസിദ്ധമായ ശേഖരവും എൻ.ജി.എ.യ്ക്ക് അർമേനിയൻ കലാകാരന്മാർ നൽകിയ സംഭാവനകളുമാണ് ഇത് സ്ഥാപിക്കുന്നതിൽ നിർണായക ഘടകമായത്. 1925 ആയപ്പോഴേക്കും, അർമേനിയൻ, റഷ്യൻ, യൂറോപ്യൻ കലാകാരന്മാരുടെ ഏകദേശം 400 വസ്തുക്കൾ മ്യൂസിയത്തിന്റെ ആർട്ട് വിഭാഗം ക്രമീകരിച്ചിരിക്കുന്ന ആറ് മുറികളിലായി പ്രദർശിപ്പിച്ചിരുന്നു.

1935-ഓടെ, നിരവധി നവീകരണങ്ങൾക്ക് വിധേയമായ ദേശീയ കലാവിഭാഗം ഒരു പ്രത്യേക ആർട്ട് മ്യൂസിയമായി മാറി. 1947-ൽ ഗാലറിയെ ആദ്യം സ്റ്റേറ്റ് പിക്ചർ ഗാലറി ഓഫ് അർമേനിയ എന്നും പിന്നീട് 1991-ൽ നാഷണൽ ഗാലറി ഓഫ് അർമേനിയ എന്നും പുനർനാമകരണം ചെയ്തു. നിരവധി അർപ്പണബോധമുള്ള നാട്ടുകാരുടേയും പരിശ്രമത്തിനും വിദേശ സഹകാരികളുടെയുടെ സൗഹൃദപരമായ സംഭാവനകളിലൂടെയും ശേഖരിക്കപ്പെട്ട  മ്യൂസിയത്തിലെ ബൃഹത്തായ വസ്തുക്കളുടെ ശേഖരം ഇവിടെ പ്രദർശിപ്പിപ്പിക്കപ്പെട്ടിരിക്കുന്നു. എൻ.ജി.എ.യിൽ നിലവിൽ ഏകദേശം 26,000 കലാസൃഷ്ടികളുള്ള മ്യൂസിയം അവയിൽ പലതും അതിലെ 56 ഗാലറികളിലൂടെയും  ഹാളുകളിലൂടെയും സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുന്നു.

അർമേനിയൻ കലാവസ്തുക്കൾ ഇവിടുത്തെ ശേഖരത്തിന്റെ വലിയൊരു ഭാഗമാണ്. പുരാതന, മധ്യകാല കലകളിൽ തുടങ്ങുന്ന ഇവിടുത്തെ ശേഖരങ്ങളിൽ യുറാർട്ടു ചുമർച്ചിത്രങ്ങൾ, ഗാർണി ടെമ്പിളിന്റെ മൊസൈക്കുകളുടെ പകർപ്പുകൾ, സെന്റ് സ്റ്റെഫാനോസ് (Lmbatavank) പള്ളിയിൽ നിന്നുള്ള ഏഴാം നൂറ്റാണ്ടിലെ "ക്രൈസ്റ്റ് എൻത്രോൺഡ് " ചുവർചിത്രം ഉൾപ്പെടെയുള്ള മധ്യകാല ചുവർചിത്രങ്ങളും മിനിയേച്ചറുകളും, സെന്റ് പോഗോസ്-പെട്രോസിൽ നിന്നുള്ള (Tatev) "ദി ലാസ്റ്റ് ജഡ്ജ്‌മെന്റ്" എന്ന പത്താം നൂറ്റാണ്ടിലെ ചുവർചിത്രത്തിന്റെ ശകലം, സെന്റ് അസ്ത്വാത്സാറ്റ്സ്കിൻ (അക്തല) ൽ നിന്നുള്ള തിരുപ്പിറവി ചിത്രീകരിക്കുന്ന 13-ആം നൂറ്റാണ്ടിലെ ചുവർചിത്രം എന്നിവയും ഉൾപ്പെടുന്നു.

17-19 നൂറ്റാണ്ടുകൾ വരെയുള്ള അർമേനിയൻ അപ്പസ്തോലിക് ചർച്ചുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ ഒരു വിപുലമായ ശേഖരത്തോടൊപ്പം കൈയെഴുത്തുപ്രതികളുടെ വെള്ളികൊണ്ടുള്ള പുറംചട്ടകൾ, കുരിശുകൾ, ഏഷ്യയിലെമ്പാടുംനിന്നുള്ള 18-ആം നൂറ്റാണ്ടിലെ അൾത്താര കർട്ടനുകൾ എന്നിവയും ഈ മ്യൂസിയത്തിലുണ്ട്.

ചരിത്രപരമായ അർമേനിയൻ കലയുടെ ഇവിടുത്തെ ശേഖരം ലോകത്തിലെതന്നെ ഏറ്റവും വലുതാണ്. ഹക്കോബ് ഹൊവ്നതന്യാൻ, ഹോവാനെസ് ഐവസോവ്സ്കി, ഗെവോർഗ് ബഷിൻജാഗിയാൻ, പനോസ് ടെർലെമെസിയാൻ, വാർഡ്ജസ് സുറേനിയന്റ്സ്, വർത്തൻ മഹോകിയാൻ, മാർട്ടിറോസ് സറ്യാൻ, ഹക്കോബ് കൊജോയൻ, ഹക്കോബ് ഗ്യൂർജിയാൻ, എഡ്ഗാർ ചാഹിൻ, ഗ്രിഗോർ ഖാൻജിയാൻ, മിനാസ് അവെറ്റിസ്യാൻ, തുടങ്ങിയ കലാകാരന്മാരുടേയും മറ്റനേകരുടേയും പ്രബലമായ ശേഖരങ്ങൾ ഇവിടെയുണ്ട്. പ്രവാസികളായ അർമേനിയക്കാരുടെ രചനകളും ധാരാളമായുള്ള ഇവിടുത്തെ കലാശേഖരങ്ങളിൽ സക്കർ സക്കറിയാൻ (പാരീസ്), എഡ്ഗർ ചാഹിൻ (പാരീസ്), ഹോവ്‌സെപ് പുഷ്മാൻ (ന്യൂയോർക്ക്), ജീൻ കാർസൌ (പാരീസ്), ജീൻ ജാൻസെം (പാരീസ്) ജെറാർഡോ ഒറാഗ്യാൻ (റോം), പോൾ ഗൈറാഗോസിയൻ (ബെയ്റൂട്ട്) എന്നിവരുടെ രചനകളും ഉൾപ്പെടുന്നു.[2]

റഷ്യൻ കലാവസ്തുക്കളുടെ ഒരു വ്യാപകമായ ശേഖരവും ഇവിടെയുണ്ട്. 16-ഉം 17-ഉം നൂറ്റാണ്ടുകളിലെ മതപരമായ ചിഹ്നങ്ങൾ, ചിത്രങ്ങൾ എന്നിവയോടൊപ്പം 18-20 നൂറ്റാണ്ടുകളിലെ അറിയപ്പെടുന്ന റഷ്യൻ കലാകാരന്മാരായിരുന്ന എഫ്. റൊക്കോടോവ്, ഐ. അർഗുനോവ്, എഫ്. ഷുബിൻ, ഇല്യ റെപിൻ, വാലന്റൈൻ സെറോവ്, ഇല്യ മഷ്‌കോവ്, സെർജി കൊനെൻകോവ്, കുസ്മ പെട്രോവ്-വോഡ്കിൻ, വാസിലി കാൻഡിൻസ്കി, നതാലിയ ഗോഞ്ചറോവ, മാർക്ക് ചാഗൽ തുടങ്ങിയവരുടേയും സൃഷ്ടികളും ഇവിടുത്തെ വിപുലമായ ശേഖരത്തിൽ ഉൾപ്പെടുന്നു

  1. "Arts Digest - Arts and Culture - ArmeniaNow.com". armenianow.com. Archived from the original on 2018-06-18. Retrieved 2021-11-17.
  2. National Gallery of Armenia: Painting, Graphics, Sculpture, Applied Art (Yerevan: Tigran Mets Publishing, 2008)
"https://ml.wikipedia.org/w/index.php?title=നാഷണൽ_ഗാലറി_ഓഫ്_അർമേനിയ&oldid=3931926" എന്ന താളിൽനിന്ന് ശേഖരിച്ചത്