ജെയിംസ് ടോഡ്

(James Tod എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രജപുത്രരുടെ ചരിത്രം രചിച്ച ബ്രിട്ടിഷ് സൈനികോദ്യോഗസ്ഥനാണ് ജെയിംസ് ടോഡ്.

float
float

ജീവിതരേഖ

തിരുത്തുക

ജെയിംസ് ടോഡ് സീനിയറിന്റെ മകനായി 1782 മാർച്ച് 20-ന് ലണ്ടനിലെ ഇസ്ലിങ്ടണിൽ ജനിച്ചു. പിതാവ് ഉത്തർപ്രദേശിലെ മിർസാപൂരിൽ താമസമാക്കിയതുകൊണ്ട് ജെയിംസ് ടോഡ് ബാല്യകാലം മുതൽക്കേ ഇന്ത്യൻ അന്തരീക്ഷത്തിലാണ് വളർന്നത്. 1798-ൽ സൈനികനായി ഈസ്റ്റിന്ത്യാ കമ്പനിയിൽ ചേർന്ന ഇദ്ദേഹം 1800-ൽ ലഫ്റ്റനന്റ് പദവിയിലെത്തി. 1805 മുതൽ രാജസ്ഥാൻ പ്രദേശങ്ങളായിരുന്നു പ്രവർത്തന മേഖല. രജപുത്താനയിലെയും മധ്യ ഇന്ത്യയിലെയും ബ്രിട്ടന്റെ രാഷ്ട്രീയ സൈനിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1813-ൽ ക്യാപ്റ്റൻ പദവിയിലേക്കുയർന്നു. പശ്ചിമ രജപുത്താന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രതിനിധിയായി ഇദ്ദേഹത്തെ 1818-ൽ നിയമിച്ചു. 1822-ൽ വിരമിക്കുന്നതുവരെ ഈ സ്ഥാനത്തു തുടർന്നു. ഔദ്യോഗിക കാലത്ത് ഇദ്ദേഹം ചരിത്രരചനയ്ക്കായുള്ള വസ്തുതകൾ ശേഖരിക്കുന്നതിലും വ്യാപൃതനായിരുന്നു.

ഇന്ത്യയിലെ ജോലിയിൽനിന്നും വിരമിച്ച് ഇംഗ്ലണ്ടിലെത്തിയ ഇദ്ദേഹത്തിന് 1824-ൽ മേജർ പദവിയും 1826-ൽ ലഫ്റ്റനന്റ് കേണൽ പദവിയും ലഭിച്ചു. ഇന്ത്യയിൽ നിന്നും സമാഹരിച്ച വസ്തുതകൾ ഉപയോഗിച്ച് ഇംഗ്ലണ്ടിൽ വച്ചാണ് ഇദ്ദേഹം രജപുത്രരുടെ ചരിത്ര രചന നടത്തിയത്. ദി അനൽസ് ആൻഡ് ആന്റിക്വിറ്റീസ് ഒഫ് രാജസ്ഥാൻ എന്ന ചരിത്രഗ്രന്ഥം രണ്ടു വാല്യങ്ങളിലായി 1829-നും 32-നും ഇടയ്ക്ക് പ്രസിദ്ധീകരിച്ചു. 1822-ൽ നടത്തിയ സഞ്ചാരങ്ങളെ അടിസ്ഥാനമാക്കി രചിച്ച ട്രാവൽ ഇൻ വെസ്റ്റേൺ ഇന്ത്യ എന്ന ഗ്രന്ഥം മരണാനന്തരം 1839-ലാണ് പ്രസിദ്ധീകൃതമായത്. റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കുറച്ചുകാലം അവിടെ ലൈബ്രേറിയനായും സേവനമനുഷ്ഠിച്ചിരുന്നു. 1835 നവംബർ 17-ന് ലണ്ടനിൽ മരണമടഞ്ഞു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ജെയിംസ് ടോഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • "Colonel James Tod Award". Eternal Mewar. Retrieved 2011-07-28.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ടോഡ്&oldid=3632142" എന്ന താളിൽനിന്ന് ശേഖരിച്ചത്