ഹൊറേസ് വെൽസ്

(Horace Wells എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദന്തചികിൽസയിൽ ആദ്യമായി അനസ്തീസിയ ഉപയോഗിച്ചവരിൽ ഒരാളായ അമേരിക്കക്കാരനായ ഒരു ദന്തഡോക്ടർ ആയിരുന്നു ഹൊറേസ് വെൽസ് .Horace Wells (ജനുവരി 21, 1815 – ജനുവരി 24, 1848). പ്രധാനമായി ചിരിപ്പിക്കുന്ന വാതകമായ നൈട്രസ് ഓക്സൈഡ് ആണ് ഇദ്ദേഹം ഉപയോഗിച്ചത്.

ഡോ. ഹൊറേസ് വെൽസ്

ആദ്യകാലം തിരുത്തുക

നന്നേ ചെറുപ്പത്തിലേതന്നെ പല്ലുകളുടെ ആരോഗ്യത്തെയും ഘടനെയേയും പറ്റിയെല്ലാം അറിയാനും പഠിക്കാനും ഇഷ്ടമായിരുന്നു ഹൊറേസ്‌ വെൽസിന്‌. ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോൾ പല്ലിനെപ്പറ്റി ഒരുവലിയ പ്രബന്ധംതന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചു. അതിൽ എങ്ങനെ ദന്തരോഗം വരാതെ നോക്കാമെന്നും ബ്രഷ്‌ ഉപയോഗിച്ച്‌ പല്ലുതേക്കുന്നതെപ്പറ്റിയും ദന്താരോഗ്യത്തിന്‌ ഭക്ഷണങ്ങളുടെ പ്രാധാന്യം, അണുബാധ എന്നിവയെപ്പറ്റിയുമെല്ലാം അദ്ദേഹം എഴുതി. ബാൾട്ടിമോറിൽ ആദ്യത്തെ ദന്താശുപത്രി വന്നത്‌ പിന്നീട്‌ ആറുവർഷത്തിനുശേഷമാണ്‌. ഡിഗ്രി സമ്പാദനത്തിനു ശേഷം സുഹൃത്തായ വില്ല്യം മോർട്ടനുമായിച്ചേർന്ന് കണൿറ്റിക്കട്ടിൽ അദ്ദേഹം പ്രാക്ടീസ്‌ ആരംഭിച്ചു. പ്രസിദ്ധരായ ആൾക്കാരടക്കം പലരും അദ്ദേഹത്തിന്റെയടുക്കൽ നിന്നും സൌഖ്യം പ്രാപിക്കുകയും വെൽസ്‌ നാൾക്കുനാൾ പ്രസിദ്ധനാവുകയും ചെയ്തു. ആയിടെ ചിരിപ്പിക്കുന്ന വാതകമായ നൈട്രസ്‌ ഓക്സൈഡിനെപ്പറ്റിയുള്ള ഒരു പരിപാടി നടക്കുന്നത്‌ വെൽസും ഭാര്യയും കാണുവാനിടയായി. പരിപാടിക്കിടയിൽ നൈട്രസ്‌ ഓക്സൈഡ്‌ ശ്വസിച്ച ഒരാൾ തന്റെ കാൽ ബലമായി മരംകൊണ്ടുണ്ടാക്കിയ ഒരു ബെഞ്ചിൽ ശക്തമായി ഇടിച്ചത്‌ അറിഞ്ഞില്ലെന്നുമാത്രമല്ല വാതകത്തിന്റെ പ്രഭാവം തീർന്നതിനുശേഷം കാലിൽ മുറിവുകണ്ടെങ്കിലും വേദനയെടുത്തതായി അയാൾ ഓർക്കുന്നുപോലുമുണ്ടായിരുന്നില്ല. അതുവരെ പല്ലുപറിക്കലടക്കം ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ രോഗികളെ ബോധംകെടുത്തുകയോ മരവിപ്പിക്കുകയോ ചെയ്യാതെയായിരുന്നു ചികിൽസകൾ. രോഗികൾ വേദനയിൽപ്പിടയുന്നതു സഹിക്കാനാവാതെ വെൽസ്‌ ചിലചികിൽസകൾക്കുശേഷം ദിവസങ്ങളോളം ജോലിപോലും ചെയ്തിരുന്നില്ല.

നൈട്രസ് ഓക്സൈഡ് പരീക്ഷണം തിരുത്തുക

പരീക്ഷണമായിട്ട്‌ അടുത്ത ദിവസം കുറച്ചുനാളായി തന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന തന്റെതന്നെ ഒരു പല്ലുപറിക്കാൻ വെൽസ്‌ തീരുമാനിച്ചു. നൈട്രസ്‌ ഓക്സൈഡ്‌ ഉപയോഗിച്ചശേഷം ഡോക്ടർ റിഗ്‌സിനോട്‌ തന്റെ പല്ല് പറിക്കാൻ വെൽസ്‌ ആവശ്യപ്പെട്ടു. ആദ്യം മടിച്ചെങ്കിലും റിഗ്‌സ്‌ ഡോക്ടറുടെ പല്ല് എടുത്തു. അതിന്റെ വിജയത്തെത്തുടർന്ന് ഏതാണ്ട്‌ 12 രോഗികളുടെ പല്ലുകൾ ആ രീതിയിൽ പറിക്കുകയും അതൊരു വലിയ വിജയമായിത്തീരുകയും ചെയ്തു. തന്റെ പരീക്ഷണങ്ങൾ പ്രദർശിപ്പിക്കാൻ താൻ പണ്ടുപഠിച്ച ബോസ്റ്റണിൽ വെൽസ്‌ എത്തുകയും തന്റെ ശിഷ്യനും പഴയസഹപ്രവർത്തകനുമായ മോർട്ടൺ അവിടെയുള്ളത്‌ ഒരു അനുകൂലഘടകമായി കാണുകയും ചെയ്തു. തലേവർഷം അവർ ഒരുമിച്ചുള്ള ചികിൽസ അവസാനിപ്പിച്ചിരുന്നെങ്കിലും സുഹൃത്തുക്കളായിത്തന്നെ തുടരുകയായിരുന്നു. വെൽസിനെ പ്രദർശനത്തിൽ സഹായിക്കാമെന്നേറ്റെങ്കിലും അതിന്റെ വിജയത്തിൽ മോർട്ടനു സംശയം ഉണ്ടായിരുന്നു. 1845 ജനുവരി 20 -ന്‌ വൈദ്യശാസ്ത്രവിദ്യാർത്ഥികൾ അടങ്ങിയ വലിയൊരു വേദിക്കുമുൻപിൽ വെൽസ്‌ ഒരു രോഗിക്ക്‌ നൈട്രസ്‌ ഓക്സിഡ്‌ നൽകി പല്ലുപറിക്കാൻ തുടങ്ങി. എന്നാൽ അതുശ്വസിപ്പിച്ച രീതിയിൽ വന്ന തകരാറുകൊണ്ടോ എന്തോ രോഗി വേദനയാൽ അലറിക്കരയുകയും സദസ്സാകെ വെൽസിനെ കൂവി ആർക്കുകയും ചെയ്തു. (പിന്നീട്‌ താൻ വേദനയിൽ കരഞ്ഞെങ്കിലും തനിക്ക്‌ വേദന അനുഭവപ്പെട്ടിരുന്നില്ലെന്ന് രോഗി വ്യക്തമാക്കുകയുണ്ടായി.) നാണംകെട്ട വെൽസ്‌ ഉടനെതന്നെ വീട്ടിലേക്ക്‌ മടങ്ങുകയും താമസിയാതെ രോഗം വന്നുകിടപ്പിലാകുകയും വൈദ്യവൃത്തി ഏതാണ്ടുമുഴുവനായിത്തന്നെ നിർത്തിവയ്ക്കുകയും ചെയ്തു. പിന്നീട്‌ തന്റെ വീട്‌ വിൽപ്പനയ്ക്കുണ്ടെന്നു പരസ്യംചെയ്ത വെൽസ്‌ തന്റെയടുത്തുവന്ന രോഗികളെ പണ്ടു തന്റെ പല്ലു പറിച്ച ഡോക്ടർ റിഗ്‌സിന്റെ അടുക്കലേക്കു പറഞ്ഞയയ്ക്കുകയും ചെയ്തു. മോർട്ടനാവട്ടെ അടുത്തവർഷം ഈതർ ഉപയോഗിച്ച്‌ അനസ്തേഷ്യ ചെയ്യുന്നതെപ്പറ്റി തന്റെ ഗുരുവായ വെൽസ്‌ പണ്ട്‌ പരാജയപ്പെട്ട അതേ വേദിയിൽ വിജയകരമായി പ്രദർശനം നടത്തുകയും ചെയ്തു. അതേത്തുടർന്ന് വെൽസ്‌ താൻ പണ്ട്‌ പലതവണ നൈട്രസ്‌ ഓക്സൈഡ്‌ ഉപയോഗിച്ച്‌ അനസ്തേഷ്യ ചെയ്ത കാര്യങ്ങൾ പ്രസിദ്ധീകരിച്ചുവെങ്കിലും അതൊക്കെ ജനങ്ങളിലേക്കും ശാസ്ത്രകാരന്മാരിലേക്കും എത്തിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.

പരാജയകാലം തിരുത്തുക

ശാരീരികവും മാനസികവുമായിത്തളർന്ന വെൽസ്‌ പലയിടങ്ങളിലായി മാറിമാറിത്താമസിച്ചു, ചികിൽസ പാടേനിർത്തി. താൻതന്നെയുണ്ടാക്കിയ കുളിക്കുന്ന ഷവറിന്റെ വിൽപ്പനക്കാരനായി കുറെനാൾ നടന്നു. പാരീസിൽ ചെന്ന് പെയിന്റിങ്ങുകൾ വാങ്ങി അമേരിക്കയിൽ കൊണ്ടുപോയി വിൽക്കുന്നതെപ്പറ്റി ചിന്തിച്ച്‌ അയാൾ പാരീസിലേക്കുപോയി. അവിടെ താൻ അനസ്തേഷ്യ കണ്ടുപിടിച്ചകാര്യത്തിന്‌ അംഗീകാരത്തിനായി പാരീസ്‌ മെഡിക്കൽ സൊസൈറ്റിയിൽ അപേക്ഷനൽകി. അമേരിക്കയിൽ തിരിച്ചെത്തിയ വെൽസ്‌ കുടുംബത്തെ വീട്ടിൽത്തന്നെ വിട്ട്‌ ന്യൂയോർക്കിലേക്കുപോയി. ഒറ്റയ്ക്ക്‌ അവിടെ താമസിച്ച വെൽസ്‌ ഈതറും ക്ലോറോഫോമും ഉപയോഗിച്ച്‌ തന്നിൽത്തന്നെ പരീക്ഷണങ്ങൾ നടത്തുകയും അതിൽ അടിമപ്പെടുകയും ചെയ്തു. അന്ന് ക്ലോറോഫോം മണത്താലുള്ള അപകടങ്ങളെപ്പറ്റി കാര്യമായ അറിവുകൾ ഉണ്ടായിരുന്നില്ല.

അന്ത്യം തിരുത്തുക

തന്റെ മുപ്പത്തിമൂന്നാമത്തെ പിറന്നാളിന്റെയന്ന്‌ തെരുവിലേക്ക്‌ ഭ്രാന്തമായരീതിയിൽ ഓടിയിറങ്ങിയ വെൽസ്‌ രണ്ടുസ്ത്രീകളുടെ നേർക്ക്‌ സൾഫൈയൂറിക്‌ ആസിഡ്‌ വലിച്ചെറിഞ്ഞു. ഭാഗ്യത്തിന്‌ അവരുടെ തുണിയിലേ ആസിഡ്‌ വീണുള്ളൂ. അറസ്റ്റുചെയ്ത വെൽസിനെ ന്യൂയോർക്കിലെ കുപ്രസിദ്ധമായ ടൂമ്പ്‌സ്‌ ജയിലിലേക്ക്‌ കൊണ്ടുപോയി. വഴിയാത്രക്കാരികളുടെ ദേഹത്തേക്ക്‌ ആസിഡ്‌ ഒഴിച്ചകുറ്റത്തിന്‌ അറസ്റ്റ്‌ ചെയ്ത്‌ ജയിലിൽ അടയ്ക്കപ്പെട്ട വെൽസ്‌ മരുന്നിന്റെ കെട്ട്‌ ഇറങ്ങിയപ്പോൾ താൻ ചെയ്ത കുറ്റത്തിന്റെ ഗൌരവത്തെക്കുറിച്ച്‌ മനസ്സിലാക്കി ആകെ നിരാശനായി തകർന്നുപോയി. തന്റെ ഷേവിംഗ്‌ സാധനങ്ങൾ എടുക്കാൻ വീടുവരെ അനുഗമിക്കാൻ ജയിലിലെ ഗാർഡുകളോട്‌ അഭ്യർത്ഥിച്ച അദ്ദേഹം അവരോടൊപ്പം തന്റെ വീട്ടിലേക്കുപോയി. തിരിച്ച്‌ ജയിലിൽ എത്തിയ അദ്ദേഹം ക്ലോറോഫോം ശ്വസിച്ചശേഷം റേസർബ്ലേഡ്‌ ഉപയോഗിച്ച്‌ കാലിലെ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യ ചെയ്തു. അനസ്തേഷ്യയ്ക്ക്‌ വെൽസ്‌ നൽകിയ സംഭാവനകൾ പാരീസിലെ മെഡിക്കൽ സൊസൈറ്റിക്ക്‌ ബോധ്യമാവുകയും അതിന്റെ അംഗീകാരമായി അവരുടെ വിശിഷ്ടാംഗത്വം നൽകുക മാത്രമല്ല അദ്ദേഹത്തിന്‌ എംഡി ബിരുദവും അവർനൽകി. രോഗികളുടെ ക്ഷേമവും വേദനയില്ലാത്ത ശസ്ത്രക്രിയയും ലക്ഷ്യമായിക്കരുതിയ വെൽസിനെ സൊസൈറ്റി അംഗീകരിച്ചു. പാരീസിൽ നിന്നും അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിനുള്ള ബഹുമതിയും അംഗീകാരവും പന്ത്രണ്ട്‌ ദിവസത്തിനുശേഷം അദ്ദേഹത്തെതേടിയെത്തിയെങ്കിലും അവ വൈകിപ്പോയിരുന്നു. ഇന്ന് അനസ്തേഷ്യയുടെ പിതാവായി ഹൊറേസ്‌ വെൽസ്‌ കണക്കാക്കപ്പെടുന്നു.

ഇവയും കാണുക തിരുത്തുക

ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

അധികവായനയ്ക്ക് തിരുത്തുക

  • Fenster, Julie M. (2001). Ether Day — The Strange Tale of America's Greatest Medical Discovery and the Haunted Men Who Made It. New York: HarperCollins. ISBN 0-06-019523-1.
  • Wells, Horace (1847). A History of the Discovery of the Application of Nitrous Oxide Gas, Ether, and Other Vapors to Surgical Operations. Hartford: J. Gaylord Wells.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹൊറേസ്_വെൽസ്&oldid=3778783" എന്ന താളിൽനിന്ന് ശേഖരിച്ചത്