ദണ്ഡവിമോചനം

(Indulgence എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കത്തോലിക്കരുടെ ഇടയിലെ ഒരു വിശ്വാസമാണ് ദണ്ഡവിമോചനം (indulgences). കുമ്പസാരത്തിലൂടെ മോചനം ലഭിച്ച പാപങ്ങളുടെ താൽകാലികമായ ശിക്ഷയിൽനിന്നും ഒരു വ്യക്തിക്ക്‌ സഭയിൽനിന്നും ക്രിസ്‌തു ഭരമേല്‌പിച്ച പുണ്യത്തിന്റെയും ഭണ്‌ഡാരത്തിന്റെയും യോഗ്യത മൂലം പൂർണ്ണമായോ ഭാഗികമായോ ലഭിക്കുന്ന ഇളവുകളാണ്‌ ഇത്.

ഒരു വ്യക്തി മരിച്ചുകഴിയുമ്പോൾ അയാൾക്ക് ശുദ്ധീകരണസ്ഥലത്ത് (Purgatory) ലഭിക്കാവുന്ന ശിക്ഷയിൽ ഇളവുകൾ അനുവദിക്കുവാൻ മാർപാപ്പയ്ക്ക് അധികാരമുണ്ടെന്ന വിശ്വാസമാണ് ദണ്ഡവിമോചനം എന്ന് അറിയപ്പെടുന്നത്. പൌരസ്ത്യ ക്രൈസ്തവരും ഒരു പരിധിവരെ ഈ വിശ്വാസം പിന്തുടരുന്നു. ഒരു വ്യക്തി മരിക്കുമ്പോൾ അയാളുടെ ആത്മാവ് ഒന്നുകിൽ സ്വർഗത്തിൽ അല്ലെങ്കിൽ നരകത്തിൽ പോകുമെന്നതായിരുന്നു പരമ്പരാഗതമായ വിശ്വാസം. കത്തോലിക്കാവിശ്വാസമനുസരിച്ച് പാപസങ്കീർത്തനം അഥവാ കുമ്പസാരം എന്ന പ്രക്രിയയിലൂടെ താൻ ചെയ്ത പാപങ്ങൾക്ക് പരിഹാരം ലഭിക്കുന്നു. പാപങ്ങളിൽനിന്ന് മോചനം ലഭിച്ചാലും അയാളുടെ ആത്മാവിന് സ്വർഗത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ശുദ്ധീകരണ സ്ഥലം എന്ന അവസ്ഥയിൽ ഒരു നിശ്ചിതകാലം വലിയ പീഡനങ്ങൾ അനുഭവിച്ചുകൊണ്ടു കഴിയേണ്ടതുണ്ട്. ഭൂമിയിലെ ജീവിതകാലത്ത് ചെയ്ത പാപങ്ങളുടെ പരിഹാരാർഥം ഒരു പ്രായശ്ചിത്തം എന്ന നിലയിലാണ് ശുദ്ധീകരണസ്ഥലത്ത് ഈവിധം കഴിയേണ്ടത്. എന്നാൽ ഭൂമിയിലെ ജീവിതകാലത്ത് ചില സദ്പ്രവൃത്തികൾ ചെയ്താൽ ശുദ്ധീകരണസ്ഥലത്തിലെ കാലാവധിയിൽ കുറെ ഇളവുകൾ ലഭിക്കുമെന്ന് കത്തോലിക്കാസഭ പഠിപ്പിച്ചിരുന്നു. ഇപ്രകാരം ലഭിക്കുന്ന ശിക്ഷാഇളവിനെയാണ് ദണ്ഡവിമോചനം എന്നു പറയുന്നത്. പ്രാർഥന, പരിത്യാഗം, ഉപവാസം, ദാനധർമങ്ങൾ തുടങ്ങിയ സദ്പ്രവൃത്തികളിലൂടെയാണ് ഇപ്രകാരം ദണ്ഡവിമോചനം നേടേണ്ടത്. ദണ്ഡവിമോചനം അനുവദിക്കുന്നതിന് മാർപാപ്പയ്ക്കു മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. കത്തോലിക്കാസഭയുടെ എന്തെങ്കിലും സദ്കാര്യത്തിനായി പണം സംഭാവന ചെയ്യുന്നവർക്കും ദണ്ഡവിമോചനങ്ങൾക്ക് അർഹതയുണ്ടെന്ന് മാർപാപ്പമാർ പ്രഖ്യാപിക്കാറുണ്ടായിരുന്നു.

ദണ്ഡവിമോചനത്തെക്കുറിച്ചുള്ള കത്തോലിക്കാമത വിശ്വാസം പലവിധ വിമർശനങ്ങൾക്കു വിധേയമായിട്ടുണ്ട്. പാപത്തിൽനിന്നു മോചനം നല്കുവാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്നും, ക്രിസ്തുവിനുപോലും പാപമോചനം നല്കുവാൻ അധികാരമില്ലെന്നും യഹൂദർ വിശ്വസിച്ചിരുന്നു. ക്രിസ്തുവിന്റെ കാലശേഷം പുരോഹിതന്മാർ കുമ്പസാരം നടത്തുന്നതിനെയും ക്രൈസ്തവ വിരോധികൾ വിമർശിച്ചു. പാപം മോചിക്കപ്പെട്ടാൽപ്പോലും, ശുദ്ധീകരണസ്ഥലത്തിലെ ശിക്ഷ ഇളവു ചെയ്തു കൊടുക്കുവാൻ മാർപാപ്പയ്ക്ക് അധികാരമുണ്ടെന്ന വാദത്തെ കത്തോലിക്കരിൽ ഒരു വലിയ വിഭാഗം എതിർത്തുപോന്നു. ദണ്ഡവിമോചനം അനുവദിക്കുന്നത് പണമുണ്ടാക്കുന്നതിനുള്ള ഒരു ഉപായമാണെന്ന് മാർട്ടിൻ ലൂഥർ തുടങ്ങിയ ചിന്തകന്മാർ വാദിച്ചു. 1515-ൽ മാർപാപ്പയായിരുന്ന ജൂലിയസ് രണ്ടാമൻ റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയം പുതുക്കിപ്പണിയുവാൻ തീരുമാനിച്ചു. ഈ ഉദ്യമത്തിന് ധനസഹായം ചെയ്യുന്നവരെല്ലാം ഒരു പുതിയ ദണ്ഡവിമോചനത്തിന് അർഹരാണെന്ന് മാർപാപ്പ പ്രഖ്യാപിച്ചു. മാർപാപ്പയുടെ ഈ പ്രഖ്യാപനം മാർട്ടിൻ ലൂഥറെ പ്രകോപിപ്പിച്ചു. ഇതിനെതിരായി മാർട്ടിൻ ലൂഥർ നടത്തിയ ഉദ്യമങ്ങളാണ് പ്രൊട്ടസ്റ്റന്റ് മത നവീകരണം എന്ന കത്തോലിക്കാ മതപരിഷ്കരണ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിന് ഇടയാക്കിയത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദണ്ഡവിമോചനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദണ്ഡവിമോചനം&oldid=3818180" എന്ന താളിൽനിന്ന് ശേഖരിച്ചത്