വിശുദ്ധ മാർട്ടിൻ
നാലാം നൂറ്റാണ്ടിൽ (316 - നവമ്പർ 8, 397) ജീവിച്ചിരുന്ന ഒരു പുണ്യവാളനാണ് വിശുദ്ധ മാർട്ടിൻ അഥവാ ടൂറിലെ മാർട്ടിൻ (Martin of Tours). ഫ്രാൻസിൽ അദ്ദേഹത്തിന്റെ പേരിലുള്ള ദേവാലയം തനതുപ്രാധാന്യമുള്ള തീർത്ഥസ്ഥലമെന്നതിനു പുറമേ സ്പെയിനിൽ കമ്പോസ്റ്റെലായിലെ യാക്കോബിന്റെ പള്ളിയിലേക്കുള്ള തീർത്ഥകരുടെ ഇടത്താവളമെന്ന നിലയിലും പ്രാധാന്യം നേടി. ക്രിസ്തുമതത്തിന്റെ ആദിമനൂറ്റാണ്ടുകളിലെ ഏറ്റവും ശ്രദ്ധേയരായ പുണ്യവന്മാരിൽ ഒരാളായിരുന്നു മാർട്ടിൻ. ഹങ്കറിയിലെ സോമ്പാത്‌ലിയിൽ ജനിച്ച്, ഇറ്റയിലെ പാവിയയിൽ ബാല്യകാലം ചെലവഴിച്ച്, പക്വപ്രായം മിക്കവാറും ഫ്രാൻസിൽ ജീവിച്ച മാർട്ടിൻ യൂറോപ്പിനെ കൂട്ടിയിണക്കുന്ന 'ആത്മീയസേതു' (spiritual bridge) എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്.
സമകാലീനനായ മഹച്ചരിതകാരൻ സൾപ്പീസിയസ് സെവേരസ് മാർട്ടിന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ട് വികസിച്ചുവന്ന തീർത്ഥസ്ഥലങ്ങളെ സാധൂകരിക്കാൻ പറ്റിയ കഥകൾ ഈ ചരിത്രത്തിൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടാകാം. കഠിനശൈത്യത്തിൽ നഗ്നനായി തണുത്തുവിറച്ചിരുന്ന ഒരു ഭിക്ഷക്കാരനു സ്വന്തം വാൾ കൊണ്ട് തന്റെ കുപ്പായത്തിൽ പകുതി അദ്ദേഹം മുറിച്ചു നൽകിയെന്ന കഥ പ്രസിദ്ധമാണ്.[1] റോമൻ സൈന്യത്തിൽ നിർബ്ബദ്ധനിയുക്തി (conscription) കിട്ടിയ മാർട്ടിൻ, സൈനികവൃത്തി ക്രൈസ്തവവിശ്വാസവുമായി പൊരുത്തപ്പെടാത്തതാണെന്ന നിലപടു സ്വീകരിക്കുകവഴി, മന:സ്സാക്ഷിപ്രതിക്ഷേധത്തിന്റെ (Conscientious Objection) പ്രാരംഭകരിൽ ഒരാളായിത്തീർന്നു.
അവലംബം
തിരുത്തുക- ↑ ഡയർമെയ്ഡ് മക്കല്ലക്, Christianity : First Three Thousand Years (പുറം 313)