മോണോനോക്കെ-ഹിമെ

(Mononoke Hime എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1997-ൽ മിയാസാക്കി ഹയാവോ സംവിധാനം ചെയ്ത ഒരു അനിമേഷൻ ചിത്രമാണ് മോണോനോക്കെ-ഹിമെ ('ഭൂത രാജകുമരി'; ജാപ്പനീസ്: もののけ姫). മുറോമാച്ചി കാലഘട്ടത്തിൽ (ഏകദേശം 1336 മുതൽ 1573 വരെ) നടക്കുന്ന ഈ കഥയിൽ ജപ്പാന്റെ ഐതിഹ്യങ്ങളിൽ നിന്നുമുള്ള നിരവധി ഫാന്റസി ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രം ഒരു വനത്തിലെ ദേവന്മാരും അതിന്റെ വിഭവങ്ങൾ ഉപയോഗിക്കുന്ന മനുഷ്യരും തമ്മിലുള്ള സംഘട്ടനം അഷിതാക എന്ന ചെറുപ്പക്കാരനായ എമിഷി വംശജന്റെ കണ്ണുകളിലൂടെ നോക്കുന്നു. മോണോനോക്കെ (物の怪 അല്ലെങ്കിൽ もののけ) ഒരു പേരല്ല, മറിച്ച് പ്രകൃത്യാതീതമായ, രൂപമാറ്റം വരുത്തുന്ന മനുഷ്യർക്കുള്ള ജാപ്പനീസ് പദമാണ്. ഇവർ സാധാരണ ആളുകളെ നിയന്ത്രിക്കുമെന്നും കഷ്ടപ്പാടുകളും രോഗങ്ങളും എന്തിന് മരണവും വരുത്തിവയ്ക്കുമെന്നും ആണ് വിശ്വാസം.

മോണോനോക്കെ-ഹിമെ
സംവിധാനംമിയാസാക്കി ഹയാവോ
നിർമ്മാണംസുസൂക്കി ടോഷിയോ
തിരക്കഥഹയാഒ മിയാസാക്കി
അഭിനേതാക്കൾ
  • യോജി മത്സുദ
സംഗീതംജോ ഹിസായ്ഷി
സ്റ്റുഡിയോഗിബ്ലി
വിതരണംടോഹോ കമ്പനി
റിലീസിങ് തീയതി
  • 12 ജൂലൈ 1997 (1997-07-12)
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
ബജറ്റ്¥210 കോടി
സമയദൈർഘ്യം133 മിനിട്ട്
ആകെ¥1930 കോടി (ജപ്പാനിൽ)
$15.94 കോടി (മറ്റു രാജ്യങ്ങളിൽ)

1997-ൽ ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയ മോണോനോക്കെ-ഹിമെ 2001-ൽ മറ്റൊരു മിയസാക്കി ചിത്രമായ സ്പിരിറ്റഡ് എവേ ഇറങ്ങുന്നതു വരെ ആഭ്യന്തര ചിത്രങ്ങളിൽ ജപ്പാനിലെ ബോക്സ് ഓഫീസ് റെക്കോർഡ് നിലനിർത്തി. നീൽ ഗൈമാന്റെ തിരക്കഥ ഉപയോഗിച്ച് ഇത് ഇംഗ്ലീഷിലേക്ക് ഡബ് ചെയ്യപ്പെട്ടു. ഇത് ജപ്പാനിൽ നിന്ന് ഗിബ്ലിയുടെ ജനപ്രീതിയും സ്വാധീനവും ലോകമെമ്പാടും എത്തിച്ചു.

കഥാസാരം

തിരുത്തുക

ജപ്പാനിൽ മുറോമാച്ചി കാലഘട്ടത്തിൽ ഒരു എമിഷി (ആദിവാസി) ഗ്രാമത്തെ ഒരു പന്നിയുടെ രൂപമുള്ള ഭൂതം ആക്രമിക്കുന്നു. എമിഷി രാജകുമാരനായ അഷിതാക അതിനെ കൊല്ലുന്നു. എന്നാൽ മരിക്കുന്നതിനു മുൻപ് അതവന്റെ വലതു കൈയെ ശപിക്കുന്നു. ശാപം അവന് അമാനുഷിക ശക്തി നൽകും; പക്ഷേ പതുക്കെ അവന്റെ ശരീരത്തിലാകെ വ്യാപിക്കുകയും അവനെ കൊല്ലുകയും ചെയ്യും. ഭൂതം പണ്ട് ഒരു പന്നി ദേവനായിരുന്നുവെന്നും തന്റെ ശരീരത്തിൽ ഒരു ഇരുമ്പ് പന്ത് കയറിയതിനെത്തുടർന്നാണ് ദേഷ്യത്തിന്റെയും വെറിയുടെയും അവതാരമായ ഭൂതമായതെന്നും ഗ്രാമവാസികൾ കാണുന്നു. പടിഞ്ഞാറൻ ദേശങ്ങളിൽ നിന്നാണ് ഭൂതം വന്നതെന്നും അതിനാൽ അവിടെ ഒരു ചികിത്സ ഉണ്ടാകാമെന്നും ഗ്രാമത്തിലെ വൃദ്ധയായ ഒരു സ്ത്രീ അഷിതാകയോട് പറയുന്നു. എന്നാൽ അവനോട് സ്വന്തം നാട്ടിലേക്ക് മടങ്ങി വരരുതെന്നും അവർ പറയുന്നു. അനിയത്തി കായായോട് യാത്ര പറഞ്ഞ് യാകുയി എന്ന എൽകുമായി അവൻ പോകുന്നു.

പടിഞ്ഞാറേക്ക് യാത്ര ചെയ്യുന്ന അഷിതാക ജികോബോയെ (ഇംഗ്ലീഷ് പതിപ്പിൽ "ജിഗോ") കണ്ടുമുട്ടുന്നു. ഒരു സന്യാസിയായി വേഷമിടുന്ന ഈ അവസരവാദി, മാൻ പോലെയുള്ള വനദേവന്റെ സഹായം തേടാൻ അഷിതാകയോട് പറയുന്നു.

'ഇരുമ്പുനഗരം' (ജാപ്പനീസ് ഭാഷയിൽ "ടതരാബ") എന്ന ഗ്രാമത്തിൽ, എബോഷി എന്ന സ്ത്രീയുടെ നേതൃത്വത്തിൽ താമസിക്കുന്ന ആളുകൾ ചെന്നായ ദേവതയായ മോറോയുടെ നേതൃത്വത്തിലുള്ള ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തെ ചെറുക്കുന്നു. ചെന്നായക്കൂട്ടത്തിലൊരാൾ സാൻ എന്ന (മനുഷ്യ) കുട്ടിയാണ്. പരിക്കേറ്റ രണ്ട് ടതരാബക്കാരെ അഷിതാക കണ്ടെത്തി വനത്തിലൂടെ ഏടുത്തുകൊണ്ടു പോകുന്നു, അവിടെ പാവകളുടെ രൂപമുള്ള 'കൊദാമ' എന്ന ആത്മാക്കളെയും വനദേവനെയും അഷിതാക കാണുന്നു. ടതരാബയിൽ എത്തുന്ന അഷിതാകയ്ക്ക് വലിയ സ്വീകരണമാണ് നാട്ടുകാർ നൽകുന്നത്. എന്നാൽ ഈ ഗ്രാമത്തിലുള്ളവരാണ് പന്നി ദേവനെ വെടിവച്ചതെന്ന് അവൻ അറിയുന്നു. എബോഷി അവനെ താൻ രക്ഷിച്ചുകൊണ്ടുവന്ന കുഷ്ഠരോഗികളെയും താൻ സംരകക്ഷിക്കുന്ന സ്ത്രീകളെയും കാണിക്കുന്നു. ഈ മനുഷ്യർക്കുവേണ്ടിയാണ് കാട് വെട്ടിത്തളിക്കുകയും വനത്തിലെ ദേവന്മാരെ ആക്രമിക്കുകയും ചെയ്യുന്നതെന്നു പറയുന്നു.

രാത്രി എബോഷിയെ കൊല്ലാൻ സാൻ ടതരാബയിൽ നുഴഞ്ഞുകയറുന്നു. എബോഷി രണ്ടു അംഗരക്ഷകരുമായി അവളെ നേരിടുന്നു. സാനും എബോഷിയും കത്തികളുമായി പരസ്പരം കൊല്ലാൻ അടുക്കുമ്പോൾ അഷിതാക തന്റെ അമാനുഷിക ശക്തി ഉപയോഗിച്ച് ഇരുവരെയും ഇടിച്ചിടുകയും സാനെ ഗ്രാമത്തിനു പുറത്തു നിൽക്കുന്ന ചെന്നായകൾക്ക് തിരിച്ചുകൊടുക്കുകയും ചെയ്യുന്നു. അവളോട് തനിക്ക് വനദേവനെ കാണണമെന്ന് അഷിതാക ആവശ്യപ്പെടുന്നു. ആദ്യം അവനെ കൊല്ലാൻ പോകുന്ന സാൻ യാകുയിയുമായി സംസാരിക്കുകയും അവൻ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അവനെ കാട്ടിലെ ഒരു ദ്വീപിൽ കൊണ്ടുപോയി വനദേവനെ കാണിക്കുന്നു. ഉറങ്ങിക്കിടക്കുന്ന അഷിതാകയുടെ ശരീരത്തിലെ മറ്റു മുറിവുകൾ വനദേവൻ സുഖമാക്കുന്നു; എന്നാൽ വലതുകൈയിലെ ശാപം മാറ്റുന്നില്ല. ഒക്കോട്ടോ എന്ന അന്ധനായ പന്നി ദേവന്റെ നേതൃത്വത്തിൽ ഒരു പന്നി വംശം കാടിനെ രക്ഷിക്കാൻ ടതരാബ ആക്രമിക്കാൻ പദ്ധതിയിടുന്നു. എബോഷി യുദ്ധത്തിന് തയ്യാറെടുക്കുകയും ചക്രവർത്തിക്കുവേണ്ടി പ്രവർത്തിക്കുന്ന ജികോബോയ്‌കൊപ്പം വനദേവനെ കൊല്ലാൻ പുറപ്പെടുകയും ചെയ്യുന്നു; അസാനോ പ്രഭുവിൽനിന്നുമുള്ള സംരക്ഷണത്തിനു പകരമായി ചക്രവർത്തിക്ക് ദേവന്റെ തല നൽകാൻ അവർ ആഗ്രഹിക്കുന്നു. (ഐതിഹ്യം അനുസരിച്ച്, വനദേവന്റെ തല അമർത്യത നൽകുന്നു.)

ഒക്കോട്ടോയുടെയും മോറോയുടെയും നേതൃത്വത്തിലുള്ള മൃഗങ്ങളും, അസാനോ പ്രഭുവിന്റെ സമുറായികളും, ടതരാബയിലെ ജനങ്ങളും തമ്മിൽ ഒരു തൃകോണ യുദ്ധം നടക്കുന്നു. എബോഷിയുടെ നെതൃത്വത്തിൽ ടതരാബക്കാർ വിജയിക്കുന്നു. എന്നാൽ ജികോബോ വനദേവന്റെ തല വെട്ടുകയും വനദേവന്റെ ശരീരം തല അന്വേഷിച്ച് കണ്ടതെല്ലാം നശിപ്പിക്കുകയും ചെയ്യുന്നു. അഷിതാക തല വീണ്ടെടുത്തു തിരിച്ചു നൽകുന്നു. വനത്തിനും മൃഗങ്ങൾക്കും സംഭവിച്ച നാശത്താൽ വനദേവൻ മരിക്കുന്നു. എന്നാൽ മരിക്കുന്നതിനു മുൻപായി അടുത്തുള്ളതിനെല്ലാം ജീവൻ തിരിച്ചു നൽകുന്നു.

"https://ml.wikipedia.org/w/index.php?title=മോണോനോക്കെ-ഹിമെ&oldid=3473191" എന്ന താളിൽനിന്ന് ശേഖരിച്ചത്