പാവൽ
ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും വെള്ളരി വർഗ്ഗത്തിലുള്ളതും, ഭക്ഷ്യയോഗ്യമായ ഫലത്തിനായി ഏഷ്യ, ആഫ്രിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങിൽ സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്നതുമായ ഒരു വള്ളിച്ചെടിയാണ് പാവൽ. ഇതിന്റെ ഫലമായ പാവയ്ക്ക കയ്പ്പ് രസമുള്ളതുമാണ്, ആയതിനാൽ ഇത് കയ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. ആകൃതി, വലിപ്പം, കയ്പ് രുചി എന്നിവയുടെ കാര്യത്തിൽ വളരെയധികം വ്യത്യസ്തത പുലർത്തുന്ന അനവധി ഇനങ്ങൾ പാവലിനുണ്ട്. ഏഷ്യൻ ഭാഷകളിൽ നിന്ന് കടമെടുത്ത പേരുകളിൽ ലോകവ്യാപകമായി ഇവ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ bitter melon, bitter gourd, bitter squash, balsam-pearഎന്നീ പേരുകളിലും ഹിന്ദിയിൽ करेला (കരേല - ഏകവചനം, കരേലൈ ബഹുവചനം) എന്നും തമിഴിൽ பாகல் (പാക്കൽ), பாகற்காய் (പാക്കർകായ്) എന്നീ പേരുകളിലുമാണ് അറിയപ്പെടുന്നത്.
പാവയ്‌ക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. charantia
|
Binomial name | |
Momordica charantia Descourt.
| |
Synonyms | |
L.
|
പാവയ്ക്കയുടെ ഉത്ഭവം ഇന്ത്യയിലാണ്. 14-ആം നൂറ്റാണ്ടിൽ ചൈനയിൽ എത്തപ്പെട്ടു. ഭക്ഷ്യവിഭവം എന്ന നിലയിൽ കിഴക്കൻ ഏഷ്യ, തെക്കൻ ഏഷ്യ, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
മറ്റുഭാഷകളിലെ പേരുകൾ
തിരുത്തുകസംസ്കൃതത്തിൽ നിന്നും കടമെടുത്തവ
തിരുത്തുക- കരേല (करेला) ഹിന്ദി
- കർഇലി (करइली) - ഭോജ്പുരി
- കൂഗുവാ - ചൈനീസ്
- നിഗോരി - ജാപ്പനീസ്
- ഗോയാ - ഒക്കിനാവൻ
- കരേല (કારેલા) - ഗുജറാത്തി
- കരാല (कारले) - മറാത്തി
- കക്കരക്കായ - തെലുങ്ക്
- ഹാഗല - കന്നഡ
- പാകാൽ (பாகல்) - തമിഴ്
- കരേല/കരേലി (करेला, करेली / كاريلا), کریلی) സിംഹള
- കരവില (කරවිල) - ഉറുദു
- കേരേല (কেৰেলা) - ആസാമീസ്
- കൊരോല - ബംഗാളി
- കോറില - ഗയാന
മറ്റുപേരുകൾ
തിരുത്തുക- സെരാസ്സീ (cerasee) - കരീബിയ, ജമൈക്ക
- അമ്പാലയ/അമർഗോസോ - ഫിലിപ്പീൻസ്
- പരിയ/പെരിയ/പെയർ - ഇന്തോനേഷ്യ
- സൊപ്രോപ്പോ - സുറിനാം
വിവരണം
തിരുത്തുകഏകദേശം അഞ്ചു മീറ്റർ വരെ നീളമുള്ള വള്ളിച്ചെടിയാണ് പാവൽ അല്ലെങ്കിൽ കൈപ്പ. (ശാസ്ത്രീയനാമം: Momordica charantia). ചെടിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു. ഇലകളുടെ അഗ്രഭാഗം മൂന്നു മുതൽ ഏഴ് വരെ ഖണ്ഡങ്ങളായി വേർപെട്ട് കാണപ്പെടുന്നു. ഇലകൾക്ക് 4 മുതൽ 12 സെന്റീ മീറ്റർ വരെ വീതിയണ്ടാകും. ആൺ പൂവും പെൺ പൂവും വെവ്വേറെ കാണുന്നു. പൂക്കൾക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകൾ പോലെയുള്ളതുമാണ്. ഈ ഭാഗമാണ് ഭക്ഷിക്കുവാൻ ഉപയോഗിക്കുന്നത്. കായ്കളുടെ ഉൾഭാഗം പഞ്ഞി പോലെ കാണപ്പെടുന്നു. ഇതിനുള്ളിൽ പരന്ന വിത്തുകൾ കാണപ്പെടുന്നു. പഴുത്ത ഫലത്തിന്റെ ഉൾവശത്തിന് ചുവപ്പ് നിറമായിരിക്കും.
കാരവേല്ലം എന്നറിയപ്പെടുന്ന ഇനം കയ്പ്പയ്ക്കയ്ക്ക് വെള്ളരിക്കയുടെ ആകൃതിയും, കുറഞ്ഞ കയ്പുമാണുള്ളത്. കാരവല്ലി എന്നറിയപ്പെടുന്നതിന് കൂടുതൽ കയ്പ്പും, രൂപം ഉരുണ്ടോ അണ്ഡാകൃതിയോ ആയിരിക്കും. കാരവല്ലിയെ കാട്ടുപാവൽ എന്നും വിശേഷിപ്പിക്കുന്നു.
രോഗങ്ങൾ
തിരുത്തുകപാവലിനെ ബാധിക്കുന്ന രോഗങ്ങളിൽ പ്രധാനം മൊസൈക് രോഗമാണ്. ഇതിനെ പ്രധാന ലക്ഷണങ്ങൾ ഇലകളുടെ ഞരമ്പുകളിലെ പച്ച നിറം നഷ്ടപ്പെട്ട് മഞ്ഞനിറമാകുകയും ക്രമേണ കുരടിക്കുകയും ചെയ്യും. ഇങ്ങനെ യുള്ള രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുതു മാറ്റി നശിപ്പിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ വഴി.
കുമിൾ രോഗവും പാവലിനെ ബാധിക്കുന്ന ഒരു രോഗമാണ്. ഇലകളുടെ അടിഭാഗം അഴുകുകയും മേൽഭാഗം മഞ്ഞനിറത്തിൽ പൊട്ടുകൾ പോലെ കാണപ്പെടുകയും ചെയ്യുന്ന മൃദുരാമപൂപ്പൽ (ഡൗണി മിൽഡ്യൂ), ഇലകളിൽ പൊടി തൂകിയതുപോലെ ആദ്യം കാണുകയും പിന്നീട് ഇലകൾ മുഴുവനും അഴുകി നശിക്കുകയും ചെയ്യുന്ന ചൂർണ്ണപൂപ്പ് (പൗഡറി മിൽഡ്യൂ) എന്നിവയാണിവ. ഇവയെ നിയന്ത്രിക്കുന്നതിനായി ഇൻഡോഫിൽ എം.45, അക്കോമിൻ 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചത് എന്നീ രാസകീടനാശിനികളും ഉപയോഗിക്കാവുന്നതാണ്.
കീടങ്ങൾ
തിരുത്തുകപാവലിന്റെ ശത്രുക്കളിൽ മുൻനിരയിലുള്ളത് കായീച്ചകളാണ്. മുട്ടകൾ വിരിഞ്ഞിറങ്ങുന്ന കായീച്ചയുടെ പുഴുക്കൾ കായ്കൾ തുരന്നു കയറി പൂർണ്ണമായും തിന്ന് നശിപ്പിക്കുന്നവയാണ്. പെൺ കായീച്ചയെ നശിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം പഴക്കെണിയാണ്. ഇതിലേയ്ക്കായി ചിരട്ടയിൽ പാളയംകോടൻ പഴം ഞെരടി അതിൽ ഫൂരിഡൻ തരികൾ വിതറി ഒന്നിടവിട്ടുള്ള വരികളിൽ തൂക്കിയാൽ മതിയാകും. കൂടാതെ ഓരോ ദിവസം ഇടവിട്ട് നനയ്ക്കുകയും വേണം.
ആൺ കായീച്ചകളെ നശിപ്പിക്കുന്നതിനായി മഞ്ഞനിറമുള്ള ബക്കറ്റിന്റെ വശങ്ങളിൽ ദ്വാരങ്ങൾ ഇട്ട് അതിൽ കീടനാശിനി ചേർത്ത വെള്ളം നിറച്ച് നടുക്ക് ഫിറമോൺ കാർഡ് തൂക്കിയിടുന്നതാണ് ഏറ്റവും നല്ല വഴി. ഫിറമോൻ കാർഡിൽ ആകർഷിക്കുന്ന കായീച്ചകൾ കീടനാശിനി ചേർത്ത വെള്ളത്തിൽ വീണ് നശിക്കുകയും ചെയ്യും.
ഇലകളുടെ നീര് ഊറ്റിക്കുടിച്ച് കുരടിപ്പുണ്ടാക്കുകയും മാർദ്ദവം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വെള്ളീച്ച, ജാസിഡ് എന്നീ ചെറുകീടങ്ങളെ നശിപ്പിക്കുന്നതിനായി വെളുത്തുള്ളി ചതച്ച് തളിക്കുകയും ചെയ്യാം. [1]
രസാദി ഗുണങ്ങൾ
തിരുത്തുകരസം :തിക്തം, കടു
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകഫലം, ഇല, വേര്[2]
ഉപയോഗങ്ങൾ
തിരുത്തുകപാവലിന്റെ കായും ഇലയും വേരും ഉപയോഗിക്കുന്നു.
- കായുടെ കഴമ്പും, ഇല പിഴിഞ്ഞ നീരും ആമാശയത്തിലെ കൃമി ശല്യത്തിന്
- കായുടെ നീര് വായ്പ്പുണ്ണിന്
- ഇല മുലപ്പാൽ വർദ്ധനയ്ക്ക്
- ഇലയുടെ നീര് രാക്കണ്ണ് കുറയ്ക്കും
- ചൊറി
- മൂലക്കുരു
- കുഷ്ഠവൃണങ്ങൾ
- പച്ചക്കറി
സങ്കരയിനങ്ങൾ
തിരുത്തുക- പ്രിയ
- പ്രീതി
- പ്രിയങ്ക
നുറുങ്ങുകൾ
തിരുത്തുകവേലിയിലെ പാവൽ വള്ളിയിൽ കണ്ട പാവയ്ക്കാ പറിക്കുമ്പോൾ, ചേലപ്പറമ്പ് നമ്പൂതിരി നിമിഷകവനത്തിൽ സൃഷ്ടിച്ച ഈ ശ്ലോകം, പാവലിനേയും പാവയ്ക്കായേയും പുകഴ്ത്തുന്നതാണ്:-
“ | പാടത്തിൽ കര നീളെ നീലനിറമായ് വേലിയ്ക്കൊരാഘോഷമായ് ആടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടു നിൽക്കും വിധൗ വാടാതേ വരികെന്റെ കൈയിലധുനാ പീയൂഷഡംഭത്തെയും ഭേദിച്ചൻപൊടു കയ്പവല്ലി തരസാ പെറ്റുള്ള പൈതങ്ങളേ! |
” |
അർത്ഥം: പാടത്തിന്റെ കരയിൽ നീളെ പടർന്ന് വേലിക്ക് അലങ്കാരമായി ആടിത്തൂങ്ങി അലഞ്ഞുലഞ്ഞ് സുകൃതം ഉൾക്കൊണ്ടു നിൽക്കുന്ന പാവൽ വള്ളി പെറ്റുണ്ടായവയും, സ്വാദിന്റെ കാര്യത്തിൽ അമൃതിന്റെ അഹന്ത ശമിപ്പിക്കുന്നവയുമായ കുഞ്ഞുങ്ങളേ, നിങ്ങൾ വാടും മുൻപ് വേഗത്തിൽ എന്റെ കയ്യിൽ വരിക.[3]
ചിത്രങ്ങൾ
തിരുത്തുക-
പാവയ്ക്ക, നെടുകെ ഛേദിച്ചതും
-
പൂവ്
-
ആൺപൂവ്
-
പെൺപൂവ്
-
പാവൽ ചെടി
-
തലപ്പ് ഒരു രാത്രി ദൃശ്യം
-
പാവൽ പൂവ്
-
പാവക്ക
-
പാതി ഉണങിയ പാവക്ക
-
പാവലിന്റെ പൂവ്
-
പാവയ്ക്കയും ഉരുളക്കിഴങ്ങും ചേർത്ത ബാജി
-
സോസും പാവയ്ക്കയും
-
പാവയ്ക്ക അരിഞ്ഞത്
-
വറുത്ത പാവയ്ക്ക തായ്വാനിലെ വിഭവം
-
പാവയ്ക്കയും ഉള്ളിയും ചുവന്നമുളകും ചേർത്ത കറി, തായ്വാനിൽനിന്ന്
-
പാവയ്ക്കയും മുട്ടയും ചേർത്ത കറി, ഫിലിപ്പീൻസിൽ നിന്ന്
-
പാവയ്ക്ക ഭക്ഷ്യ ഗുളികകളാക്കി മാറ്റിയത്
-
ഒക്കിനാവൻ സ്റ്റൈൽ വിഭവം - പാവയ്ക്കയും ചീസും ചേർത്തത്
-
പാവയ്ക്കയും ഉരുളക്കിഴങ്ങും വറുത്തത്
-
പാവയ്ക്കയുടെ ഉള്ളിൽ മറ്റുള്ളവ നിറച്ച് വറുത്ത വിഭവം
അവലംബം
തിരുത്തുക- ↑ മലയാള മനോരമ കർഷകശ്രീ മാസിക. മേയ് 2010, പുറം 24
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ അമൂല്യശ്ലോകമാല, സമാഹരണം, വ്യാഖ്യാനം, അരവിന്ദൻ(പ്രസാധനം: കറന്റ് ബുക്ക്സ്
- അഷ്ടാംഗഹൃദയം, (വിവ., വ്യാ. വി.എം. കുട്ടികൃഷ്ണമേനോൻ), സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0