മിഷേൽ ഫൂക്കോ
ആധുനികതയ്ക്ക് ശേഷം ഉണ്ടായ ആധുനികാനന്തരതയുടെ പക്ഷം ചേർന്നവരാണ് ഉത്തരഘടനാവാദികൾ (Post structuralist)എന്നറിയപ്പെടുന്ന ചിന്തകർ. അക്കൂട്ടരിൽ പ്രധാനിയാണ് ഫൂക്കോ. ഇതുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലോകത്തിന്റെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച ചിന്തകരിൽ പ്രമുഖനാണ് അദ്ദേഹം. ഘടനോത്തരവാദം, ഉത്തരാധുനികത തുടങ്ങിയ ചിന്താധാരകളിൽ ഫൂക്കോ ഒരു വിചാരവിപ്ളവം തന്നെ സൃഷ്ടിച്ചു. ഇവയ്ക്ക് പുറമേ സ്ത്രീവാദം, നവചരിത്രവാദം, ഉത്തരമാർക്സിസം,അധിനിവേശാനന്തര ചിന്ത തുടങ്ങിയ മേഖലകളിലും തന്റെ ചിന്താമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.[1]
ജനനം | 15 ഒക്ടോബർ 1926 ഫ്രാൻസ് |
---|---|
മരണം | 25 ജൂൺ 1984 പാരിസ്, ഫ്രാൻസ് | (പ്രായം 57)
കാലഘട്ടം | ഇരുപതാം നൂറ്റാണ്ട് |
പ്രദേശം | പാശ്ചാത്യ തത്ത്വചിന്ത |
ചിന്താധാര | ഉത്തരഘടനാവാദം, ഉത്തരാധുനികത |
വ്യക്തി ജീവിതം
തിരുത്തുക1921-ൽ ഫ്രാൻസിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഫൂക്കോ ജനിച്ചത്. ഫ്രാൻസിലെ വിഖ്യാതമായ ഇക്കോൾ നോർമൽ സുപ്പീരിയറിലെ വിദ്യാഭ്യാസമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചത്. ലോകപ്രശസ്തരായ പല ചിന്തകരും അവിടെ അധ്യാപകരായിരുന്നു. വളരെ സർഗാത്മകമായ ധൈഷണിക അന്തരീക്ഷമായിരുന്നു അക്കാലത്ത് ഇക്കോൾ നോർമലിലേത്. 1969-ൽ ഫ്രാൻസിലെ പ്രശസ്തമായ 'കോളേജ് ഓഫ് ദി ഫ്രാൻസിലെ' അധ്യാപകനായി നിയമിതനായി. അദ്ദേഹത്തിൻറെ പുസ്തകങ്ങൾ പാശ്ചാത്യ ചിന്താമണ്ഡലത്തിൽ കൊടുങ്കാറ്റ് തന്നെ സൃഷ്ട്ടിച്ചു. ഒടുവിൽ 1984-ൽ എയിഡ്സ് ബാധിതനായി മരിക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും താരമൂല്യമുള്ള ചിന്തകനായിത്തീർന്നിരുന്നു ഫൂക്കോ.[2]
തന്റെ സിദ്ധാന്തങ്ങളെന്ന പോലെ തന്നെ ദുരൂഹവും അവ്യക്തവും നിഗൂഢതയും ഇടകലർന്ന ഒന്നായിരുന്നു ഫൂക്കോയുടെ വ്യക്തി ജീവിതം. അതെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം ഏറെ വിമുഖത പുലർത്തിയിരുന്നു. തന്റെ ബാല്യകാലത്തെ കുറിച്ച് അന്വേഷിച്ച പത്രപ്രവർത്തകരോട് ഫൂക്കോ പറഞ്ഞ മറുപടി വിഖ്യാതമാണ്: "സുഹൃത്തേ, തത്ത്വചിന്തകർക്ക് ഇന്നലെകളില്ല, ഇന്ന് മാത്രമേ ഉള്ളൂ."
ധൈഷണിക ജീവിതം
തിരുത്തുകഅസ്തിത്വവാദം, മാർക്സിസം, ഘടനാവാദം, ഘടനോത്തരവാദം തുടങ്ങി ഓരോ കാലത്തും ഫ്രാൻസിൽ പ്രബലപ്പെട്ടുകൊണ്ടിരുന്ന ചിന്താധാരകൾക്കൊപ്പമെല്ലാം ഫൂക്കോ സഞ്ചരിച്ചു. ആദ്യകാലത്ത് മാർക്സിസത്തോടായിരുന്നു അദ്ദേഹത്തിന് പ്രതിപത്തി. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വവുമുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹമെഴുതിയ പുസ്തകമായിരുന്നു 'മനോരോഗവും വ്യക്തിത്വവും'. മാർക്സിന്റെ 'അന്യവൽക്കരണ' സിദ്ധാന്തങ്ങളുമായി ബന്ധപ്പെടുത്തി മനോരോഗത്തെ പരിശോധിക്കാനുള്ള ശ്രമമാണ് അദ്ദേഹം അതിൽ നടത്തിയത്. . തുടർന്ന് ഇന്നും അവ്യക്തമായി തുടരുന്ന ചില കാരണങ്ങളാൽ തന്റെ കമ്മ്യൂണിസ്റ്റ് ബന്ധം അദ്ദേഹം വിച്ഛേദിച്ചു. തന്റെ കമ്മ്യൂണിസ്റ്റ് ഭൂതകാലത്തെ കുറിച്ച് പിന്നീട് അദ്ദേഹം പരാമർശിച്ചിട്ടെയില്ല.
പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട ഉന്മാദവും നാഗരികതയും എന്ന പുസ്തകമാണ് ഫൂക്കോയെ പ്രശസ്തനാക്കിയത്. മനോരോഗികളെ യൂറോപ്യൻ സമൂഹം എങ്ങനെ നോക്കിക്കണ്ടു എന്നാണ് ഫൂക്കോ ഈ കൃതിയിൽ പരിശോധിക്കുന്നത്. വൈദ്യശാസ്ത്രത്തിലും അതിന്റെ വിഷയമായിത്തീർന്ന രോഗ-രോഗി വ്യവഹാരങ്ങളെയും പരിശോധിക്കുന്ന ക്ലിനിക്കിന്റെ ജനനം എന്ന കൃതി പിന്നീട് പുറത്തു വന്നു. അതിനു ശേഷം മൂന്നു വർഷം പിന്നിട്ടപ്പോൾ വസ്തുക്കളുടെ ക്രമം എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. വിഖ്യാതമായ 'ജ്ഞാനിമം' എന്ന സങ്കല്പം ആദ്യമായി ഉപയോഗിക്കപ്പെടുന്നത് ഈ പുസ്തകത്തിലാണ്. ഒരു സവിശേഷമായ ചിന്താവ്യവസ്ഥയെയാണ് ഈ വാക്ക് പ്രതിനിധാനം ചെയ്യുന്നത്. തുടർന്ന് 1969-ൽ പ്രസിദ്ധീകരിച്ച ജ്ഞാനത്തിന്റെ പുരാവസ്തുവിജ്ഞാനീയം എന്ന കൃതി മുൻപ് പുറത്തിറങ്ങിയ വസ്തുക്കളുടെ ക്രമത്തിന്റെ അനുബന്ധം തന്നെയാണ്.'പുരാവസ്തുവിജ്ഞാനീയം' എന്ന, അദ്ദേഹം തന്നെ വികസിപ്പിച്ചെടുത്ത രീതിശാസ്ത്രമായിരുന്നു അതുവരെ അദ്ദേഹം ഉപയോഗിച്ചത്. പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട അച്ചടക്കവും ശിക്ഷയും, ലൈംഗികതയുടെ ചരിത്രം വാല്യം ഒന്ന് എന്നീ കൃതികളോടെ 'വംശാവലിച്ചരിത്രം' എന്ന നവീനരീതിശാസ്ത്രം അദ്ദേഹം കൊണ്ടുവന്നു. അധികാരം എങ്ങനെയാണ് ഒരു വിധേയസമൂഹത്തെ വാർത്തെടുക്കുന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചിന്താവിഷയം. ലൈംഗികതയുടെ ചരിത്രത്തിൽ ആകട്ടെ ആധുനികതയോടെ ലൈംഗികത എങ്ങനെ ഏറ്റുപറയേണ്ട കുമ്പസാരരഹസ്യം ആയി എന്ന് പരിശോധിക്കുന്നു. ഒന്നാം വാല്യം പ്രസിദ്ധീകരിച്ചതിന് എട്ട് വർഷത്തിന് ശേഷം അവയുടെ രണ്ടും മൂന്നും വാല്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വത്വത്തിന്റെ ചരിത്രവും ഭരണീയതയുമാണ് ഈ ഭാഗങ്ങളിൽ പരിശോധിക്കുന്നത്. ലൈംഗികതയുടെ ചരിത്രത്തിന്റെ നാലാം വാല്യം എഴുതി പൂർത്തിയാക്കിയെങ്കിലും തന്റെ മരണാന്തരം അവ പ്രസിദ്ധീകരിക്കരുതെന്ന് ഒസ്യത്തിൽ എഴുതിവെച്ചത് കാരണം അവ ഇനിയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.[3][4]
പ്രധാന കൃതികൾ
തിരുത്തുക- ഉന്മാദവും നാഗരികതയും
- ക്ലിനിക്കിന്റെ ജനനം
- മരണവും നൂലാമാലയും
- വസ്തുക്കളുടെ ക്രമം
- ജ്ഞാനത്തിന്റെ പുരാവസ്തുവിജ്ഞാനീയം
- അച്ചടക്കവും ശിക്ഷയും
- ലൈംഗികതയുടെ ചരിത്രം - വാല്യം ഒന്ന്
- ലൈംഗികതയുടെ ചരിത്രം - വാല്യം രണ്ട്
- ലൈംഗികതയുടെ ചരിത്രം - വാല്യം മൂന്ന്
അവലംബം
തിരുത്തുക- ↑ http://plato.stanford.edu/entries/foucault/#Rel
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-15. Retrieved 2012-08-09.
- ↑ ഡോ.പി പി രവീന്ദ്രൻ, മിഷേൽ ഫൂക്കോ - വർത്തമാനത്തിന്റെ ചരിത്രം , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998
- ↑ ഡോ. ടി വി മധു, നവമാർക്സിസ്റ്റ് സാമൂഹ്യ വിമർശനം, ഡി സി ബുക്സ് ,1999