അന്തർദേശീയ വനവർഷം
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് 2011 അന്തർദേശീയ വനവർഷമായി ആചരിക്കുന്നു (International Year of Forests) [1]. ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും പ്രയോജനത്തെകരുതി, ലോകമാകമാനമുള്ള വനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും സുസ്ഥിര വനപരിപാലന മുറകളെക്കുറിച്ചുള്ള അവബോധം വളർത്താനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര വനവർഷാചരണത്തിന് യു.എൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ലോകമാകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാമാറ്റത്തെ നേരിടുവാനുള്ള സാർവദേശീയ മുന്നൊരുക്കമായാണ് ഈ ആചരണം. ലോകമാകമാനം പ്രതിവർഷം 50000 ചതുരശ്ര മൈൽ എന്ന തോതിൽ വനമേഖലകൾ നശിപ്പിക്കപ്പെടുന്നു. അതോടൊപ്പം തന്നെ ജന്തുജാലങ്ങളും വംശനാശഭീക്ഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ഈ വനങ്ങളിലെ സസ്യജാലങ്ങളാണ് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ ആഗീകരണം ചെയ്ത് പ്രാണവായുവായ ഓക്സിജനെ പുറംതള്ളുന്നത്. വനങ്ങൾ തകരുന്നതോടെ ഈ സന്തുലിതാവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നു. മണ്ണൊലിപ്പു മൂലം ജലദൗർലഭ്യം സംഭവിക്കുന്നു. ഇങ്ങനെയുള്ള എല്ലാവിധ നശീകരണങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് അന്തർദേശീയ വനവർഷം കൊണ്ട് ഉദ്ദേശിക്കുന്നത്.