മിൽവിന ഡീൻ

(Millvina Dean എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1912 ഏപ്രിൽ 15-ന് നടന്ന ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ജീവിച്ചിരുന്നവരിൽ അവസാനവ്യക്തിയായിരുന്നു മിൽവിന ഡീൻ (ഫെബ്രുവരി 2, 1912 - മേയ് 31, 2009)[1]. ടൈറ്റാനിക്ക് ദുരന്തത്തിലകപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരിയുമായിരുന്നു ഇവർ. ദുരന്തസമയത്ത് മിൽവിനയ്ക്ക് രണ്ടരമാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.[1]

മിൽവിന ഡീൻ
Millvina Dean signing autographs at the Titanic Convention in Southampton in April 1999
ജനനം
എലിസബത്ത് ഗ്ലാഡിസ് മിൽവിന ഡീൻ

(1912-02-02)2 ഫെബ്രുവരി 1912
മരണം31 മേയ് 2009(2009-05-31) (പ്രായം 97)
മാതാപിതാക്ക(ൾ)ബെർട്രാം ഫ്രാങ്ക് ഡീൻ
ജോർജ്ജെറ്റ് ഇവാ ലെറ്റ്
ബന്ധുക്കൾബെർട്രാം വെരെ ഡീൻ (സഹോദരൻ

ജീവിതരേഖ

തിരുത്തുക

ബെർട്രാം ഫ്രാങ്ക് ഡീൻ, ജോർജ്ജെറ്റ് ഇവാ ലൈറ്റ് ദമ്പതികളുടെ മകളായി 1912 ഫെബ്രുവരി 2-നാണ് മിൽവിന ജനിച്ചത്. എലിസബത്ത് ഗ്ലാഡിസ് മിൽവിന ഡീൻ എന്നായിരുന്നു പൂർണ്ണനാമം. ബെർട്രാം വെരെ ഡീൻ എന്ന ഒരു സഹോദരനും മിൽവിനയ്ക്കുണ്ട്. ഇദ്ദേഹവും ടൈറ്റാനിക്ക് ദുരന്തത്തിൽപ്പെടുകയും മിൽവിനയോടൊപ്പം രക്ഷപ്പെടുകയും ചെയ്തു.

ടെറ്റാനിക് യാത്ര

തിരുത്തുക

അമേരിക്കയിൽ ഒരു പുകയിലക്കട തുടങ്ങാൻ വേണ്ടി മിൽവിനയുടെ മാതാപിതാക്കൾ നടത്തിയ യാത്രയാണ് അവരുടെ ദുരന്തയാത്രയായി മാറിയത്.[2] മറ്റൊരു കപ്പലിൽ യാത്ര ചെയ്യേണ്ടിയിരുന്ന ഇവർ കൽക്കരിസമരം കാരണം ടൈറ്റാനിക്കിലേക്ക് യാത്ര മാറ്റുകയായിരുന്നു. 1912 ഏപ്രിൽ 14-ന് കപ്പൽ മഞ്ഞുമലയായി കൂട്ടിമുട്ടിയത് തിരിച്ചറിഞ്ഞ മിൽവിനയുടെ അച്ഛൻ ഭാര്യയെയും മക്കളെയും കൂട്ടി ഡെക്കിനുമുകളിലേക്കെത്തി. ദുരന്തത്തെത്തുടർന്നു നടന്ന രക്ഷാപ്രവർത്തനത്തിൽ ലൈഫ്ബോട്ട് 10-ൽ കയറി മിൽവിനയും അമ്മയും സഹോദരനും സുരക്ഷിതമായി കരയിലെത്തി. എന്നാൽ മിൽവിനയുടെ അച്ഛന് ദുരന്തത്തിൽനിന്ന് രക്ഷപ്പെടാനായില്ല.

ശിഷ്ടജീവിതം

തിരുത്തുക

ദുരന്തത്തിനുശേഷം അമേരിക്കയിലെ ബിസിനസ് സ്വപ്നം ഉപേക്ഷിച്ച് മിൽവിനയുടെ അമ്മ രണ്ടു മക്കളേയും കൊണ്ട് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. മിൽവിനയും സഹോദരൻ ബെർട്രാം ഡീനിന്റെയും വിദ്യാഭ്യാസം സതാംപ്റ്റണിലെ സ്കൂളുകളിൽ നടന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സർക്കാരിനുവേണ്ടി മിൽവിന പ്രവർത്തിച്ചിട്ടുണ്ട്.

മിൽവിനയ്ക്ക് എട്ട് വയസ്സുള്ളപ്പോൾ അമ്മ രണ്ടാമതും വിവാഹം കഴിക്കാനൊരുങ്ങിയ കാലഘട്ടത്തിലാണ് താനും ടൈറ്റാനിക് കപ്പലിലെ യാത്രക്കാരിയായിരുന്നുവെന്ന യാഥാർത്ഥ്യം മിൽവിന അറിഞ്ഞത്. മിൽവിനയുടെ അമ്മ 1975 സെപ്റ്റംബർ 16-നും സഹോദരൻ ബെർട്രാം 1992 ഏപ്രിൽ 15-നും മരണമടഞ്ഞു. വിവാഹം കഴിക്കാതിരുന്ന മിൽവിനയുടെ പിൽക്കാലത്തെ ജീവിതം ടൈറ്റാനിക്കുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിലൊതുങ്ങി. എഴുപതുകളിൽ തുടങ്ങിയ ഈ പരിപാടികൾ തൊണ്ണൂറ് വയസ്സ് കഴിഞ്ഞതിനുശേഷവും തുടർന്നു.

96 വയസ്സായപ്പോഴേക്കും മിൽവിന തീർത്തും അവശയായി. ശ്വാസതടസ്സവും മറ്റും അവരെ നിരന്തരമായി വേട്ടയാടി. 2009 മേയ് 31-ന് 97-ആം വയസ്സിൽ ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് ഹാംപ്ഷയറിലെ കെയർഹോമിൽവെച്ച് അവർ അന്തരിച്ചു.[1][3]

  1. 1.0 1.1 1.2 "Last Titantic survivor dies aged 97". BBC News. 31 May 2009. Retrieved 1 ജൂൺ 2009.
  2. "Mr Bertram Frank Dean - Titanic Biography". Encyclopedia Titanica. Retrieved ജൂൺ 1, 2009.
  3. Burgess, Kaya (2009-05-31). "Millvina Dean, last remaining survivor of the Titanic, dies aged 97". Times Online. Times Newspapers Ltd. Archived from the original on 2011-06-29. Retrieved 2009-05-31.
"https://ml.wikipedia.org/w/index.php?title=മിൽവിന_ഡീൻ&oldid=4117114" എന്ന താളിൽനിന്ന് ശേഖരിച്ചത്